07/02/2020
GUJARAT TOUR 2020
ഗുജറാത്ത് യാത്രയുടെ വിശദാംശങ്ങളിലേക്ക് കടക്കും മുമ്പ് ചെറിയൊരു മുഖവുര ആവശ്യമാണെന്ന് തോന്നുന്നു. ധാരണാ പിശക് ധാരാളം സംഭവിക്കാൻ ഇടയുണ്ട് എന്നത് കൊണ്ട് മാത്രമാണ് ഈ ഒരു മുഖവുര.
യു.പി യാത്രയെ കുറിച്ച് പറഞ്ഞിരുന്നപ്പോഴെല്ലാം കാശി - പ്രയാഗ് - മഥുര യാത്ര എന്നാണ് ഏറെയും പരാമർശിക്കപ്പെട്ടത്. കേവലം അതൊരു തീർത്ഥയാത്ര ആകുമെന്നാണ് ഏറെപ്പേരും കരുതിയത്. എന്നാൽ യാത്രാവിശേഷങ്ങൾ പൂർണ്ണമായി അറിഞ്ഞപ്പോൾ പങ്കെടുക്കാതിരുന്നത് വൻ നഷ്ടമായെന്നൊരു തോന്നൽ പരക്കെ ഉണ്ടായി. പലരും അക്കാര്യം തുറന്ന് പറയുകയും ചെയ്തു. വീണ്ടുമൊരു അബദ്ധം ആവർത്തിക്കാതിരിക്കാൻ ചില കാര്യങ്ങൾ എടുത്ത് പറയുന്നു എന്നേ ഉള്ളൂ.
സർദാർ പട്ടേലിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കപ്പെട്ടതോടെ ആണ് ഗുജറാത്ത് വിനോദ സഞ്ചാര മേഖലയുടെ രാശി തെളിഞ്ഞതെന്ന് പറഞ്ഞാൽ തെറ്റാവില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ കാണാൻ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും സഞ്ചാരികൾ നർമ്മദ നദിയുടെ തീരത്തെത്തി. ടൂറിസം സംബന്ധിയായ ഗ്രാഫിൽ ഗുജറാത്തിന്റെ സൂചിക, പിന്നീട് പറന്നുയർന്നു. എന്നാൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വേണ്ടുവോളം വിഭവങ്ങൾ പണ്ടേക്ക് പണ്ടേ ഗുജറാത്തിന് സ്വന്തമായി ഉണ്ട്. അതൊന്നും ഫലപ്രദമായി പ്രചരിപ്പിക്കപ്പെട്ടില്ലെന്ന് മാത്രം.
ചാലൂക്യന്മാരുടേയും രാഷ്ട്രകൂടന്മാരുടേയും സംഭാവനകൾ തന്നെ അതിലേറ്റവും മികവുറ്റത്. വാസ്തുശില്പകലയിൽ അവർ നല്കിയ സംഭാവന അതിരില്ലാത്തതാണ്. വിലമതിക്കാൻ ആകാത്തതാണ്. ആ വൈഭവം ക്ഷേത്ര നിർമ്മിതികളിലാണ് ഏറെ പ്രകടമായത്. അത് കൊണ്ട് തന്നെ, ആരെയും അമ്പരപ്പിക്കുന്ന ആ കരവിരുത് കേവലം ഒരു വിഭാഗം ജനങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോയി എന്നത് വാസ്തവം. അതിനാൽ ആരാധനയുമായി ബന്ധപ്പെട്ടുള്ള ക്ഷേത്രസങ്കല്പം മാറ്റി നിർത്തി ഈ ക്ഷേത്രങ്ങളിലെ വാസ്തുശില്പഭംഗിയിലേക്ക് നമുക്ക് കണ്ണയക്കാനും കടന്ന് ചെല്ലാനും സാദ്ധ്യമാവുന്നില്ലെങ്കിൽ അതൊരു തീരാനഷ്ടമാവും എന്നതിൽ തർക്കമേതുമില്ല. ഇതിനും പുറമെ സിന്ധു നാഗരിക സംസ്കാരത്തിന്റെ തിരുശേഷിപ്പുകളും ഗുജറാത്തിലുണ്ട്. ഗവേഷണത്തിനായല്ല, ഒരു കൌതുകത്തിന് ആയാൽ പോലും അത്തരം കാഴ്ചകൾക്ക് പിറകെ പോകാൻ നമുക്ക് നേരം പോരാ. അങ്ങിനെ വരുമ്പോൾ യാത്ര പിന്നെയും നീളും. 5 രാത്രിയും പകലുമായി യാത്രകൾ ഒതുക്കണമെന്ന ആവശ്യം മാനിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അതിൽ തീർത്തും വിജയിക്കാനായില്ലെന്ന് നേരത്തെ പറഞ്ഞല്ലോ? ഒരിക്കൽ പോയ സ്ഥലങ്ങളിൽ വീണ്ടുമൊരിക്കൽ കൂടി പോകേണ്ടി വരുന്ന ഗതികേടിലേക്ക് ആരെയും തള്ളിവിടരുതെന്ന നിർബന്ധം മാത്രമാണ് ഈ ഒരു തീരുമാനത്തിന് പിന്നിൽ. അതിനാൽ ഗുജറാത്ത് യാത്ര 6 രാത്രിയും 7 പകലുമായാണ് ക്രമീകരിച്ചിട്ടുള്ളത്. ഒരു രാത്രിയും ഒരു പകലും കൂടുകയാണ്. ആ ഒരു ചെലവ് കൂടുതലായി വന്ന് ചേരുമെങ്കിലും യാത്ര അത്ര മാത്രം ഫലപ്രദവുമായിരിക്കും. തീർച്ച.
മാർച്ച് 24ന് ചൊവ്വാഴ്ച്ച രാവിലെ 7 മണിയോടെ പുറപ്പെട്ട് ഉച്ചയോടെ അഹമ്മദ് ബാദിൽ എത്തും വിധമാവും യാത്ര. എങ്കിൽ മാത്രമേ ഉദ്ദേശിക്കുന്ന സ്ഥലങ്ങളൊക്കെയും കാണാനാവൂ. ഹോട്ടലിലെത്തി കുളിയും വേഷം മാറലും ഉച്ചഭക്ഷണവുമൊക്കെ ആവുമ്പോൾ ചുരുങ്ങിയത് ഒന്നര മണിക്കൂറെങ്കിലും കഴിഞ്ഞെന്നിരിക്കും. തലസ്ഥാന നഗരിയായ ഗാന്ധി നഗറിലെ കാഴ്ചകൾ അന്ന് തന്നെ പൂർത്തിയാക്കേണ്ടതുണ്ട്. പ്രവേശനം 5 മണി വരെ മാത്രമാകയാൽ അതിന് മുമ്പ് എത്തുകയെന്ന കടമ്പയുമുണ്ട്. ഒന്നോ രണ്ടോ സ്ഥലങ്ങളെങ്കിലും കാണാതെ പറ്റില്ലല്ലോ? അക്ഷർധാമിൽ രാത്രി 7 ന് തുടങ്ങുന്ന ലേസർ ഷോ കൂടി കണ്ടേ മടങ്ങുകയുള്ളൂ. രാജ്യത്തെ ഏറ്റവും മികച്ച ലേസർ ഷോ ഇതാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. അഹമ്മദബാദിൽ തിരിച്ചെത്തി ഡിന്നർ കഴിഞ്ഞാൽ ഒരു പരിപാടികൂടി. താല്പര്യമുള്ളവർക്ക് മാത്രം. നഗരത്തിലെ ലോ ഗാർഡനിൽ രാത്രിയിൽ പ്രവർത്തിക്കുന്ന മാർക്കറ്റുണ്ട്. ന്യായ വിലക്ക് സാധനങ്ങൾ ലഭിക്കുന്ന മാർക്കറ്റ്. പാതിരാത്രി കഴിഞ്ഞേ ഇവിടെ കടകൾ അടക്കുകയുള്ളൂ.
രണ്ടാം ദിവസം രാവിലെ 8 മുതൽ 1 വരെ നഗരകാഴ്ചകളിലാവും നമ്മൾ. സബർമതി ആശ്രമം പോലുള്ള സ്ഥലങ്ങൾ. വാസ്തു വിസ്മയമായ ദാദാഹരി വാവ്, സയൻസ് സിറ്റി തുടങ്ങി പലതും കാണാനുണ്ട് നഗരത്തിൽ. പിരിമിതമായ സമയത്തിനകത്ത് പരമാവധി സ്ഥലങ്ങൾ പട്ടികയിൽ പെടുത്താമെന്ന് ഇപ്പൊഴേ പറയാം. ഉച്ച കഴിഞ്ഞാൽ യാത്ര ദ്വാരകയിലേക്കാണ്. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് കടലിൽ മുങ്ങിപ്പോയ പുകൾപെറ്റ നഗരം. നഗരം അതിപ്രാചീനമാകയാൽ സൌകര്യങ്ങൾ പരിമിതമാണ്. അത് കാരണം രാത്രിയിലെ താമസം ജാംനഗറിലാക്കി. പിറ്റേന്നാൾ യാത്ര തുടർന്ന് ദ്വാരക കണ്ട് മടങ്ങണം. ഗാന്ധി പിറന്ന് വീണ പോർബന്ദറും കടന്ന് ജൂനഗഡിൽ. അന്തിയുറക്കം ചരിത്ര നഗരമായ ജൂനഗഡിൽ. കോട്ടകൊത്തളങ്ങൾ പോലുള്ള ചരിത്ര നിർമ്മിതികൾ ഏറെ ഉള്ളതിനാൽ നാലാം ദിവസം ഉച്ചവരെയുള്ള സമയം ജൂനഗഡിനായി