02/01/2021
ഗവി ടൂർ പാക്കേജ് വീണ്ടും, 85 കി.മീ കാട്ടിലൂടെ സഞ്ചാരം, ഭക്ഷണം; ഒരാൾക്ക് 2000 രൂപ
നീണ്ട ഇടവേളയ്ക്ക് ശേഷം വിനേദസഞ്ചാരകേന്ദ്രങ്ങൾ തുറന്നതോടെ സഞ്ചാരികളുടെ തിരക്കും വർധിച്ചു. ക്രിസ്മസ്–ന്യൂയർ ആഘോഷമാക്കാൻ സഞ്ചാരികളുടെ തിരക്കിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ. കൊറോണയിൽ തകർന്ന ടൂറിസം മേഖല ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. സഞ്ചാരികള്‍ക്കായി നിരവധി ഒാഫറുകളും പാക്കേജുകളുമാണ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. പത്തനംത്തിട്ടയിലെ കോന്നി– അടവി– ഗവി സഞ്ചാരയിടങ്ങളെ കേന്ദ്രീകരിച്ച് മികച്ച ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് നിർത്തിവച്ച കോന്നി– അടവി– ഗവി ടൂർ പാക്കേജ് മാനദണ്ഡം പാലിച്ച് പുനരാരംഭിച്ചു.കോന്നി ആനത്താവളത്തിൽ നിന്ന് രാവിലെ 7.15ന് യാത്ര ആരംഭിച്ച് അടവിയിൽ എത്തി കുട്ടവഞ്ചി സവാരിയും പ്രഭാത ഭക്ഷണവും കഴിഞ്ഞ് തണ്ണിത്തോട്, ചിറ്റാർ, ആങ്ങമൂഴി, കൊച്ചാണ്ടി ചെക്പോസ്റ്റ് വഴി മൂഴിയാർ ഡാം സന്ദർശിക്കും. കൊച്ചാണ്ടി ചെക് പോസ്റ്റ് മുതൽ വള്ളക്കടവ് വരെ 85 കിലോമീറ്റർ നിബിഡവനത്തിലൂടെയാണ് സഞ്ചാരം.
പുൽമേട്, ഇലപൊഴിയും വനം, നിത്യഹരിത വനം എന്നീ വ്യത്യസ്ത വനങ്ങളും കാണാം.പെൻസ്റ്റോക്ക് പൈപ്പ്, കക്കി ഡാം വ്യൂ പോയിന്റ്, കക്കി ഡാം, സിനിമ ഷൂട്ടിങ് നടക്കുന്ന സ്ഥലങ്ങൾ, ആനത്തോട് ഡാം, പമ്പ ഡാം എന്നിവ സന്ദർശിച്ച് ഉച്ചയ്ക്ക് കൊച്ചുപമ്പയിൽ എത്തി ഭക്ഷണത്തിനു ശേഷം ബോട്ടിങ്. ബൈബിളിൽ പറയുന്ന നോഹയുടെ പെട്ടകം നിർമിക്കാൻ ഉപയോഗിച്ച ‘ഗോഫർ’ മരം കണ്ട് ഗവിയിൽ എത്തിച്ചേരും. പ്രകൃതിഭംഗി ആസ്വദിച്ച് പെരിയാർ ടൈഗർ റിസർവ് വഴി വള്ളക്കടവിലെത്തും.
വണ്ടിപ്പെരിയാർ, പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി വഴി കുമ്പഴ എത്തി രാത്രി ഭക്ഷണം കഴിഞ്ഞ് കോന്നിയിൽ തിരിച്ചെത്തും. ഒരാൾക്ക് 2000 രൂപയും 10 മുതൽ 15 പേർ വരെയുള്ള സംഘത്തിലെ ഓരോരുത്തർക്കും 1900 രൂപയും 16 പേരടങ്ങുന്ന സംഘത്തിലെ ഓരോരുത്തർക്കും 1800 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 5 വയസ്സിനു മുകളിലുള്ളവർക്ക് ചാർജ് ബാധകമാണ്. യാത്രാ ഫീസ്, ഭക്ഷണം, കുട്ടവഞ്ചി സവാരി, ബോട്ടിങ് തുടങ്ങിയവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടും.