18/11/2019
*കാറ്റു പറഞ്ഞിട്ടും കേള്‍ക്കാതെപോയ കഥകള്‍...*
************************************
നാല് ദിവസങ്ങള്‍ നീണ്ട വിനോദയാത്രയിലെ നിദ്രാവിഹീനങ്ങളായ രാവുകള്‍ സമ്മാനിച്ച ഉറക്കക്ഷീണം നന്നായുണ്ടെങ്കിലും കിടന്നിട്ട് ഉറങ്ങാന്‍ കഴിയാത്തത് വല്ലാത്ത നഷ്ടബോധവും നിരാശയും മനസിനെ പൊതിഞ്ഞ് നില്‍ക്കുന്നതുകൊണ്ടാണ്. ആട്ടവും പാട്ടും കളികളുമൊക്കെയായി ആഘോഷിച്ച യാത്രയ്‌ക്കൊടുവിലെ നിരാശയെന്താണെന്നല്ലേ? പറയാം.
ഇക്കുറി കോളേജില്‍ നിന്നുള്ള വിനോദയാത്ര ചിക്കമാംഗ്ലൂര്‍, ദാന്തേലി, ഗോകര്‍ണം, മുരുഡേശ്വര്‍ എന്നിവടങ്ങളിലേയ്ക്കാണ് എന്നറിഞ്ഞപ്പോള്‍ മുതല്‍ ദിവസങ്ങളെണ്ണിത്തുടങ്ങിയിരുന്നു. ചിക്കമാംഗ്ലൂരിന്റെ ശീതക്കാറ്റുവീശുന്ന മലമടക്കുകളേക്കാളും, ദാന്തേലിയിലെ ജലകേളികളെക്കാളും ആനന്ദിപ്പിച്ചത് 'ഗോകര്‍ണം' യാത്രയിലെ ലക്ഷ്യങ്ങളിലൊന്നാണ് എന്നതായിരുന്നു. കുഞ്ഞുന്നാളിലെ മനസ്സില്‍ കയറിയ പേരായിരുന്നു അത്. അതിന് കാരണമോ വള്ളത്തോളിന്റെ 'എന്റെ ഭാഷയും'. മലയാളത്തിന്റെ സൗന്ദര്യത്തെ വാഴ്ത്തി അദ്ദേഹം പാടിയ വരികള്‍ നമുക്ക് ഹൃദിസ്ഥമാണ്.
_സന്നികൃഷ്ടാബ്ധിതന്‍ ഗംഭീര ശൈലിയും_
_സഹ്യ ഗിരിതന്‍ അടിയുറപ്പും_
_ഗോകര്‍ണ്ണ ക്ഷേത്രത്തിൻ_ _നിര്‍വൃതീകൃത്വവും_
_ശ്രീകന്യാമാതിന്‍ പ്രസന്നതയും_......................................................
_ഒത്തുചേര്‍ന്നുള്ളോരു_ _ഭാഷയാണെന്‍ ഭാഷ_
_മത്താടിക്കൊള്‍കഭിമാനമേ നീ._
വര്‍ണ്ണനാതീതമായ മലയാളത്തിന്റെ സൗന്ദര്യത്തെ പ്രതിബിംബിപ്പിക്കാന്‍ മഹാകവി കണ്ടെത്തിയ ഉപമകളില്‍ ഒന്ന് ഗോകര്‍ണ്ണ ക്ഷേത്രമായപ്പോള്‍ അതിന്റെ ശില്പകലയുടെ ചാരുതയാണ് മനസ്സില്‍ നിറഞ്ഞിരുന്നത്. ഇന്നോളം കണ്ടിട്ടുള്ള അമ്പലങ്ങളെക്കാള്‍ ശില്പകലയില്‍ മികച്ചു നില്‍ക്കുന്ന ഒരു ക്ഷേത്രം കാണാനുള്ള ആവേശത്തില്‍ വിനോദയാത്രയുടെ അവസാന ദിനത്തിനായുള്ള തീരാത്ത കാത്തിരിപ്പായിരുന്നു.
