Kerala Tourism Guide

  • Home
  • Kerala Tourism Guide

Kerala Tourism Guide Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Tourism Guide, Travel Company, .

കേരളത്തിൽ ഇതാ ഒരു പുതിയ സോഷ്യൽ മീഡിയ തരംഗം ശ്രിട്ടിച്ചു 'ക്ലബ്ബ് ഔസ്'https://keralatourismguide.travel.blog/2021/05/29
29/05/2021

കേരളത്തിൽ ഇതാ ഒരു പുതിയ സോഷ്യൽ മീഡിയ തരംഗം ശ്രിട്ടിച്ചു 'ക്ലബ്ബ് ഔസ്'

https://keralatourismguide.travel.blog/2021/05/29

കേരളത്തിൽ ഇതാ ഒരു പുതിയ സോഷ്യൽ മീഡിയ തരംഗം ശ്രിട്ടിച്ചു ‘ക്ലബ്ബ് ഔസ്’ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, വാട.....

      1.  #യെലഗിരി2.  #ഏർക്കാട്3.  #കൊല്ലി_ഹിൽസ്മഴ പെയ്തു തോരുമ്പോഴേക്കും  മഞ്ഞിറങ്ങി വരുന്ന ചുരം വഴികളിലൂടെയുള്ള യാത്രക...
28/05/2021





1. #യെലഗിരി
2. #ഏർക്കാട്
3. #കൊല്ലി_ഹിൽസ്

മഴ പെയ്തു തോരുമ്പോഴേക്കും മഞ്ഞിറങ്ങി വരുന്ന ചുരം വഴികളിലൂടെയുള്ള യാത്രകൾ എനിക്കെപ്പോഴും ഒരു ലഹരിയായിരുന്നു..

നനുത്ത കാറ്റു വീശുന്ന മലമുകളിലേക്ക് ഒന്ന് വണ്ടി ഓടിച്ചെത്തുമ്പോഴേക്കും മനസ്സിന്റെ വിശാദങ്ങളെപ്പഴോ ആ വെളുത്ത മേഘങ്ങളിലേക്ക് പതിയെ ചേക്കേറികഴിഞ്ഞിരിക്കും......
പകൽ കിനാവിലെ സ്വപ്നങ്ങളെപ്പോൽ ഒന്നുരുണ്ട് തീരുമ്പോഴേക്കും ആ യാത്രയുടെ അനുഭൂതികൾ അടുത്ത മഞ്ഞിനേയും മഴയെയും പുല്കുന്നത് വരേയ്ക്കും മനസ്സിലിങ്ങനെ
അലിഞ്ഞു അലിഞ്ഞു തീർന്നിരിക്കും.

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണല്ലോ ?.

അനുഭവങ്ങൾക്ക് വേണ്ടി യാത്ര തിരിക്കുമ്പോൾ സ്വതവേ കാലാവസ്ഥയും മറ്റും നമ്മുക്ക് അനുകൂലമായി മാറിയിരിക്കും.

സുഹൃത്തുക്കളോടൊപ്പമുള്ള രണ്ടു ദിവസത്തെ അട്ടപ്പാടി ക്യാമ്പ് കഴിഞ്ഞു നേരെ വിട്ടത് ഹെയർ പിൻ ബെന്റുകളുള്ള മൂന്ന് ഹിൽസ് സ്റ്റേഷൻ തേടിയുള്ള സോളോ റൈഡ് ആയിരുന്നു.
ഗൂളിക്കടവിൽ നിന്നും
ആനക്കട്ടി ഷോളയൂർ വഴി
യെലഗിരി ആയിരുന്നു ലിസ്റ്റിലെ ആദ്യത്തെ ടെസ്റ്റിനേഷൻ.

തോളംപാളയം, അന്തിയൂർ, മേട്ടൂർ. പൊട്ടണേരി, മെച്ചേരി, തൊപൂർ ടോൾ പ്ലാസ ഇതായിരുന്നു സഞ്ചാര പാത. പോകുന്ന വഴി ഭവാനി ഡാമും സന്ദർശിച്ചു.യാത്ര തുടർന്നു.
മെച്ചേരി പിന്നിട്ടത്തിനു ശേഷം നല്ല രീതിയിൽ മഴ പെയ്തു തുടങ്ങി ഏകദേശം 240 കിലോമീറ്റർ ദൂരം സഞ്ചരിച്ചു ധർമ്മപുരിക്ക് അടുത്ത് സെങ്കൽ മേഡ് എന്ന സ്ഥലത്ത് രാത്രി ടെന്റ് അടിച്ചു സുഗമായി കിടന്നുറങ്ങി.
കാലത്ത് വീണ്ടും യെലഗിരി ലക്ഷ്യമാക്കി നീങ്ങി...

