05/02/2022
വടക്കൻ പറവൂരിലെ ക്ഷേത്ര വഴികളിലൂടെ
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
4. കാളികുളങ്ങര ഭഗവതി ക്ഷേത്രം
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
എറണാകുളം ജില്ലയിൽ പറവൂർ പട്ടണത്തിന് തെക്കുമാറി നന്ത്യാട്ടുകുന്നം എന്ന സുന്ദര ഗ്രാമത്തിൽ ആണ് കാളികുളങ്ങര ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഈ ക്ഷേത്രത്തെക്കുറിച്ച് ധാരാളം ഐതിഹ്യ കഥകളും അനുഭവങ്ങളും പറഞ്ഞുകേട്ടിട്ടുണ്ട്, വലിയവിളക്ക് എന്ന അത്ഭുതത്തിന്നാലും, പരിപാവനമായ ക്ഷേത്രക്കുളത്തിനാലും, വ്യത്യസ്തമായ വഴിപാട് രീതികൾ കൊണ്ടും പ്രസിദ്ധമായ ക്ഷേത്രമാണ് കാളികുളങ്ങര. നന്ത്യാട്ടുകുന്നം എന്ന ഗ്രാമത്തിന്റെ കീർത്തിസ്തംഭം തന്നെയാണ് ഈ ക്ഷേത്രം, കാളികുളങ്ങര എന്ന പേരുമായി ബന്ധപ്പെട്ട് തന്നെ പല സംശയങ്ങളും ഉണ്ടായേക്കാം, കാളി കുളത്തിന് കരയിൽ എന്ന പദം ചുരുങ്ങിയാണ് കാളികുളങ്ങര എന്ന നാമം ലഭിച്ചത്
ഐതിഹ്യവുമായി ബന്ധപ്പെട്ട് തന്നെയാണ് ഈ സ്ഥലനാമം ലഭിച്ചത്.
ഭദ്രകാളി രൂപമാണ് ഇവിടത്തെ വിഗ്രഹത്തിന്. ഇവിടുത്തെ ഭക്തജനങ്ങൾക്ക് ദേവി കാളികുളങ്ങര മുത്തി അമ്മയാണ്.
ക്ഷേത്ര പഴക്കം എത്രയാണെന്ന് കൃത്യമായ നിശ്ചയമില്ല.
രാജവാഴ്ച്ച കാലം, നാടുവാഴി തമ്പ്രാക്കളുടെ പ്രബലമായ കാലഘട്ടത്തിൽ പരമ്പരയിലെ ഒരു തമ്പുരാൻ ദീർഘദൂര യാത്ര കഴിഞ്ഞ് വിശ്രമിക്കുമ്പോൾ പ്രകൃതിരമണീയമായ ഒരു കാവിൽ ഈറനോടെ വിളക്ക് വയ്ക്കുന്ന ഒരു യുവതിയിൽ ആകൃഷ്ടനായി, വഴിക്കുളങ്ങര എന്ന് എന്ന സ്ഥലത്തെ ചെത്തിയാട്ട് മന എന്ന നമ്പൂതിരി കുടുംബത്തിലെ ദേവി ഉപാസകൻ ആയിരുന്ന ഒരു നമ്പൂതിരിപ്പാടിന്റെ ഏക മകളായിരുന്നു ഈ യുവതി. അധികം വൈകാതെ തന്നെ തമ്പുരാന്റെ സംബന്ധ ആലോചനയുമായി കാര്യക്കാർ ഇല്ലത്തെത്തി.
പക്ഷേ തന്റെ മകളേക്കാൾ ഏറെ പ്രായാധിക്യമുള്ള തമ്പുരാന് മകളെ വേളി കഴിച്ചു കൊടുക്കാൻ നമ്പൂതിരിപ്പാടിനെ മനസ്സ് അനുവദിച്ചില്ല, ശുദ്ധഗതിക്കാരനായ നമ്പൂതിരി വിവാഹത്തിന് തനിക്ക് താൽപര്യമില്ല എന്ന വിവരം തമ്പുരാനെ അറിയിച്ചു, ഏതുവിധേനയും ബ്രാഹ്മണ യുവതിയെ സ്വന്തമാക്കണം എന്ന ചിന്ത തമ്പുരാനിൽ കടന്നുകൂടി, ഇതേസമയം ദേവീ ഉപാസകനായ നമ്പൂതിരിക്ക് രാത്രിയിൽ ദേവി സ്വപ്നദർശനം കൊടുത്തു, താങ്കളും കുടുംബവും അപകടത്തിലാണെന്നും എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പലായനം ചെയ്യണമെന്നും, വർഷങ്ങളായി ഉപയോഗിച്ചുവരുന്ന എന്റെ ദേവി വിഗ്രഹം ശുദ്ധമായ ഒരു ഇടം കണ്ടെത്തി അവിടെ സ്ഥാപിക്കണമെന്നും ആയിരുന്നു സ്വപ്നത്തിൽ ഭഗവതി നമ്പൂതിരിയോട് അരുളി ചെയ്തത്.