ചിക്കമംഗളൂരിന്റെയും ദാന്തേലിയുടെയും തണുപ്പില്‍ നിന്നും ഗോകര്‍ണത്തിന്റെ ചുട്ടുപൊള്ളുന്ന മണ്ണില്‍ ഇറങ്ങിയപ്പോഴും ചൂട് ശരീരത്തെ ബാധിച്ചു തുടങ്ങിയിരുന്നില്ല. മനസ്സില്‍ പണിതിരിക്കുന്ന ക്ഷേത്രത്തെക്കാള്‍ എത്രമാത്രം മനോഹരമായിരിക്കും നേര്‍കാഴ്ചയില്‍ ഗോകര്‍ണം എന്നറിയാനുള്ള ആകാംക്ഷ മനസ്സില്‍ നിറഞ്ഞു നിന്നു. ബസ് പാര്‍ക്ക് ചെയ്ത ഇടത്തുനിന്നും ക്ഷേത്രത്തിലേക്ക് ഇത്തിരി നടക്കാന്‍ ഉണ്ടെന്ന് ഗൈഡ് പറഞ്ഞപ്പോഴും മടുപ്പ് തോന്നാതിരുന്നതും, ചൂടിനെ പഴിക്കാതിരുന്നതും അതുകൊണ്ടാണ്.
കാലം കറുപ്പ് വീഴിച്ച ഓടുകൾപാകിയിരിക്കുന്ന പുരാതനമായ കെട്ടിടങ്ങള്‍ക്കിടയില്‍ കൂടി, മഹാബലേശ്വരന് നിവേദ്യമായി നല്‍കാന്‍ ഇലയില്‍ പൊതിഞ്ഞ വെളുത്ത ആമ്പല്‍ പൂക്കള്‍ വില്‍ക്കാന്‍ നടക്കുന്ന വൃദ്ധരെയും, വഴിയരികിലെ വെച്ച് വാണിഭക്കാരെയും, തലങ്ങും വിലങ്ങും ബൈക്കിലും സ്‌കൂട്ടറിലും ആയി കടന്നുപോകുന്ന പൂണൂല്‍ധാരികളും, ശുഭ്ര-കാഷായ-പീത വസ്ത്രധാരികളായ പൂജാരിമാരെയും കടന്ന്, വഴിയില്‍ അലങ്കരിച്ച് വച്ചിരിക്കുന്ന വലിയ രഥത്തിനരികില്‍ക്കൂടി തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന ക്ഷേത്രം കാണാനുള്ള ആകാംക്ഷയില്‍ നടന്നു. മുന്നില്‍ പോയ ഗൈഡ് നടപ്പു നിര്‍ത്തിയപ്പോള്‍ പിന്നിലായവരെക്കൂടി ഒരുമിച്ചുകൂട്ടി നടക്കാന്‍ ആയിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ എല്ലാവരും എത്തുന്നതിനു മുന്നേ വലതുവശത്ത് കണ്ട വാതിലിലേക്ക് അയാള്‍ കൈചൂണ്ടി. നിരന്നുനില്‍ക്കുന്ന നരച്ച കെട്ടിടങ്ങള്‍ക്കിടയില്‍ വാതായനത്തില്‍ തൂക്കിയിരിക്കുന്ന 'ശ്രീ മഹാബലേശ്വര്‍ ദേവ്' എന്ന ബോര്‍ഡ് ഇല്ലെങ്കില്‍ ക്ഷേത്രം ആണെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത ഒരു സാദാനിര്‍മ്മിതി. മനസില്‍ കെട്ടിയുയര്‍ത്തിയ ഗോകര്‍ണ ക്ഷേത്രത്തിന്റെ ചാരുതയാര്‍ന്ന രൂപം കാറ്റുപിടിച്ച പാദപം പോലെ കടപുഴകി ആ മണല്‍പരപ്പില്‍ വീണു.
ഇതിനെയാണോ മഹാകവി ഇത്രകണ്ട് വാഴ്ത്തിപ്പാടിയത്?! ഇതാണോ മലയാളഭാഷയുടെ മാദക സൗന്ദര്യത്തെ വര്‍ണിക്കാന്‍ അദ്ദേഹം കണ്ടെത്തിയ ഉപമ?! മലയാളത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് മഹാകവിക്ക് ധാരണക്കുറവ് ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ഗോകര്‍ണ്ണ ക്ഷേത്രം അദ്ദേഹം കണ്ടിട്ടുണ്ടാവാനിടയില്ല എന്ന് നിനച്ചു. കേട്ടുകേള്‍വിയാവും! എങ്കിലും അദ്ദേഹത്തെ പോലെ ഒരു വലിയ കവിയാല്‍ വഞ്ചിക്കപ്പെട്ടതോര്‍ത്ത് പരിതപിച്ചു തുടങ്ങിയപ്പോള്‍ പതിയെ ആ തീരത്തിന്റെ ചൂടറിഞ്ഞു തുടങ്ങി. ശരീരം വിയര്‍ത്തു തുടങ്ങി. കാഴ്ചയെ തളച്ചിടാന്‍ പോന്ന ഒന്നും തന്നെ കാണായ്കയാല്‍ ഒരുപാട് നേരം ക്ഷേത്രത്തിനു മുന്നില്‍ നിന്നില്ല.
തിരിഞ്ഞ് നടക്കാനൊരുങ്ങിയപ്പോള്‍ മഹാബലേശ്വരക്ഷേത്രത്തോട് തൊട്ടുചേര്‍ന്ന് ഗണപതിയുടെ ഒരു അമ്പലം കണ്ടു.
ഉള്ളില്‍ നിറഞ്ഞ നിരാശയുമായി വെറുതെ കടല്‍ത്തീരത്തേക്ക് നടന്നു. ഒരു മണിക്കൂറോളം സമയം ബാക്കിയാണ്.
കടലോരത്ത് അദ്വൈതാനുഭൂതിയില്‍ ലയിച്ചിരിക്കുന്ന ആദിശങ്കരന്റെ ഒരു സ്തൂപം. അതിനുമുന്നില്‍ വെറുതെ മിഴി പൂട്ടി നിന്നപ്പോള്‍ ഗോകര്‍ണത്തിന് മലയാണ്മയുടെ സുഗന്ധം. വീണ്ടും മുന്നോട്ട് നടന്നു. എങ്ങും ചെറിയ അമ്പലങ്ങളും, ശിവലിംഗങ്ങളും, പ്രതിഷ്ഠകളും ഒക്കെയാണ്. അന്തരീക്ഷമാകെ ശിവമയം, ഭക്തിസാന്ദ്രം. ആ കാഴ്ചകള്‍ മനസ്സില്‍ നിറഞ്ഞ നിരാശയെ തെല്ലു കെടുത്തിയെങ്കിലും പാടെ പിഴുതെറിഞ്ഞിരുന്നില്ല. ഉയര്‍ന്ന അന്തരീക്ഷതാപത്തിലൂടെ വെറുതെ നടന്നു വിയര്‍ത്തതിന്റെ വിമ്മിഷ്ടത്തോടെയാണ് വണ്ടിയില്‍ തിരികെയെത്തിയത്.
മടങ്ങുമ്പോള്‍ മുരുഡേശ്വരത്തിറങ്ങി. ഭീമാകാരമായ ശിവരൂപത്തിന്റെ ഗരിമ ശരിക്കും അത്ഭുതപ്പെടുത്തിയെങ്കിലും ഗോകര്‍ണം അവശേഷിപ്പിച്ച നിരാശയായിരുന്നു മനസ്സിലപ്പോഴും.
നീണ്ട യാത്രയ്‌ക്കൊടുവില്‍ ബസ് കോളേജ് മുറ്റത്തു വന്നു നിന്നു. വിനോദയാത്ര അവസാനിച്ചിരിക്കുന്നു. മനസിലപ്പോഴും നിരാശയുടെ നീറ്റല്‍. മുറിയിലെത്തി ദീര്‍ഘയാത്രയുടെ ക്ഷീണം തീര്‍ക്കാം എന്നുകരുതി കയറി കിടന്നു. അപ്പോഴും 'എന്റെ ഭാഷയും' 'ഗോകര്‍ണ ക്ഷേത്രവും' കാന്തത്തിന്റെ സമാന ധ്രുവങ്ങള്‍ പോലെ വികര്‍ഷിച്ചു നിന്നു. ഉറങ്ങുന്നതിനുമുമ്പ്, എന്തുകൊണ്ടാവും മഹാകവി ഗോകര്‍ണ ക്ഷേത്രത്തെയും മലയാളത്തെയും ഒരേ ചരടില്‍ കോര്‍ത്തത് എന്നറിയാനുള്ള കൗതുകത്തില്‍ വെറുതെ ഗൂഗിള്‍ ചെയ്തു. ശരിക്കും നഷ്ടബോധം തോന്നിയത് അപ്പോഴായിരുന്നു!
ഇന്നലെ കണ്ടതുപോലെ ജനനിബിഡമല്ലാതിരുന്ന ത്രേതായുഗത്തിലെ ഗോകര്‍ണത്തിന്റെ മണല്‍പ്പരപ്പിലൂടെ അക്ഷരങ്ങള്‍ക്കൊത്തു സഞ്ചരിച്ചു തുടങ്ങിയപ്പോള്‍ ഉള്ളിലെ നിരാശ പതിന്മടങ്ങായി! അതുവരെ, അവിടെ കണ്ട കാഴ്ചയെ പ്രതിയായിരുന്നു നിരാശയെങ്കില്‍ ഇപ്പോള്‍ അത് ഗോകര്‍ണ്ണത്തു ചെന്നിട്ടും അവിടെ കാണാതെ പോയതിനെ പ്രതിയായി മാറി. ആ മണ്ണില്‍ ചവിട്ടി നിന്നിട്ടും അത് അനുഭവിക്കാന്‍ കഴിയാതെ പോയതിനെ പ്രതിയായി. മഹാകവിക്ക് തെറ്റിയിട്ടില്ല. ഗോകര്‍ണം സുന്ദരമാണ്! അതീവ സുന്ദരം! ക്ഷേത്രത്തിന്റെ നിര്‍മ്മിതിയിലല്ല അതിനു പിന്നിലെ പുരാണത്തിലാണ് ആ ദേശത്തിന്റെ സൗന്ദര്യം.
ഒന്നിലേറെ ഐതീഹ്യങ്ങളാണ് ഈ സ്ഥലവുമായി ഇഴചേര്‍ന്നുകിടക്കുന്നത്. പേരില്‍ തന്നെയുണ്ട് ആ നാടിന്റെ കഥ. ഗോകര്‍ണം എന്നതിന്റെ വാച്യാര്‍ത്ഥം പശുവിന്റെ ചെവി എന്നാണ്. ഈ സ്ഥലത്ത് ഗോമാതാവിന്റെ ചെവിയില്‍ നിന്ന് പരമശിവന്‍ പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വാസം.