ശേഷംപട്ടി, നല്ലംമ്പള്ളി വഴി സേലം മെയിൻ റോഡിലൂടെ പൂച്ചംമ്പള്ളി മാതുർ, തിരുപ്പത്തൂർ റൂട്ടിൽ വന്നു ചേർന്നു. ഇവിടുന്ന്
യെലഗിരി വേറെ റോഡ് ആണ്.
ജോലേർപേട്ട്
റെയിൽവേക്ക് അടുത്തൂടെ നേരെ യെലഗിരി.

1. ⛰️ യെലഗിരി ( Yelagiri )
________________________________

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1040 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യെലഗിരി നാല് പർവതങ്ങൾക്കിടയിലായി ചെറിയ ഗ്രാമങ്ങളും നിരവധി ക്ഷേത്രങ്ങളും ഉൾപ്പെടെ പുറം ലോകവുമായി കൂട്ടിച്ചേർക്കുന്ന പതിനാല് കുഗ്രാമങ്ങൾ നിറഞ്ഞ ചെറിയ ഒരു മലയോര പട്ടണമാണ്
യെലഗിരി.

കുഗ്രാമങ്ങൾ എന്നു പറയുമ്പോൾ
എല്ലാം സാധാരണ ജനങ്ങൾ താമസിക്കുന്ന ഗ്രാമങ്ങൾ മാത്രവുമല്ല ഒരു വിഭാഗം ആദിവാസി ജനത ഇന്നുമിവിടെ താമസിക്കുന്നുണ്ട്. അവരെ കൂടാതെ പണ്ട് ടിപ്പു സുൽത്താന്റെ സൈന്യത്തിലെ പോരാളികളുടെ പിൻ മുറക്കാരും ഇവിടെയുണ്ട്, അവരെ "വെല്ലല ഗൗണ്ടർ " എന്ന് വിളിച്ചിരുന്നത്.

പ്രകൃതിയും ജനജീവിതവും കൊണ്ട് വിത്യസ്ത പുലർത്തുന്ന
യെലഗിരിക്കുന്ന് മുമ്പ് 1950 വരേയ്ക്കും സമീന്ദാർ കുടുംബത്തിന്റെ സ്വകാര്യ സ്വത്തായിരുന്നു പിന്നീട് ഇതു സർക്കാരിനു കീഴിലായി. പതിയെ സന്ദർശകരും യെലഗിരിയിലേക്ക് എത്തിതുടങ്ങി.....
മനോഹരമായ പാതകൾ, പുരാതന വാസ്തുവിദ്യയുള്ള ക്ഷേത്രങ്ങൾ, താഴ്‌വാരം, കൃഷികൾ
തടാകം, വെള്ളച്ചാട്ടം, ബോട്ടിംഗ്,കുട്ടികൾക്ക് വേണ്ടിയുള്ള പാർക്കുകൾ തുടങ്ങിയവയെല്ലാം ഇന്ന്
യെലഗിരിയിലുണ്ട്.
സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ട്രെക്കിംഗ്
പാരാഗ്ലൈഡിംഗ്, റോക്ക് ക്ലബിംഗ്, എന്നിവയൊക്കെ ഇവിടെ ചെയ്യാം.


വേനൽക്കാലത്ത് യെലഗിരിയിൽ കൂടുതൽ മഴ ലഭിക്കാറുണ്ട് ശരാശരി 900 mm മഴ ലഭിക്കുന്നുണ്ട് .അതിനാൽ വേനൽക്കാലത്ത് ഒരിക്കലും ചൂട് കൂടുതലായി അനുഭപ്പെടില്ല എന്നതാണ് യെലഗിരിയുടെ ഒരു പ്രത്യേകത. എന്നിരുന്നാലും
പൂർണ്ണ ഭംഗി ആസ്വദിക്കാൻ നവംബർ മുതൽ ഫെബ്രുവരി പകുതി വരെയാണ് നല്ല സമയം.

യെലഗിരിയിൽ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങൾ.