പിറ്റേന്ന് തന്നെ ദേവി വിഗ്രഹവുമായി യാത്രയായ ബ്രാഹ്മണൻ ഒരു കാവിൽ എത്തുകയും അവിടെ ഒരു കുളത്തിന്റെ കരയിൽ ദേവി വിഗ്രഹം വെച്ചിട്ട് അദ്ദേഹം കുളത്തിലേക്ക് ഇറങ്ങുകയും ചെയ്തു തിരിച്ചുവന്നപ്പോൾ കരയിൽ വച്ചിരുന്ന ദേവി വിഗ്രഹം അപ്രത്യക്ഷമായി, തന്റെ സ്വപ്നത്തിൽ ദേവി പറഞ്ഞ ശുദ്ധമായ ഇടം ഇതുതന്നെ ആയിരിക്കും എന്ന് തിരിച്ചറിഞ്ഞ ബ്രാഹ്മണൻ അവിടെ തെങ്ങിൽ കള്ള് ചെത്തി കൊണ്ടിരുന്ന ഒരു വ്യക്തിയോട് ദേവി, കുളത്തിൻ കരയിൽ ഉണ്ടെന്നു നിത്യവും ഇവിടെ തിരിതെളിയിച്ച് പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ടു, അന്നുമുതൽ ഭഗവതി കുളത്തിൻ ക്കരയിൽ എന്ന് പറയപ്പെട്ടു തുടങ്ങി.
അങ്ങിനെ ക്ഷേത്രഭൂമി നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമയ്ക്കും, തിരി തെളിയിക്കാനായി ബ്രാഹ്മണൻ ആവശ്യപ്പെട്ട വ്യക്തിയുടെ കുടുംബത്തിനും ക്ഷേത്രത്തിൽ അവകാശം ഉണ്ടായി, പിന്നീട് ക്ഷേത്രം പണികഴിപ്പിച്ചത് കിഴക്കോട്ട് ദർശനമായി ദേവിയെ കുടിയിരുത്തി.
ക്ഷേത്രത്തിന്റെ തൊട്ടുമുൻപിൽ കിഴക്കുവശത്ത് ആൽ മരത്തിനു താഴെ പടിഞ്ഞാട്ട് ദർശനമായി ബ്രഹ്മരക്ഷസ്സും ക്ഷേത്രത്തിന്റെ വലതുവശത്ത് കിഴക്കോട്ട് ദർശനമായി ഘണ്ടാകർ ണ്ണനും കുടിയിരിക്കുന്നു
പണ്ടുകാലത്ത് വസൂരി രോഗശാന്തിക്കായി ഈ ക്ഷേത്രത്തിൽ ധാരാളം ഭക്തജനങ്ങൾ വഴിപാടുകൾ കഴിച്ചിരുന്നു
ക്ഷേത്രത്തിന്റെ ഇടതുഭാഗത്ത് കിഴക്കോട്ട് ദർശനമായി കരിനാഗയക്ഷിയും ക്ഷേത്രത്തിന്റെ വലതുഭാഗത്ത് കിഴക്കോട്ട് ദർശനമായി വീരഭദ്രസ്വാമിയും സുന്ദരയക്ഷിയും കുടികൊള്ളുന്നു.
ഇരുനില കളെ പോലെ തോന്നിപ്പിക്കുന്ന ശ്രീകോവിലാണ് ഇപ്പോഴത്തെ ക്ഷേത്രത്തിലുള്ളത്.
