![ലോകം ആഘോഷിച്ചിട്ടുള്ളതെല്ലാം പുരുഷന്മാരുടെ യാത്രകളാണ്. അവരുടെ യാത്രകൾ തന്നെയാണ് ചരിത്രമായി മാറിയതും. എന്നാൽ പുരുഷനും മു...](https://img3.travelagents10.com/972/546/991213049725465.jpg)
12/02/2025
ലോകം ആഘോഷിച്ചിട്ടുള്ളതെല്ലാം പുരുഷന്മാരുടെ യാത്രകളാണ്.
അവരുടെ യാത്രകൾ തന്നെയാണ് ചരിത്രമായി മാറിയതും. എന്നാൽ പുരുഷനും മുൻപേ, തങ്ങളുടെ കുടുംബത്തെ പട്ടിണിയിൽ നിന്നും പലായനങ്ങളിൽ നിന്നും സംരക്ഷിക്കാൻ ആരുടേയും പിൻബലമില്ലാതെ, തികച്ചും ഏകാകിയായി ലോകത്തിൻ്റെ അതിരുകളോളം പറന്നുചെന്ന ചില പെണ്ണുങ്ങളുണ്ട് - നേഴ്സുമാർ.
ആർട്ടിക് പ്രദേശങ്ങളിലെ മഞ്ഞുവീഴുന്ന വിദൂരഗ്രാമങ്ങളിലും, പൊള്ളുന്ന മണൽക്കാടുകൾക്ക് നടുവിലെ ഉൾനാടുകളിലും, ആഫ്രിക്കയിലെ ദരിദ്രരായ മനുഷ്യർക്കിടയിലും കടന്നുചെന്ന് അവർ തങ്ങളുടെ സേവനസാന്നിധ്യമറിയിച്ചു. എന്നാൽ ഒട്ടും കാലൊച്ചയില്ലാത്ത നടത്തങ്ങളായിരുന്നു അവയെല്ലാം. നിശബ്ദ സഞ്ചാരങ്ങൾ.!
എവിടെയും അടയാളപ്പെടാതെപോയ അത്തരം പെൺനടത്തങ്ങൾ കൂടിയാണ് നമ്മുടെ നാടിനെ പട്ടിണിയുടെ പരിവട്ടങ്ങളിൽ നിന്നും കരകേറ്റിയത്.
കുവൈറ്റിലുൾപ്പെടെ ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രവാസജീവിതം നയിച്ചവരെല്ലാം ജീവനുംകൊണ്ടോടി സ്വന്തം നാടുപറ്റി. എന്നാൽ ആ യുദ്ധമുഖങ്ങളിലെല്ലാം പിടിച്ചു നിന്നവരാണ് മലയാളി നഴ്സുമാർ. കുടുംബത്തിനുവേണ്ടി പണമുണ്ടാക്കുക, ഭർത്താവിനേയും സഹോദരങ്ങളേയും മറ്റു കുടുംബാംഗങ്ങളേയും വിദേശത്തെത്തിക്കുക. അതിനപ്പുറത്ത് എന്തെങ്കിലും നിലയോ വിലയോ പ്രാധാന്യമോ അവർക്കാരും നൽകിയില്ല.
സ്വജീവിതം പോലും മറന്ന് കുടുംബത്തിനുവേണ്ടി പുറപ്പെട്ടുപോയ കുറേ പെണ്ണുങ്ങളുടെ കരുത്താർന്ന കഥകൾ തന്നെയാണ് 'നിശബ്ദ സഞ്ചാരങ്ങൾ' എന്ന ഈ നോവൽ.
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ നാട്ടിലാകെ ക്ഷാമവും പട്ടിണിയും കൊടികുത്തിവാണു. അതിജീവനത്തിനായി സർവ്വതും വിറ്റുപെറുക്കി തിരുവിതാംകൂറിൽ നിന്നും ആളുകൾ മലബാറിലേക്ക് കൂട്ടമായി പലായനം ചെയ്തു. മലബാറിലെ മലയോര ഗ്രാമങ്ങളിൽ പ്രകൃതിയോട് മല്ലിട്ട് കൃഷിപ്പണിയിലേർപ്പെട്ട കുടിയേറ്റക്കാരിൽ പലരും വന്യമൃഗങ്ങളോട് ഏറ്റുമുട്ടിയോ മലമ്പനിവന്നോ മരണപ്പെട്ടു. എന്നാൽ തൻ്റെ കുടുംബത്തിൻ്റെ സംരക്ഷണം സ്വയമേറ്റെടുത്ത് പാറക്കുന്നേൽ കുടുംബത്തിൽ നിന്നും മറിയാമ്മ എന്ന പെൺകുട്ടി പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മദ്രാസിലേക്ക് ട്രെയിൻ കയറി.