🔘 സ്വാമിമലൈ ട്രെക്കിങ്

യെലഗിരിയിലെ ഏറ്റവും പ്രശസ്തവും ഉയരം കൂടിയതുമായ കൊടുമുടികളിൽ ഒന്നാണ് സ്വാമിമലൈ കുന്ന്. മംഗലം എന്ന ഗ്രാമത്തിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ട്രെക്കിംഗിന് ശേഷം മനോഹരമായ സ്വാമി മലയിൽ എത്തിച്ചേരാം. സഞ്ചാരികൾക്ക് ഈ കുന്നിൻ പ്രദേശത്ത്‌ നിന്നാൽ
താഴെ താഴ്‌വരയുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും.
350 രൂപയാണ് ഒരാൾക്ക് ട്രെക്കിങ് ചാർജ്. ഒന്നര കിലോമീറ്റർ പിന്നിട്ടാൽ ടിക്കറ്റ് കൗണ്ടർ എത്തും. അവിടുന്ന് കഷ്ടി ഒന്നര കിലോമീറ്റർ ദൂരമേ കാണൂ മലമുകളിലേക്കെത്താൻ.
കരടിയും വന്യമൃഗങ്ങളുമുള്ള കാട്ടിലൂടെ മുമ്പ് തനിച്ചു ട്രെക്കിങ് അനുവദിച്ചിരുന്നു... പക്ഷെ ഇപ്പോൾ ഒറ്റയ്ക്കുള്ള ട്രെക്കിങ് അനുവദിക്കുന്നതല്ല.
ട്രെക്കിംഗ്, പ്രകൃതിദത്ത ദൃശ്യങ്ങൾ,
ഫോട്ടോഗ്രാഫി,
എന്നിവയ്ക്കെല്ലാം പേരുകേട്ടതാണ് സ്വാമിമലൈ കുന്ന്.

🔘 ജലഗംപാറൈ വെള്ളച്ചാട്ടം

മങ്ങിയ മൂടൽമഞ്ഞിനാൽ ചുറ്റപ്പെട്ട, പച്ചപ്പ് നിറഞ്ഞ,
യെലഗിരിയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ജലഗംപാറൈ വെള്ളച്ചാട്ടം. ആട്ടാരു നദി പാറകളിലൂടെ താഴേക്ക് ഇവ ഒഴുകുന്നു.
5 കിലോമീറ്ററോളം ദൂരം നീണ്ടുനിൽക്കുന്ന ട്രെക്കിംഗിൻ ശേഷം മനോഹരമായ ജലഗംപാറൈ വെള്ളച്ചാട്ടത്തിലെത്താം.

നേരിട്ട് വെള്ളച്ചാട്ടത്തിന് അടുത്തെത്താനുള്ള മറ്റൊരു വഴിയുണ്ട്.
തിരുപ്പത്തൂർ ടൗണിൽ നിന്നും ജലഗംപാറൈ റോഡ് ഒന്നുണ്ട് അതിലൂടെ കഷ്ടിച്ച് 12 കിലോമീറ്റർ
യാത്രചെയ്‌താൽ ഇവിടെ എത്താൻ കഴിയും, ഞാൻ തിരഞ്ഞെടുത്ത വഴി ഇതാണ്.
10 രൂപ എൻട്രി ഫ്രീ

🔘 പുങ്കഗനൂർ തടാകം

യെലെഗിരിയിലെ വലിയ തടാകം ആണ് പുങ്കഗനൂർ
മനോഹരമായ ഈ തടാകത്തിൽ ബോട്ടിംങും ചെയ്യാം. ഇപ്പോൾ ബോട്ടിങ് നിറുത്തിവെച്ചിരിക്കുകയാണ്. ബോട്ട് ഹൗസ് എന്നും ഈ തടാകം അറിയപ്പെടും.

🔘 നിലാവൂർ തടാകം

യെലഗിരിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ചെറിയൊരു തടാകം ആണ് നിലാവൂർ തടാകം.

🔘 നേച്ചർ പാർക്ക്

പന്ത്രണ്ട് ഏക്കർ വിസ്തൃതിയിൽ
പംഗനൂർ തടാകത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ശാന്തമായ ഒരു പാർക്ക് ആണ് പംഗനൂർ നേച്ചർ പാർക്ക്.
സമൃദ്ധമായ സസ്യജാലങ്ങളുടെ ഒരു ആവാസ കേന്ദ്രമാണ് ഈ പാർക്ക്.

