29/09/2024
യാത്രാ വിവരണം
*********************
രണ്ട് ദിവസം മുൻപ് ഞാൻ ഒരു ബസ് യാത്ര നടത്തുകയുണ്ടായി. ഞാൻ ബസിൽ കയറുമ്പോൾ ഒരു 80 വയസ് പ്രായം തോന്നിക്കുന്ന അമ്മാവൻ ഇരിക്കുന്നതിന് അടുത്ത് ഒരു സീറ്റ് ഒഴിഞ്ഞ് കിടക്കുന്നു. എൻ്റെ ഭാഗ്യം നിൽക്കണ്ടല്ലോ എന്ന് കരുതി ഞാൻ ആ സീറ്റിൽ പോയി ഇരുന്നു. പിന്നെയാണ് ഞാൻ ഒരു കാര്യം അലോചിച്ചത് ഞാൻ കയറുന്നതിന് മുൻപ് രണ്ട് മൂന്ന് കോളേജ് ചെക്കൻമാർ കേറിയിരുന്നു. അവരിൽ ആരും ആ സീറ്റിൽ ഇരിന്നതും ഇല്ല. എന്തായിരിക്കും കാരണം എന്ന് ഞാൻ അലോചിച്ചു. എൻ്റെ അടുത്ത് വിൻഡോ സൈഡിൽ ഇരുന്ന അമ്മാവൻ പുറത്തേക്ക് തന്നെ നോക്കി ഇരിക്കുന്നു. ഞാനും ദൃശ്യങ്ങൾ പുറക്കിലേക്ക് മറയുന്നതിനനുസരിച്ച് എൻ്റെ ചിന്തകളും കാടുകയറി കൊണ്ടിരുന്നു. ബസിലെ മെലഡി പാട്ടുകൾ അതിനൊരു താളവും തന്നുകൊണ്ടിരിന്നു. എൻ്റെ കാൽ ഞാനറിയാതെ തറയിൽ താളം പിടിച്ചു തുടങ്ങി. ഒരു രണ്ടോമൂന്നോ മിനിറ്റ് കഴിഞ്ഞ് കാണും. പുറത്തെ കാഴ്ചകളിൽ നിന്ന് കണ്ണ് പിൻവലിച്ചു പ്രായമായ ആൾ എന്നോട് ചോദിച്ചു, എവിടെ പോകുന്നു? എനിക്ക് പോകേണ്ട സ്ഥലം ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു അദ്ദേഹത്തിനും അതേ സ്ഥലത്ത് തന്നെയാണ് ഇറങ്ങേണ്ടത് എന്ന്. അദ്ദേഹത്തെ ഒരാൾ കേൾക്കുന്നു എന്ന് തോന്നിയത് കൊണ്ടാകണം അദ്ദേഹം കാര്യങ്ങൾ പറഞ്ഞ് തുടങ്ങി. ഞാൻ ബസിൽ കേറിയതിനും രണ്ട് സ്റ്റോപ്പ് മുൻപ് നിന്നാണ് അദ്ദേഹം കേറിയത് എന്ന് പറഞ്ഞു.
ഞാനിവിടെ ഇന്ന സ്ഥലത്താണ് താമസിക്കുന്നത് അദ്ദേഹത്തിൻ്റെ ഭാര്യ സഹോദരൻ്റെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു നിങ്ങൾ ഒറ്റക്കാണോ പോകുന്നത്? ഒറ്റക്കല്ല. എനിക്കൊപ്പം കുടുംബവും ഉണ്ട് അവർ മുൻസീറ്റിൽ ഇരിക്കുന്നു. ഞങ്ങൾക്ക് രണ്ട് പേർക്ക് ഇറങ്ങേണ്ട സ്ഥലമെത്താൻ ഇനിയും ഒരു മണിക്കൂർ സമയം എടുക്കും. എവിടെ പോകുന്നു എന്ത് ചെയ്യുന്നു എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു ഞാനതിന് മറുപടിയും പറഞ്ഞു. അദ്ദേഹം ഒന്നുകൂടി നേരെ ഇരുന്നിട്ട് അദ്ദേഹത്തിൻ്റെ ജോലി ചെറുപ്പത്തിൽ എന്തായിരുന്നു എന്ന് പറഞ്ഞു തുടങ്ങി. ആ മനുഷ്യൻ്റെ നിശബ്ദധതയുടെ വിരസതയിൽ നിന്ന് മുക്തി നേടാൻ, ഇറങ്ങുന്നത് വരെ കാര്യം പറഞ്ഞിരിക്കാൻ ഒരാളെ കിട്ടിയ സന്തോഷം ഒരു എനർജി എല്ലാം ആ മനുഷ്യനിൽ അപ്പോൾ പ്രതിഭലിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു തുടങ്ങി.