ഗോകര്‍ണവുമായി ബന്ധപ്പെട്ട പ്രബലമായ മറ്റൊരു ഐതിഹ്യകഥ രാവണന്റെ തപസ്സുമായി ബന്ധപ്പെട്ടതാണ്. ലങ്കാധിപതിയായ രാവണന്‍ തന്റെ അമ്മയ്ക്ക് വേണ്ടി കൈലാസത്തിലെത്തി തപസ്സുചെയ്തു ശിവഭഗവാനില്‍നിന്ന് നേരിട്ട് ശിവലിംഗം സ്വീകരിക്കുന്നു. ശിവന്‍ നേരിട്ട് നല്‍കിയതിനാല്‍ ഇത് ആത്മലിംഗം എന്നാണ് അറിയപ്പെടുന്നത്. ശിവലിംഗവും വഹിച്ച് കാല്‍നടയായി വേണം ലക്ഷ്യസ്ഥാനത്തേക്ക് പോകാന്‍, യാത്രാമധ്യേ ഭൂമിയില്‍ എവിടെയെങ്കിലും ലിംഗം പ്രതിഷ്ഠിച്ചാല്‍ അത് സ്ഥിരമായി അവിടെ ഉറയ്ക്കും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് ഭഗവാന്‍ ആത്മലിംഗം രാവണന് കൈമാറുന്നത്. ഈ രണ്ട് വ്യവസ്ഥകളും അംഗീകരിച്ച രാവണന്‍ തന്റെ യാത്രയാരംഭിച്ചു. അസുരനായ രാവണന്‍ ആത്മലിംഗത്തെ ആരാധിച്ച് ശക്തിമാനും സര്‍വ്വസംഹാരിയും ആയിത്തീരും എന്നറിഞ്ഞ് മഹാവിഷ്ണു ശിവലിംഗം ലക്ഷ്യസ്ഥാനത്തെത്താതെ മറ്റെവിടെയെങ്കിലും സ്ഥാപിക്കാന്‍ ഗണപതിയുമായിച്ചേര്‍ന്ന് തന്ത്രങ്ങള്‍ മെനഞ്ഞു. സന്ധ്യാവന്ദനത്തിനുള്ള രാവണന്റെ കൃത്യനിഷ്ഠ അറിയാവുന്ന വിഷ്ണു, അയാള്‍ ഗോകര്‍ണത്തെ സമീപിച്ചപ്പോള്‍ തന്റെ സുദര്‍ശനചക്രം ഉപയോഗിച്ച് സൂര്യനെ മറച്ച് സന്ധ്യാ പ്രതീതി ജനിപ്പിച്ചു. ആ സമയം ഗണപതി ഒരു ബാലന്റെ വേഷത്തില്‍ അവിടെ പ്രത്യക്ഷപ്പെട്ടു. ആത്മലിംഗം നിലത്ത് വയ്ക്കാനാവാത്തതിനാല്‍ ബാലനോട്, താന്‍ സന്ധ്യാവന്ദനം ചെയ്തു തിരികെ എത്തും വരെ ഇത് വഹിച്ചു നില്‍ക്കാമോയെന്ന് രാവണന്‍ ചോദിച്ചു. തനിക്ക് വഹിക്കാന്‍ പറ്റുന്നിടത്തോളം സമയം വഹിക്കാമെന്നും, തളര്‍ന്നാല്‍ മൂന്നുവട്ടം താങ്കളെ വിളിക്കുമെന്നും, വിളി കേട്ടില്ലെങ്കില്‍ താനിത് നിലത്തുവയ്ക്കുമെന്നുമുള്ള വ്യവസ്ഥകളിന്മേല്‍ ബാലന്‍ സമ്മതിച്ചു. രാവണന്‍ സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കെ ഗണപതി അയാളെ മൂന്നുപ്രാവശ്യം വിളിക്കുകയും ആത്മലിംഗം ഗോകര്‍ണ്ണത്തു