മുന്നിൽ കാണുന്ന കുളത്തിലെ ജലമാണ് ക്ഷേത്രത്തിൽ അഭിഷേകത്തിനും തീർത്ഥജലത്തിനും ആയി ഉപയോഗിച്ചുവരുന്നത്, ഇന്നും ഈ കുളത്തിനെ കരയിൽ കാണുന്ന കൽവിളക്കിൽ രണ്ടുനേരവും മുടങ്ങാതെ തിരി തെളിയിക്കുന്നു
ആദ്യകാലങ്ങളിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് തറവാടുകളിലെ സ്ത്രീകളായിരുന്നു ഇവിടത്തെ പൂജാദികർമ്മങ്ങൾ നിർവഹിച്ചിരുന്നത്
സ്ത്രീകൾ പൂജ ചെയ്തിരുന്ന ക്ഷേത്രം എന്ന പ്രാധാന്യം കൂടി ക്ഷേത്രത്തിനുണ്ട്.
പണ്ട് ഈ ക്ഷേത്രത്തിൽ നടത്തിയിരുന്ന പല ആചാരങ്ങളും ഇന്ന് നിലവിലില്ല.
സാധാരണ ദിവസങ്ങളിൽ വെളുപ്പിന് 5 മണിക്ക് നട തുറക്കുകയും 11മണിക്ക് നടക്കുകയും ചെയ്യുന്നു എന്നാൽ ഉത്സവസമയത്ത് രാവിലെ നട തുറന്നാൽ പിന്നെ ഉച്ചയ്ക്ക് നട അടയ്ക്കുന്ന പതിവില്ല, നന്ത്യാട്ടുകുന്നം ഗ്രാമത്തിലെ ഏതൊരു വ്യക്തിയുടെ ജീവിതത്തിലും മറക്കാനാവാത്ത ഒരുപാട് ദിവസങ്ങളാണ് കാളികുളങ്ങര ക്ഷേത്രത്തിലെ ഉത്സവ ദിവസങ്ങൾ...
കാളികുളങ്ങര ക്ഷേത്രത്തിൽ സ്ഥിരമായി ഒരു കൊടിമരം ഇല്ല, അടക്കാമരം അല്ലെങ്കിൽ കവുങ്ങ് ആണ് ഇവിടെ കൊടിമരം ആയി ഉപയോഗിക്കുന്നത്, ധനുമാസത്തിലെ മുപ്പതാം ദിവസം ആണ് ഇവിടെ തൃക്കൊടിയേറ്റ്, ആനയെ എഴുന്നള്ളിക്കൽ ഉം കരിമരുന്ന് പ്രയോഗവും ഈ ക്ഷേത്രത്തിൽ ഇല്ല, വഴിപാടായി കൊടുക്കുന്ന കവുങ്ങിൻ മരം ഗ്രാമവാസികളും വെളിച്ചപ്പാടും ക്ഷേത്രം കാര്യക്കാരും ചേർന്ന് ആഘോഷമായാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്..
ഉത്സവസമയത്ത് ക്ഷേത്രാന്തരീക്ഷം മുഴുവൻ പുക മയമാണ്. ഭക്തജനങ്ങൾ അർപ്പിക്കുന്ന പൊങ്കാലയും തെണ്ടുചുടലും കൊണ്ട് ചുട്ടുപൊള്ളുന്ന മണൽ തരികൾ ആകുന്നു ക്ഷേത്ര മുറ്റം, മറ്റുള്ള ക്ഷേത്രത്തിൽ നിന്നും വ്യത്യസ്തമായി കണ്ടുവരുന്ന മറ്റൊരു വഴിപാടാണ് ചൂൽ വഴിപാട്, സ്ത്രീകൾ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്, സ്വയം നിർമ്മിച്ച ചൂലുകൊണ്ട് ദേവിയുടെ തൃപ്പടിയിൽ(മുകളിലെ പടിയിൽ നിന്നും താഴെ പടിയിലേക്ക് ഊർന്നു വീഴും വിധം തൂത്തു വൃത്തിയാക്കി) ചൂൽ സമർപ്പിച്ചാൽ മുടി സമൃദ്ധമായി വളരും എന്നാണ് വിശ്വാസം.
ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മറ്റു ക്ഷേത്രങ്ങളിൽ കാണാത്തതുമായ ഒരു വഴിപാടാണ് തെണ്ട് നിവേദ്യം, സ്വന്തം ശരീരം തന്നെ അഗ്നിയിൽ ശുദ്ധീകരിച്ച് ദേവിക്ക് സമർപ്പിക്കുന്നു എന്നാണ് ഈ വഴിപാട് കൊണ്ട് ഉദ്ദേശിക്കുന്നത്, വളരെ വ്രത ശുദ്ധമായ ശരീരവും മനസ്സും കൊണ്ട് വേണം പൊങ്കാലയും തെണ്ടും സമർപ്പിക്കുവാൻ
രുചികരവും എന്നാൽ വളരെ ഏറെ പ്രയാസപ്പെട്ടതുമായ ഒരു പ്രക്രിയയാണ് തെണ്ടു ചുടൽ.
തേങ്ങ, ശർക്കര, അരിപ്പൊടി, ചുക്ക്, ഏലയ്ക്കായ തുടങ്ങിയവ മിശ്രിതമാക്കി കവുങ്ങിൻ പാളയിൽ പൊതിഞ്ഞു കെട്ടി, ക്ഷേത്ര വളപ്പിലെ പൂഴിമണ്ണിൽ തന്നെ പൂഴ്ത്തി വേവിച്ച് എടുക്കുന്നതാണ് തെണ്ട്, ദണ്ഡ് എന്നതിന്റെ മറ്റൊരു നാമം ആകാം തെണ്ട്.
തെണ്ട് നിവേദ്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആൾ തെണ്ട്, ഏകദേശം ഒരാൾ പൊക്കമുള്ള തെണ്ടിന്റെ വിഹിതം ക്ഷേത്രത്തിൽ സമർപ്പിക്കുന്നതാണ് ആൾ തെണ്ട് വഴിപാട്.
മറ്റൊരു വഴിപാടാണ് പൊങ്കാല. പൊങ്കാലയ്ക്ക് കൊണ്ടുവരുന്ന അരി, പൊങ്കാല വയ്ക്കുന്ന കലത്തിൽ തന്നെ കൊണ്ടുവന്ന ക്ഷേത്രത്തിനു മുൻപിൽ സ്ഥാപിച്ചിരിക്കുന്ന പാത്രത്തിൽ ഒരുവിഹിതം സമർപ്പിച്ചതിനു ശേഷം ഗുരുതി കൊണ്ട് കലത്തിൽ അടയാളപ്പെടുത്തി കുളത്തിലെ വെള്ളം ഉപയോഗിച്ച് തന്നെ കഴുകി വൃത്തിയാക്കി അതേ വെള്ളത്തിൽ തന്നെ പാകം ചെയ്തെടുക്കുന്നു.(എല്ലാ വഴിപാടുകൾക്കും ക്ഷേത്ര കുളത്തിലെ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്).പിന്നെ ധാരാളമായി ക്ഷേത്രത്തിൽ നടത്തി വരുന്ന മറ്റൊരു വഴിപാടാണ് ആൾരൂപങ്ങൾ.
കാളികുളങ്ങര ക്ഷേത്രം മഹോത്സവത്തിന് അവസാന ദിവസമായ കുംഭം 12ന് വലിയവിളക്ക് എന്ന മഹാത്ഭുതം കാണാൻ ധാരാളം ഭക്തജനങ്ങൾ ഇവിടേക്ക് എത്തിച്ചേരുന്നു, അന്നേദിവസം ഉച്ചയോടെയാണ് വിളങ്ങനാട്ടു പറ, വിളങ്ങാനാട്ട് എന്ന തറവാടുമായി ബന്ധപ്പെട്ടതാണ് ഈ പറ.ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിപാടാണ് ഇത് , ഇതുമായി ബന്ധപ്പെട്ട് പഴക്കംചെന്ന ഒരു കഥ നിലവിലുണ്ട്. ഈ പറ നടന്നു കഴിഞ്ഞാൽ പിന്നെ ക്ഷേത്രത്തിൽ മറ്റു പറ വഴിപാടുകൾ നടത്തുന്ന പതിവില്ല.
വിളങ്ങനാട്ട് പറക്കു ശേഷം ക്ഷേത്രം ആയി ബന്ധപ്പെട്ട മറ്റൊരു കുടുംബത്തിലേക്ക് ഒരു വിഹിതം കൊടുക്കുന്ന ചടങ്ങുണ്ട്, വിഹിതമായി കൊടുക്കുന്ന നെല്ല് ക്ഷേത്രത്തിലെ മുതിർന്ന കാരണവർ തലയിൽ ചുമന്നുകൊണ്ട് ക്ഷേത്രത്തിനു ചുറ്റും വലംവെച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്ന ചടങ്ങാണ് ഇത്, ഇതിനെ നടക്കൽ പറ എന്ന പേരിലാണ് അറിയപ്പെടുന്നത്.