ഞാൻ ചെറുപ്പത്തിലെ പിതാവിനൊപ്പം തടി കച്ചവടത്തിന് കൂടെ പോകുമായിരുന്നു. അങ്ങനെ അങ്ങനെ ആ കച്ചവടം ഞാൻ പടിച്ചു. അന്നത്തെ തടി കച്ചവടം എന്ന് പറഞ്ഞാൽ ഇന്നത്തെ പോലെ ഒന്നും അല്ല ഇന്ന് മുതലാളിമാർ AC ഇട്ട വാഹനത്തിനകത്തിരുന്ന് പോയി തടിനോക്കി കച്ചവടം പറഞ്ഞ് വരികയല്ലെ ചെയ്യുന്നത്. പക്ഷെ ഞങ്ങൾ അങ്ങനെ അല്ല എന്നു പറഞ്ഞാൽ ഞങ്ങളുടെ കാലഘട്ടം അങ്ങനെ ഒന്നും അല്ലായിരുന്നു തുടക്കം അന്ന് ഇത്തരം സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. കിലോമീറ്ററുകളോളം നടന്ന് തടിയുള്ള സ്ഥലത്ത് ചെന്ന് വില പറഞ്ഞ് ഉറപ്പിച്ച് മുറിച്ച് കഷണങ്ങളാക്കി കാള വണ്ടിയിൽ ആണ് കൊണ്ട് വന്നിരുന്നത്. അക്കാലത്ത് അത്രയും ദൂരം നടക്കുന്നത് കൊണ്ടും പണി എടുത്തത് കൊണ്ടും എനിക്ക് ഇന്നും എടുത്ത് പറയത്തക്ക അസുഖങ്ങളൊന്നും ഇല്ല. ഒരു പനിയും ജലദോഷവും പോലും വന്നിട്ടില്ല.
ഒന്ന് നിർത്തിയ ശേഷം അദ്ദേഹം പറഞ്ഞു മുന്നിലിരുന്നവർ ഇറങ്ങിയോ എന്തോ ? ഞാൻ അലോചിച്ചു എന്തു കൊണ്ടായിരിക്കും അദ്ദേഹം അങ്ങനെ പറഞ്ഞത്. ആ യാത്രയിൽ അദ്ദേഹം ഉപേക്ഷിക്കപ്പെടുമോ? അതോ .... ഞാൻ സ്വയം ഒന്ന് തലയിൽ തട്ടിയിട്ട് എൻ്റെ കാട് കയറക്കം നിർത്തി. എന്നിട്ട് വീണ്ടും അദ്ദേഹം പറയുന്നതിൽ ശ്രദ്ധിച്ചു.
എനിക്ക് തടിക്കച്ചവടത്തോടൊപ്പം കരിക്കട്ട കച്ചവടവും ഉണ്ടായിരുന്നു. തടിയെടുത്ത് വലിയ കഷണങ്ങൾ മുറിച്ച് തടി വിലക്ക് വിറ്റതിന് ശേഷം ചെറു കഷണങ്ങൾ പകുതി പരുവത്തിൽ കത്തിച്ച് എടുക്കുന്നതിനെയാണ് കരിക്കട്ട എന്ന് പറയുന്നത്. ഈ കരിക്കട്ട കാളവണ്ടിയിൽ ചാക്കുകളിൽ ആക്കി തമിഴ്നാട്ടിലേക്കും ആന്ദ്രയിലേക്കും കയറ്റി വിടും. വാഹങ്ങളുടെ കാലഘട്ടം ആയപ്പോ കാളവണ്ടി മാറ്റി ചെറിയ പിക് അപ് ജീപ്പുകളിൽ കയറ്റി വിടും. ഈ സംസ്ഥാനങ്ങളിലെ ചൂളകളിൽ കേരളത്തിൽ നിന്നുമുള്ള കരിക്കട്ടക്ക് വലിയ പ്രാധാന്യമായിരുന്നു. നല്ല വിലയും കിട്ടുമായിരുന്നു. ''ങ്ഹാ.. അതൊക്കെ ഒരു കാലം
ഇതിനിടയിൽ "ഒറ്റ മൂലി " എന്നോണം അദ്ദേഹം പറഞ്ഞു ആ തടികൾ കത്തിക്കുന്നതിൻ്റെ പുക മണിക്കൂറുകളോളം ശ്വസിച്ചത് കൊണ്ടാണ് അസുഖങ്ങളൊന്നും വരാത്തത് എന്ന്. ഇത് കേട്ട ഞാൻ മനസിൽ ഊറിച്ചിരിച്ചിട്ട് ആത്മഗതം പറഞ്ഞു, അതുകൊണ്ടൊന്നും അല്ല അമ്മാവ . മൂന്ന് സമയങ്ങളിലെയും വെയിൽ കൃത്യമായി കൊണ്ട് ശരീരം നന്നായി വിയർപ്പിച്ച് പണിയെടുത്ത് വിഷമയയമില്ലാത്ത ആഹാരം കഴിച്ചത് കൊണ്ടാണ് എന്ന്.
പിന്നെയും അദ്ദേഹം പറഞ്ഞ് തുടങ്ങി
ഇതോടൊപ്പം എനിക്ക് "ദെഫ്മുട്ട്" കലയോടും കമ്പം ഉണ്ടായിരും ഞാൻ നന്നായി ദഫ് കളിക്കുമായിരുന്നു. ഇന്നത്തെ കുട്ടികൾ കളിക്കുന്നത് ദഫ് മുട്ടേ അല്ല. എനിക്ക് നല്ലൊരു ടീം തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ കേരളത്തിൽ എല്ലായിടത്തും പോയി കളിച്ചിട്ടുണ്ട്. ഒന്ന് രണ്ട് തവണ പുറം സംസ്ഥാനങ്ങളിലും പോയി കളിച്ചിട്ടുണ്ട്. പ്രധാനമായും വലിയ സമ്പന്നരായ ആൾക്കാരുടെ വീടുകളിൽ കല്യാണ പാർട്ടിക്കും സ്റ്റേജ് പരിപാടികൾക്കൊക്കെ പോയിട്ടുണ്ട്. പ്രൈസ് എല്ലാം കിട്ടിയിട്ടുണ്ട്. കുറേ നാൾ അങ്ങനെയും കടന്ന് പോയി. പിന്നെ ഞാൻ പുതിയ തലമുറയിലെ ദഫ് മുട്ട് കൂട്ടത്തിന് പരിശീലകനായി.
ഇതൊക്കെ പറഞ്ഞ് അദ്ദേഹം ഒരു നെടുവീർപ്പിട്ടു. ഒരു സ്റ്റോപ്പ് എത്തിയപ്പോ വീണ്ടും അദ്ദേഹം പറഞ്ഞു മുന്നിലിരുന്നവർ ഇറങ്ങിയോ എന്തോ
ബസിൽ മൊബൈലിൽ നോക്കിയിരിക്കുന്ന കുട്ടിയെ കുറേ നേരം നോക്കിയിരുന്നു. ആ സമയത്ത് എനിക്കൊരു ഫോൺ വിളി വന്നു ഞാൻ എടുത്ത് സംസാരിച്ചു വച്ചു. വീണ്ടും അദ്ദേഹം ആ കുട്ടിയിൽ നിന്ന് നോട്ടം അവസാനിപ്പിച്ച് സംസാരിച്ച് തുടങ്ങി.
ഞങ്ങളുടെ കാലത്ത് ഈ കുന്ത്രാട്ടം ഒന്നും ഇല്ലാതിരുന്നത് കൊണ്ട് സൗഹൃദങ്ങൾ കുറേയുണ്ടായിരുന്നു. സായാഹ്നങ്ങളിൽ ഞങ്ങൾ കവലകളിൽ ഒത്തുകൂടുമായിരുന്നു തമാശകൾ പറയുമായിരുന്നു. കുശലങ്ങൾ പറയുമായിരുന്നു. . ഇന്നത്തെപ്പോലെ പരദൂഷണമൊന്നും അല്ല കേട്ടോ.......ഇന്നത്തെ കുട്ടികളിൽ നല്ലൊരു ശതമാനത്തിനും സൗഹൃദങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും വിലയില്ല. അത് കൊണ്ടാണ് ഒന്ന് പറഞ്ഞ് രണ്ടാമത്തതിന് കുത്താൻ കത്തി എടുക്കുന്നത് തന്നോടൊപ്പം ഇരിക്കുന്നത് സംസാരിക്കുന്നത് യാത്ര ചെയ്യുന്നത് വിനോദങ്ങളിൽ ഏർപ്പെടുന്നത് തന്നെപ്പോലെ തന്നെ ഒരു മനുഷ്യനാണ് എന്ന് ചിന്തിക്കുന്നില്ല. ആ ശേഷിയെല്ലാം മനുഷ്യന് എന്നേ നഷ്ടപ്പെട്ടു. ഇന്ന് എല്ലാവരും പണത്തിനും അധികാരങ്ങൾക്കും പുറകേയാണ്.