വിത്യസ്ത കളർ ലൈറ്റിംഗ്, ഫിഷ് അക്വേറിയം, ഒരു കൃത്രിമ വെള്ളച്ചാട്ടം, കുട്ടികളുടെ പാർക്ക്, ഒരു മുള വീട്, മനോഹരമായ പൂന്തോട്ടങ്ങൾ എന്നിവയൊക്കെ ഇതിനുള്ളിൽ ഉൾപ്പെടുന്നുണ്ട്.

🔘 ഹെർബൽ ഫാം

പുങ്കനൂർ തടാകത്തിനടുത്താണ് ഹെർബൽ ഫാം വനംവകുപ്പ് ആണ് ഇത് സംരക്ഷിക്കുന്നത്. ആയുർവേദ മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഈ സ്ഥലം സന്ദർശിക്കാം.

പൊന്നേരി മുതൽ യെലഗിരി വരെ 14 കിലോമീറ്റർ
ബസുകൾ ലഭ്യമാണ്.
തിരുപ്പത്തൂർ മുതൽ യെലഗിരി വരെ 27 കിലോമീറ്റർ.

ട്രെയിൻ വഴി : അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ജോലാർ‌പേട്ടയാണ് ജോലാർപേട്ട മുതൽ യെലഗിരി വരെ 21 കിലോമീറ്റർ.

എരുളപട്ടി, ഉത്തങ്കറൈ, മരമംഗലം. സേലം തിരുപത്തൂർ വാണിയമ്പാടി റോഡിലൂടെ പരുത്തിക്കാട് എത്തുന്നതിനു മുൻപ് ഏർക്കാഡിലേക്ക് വഴി തിരിഞ്ഞു പോകണം 127 കിലോമീറ്റർ. പാതി വഴിയും റോഡ് പണി നടക്കുന്നതിനാൽ വളരെ ശോകമാണ് ഇതുവഴിയുള്ള യാത്ര. പരുത്തിക്കാട് നിന്ന് നേരെ ഏർക്കാട് 24 കിലോമീറ്റർ.



2. ⛰️ യേര്‍ക്കാട് ( Yercuad )
________________________________

ഏഴിയൻ ഊട്ടി അഥവാ പാവപ്പെട്ടവന്റെ ഊട്ടി എന്ന് അറിയപ്പെടുന്ന യേര്‍ക്കാട്. തമിഴ്‌നാട്ടിലെ സേലത്തിനും നാമക്കല്ലിനും അടുത്താണ് സ്ഥിചെയ്യുന്നത്.

തമിഴർ കാവല്‍ദൈവമെന്നു വിശ്വസിക്കുന്ന അവരുടെ സെര്‍വരായന്റെ മലനിരകളാണിത്
സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരെയുള്ള
യേര്‍ക്കാടിലേക്ക് 20 ഹെയർ പിൻ ബെൻഡ് താണ്ടി വേണം ഇവിടെ എത്താൻ.

ഓറഞ്ച്, പേരക്ക,
കുരുമുളക്, കാപ്പി, ഏലം എന്നിവയാണ് യേര്‍ക്കാടിലെ പ്രധാന കൃഷികൾ.

5326 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സെര്‍വരായൻ ക്ഷേത്രവും, മനോഹരമായ ഒരു തടാകവും, മറ്റു വ്യൂ പോയിന്റുകളും ചേർന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഏർക്കാട് എന്നത്.

🔘 ലേഡീസ് സീറ്റ്,

കാവേരി നദിയിലെ മേട്ടൂർ ഡാമിന്റെയും സേലം ടൗണിന്റെയും മനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്ന ഒരു വ്യൂ പോയിന്റാണ് ലേഡീസ് സീറ്റ്.

ഒരു ഇംഗ്ലീഷ് യുവതി തന്റെ സായാഹ്നങ്ങൾ ഈ സ്ഥലത്തെ ഈ പാറയിൽ വന്നിരുന്ന് മനോഹരമായ കാഴ്ചകൾ കണ്ടു
സായാഹ്നങ്ങൾ ആസ്വദിക്കാറുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങിനെയാണ് ഈ സ്ഥലത്തിന്
ലേഡീസ് സീറ്റ് എന്നു പേരുവീണത്.

ഷെവറോയ് കുന്നിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ലേഡീസ് സീറ്റ്, ജെന്റ്സ് സീറ്റ്, ചിൽഡ്രൻസ് സീറ്റ് എന്നിവയാണ് യെർകോഡ് കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു കൂട്ടം പാറകൾക്ക് നൽകിയിട്ടുള്ള പേരുകൾ.

മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ വേണ്ടി ദൂരദർശിനി സജ്ജീകരിച്ചിരിക്കുന്ന ഒരു വാച്ച് ടവറും ഇവിടെയുണ്ട്.

🔘 കരടി ഗുഹ,

ഏർക്കാഡ് സന്ദർശിക്കുന്ന ഏതൊരു വിനോദസഞ്ചാരിയും തീർച്ചയായും കാണേണ്ട ഒന്നാണ് നോർട്ടൺ ബംഗ്ലാവിന് സമീപമുള്ള
കരടി ഗുഹ.
സെർവരോയൻ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ
ഒരു സ്വകാര്യ കോഫിഎസ്റ്റേറ്റിലാണ് കരടി ഗുഹ സ്ഥിതിചെയ്യുന്നത്,

ഈ കോഫി എസ്റ്റേറ്റ് ബംഗ്ലാവിന് സമീപമുള്ള ഗുഹകളിൽ കരടികളുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്നതിനാലാണ് ഇതിന് കരടി ഗുഹ എന്ന് പേരുവന്നത്.

ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഴയ സാനിറ്റോറിയം
ലേഡീസ് സീറ്റ് , കിള്ളിയൂര്‍ വെള്ളച്ചാട്ടം, ജെന്റ്സ് സീറ്റ് ,
പഗോഡ പോയിന്റ്, ഏർക്കാട് ഓർക്കിഡേറിയം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

ഏർക്കാഡിൽ അത്യാവശ്യം കാണാൻ സാധിക്കുന്ന സ്ഥലങ്ങളൊക്കെ കറങ്ങി ഇരുട്ടും മുമ്പ് കൊല്ലിയിലേക്ക് വെച്ചു പിടിച്ചു. രണ്ടുമൂന്ന് ദിവസമായി തുടർന്നു പെയ്യുന്ന മഴ കാരണം തണുത്ത് വിറച്ചു രാത്രി കൊല്ലി കയറുന്ന പ്ലാൻ മാറ്റിവെച്ചു വാളപ്പാടിയിൽ പോലീസ് സ്റ്റേഷൻ അടുത്ത് സ്റ്റേ ചെയ്തു. ഏർക്കാട് വാളപ്പാടി ( വാഴപ്പാടി ) 57 km.

അതിരാവിലെ
വാളപ്പാടി അട്ടൂർ റോഡ് വഴി കൊല്ലി ഹിൽസ് 52 km.കൊല്ലി ഹിൽസിലേക്ക് വെച്ചു പിടിച്ചു നല്ല വൃത്തിയുള്ള റോഡ്... വഴിവക്കിലേങ്ങും മനോഹരകാഴ്ചകളും കണ്ടു കൊണ്ട് കൊല്ലി ചെക്ക് പോസ്റ്റിലെത്തി.

3. ⛰️ കൊല്ലി ഹിൽസ് ( Kolli hills )
________________________________

കൊല്ലി മല എന്നാൽ മരണത്തിന്റെ മല എന്നാണ് അറിയപ്പെടുന്നത്.1400മീറ്റർ ഉയരമുള്ള കൊല്ലി മലയിൽ
70 ഹെയർ പിന്നുകളുണ്ട്, അതും അപകടകരമായ വീതി കുറഞ്ഞ 70 ഹെയർ പിൻ വളവുകൾ. മുകളിലേക്ക് കയറും തോറും വിടർന്നു വരുന്ന ദൂരങ്ങൾ......
കോടമഞ്ഞിറങ്ങുന്ന വഴികൾ....
നനുത്ത കാറ്റ് പടരുന്ന താഴ്വരകൾ ...... അടുപ്പിച്ചടുപ്പിച്ചുള്ള വളവുകൾ......
എല്ലാം കൊണ്ടും കൊല്ലി റൈഡ് ആസ്വദിക്കാൻ കഴിയുന്നുണ്ട്.

കപ്പ, മുളക്, ജീരകം, കടുക്, എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ.