വലിയവിളക്ക് നിർമ്മാണം നടക്കുന്നത് ദേവിയുടെ നടക്കു മുൻപിൽ വച്ച് തന്നെയാണ് ദേവിയുടെ മേൽനോട്ടത്തിൽ ഇത് നടക്കുന്നു എന്നത് കൊണ്ടാകാം ഇങ്ങനെ ചെയ്യുന്നത്.
ഇതിന്റെ നിർമ്മാണവും മേൽനോട്ടവും നടത്തിവരുന്നത് പരമ്പരാഗതമായിത്തന്നെ ക്ഷേത്ര പ്രദേശത്തുള്ള വിശ്വകർമ സഭയിൽ പെട്ടവരാണ്.
വലിയവിളക്ക് എന്നാൽ "ഏറെ മഹാത്മ്യം ഉള്ള വിളക്ക്" എന്നാണ് അർത്ഥമാക്കുന്നത്, ഏറെ ചിട്ടയോടെ, വ്രതശുദ്ധിയോടെ കൂടിയാണ് വലിയവിളക്ക് നിർമ്മാണം നടത്തുന്നത്,
വലിയവിളക്ക് ദിവസം ഏകദേശം രാത്രി 11 മണിയോടെ പടയണി എത്തുന്നു. വലിയ വീരഭദ്രന്റെ രൂപം ആണ്.
കുംഭം 13 വെളുപ്പിന് മൂന്നിനും നാലിനും ഇടയിലാണ് വലിയവിളക്ക് എഴുന്നള്ളിക്കുന്നത്.
മരം കൊണ്ട് ബലിഷ്ഠമായ വലിയ ഒരു ചട്ടക്കൂട് ഉണ്ടാക്കി, അതിന്മേൽ പഗോഡയുടെ ആകൃതിയിൽ ഏഴ് നിലകളിലായി മര ഉരുപ്പടികൾ കൊണ്ട് ബന്ധിച്ച് അതിന്മേൽ വാഴപ്പോള കൊണ്ട് പൊതിഞ്ഞു അതിന്മേൽ 1001 ചെറു പന്തങ്ങൾ തെളിയിച്ചുകൊണ്ട്, അനേകം പേർ ചേർന്ന് എടുത്തുയർത്തി ക്ഷേത്രത്തിന് വലം വയ്ക്കുന്ന വർണ്ണാഭമായ കാഴ്ചയാണ് വലിയ വിളക്കെഴുന്നള്ളിപ്പ്.
ഇതിലെ തലപ്പന്തമായി കത്തിക്കുന്ന തിരി നടതുറപ്പ് ദിവസം വരെ അണയാതെ കത്തി നിൽക്കുന്നു, ദേവീ ശരണമന്ത്രങ്ങൾ മുഴങ്ങി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ അനേകം പേർ ചേർന്നു വലിയ വിളക്ക് ഉയർത്തുന്നത് ഏറെ ഭയഭക്തിനിർഭരമായ ഒരു കാഴ്ചയാണ്.
ഇരുട്ടിനെ ഭേദിച്ചുകൊണ്ട് ആ വലിയ അഗ്നിഗോളം പ്രകാശം പരത്തി കൊണ്ട് കടന്നു പോകുന്നു. തലപ്പന്തമായി കത്തുന്ന തിരി ഒഴികെ മറ്റെല്ലാ തിരികളും ജനങ്ങൾ ശേഖരിച്ചു കൊണ്ടുപോകുന്നു.
വലിയ വിളക്കിന് ശേഷം ഗുരുതി ആരംഭിക്കുന്നു
പണ്ടുകാലത്ത് നടത്തിയിരുന്ന മൃഗബലിക്കു പകരമായാണ് ഗുരുതി നടത്തുന്നതെന്നും പറയപ്പെടുന്നു, ഗുരുതിപൂജ ശേഷമാണ് കൊടിയിറക്കം കൊടിമരം താഴെ വീഴാതെ തന്നെ ഇളക്കിമാറ്റി പൂജാരി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നു പിന്നീട് ദീപാരാധനയ്ക്കുശേഷം നട അടയ്ക്കുന്നു. ഏഴു ദിവസത്തേക്കാണ് നടയടപ്പ്.
പിന്നീട് പ്രദേശവാസികൾ മുഴുവനും കാത്തിരിക്കുന്നു അടുത്ത ഉത്സവ കാലത്തിനായി.......
Contant and image credits gopal