അവിടെനിന്ന് നേഴ്സിംഗ് പഠിച്ച് കപ്പൽമാർഗ്ഗം സിംഗപ്പൂരിലേക്ക് പോവുകയും, അവിടുത്തെ ബ്രിട്ടീഷ് ഹോസ്പിറ്റലിൽ നേഴ്സായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. കഷ്ടപ്പാടുകൾ നിറഞ്ഞ ആ സിംഗപ്പൂർ യാത്രക്കിടയിലും, യുദ്ധഭീതിയിൽ വിറങ്ങലിച്ചുകിടന്ന ആ ആശുപത്രിയിലെ ജോലിക്കിടയിലും മറിയാമ്മ തൻ്റെ വീട്ടിലേക്കയച്ച കത്തുകൾ, എട്ടുപതിറ്റാണ്ടുകൾക്ക് ശേഷം അവരുടെ നാലാം തലമുറയിൽ പിറന്ന മനു എന്ന 23 കാരൻ, പൊളിച്ചു കളയാൻ തീരുമാനിച്ച തങ്ങളുടെ പഴയ തറവാട്ടുവീട്ടിലെ അലമാരക്കിടയിൽ നിന്ന് യാദൃച്ഛികമായി കാണുകയും, തുടർന്ന് മറിയാമ്മ അമ്മച്ചിക്ക് പിന്നീട് എന്താണ് സംഭവിച്ചത് എന്ന് അവൻ അന്വേഷിക്കുകയും ചെയ്യുന്നു. ഈ അന്വേഷണത്തിലൂടെ രണ്ടാം ലോകമഹായുദ്ധാനന്തരം തിരുവിതാംകൂറിലും പൊതുവെ ലോകത്തിൻ്റെ നാനാഭാഗങ്ങളിലുമുണ്ടായ ഗതിവിഗതികൾ കൃത്യമായി നോവലിസ്റ്റ് അടയാളപ്പെടുത്തുന്നുണ്ട്.
സിംഗപ്പൂരിൽ ജോലി ശരിയായതിനുശേഷം മറിയാമ തൻ്റെ കാമുകനായ കുഞ്ഞച്ചായനേയും സിംഗപ്പൂരിലേക്ക് കൊണ്ടുവരുന്നുണ്ടെങ്കിലും, ബ്രിട്ടീഷ് പട്ടാളത്തിൽ ചേർന്ന അദ്ദേഹം ഏറെ കഴിയുംമുമ്പെ ജപ്പാൻ്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയിൽ നിന്നും മറിയാമ ആഫ്രിക്കയിലേക്ക് പോവുകയാണ് ചെയ്യുന്നത്.
നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ മനു ആഫ്രിക്കയിലെ ടാൻസാനിയയിൽ എത്തുകയും, പല സെമിത്തേരികളിലായി രണ്ടാം ലോകമഹായുദ്ധകാലത്ത് മരണപ്പെട്ട പതിനായിരക്കണക്കായ മനുഷ്യരുടെ ശവക്കല്ലറകൾ പരിശോധിക്കുകയും ചെയ്യുന്നു. ഒടുവിൽ മൊറോഗോറായിലെ ആശുപത്രിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഉറക്കരോഗം വന്ന് മരണപ്പെട്ട തൻ്റെ മറിയാമ്മ അമ്മച്ചിയുടെ ശവക്കല്ലറ അവൻ കണ്ടെത്തുന്നു.
നേഴ്സിംഗ് എന്നത് കേവലമായ ഒരു ജോലിമാത്രമല്ലെന്നും ഏതൊരാളെയും വിശുദ്ധയാക്കാൻ പോന്ന, അത്രയും മഹത്തായ ഒരു പുണ്യകർമ്മമാണെന്നും, നിരവധിയായ നഴ്സിംഗ് കഥാപാത്രങ്ങളുടെ ത്യാഗനിർഭരമായ ജീവിതങ്ങളെ മുൻനിർത്തി ഈ നോവൽ സാക്ഷ്യപ്പെടുത്തുന്നു.
വായിക്കാൻ വേണ്ടി കൈയ്യിലെടുത്താൽ പിന്നെ അത് തീരുന്നതുവരെ താഴെ വെക്കാൻ തോന്നാത്ത എന്തോ മാസ്മരികത ഈ നോവലിൻ്റെ ആദ്യാവസാനം വരെ നമുക്ക് അനുഭവിച്ചറിയാൻ സാധിക്കും.
Ctsy DC Books