🔘 ആഗായ ഗംഗൈ വെള്ളച്ചാട്ടം

ടിക്കറ്റ് കൌണ്ടറിൽ നിന്ന് 20 രൂപ ടിക്കറ്റ് എടുത്തു 1000ത്തിൽ പരം പടികൾ ഇറങ്ങി വെള്ളച്ചാട്ടത്തിന്റെ അരികിലെത്തി.
ശരിക്കും അത്ഭുതപ്പെടുത്തുന്ന കാഴ്ച തന്നെ ആയിരുന്നു. 70 മീറ്റർ മുകളിൽ നിന്നും വെള്ളം താഴോട്ട് പതിക്കുന്ന
മനോഹരമായ ഒരു വെള്ളച്ചാട്ടം.
കൊല്ലി ആഗായഗംഗ ഫാൾസ് 34 കിലോമീറ്റർ .

ഉച്ചയോട് കൂടെ കൊല്ലിയും കണ്ടു ചുരം തിരിച്ചിറങ്ങി.
കാങ്കയം മുത്തൂർ റോഡും ഈറോഡ് പാലക്കാട് വഴി നേരെ നാട്ടിലേക്ക് 362 കിലോമീറ്റർ.

Nb : യെലഗിരി ചെറിയൊരു ഹിൽ സ്റ്റേഷൻ ആണ്.ഒത്തിരി പ്രതീക്ഷകൾ വെച്ചു ഒരുപാട് ദൂരം യാത്ര ചെയ്തു പോകാതിരിക്കുക.
പ്രകൃതിഭംഗി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.

ഏർക്കാട് പൊതുവെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ്.

കൊല്ലി മരണത്തിന്റെ മലയെന്ന പേരെ ഉള്ളൂ അത്രയ്ക്ക് ഡയ്ഞ്ചർ ഒന്നുമില്ല. റൈഡ് ഇഷ്ടപെടുന്നവർക്ക് നല്ല സ്പോട്ട് ആണ്. ആകായഗംഗ ഫാൾസും അടിപൊളിയാണ്.

കടപ്പാട് : ✍️ അബു വി കെ.

തമിഴ് നാട്ടിലെ പ്രേതനഗരിയിലേക്ക് ഒരു യാത്രതമിഴ്നാട്ടിലെ പാമ്പൻ ദ്വീപിനു തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു പ്രദേ...
28/05/2021

തമിഴ് നാട്ടിലെ പ്രേതനഗരിയിലേക്ക് ഒരു യാത്ര

തമിഴ്നാട്ടിലെ പാമ്പൻ ദ്വീപിനു തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് ധനുഷ്കോടി.
പ്രേതനഗരി എന്നും നഷ്ടനഗരി എന്നും ഇതറിയപ്പെടുന്നത്
അരനൂറ്റാണ്ടുകൾക്കു മുന്പേ ഒരു
പാതിരാകൊടുങ്കാറ്റിൽ മാഞ്ഞുപോയ ധനുഷ്കോടി കടലെടുത്ത പ്രേതനഗരിക്ക് സമാനമായി കിടക്കുകയാണ്.
സന്ധ്യയായാൽ കച്ചവടസ്ഥാപനങ്ങളൊ സന്ദർശികരോ ഒന്നും ഉണ്ടാവില്ല.

1964-ലെ ശക്തമായ ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ ധനുഷ്കോടിയിൽ കുടിലുകൾ, ക്രിസ്തീയ ദേവാലയങ്ങൾ, റെയിൽവേകെട്ടിടങ്ങളും പൊളിഞ്ഞ പാളങ്ങളും, വ്യാപാര സ്ഥാപനങ്ങൾ, പള്ളികൾ അമ്പലങ്ങൾ, തുടങ്ങി....
ഒരു പുരാതന നഗരത്തിന്റെ തിരു ശേഷിപ്പുകൾ നമുക്ക് ഇന്നും അവിടെ കാണാൻ കഴിയും.
ആ മഹാ ദുരന്തത്തിനു ശേഷം ധനുഷ്കോടിയിൽ ആളൊഴിഞ്ഞു. തകർന്ന കെട്ടിടങ്ങൾ മാത്രമാണ് ഇന്നവിടെയുള്ളത്. ഓല മേഞ്ഞ കൊച്ചു കൊച്ചു കൂരകളിൽ കച്ചവടം നടത്തുന്നവരും വിനോദ സഞ്ചാരികളും മാത്രമാണ് സന്ദർശകരായിട്ടുള്ളത്. പണ്ട് ധനൂഷ്കോടി വരെ നീണ്ടു നിവർന്നു കിടന്നിരുന്ന ആ റെയിൽ പാത പാടെ തകർന്നതോടെ തീവണ്ടികൾ രാമേശ്വരത്ത് അവസാനിപ്പിക്കേണ്ടി വന്നു.