മാറ്റി വെക്കും. ഉച്ച തിരിഞ്ഞ് മറ്റൊരു വാസ്തു വിസ്മയമായ സോമനാഥിലേക്ക്. കാഴ്ചകൾ കണ്ട് സോമനാഥനോട് വിട ചൊല്ലി സന്ധ്യയോടെ ഗീർവനത്തിലേക്ക്. അന്തിയുറക്കം സിംഹങ്ങൾ മുരളുന്ന ഗീർ വനത്തിൽ. അഞ്ചാം ദിവസം അതിരാവിലെ, സിംഹങ്ങളെ പരിരക്ഷിക്കുന്ന വനമേഖലയിലേക്ക്. തിരിച്ചെത്തി പ്രഭാത ഭക്ഷണം കഴിഞ്ഞ് പത്തരയോടെ എങ്കിലും പുറപ്പെടണം. എങ്കിലേ രാത്രി വൈകും മുമ്പ് വഡോദര (ബറോഡ) യിൽ എത്തിച്ചേരാനാവൂ. ആറാം ദിവസം രാവിലെ നർമ്മദയിലെ പുതിയ ലോകാത്ഭുതത്തിലേക്ക്. വിനോദ സഞ്ചാരികൾക്കായി ഉദ്യാനം ഉൾപ്പെടെ പലതും ഒരുക്കിയിരിക്കയാൽ ഉച്ചയോളം അവിടെ ചെലവിടേണ്ടതായി വരും. അത് കഴിഞ്ഞ് വഡോദരയിലേക്ക് മടക്കം. അതിപ്രശസ്തമായ ഒരു രാജ്യത്തിന്റെ ചരിത്ര സ്മൃതികളായി പലതും കാണാനുണ്ടെന്നതിനാൽ വൈകീട്ട് 6 വരെയുള്ള സമയം അതിനായി ഉള്ളതാവും. പിന്നെ രാത്രി വൈകും വരെ ഷോപ്പിംഗിൽ താല്പര്യമുള്ളവർക്കായി ഉളളതാണ്. ഈ ഒരു കാര്യം എടുത്ത് പറയാൻ കാരണമുണ്ട്. ഷോപ്പിംഗിന് സൌകര്യമൊരുക്കാൻ മാത്രം സൂററ്റ് വരെ പോകാൻ തീരുമാനിച്ചതായിരുന്നു ആദ്യം. എന്നാൽ തുണിത്തരങ്ങളെല്ലാം അതേ വിലയ്ക്ക് ബറോഡ മാർക്കറ്റിൽ ലഭ്യമാണെന്ന വിവരത്തെ തുടർന്ന് സൂററ്റ് പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ്. മാത്രമല്ല, ബറോഡ മാർക്കറ്റിൽ തുണിത്തരങ്ങൾ മാത്രമല്ല, ഏത് സാധനവും ന്യായ വിലയ്ക്ക് കിട്ടുകയും ചെയ്യും.
ഏഴാം ദിവസം രാവിലെ, ബാക്കി നില്ക്കുന്ന സ്ഥലങ്ങൾ കൂടി കണ്ടതിന് ശേഷം നഗരത്തോട് വിട ചൊല്ലും. പിന്നെ, തിരികെ അഹമ്മദ്ബാദ് വിമാനത്താവളത്തിലേക്ക്. വൈകീട്ടുള്ള വിമാനത്തിൽ കൊച്ചിയിലേക്ക്. ദൂരദേശത്തുള്ളവർക്ക് രാത്രി വണ്ടിക്ക് മടങ്ങാനാകും വിധമാവും യാത്രയുടെ സമയക്രമം. ചെന്നൈ, ബാംഗ്ലൂർ, ഹൈദരബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ഇതേ ദിവസങ്ങളിൽ യഥാസമയം വിമാനങ്ങൾ ഉള്ളതിനാൽ അത്തരം നഗരങ്ങളിൽ നിന്നുള്ളവർക്കും യാത്രയിൽ പങ്കെടുക്കുക എളുപ്പമാവും.
