04/05/2022
തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ഭാഗത്താണ് ഈ മനോഹരമായ മലയോരം. ഏത് കാലാവസ്ഥയിലും ഇവിടേക്കുള്ള റോഡു യാത്ര ഉല്ലാസകരമാണ്. നഗരത്തിനടുത്ത് ഇത്ര ശാന്തവും പ്രകൃതിസുന്ദരവും ആയ പ്രദേശം മറ്റെവിടെയും കാണാനിടയില്ല. കടല്‍ തീരത്തോട് ചേര്‍ന്ന് കിടക്കുന്ന തിരുവനന്തപുരം നഗരത്തില്‍ നിന്ന് പൊന്മുടിയിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമാണ്.
ഉയരം കൂടുന്ന ഭൂപ്രകൃതിയും ചെറുകുന്നുകളും പച്ചപ്പും തണുത്ത കാറ്റും നിങ്ങളെ പൊന്മുടിയിലേക്കുള്ള യാത്രയില്‍ സ്വാഗതം ചെയ്യും. പൊന്മുടി മലനിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന കല്ലാര്‍ സമതലങ്ങളിലേക്കു പ്രവേശിക്കുന്ന ഇടമാണ്. പൊന്മുടി യാത്രയിലെ ഇടത്താവളമാണ് കല്ലാര്‍. റോഡില്‍ നിന്നു കുറച്ചകലെയായി മീന്മുട്ടി വെള്ളച്ചാട്ടമുണ്ട്. കല്ലാറിന്റെ തീരംചേര്‍ന്നുളള നടപ്പാതയിലൂടെ ഒരു കിലോമീറ്ററോളം നടന്ന് പുഴ മുറിച്ചു കടന്നാല്‍ വെളളച്ചാട്ടം കാണാം. മഴക്കാലത്ത് അതൊരു ആനന്ദം തന്നെയാണ്.
കല്ലാറില്‍ സന്ദര്‍ശകര്‍ക്കായി ഒട്ടേറെ സുഖവാസകേന്ദ്രങ്ങളും ഉണ്ട്. സാഹസിക നടത്തത്തിനും കാട്ടിനുള്ളില്‍ തമ്ബടിക്കാനും കല്ലാറില്‍ സൗകര്യണ്ട്. പൊന്മുടിയില് എത്തിച്ചേര്‍ന്നാലും സാഹസിക നടത്തത്തിന് കാട്ടുവഴികളുണ്ട്. റോഡിലെ തിരക്കില്‍ നിന്ന് കാടിന്റെ ശാന്തതയിലേക്കു നീങ്ങിയാല്‍ കാട്ടുപൂക്കളും, ചിത്രശലഭങ്ങളും കുരങ്ങുകളും പക്ഷികളും വിനോദസഞ്ചാരികള്‍ക്ക് വിസ്മയമാകും. വൈകിട്ടാവുമ്ബോഴേക്കും മൂടല്‍മഞ്ഞു മൂടുന്ന പൊന്മുടിയില് താമസത്തിന് സര്‍കാര്‍, സ്വകാര്യ സൗകര്യങ്ങളുണ്ട്.
എങ്ങനെ എത്താം
അടുത്തുളള റെയില്‍വേ സ്റ്റേഷന്: തിരുവനന്തപുരം, 61 കി. മീ. വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 67 കി. മീ.