ശ്രീലങ്കയോട് ഏറ്റവും അടുത്ത് കിടക്കുന്ന ഇന്ത്യയുടെ തെക്കേ മുനമ്പ് ആണ് ധനുഷ്കോടി. കിഴക്ക് ഭാഗം ബംഗാൾ ഉൾക്കടലിനാലും പടിഞ്ഞാറുഭാഗം ഇന്ത്യൻ മഹാസമുദ്രത്തിനാലും ചുറ്റപ്പെട്ടുകിടക്കുന്ന
ഇവിടെനിന്നും ഏതാണ്ട് 30 കിലോമീറ്റർ കടൽമാർഗ്ഗം സഞ്ചരിച്ചാൽ ശ്രീലങ്കയിലെത്തിച്ചേരാം. പണ്ട് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടായിരുന്ന കപ്പൽ ഗതാഗതത്തിലെ ഒരു സുപ്രധാന കണ്ണിയായിരുന്നു ഈ ധനുഷ്കോടി. രാമേശ്വരം ധനുഷ്കോടി റെയിൽ പാത മുറിഞ്ഞതോടെ ശ്രീലങ്കയിലേക്ക് കടൽ മാർഗ്ഗമുള്ള ഒഴുക്ക് നിന്നു. ആ ഓർമക്കായി ഇന്ന് പേരിലെങ്കിലും ഒരു ബോട്ട്മെയിൽ ഓടുന്നു.

ഇന്ന് സഞ്ചാരികൾക്കും തീർഥാടകർക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമായി ധനുഷ്കോടി മാറിക്കഴിഞ്ഞു.
കാരണം.... ഇന്ന് തീർത്ഥാടകാരായി വരുന്നവരിൽ അധികപേരും ഹിന്ദു പുരാണങ്ങളിലെ രാമ-സേതു മുനമ്പും. മുസ്ലിം വിശ്വാസങ്ങളിലെ ആദം ബ്രിഡ്‌ജുമെല്ലാം നിലനിക്കുന്നതും ഇവിടെയാണ്‌. കൂടാതെ Dr APJ അബ്‌ദുൽ കലാം സാറിന്റെ വീടും അദ്ദേഹത്തിന്റെ അഗ്നിചിറകുകൾ കുതിച്ചുയന്ന സ്മരണ കുടീരവും. രാമേശ്വരം ക്ഷേത്രവും, ഇന്ത്യയിലെ നീളം കൂടിയ കടൽപ്പാലവും, പാമ്പൻ റെയിൽ ട്രാക്കുമെല്ലാം നിലനിൽക്കുന്നത് ധനുഷ്കോടിക്ക് കിലോമീറ്ററുകൾ പിറകിലുള്ള രാമേശ്വരത്താണ്. രാമേശ്വരവും ധനുഷ്കോടിയും കൂടാതെ തീർത്ഥാടന കേന്ദ്രമായ ഏർവാടിയും, മധുരയുമെല്ലാം ഇവിടെനിന്നും അധികം വിദൂരതയിലല്ല.

വിജനമായ റോഡിന് ഇരുവശത്തും മണൽത്തിട്ടകളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന സുന്ദരമായ കടലും നയന മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്.
ചെറിയ ഓലമേഞ്ഞ കടകളിലെ അലങ്കാരവസ്തുക്കളും ഭക്ഷണവുമെല്ലാം ധനുഷ്കോടിയെ
വേറിട്ടുനിർത്തുന്നു.



വാഹനങ്ങൾ കടന്നു പോകുന്ന കടൽ പാലവും അതിനോട് സമാന്തരമായി കിടക്കുന്ന തീവണ്ടി പാലവും നമുക്കിവിടെ കാണാം...
പൊതുവിൽ എല്ലാവർക്കും ഒരു സംശയം ഉണ്ടാകും ഇതിലേതാണ് പാമ്പൻ പാലം എന്നത് ?. പ്രധാനമായും ധനുഷ്കോടിയെ ബന്ധിപ്പിച്ചിരുന്ന തീവണ്ടിക്കു പോകാനുള്ള പാലത്തെയാണ് പാമ്പൻ പാലമെന്ന് വിളിക്കുന്നത്.