സർദാർ സരോവർ ഡാം, ഗീർ വന്യമൃഗസങ്കേതം, അക്ഷർദാം ലേസർ ഷോ എന്നിവയ്ക്കുള്ള ടിക്കറ്റുകൾ മാസങ്ങൾക്ക് മുമ്പ് തന്നെ വിറ്റ് തീരുന്നതിനാൽ എത്രയും പെട്ടെന്ന് അതെല്ലാം ബുക്ക് ചെയ്യേണ്ടതുണ്ട്. മാർച്ച് മാസം കഴിയും വരെയും ഗുജറാത്തിലെ വിനോദസഞ്ചാരം അതിന്റെ പാരമ്യത്തിൽ ആണെന്നതിനാൽ ഹോട്ടൽ, വാഹനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ഇത് ബാധകമാണ്. ഉടനെ ബുക്ക് ചെയ്യാമെങ്കിൽ ഇരു ദിശയിലേക്കുമുള്ള വിമാന ടിക്കറ്റിന് 10,000 രൂപയിൽ താഴെ മാത്രമേ വരുള്ളൂ. വൈകും തോറും നിരക്ക് കൂടുക സ്വാഭാവികം. ഇനി ട്രെയിൻ മാർഗ്ഗം വരാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ, തീരുമാനം വൈകിയാൽ റിസർവേഷൻ ലഭിക്കണമെന്നില്ല.
പാക്കേജിൽ ലഭിക്കുന്ന സൌകര്യങ്ങൾ എന്തൊക്കെയെന്ന്, യാത്രയിൽ പങ്കെടുക്കുന്നവർ ഫോണിൽ വിളിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
ഭക്ഷണ - താമസ വിഷയത്തിൽ 3 സ്റ്റാർ / 4 സ്റ്റാർ സൌകര്യങ്ങളിൽ കുറഞ്ഞൊന്നും ഞങ്ങളുടെ യാത്രയിൽ ഉണ്ടാവാറില്ലെന്നതിനാൽ അക്കാര്യം പ്രത്യേകം പറയേണ്ടതില്ല. ഞങ്ങളുടെ മുൻ യാത്രകളുടെ വേണ്ടുവോളം പടങ്ങൾ യാത്രാപഥം ഫേസ് ബുക്ക് പേജിൽ ലഭിക്കുന്നതാണ്.
എങ്കിലും പറയട്ടെ. ഒന്നാം ദിവസം ഉച്ച മുതൽ ഏഴാം ദിവസം രാവിലെ വരെയുള്ള താമസവും ഭക്ഷണവുമാവും പാക്കേജിൽ വരിക. Break fast, Lunch, Dinner ഒഴികെയുള്ള ഭക്ഷണ ചെലവുകൾ സ്വയം വഹിക്കേണ്ടതാണ്. അഹമ്മദ് ബാദ് വിമാനത്താവളം / റെയിൽവെ സ്റ്റേഷൻ മുതൽ യാത്ര കഴിഞ്ഞ് തിരികെ ഇതേ സ്ഥലങ്ങളിലേക്ക് മാത്രമാവും വാഹന സൌകര്യം ലഭിക്കുക. പാക്കേജിൽ പറയുന്ന യാത്രകൾക്ക് പുറമേ സ്വന്തം ആവശ്യങ്ങൾക്ക് നടത്തുന്ന യാത്രകൾ സ്വന്തം ചെലവിൽ ആയിരിക്കും. ഇത്രയെല്ലാം പറയുമ്പോഴും ഒരു കാര്യം ഉറപ്പിക്കാം. യാത്രാ സംഘത്തിലുള്ളവരുടെ സൌകര്യങ്ങൾക്കും താല്പര്യങ്ങൾക്കും മുന്തിയ പരിഗണന എപ്പോഴുമെന്ന പോലെ ഈ യാത്രയിലും ഉണ്ടാകുമെന്നുറപ്പ്. ചെലവ് ചെയ്യുന്ന പണത്തിന്റെ എത്രയോ ഇരട്ടി, യാത്ര ഫലവത്തും മൂല്യവത്തും ആവുമെന്നും ഉറപ്പിക്കാം.
ആറ് രാത്രിയും ഏഴ് പകലും നീളുന്ന യാത്രയിൽ 3 സ്റ്റാർ / 4 സ്റ്റാർ താമസം, ഭക്ഷണം, റോഡു യാത്ര ഉൾപ്പെടെ 38,000 രൂപയാണ് പാക്കേജ്. ഇരു ദിശയിലേക്കുമുള്ള വിമാന / ട്രെയിൻ ടിക്കറ്റുകളും യാത്രയിലെ എല്ലാ പ്രവേശന ടിക്കറ്റുകൾക്കും അവശ്യമാവുന്ന തുക സ്വയം വഹിക്കേണ്ടതാണ്.
പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ എത്രയും വേഗം ബന്ധപ്പെടുക.
TP Rajeevan,
Sr. Journalist, Mangaluru.
Mob: 9448545885
ഫിബ്ര5, ബുധൻ 2020.
fb.me/yatrapatham
Please like the page and share. Thank you - Rajeevan, Mangalore