18/08/2022
ഇന്നലെ രാവിലെ പന്തളത്തു നിന്നുള്ള അഫ്ലഫ് എന്ന സ്വകാര്യ ബസിൽ പത്ര ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. യുവാവായ ഡ്രൈവർ. നല്ല വേഗത്തിൽ ആണ് ബസ് പോയിരുന്നത്. നരിയാപുരത്തിന് ഇപ്പുറം വെച്ച് പ്രായമുള്ള ഒരാൾ ബസിന് കൈകാണിച്ചു. അപ്പോഴത്തെ വേഗത വെച്ച് ബസ് നിർത്തില്ലെന്നാണ് ഞാൻ കരുതിയത്. എന്നാൽ ഡ്രൈവർ സഡൻ ബ്രേക്കിട്ട് ബസ് നിർത്തി. യാത്രക്കാരനിൽ നിന്നും അൽപ്പം മുന്നോട്ട് മാറിയാണ് ബസ് നിന്നത്. കാല് വയ്യാത്തതിനാൽ ഏറെ പണിപ്പെട്ടാണ് ബസിന് അരികിലേക്ക് അയാൾ വന്നത്. ബസിലുള്ള യാത്രക്കാരെയും ബസിന് അരികിലേക്ക് വന്ന ആളെയും അമ്പരപ്പിച്ച് ഡ്രൈവർ ബസ് പുറകോട്ടെടുത്ത് യാത്രക്കാരൻ്റെ അരികിൽ കയറാൻ പാകത്തിൽ നിർത്തി. ആയാസപ്പെട്ടാണെങ്കിയും കമ്പിയിൽ പിടിച്ച് ബസിൽ കയറുകയും ചെയ്തു. ഡ്രൈവറെ ഒന്നുകൂടി നോക്കി. അയാൾ ഒന്നും സംഭവിക്കാത്തപോലെ വണ്ടി ഓടിക്കുന്നു.
അപ്പോൾ ബസിനുള്ളിൽ വല്ലാത്തൊരു വെളിച്ചം നിറഞ്ഞതുപോലെ തോന്നി. കരുണയുടെ വെളിച്ചം...
വീണ്ടും ഓർക്കുന്നു മനുഷ്യൻ എത്ര സുന്ദരമായ പദം.
©️ Biju Ayyappan