പ്രതിഷ്ഠിച്ച് അപ്രത്യക്ഷനാവുകയും ചെയ്തു. ആത്മലിംഗം അങ്ങനെ അവിടെ ഉറച്ചു. എത്ര ശ്രമിച്ചിട്ടും അത് ഇത്തിരിപോലും ഉയര്‍ത്താനാകാത്തതുകൊണ്ട് ആത്മലിംഗത്തെ രാവണന്‍ 'മഹാബലന്‍' എന്നു വിളിച്ചു. തനിക്ക് ലഭിച്ച മഹാസൗഭാഗ്യം നഷ്ടപ്പെട്ടതിന്റെയും, ദേവന്മാരാല്‍ കബളിപ്പിക്കപ്പെട്ടതിന്റെയും രോഷത്താല്‍ ആത്മലിംഗത്തിന്റെ കവചങ്ങള്‍ അയാള്‍ വലിച്ചെറിഞ്ഞു. അവ ധാരേശ്വര, ഗുണവതേശ്വര, സജ്ജേശ്വര, മുരുഡേശ്വര എന്നിവിടങ്ങളില്‍ പതിച്ചു. വായുദേവനില്‍ നിന്ന് കഥകള്‍ അറിഞ്ഞ ശിവഭഗവാന്‍ പാര്‍വതി ദേവിയോടൊപ്പം നേരിട്ടെത്തി അഞ്ചു സ്ഥലങ്ങളും സന്ദര്‍ശിക്കുകയും അവയെ പഞ്ചക്ഷേത്രങ്ങള്‍ എന്ന് വിളിക്കുകയും ചെയ്തു എന്നതാണ് പുരാണം.
ഇനിയുമുണ്ട് ഈ നാടിന് പറയാന്‍ കഥകള്‍. കേരളം അറബിക്കടലില്‍ നിന്ന് പരശുരാമന്‍ മഴുവെറിഞ്ഞ് വീണ്ടെടുത്തതാണ് എന്ന മിത്തുമായും ഗോകര്‍ണത്തിന് ബന്ധമുണ്ട്. ഇവിടെനിന്ന് കന്യാകുമാരിയിലേക്കാണത്രേ പരശുരാമന്‍ മഴുവെറിഞ്ഞത്. അങ്ങനെയാണ് കേരളത്തെ വിശേഷിപ്പിക്കാന്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ എന്നൊരു പ്രയോഗം തന്നെ ഉണ്ടായത്.
വള്ളത്തോള്‍ ഗോകര്‍ണത്തില്‍ കണ്ട സൗന്ദര്യം അതിന്റെ ബാഹ്യ നിര്‍മ്മിതിയില്‍ ആയിരുന്നില്ല, മറിച്ച് ആ ദേശത്തിന് പറയാനുള്ള കഥകളുടെ ആഴങ്ങളിലായിരുന്നു. ആ മണ്ണില്‍ ചവിട്ടി നിന്നിട്ടും അതിന്റെ തുടിപ്പുകള്‍ അറിയാതെ മടങ്ങേണ്ടിവന്നതിലുള്ള നിരാശയാണ് ഇപ്പോള്‍ ഉറക്കം കെടുത്തുന്നത്. മഹാകവിയെ ഇത്തിരി നേരത്തേക്കെങ്കിലും തെറ്റിദ്ധരിച്ചതിനും, കുറ്റപ്പെടുത്തിയതിനും മാപ്പ്.
ഒരിക്കല്‍ക്കൂടി പോകണം ഗോകര്‍ണത്ത്. ആ മണലില്‍ പടിഞ്ഞിരിക്കാന്‍, അവിടുത്തെ കാറ്റ് പറയുന്ന ഹൃദയഹാരിയായ കഥകള്‍ കേള്‍ക്കാന്‍. കേരളത്തിന്റെ മൂര്‍ദ്ധാവില്‍ ഒരു മുത്തം കൊടുക്കാന്‍. അതുവരെ ഈ നഷ്ടബോധം ഉറക്കത്തെ വേട്ടയാടിക്കൊണ്ടേയിരിക്കും.
B…✍️