ഞാനൊന്ന് മൂളി കേട്ടു. ഈ മൂളൽ ഓരോ ഇടവേളകളിലും ഞാൻ ആവർത്തിച്ചിരുന്നു.
ഞങ്ങളുടെ സൗഹൃദങ്ങൾക്കിടയിൽ രാഷ്ട്രിയമോ മതമോ ഒന്നും തന്നെ ഇല്ലായിരുന്നു. എല്ലാ മനുഷ്യരും അവരുടെ ചോരയും നിറവും എല്ലാം ഒന്നാണ് പരസ്പരം സഹായിക്കുക. സന്തോഷങ്ങളിലും ദുഃഖത്തിലും പങ്കു ചേരുക ഇതൊക്കെയല്ലെ മനുഷ്യന് വേണ്ടത് എന്ന് എന്നോട് ചോദിച്ചു കൊണ്ട് അദ്ദേഹം വിശ്വസിക്കുന്ന മതത്തിൻ്റെ ഒരു ശ്ലോകം പറഞ്ഞു.
ഞാൻ അതെ എന്ന് പറഞ്ഞു.
ഇന്നത്തെ എന്നല്ല എന്നത്തെയും പ്രശ്നങ്ങൾക്കെല്ലാം കാരണം ഈ രാഷ്ട്രീയമാണ്. ഓരോരുത്തരും അവരവരുടെ അധികാരങ്ങൾ നിലനിർത്തുന്നതിന് വേണ്ടി മതത്തെയും മനുഷ്യൻ്റെ ചിന്താ ശേഷിയെയും മുതലെടുക്കുന്നു അല്ലെ
ഞാൻ വീണ്ടും മൂളിയിട്ട് പറഞ്ഞു അതെ.
ഇറങ്ങാൻ ഉള്ള സ്ഥലം എത്താറ യപ്പോ ഞാൻ പറഞ്ഞു അമ്മാവ സ്ഥലം എത്താറായി. അദ്ദേഹം ഒരു നെടുവീർപ്പിട്ടു.
ആ സമയം ഞാൻ അലോചിച്ചത് ഈ മനുഷ്യൻ്റെ കാലഘട്ടത്തിലുള്ള ഇദ്ദേഹത്തിൻ്റെ അഞ്ചോ പത്തോ വയസിന് ഇളപ്പം ഉള്ള ആളുകളല്ലെ ഇപ്പഴും അധികാരങ്ങളിൽ ഇരുന്ന് ഈ പേക്കൂത്തുകൾ നടത്തുന്നത്.
ഞങ്ങൾ ബസിൽ നിന്ന് ഇറങ്ങി അദ്ദേഹം കൂടെയുള്ളവരോടൊപ്പം നല്ല ചുറുചുറുക്കോടെ നടന്ന് പോകുന്നു
ഞാൻ എപ്പോഴും ചെയ്യാറുള്ള ഒരു കാര്യമാണ്. നല്ലൊരു കേൾവിക്കാരനായിരിക്കും പ്രത്യേകിച്ചും പ്രായമായവരെയും കൊച്ചു കുഞ്ഞുങ്ങളെയും. അവരെ ഒരാൾ കേൾക്കാൻ ഉണ്ട് എന്ന് തോന്നിയാൽ അവർക്കുണ്ടാക്കുന്ന സന്തോഷം നമുക്ക് അവരുടെ മുഖത്ത് വായിച്ചെടുക്കാം. ഇക്കാലത്തെ ചാനൽ ചർച്ചകൾ നമ്മൾ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും അതിലെ അവതാരകൻ്റെ ഏഴ് അയവക്കത്ത് കൂടി ഈ ശീലം കടന്ന് പോയിട്ടില്ല എന്ന് '
"നല്ലൊരും കേൾവിക്കാരന് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനുള്ള മനസും ഉണ്ടാകും "
എല്ലാവർക്കും മംഗളങ്ങൾ നേരുന്നു
സഫീറൂദ്ദീൻ
യാത്രികൻ