പ്രധാന കാഴ്ച്ചകൾ

⛰️ പാമ്പൻ ദ്വീപ്

ഇന്ത്യൻ ഉപദ്വീപിനും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു തുരുത്താണ് പാമ്പൻ ദ്വീപ്.
രാമനാഥപുരം ജില്ലയിലെ രാമേശ്വരം താലൂക്കിൽപെട്ട ഈ ദ്വീപ് ബംഗാൾ ഉൾക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും സംഗമസ്ഥാനത്തായത് കൊണ്ട് പാമ്പൻ ദ്വീപ് അഥവാ രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്നുത് .

ചുറ്റിലും ബീച്ച് തീരങ്ങളിൽ
ഉയരമുള്ള തെങ്ങുകളും മരങ്ങളുമുള്ള ഈ കൊച്ചു ദ്വീപിനെ പാംബാൻ ചാനൽ പ്രധാന ഭൂപ്രദേശത്ത് നിന്ന് വേർതിരിക്കുന്നു. മാത്രവുമല്ല ഇവിടം പ്രകൃതി സ്നേഹികളുടെ പറുദീസ കൂടിയാണ്.


തുർക്കി, മുഗൾ, ബ്രിട്ടീഷുകാരുടെയുമെല്ലാം ആക്രമണവും ചോള, ജാഫ്‌ന ഭരണാധികാരികളുടെ വാഴ്ച്ചയുമെല്ലാം കണ്ടുണർന്ന ഈ മണ്ണിൻ അതിന്റെ പൈതൃകവുമെല്ലാം കാലം കൊണ്ട് വീണ്ടെടുക്കാൻ സാധിച്ചുവെങ്കിലും ഇതുവരേക്കും ആ
പ്രകൃതി മുറിവുണങ്ങിയിട്ടില്ല.
ഒരു ഇതിഹാസത്തിന്റെ ഭാഗമെന്നതിനു പുറമെ പ്രകൃതി താണ്ഡവത്തിൽ നാമവശേഷമായ
പ്രസിദ്ധമായ ഒരേയൊരു ക്ഷേത്രമായ രാമനാഥസ്വാമി ക്ഷേത്രവും ഇവിടെയുണ്ട്.


🌅 ധനുഷ്കോടി ബീച്

വിജനമായ കടൽത്തീരം, വെളുത്ത മണൽ, ഒരു മുനമ്പ് ആയതു കൊണ്ട് തന്നെ കടൽ കാഴ്ചകൾക്ക് പ്രത്യേക അനുഭവമായിരിക്കും. പൊതുവെ കടൽത്തീരം മിക്കവാറും വിജനമായിരിക്കും അതിനാൽ ബീച്ച് യാത്രക്കാരുടെ തിരക്ക് ഉണ്ടെങ്കിലും അതനുഭവപ്പെടില്ല .

തകർന്നടിഞ്ഞ സ്മാരകങ്ങൾ ഒരു പഴയ നഗരിയെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കും. എന്നിരുന്നാലും സന്ദർശകർക്ക് വേണ്ടി കാത്തിരിക്കുന്ന കടൽ ഷെല്ലുകൾ കോറൽസ് പോലുള്ളവ കൊണ്ട് ഉണ്ടാക്കിയ കരകൗശല ശാലകൾ... കൂടാതെ കടൽ വിഭവങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട് അതെല്ലാം ആസ്വദിച്ചും അനുഭവിച്ചും
നേരം ഇരുട്ടും മുൻപ് ധനുഷ്കോടിയോട് വിടപറയണം, രാത്രിയിൽ ഇങ്ങോട്ട് പ്രവേശനമില്ല.

🚝 പാമ്പൻ റയിൽപ്പാലം

പാമ്പൻ പാലത്തിന്റെ ചരിത്രത്തിന് വെള്ളക്കാരുടെ സുവർണ കാലത്തോളം തന്നെ പഴക്കമുണ്ട്. പാക് കടലിടുക്കിനു കുറുകെ പാലം നിർമ്മിക്കാൻ ബ്രിട്ടിഷുകാർക്ക് പ്രചോദനമായത് ധനുഷ്കോടിയും ശ്രീലങ്കയുമായുള്ള സാമീപ്യമാണ്. മുൻപ്
മീറ്റർ ഗേജ് തീവണ്ടികൾ‌ക്കു മാത്രം കടന്നുപോകാൻ കഴിഞ്ഞിരുന്ന റെയിൽ പാത
മുൻ രാഷ്ട്രപതി Dr അബ്ദുൽ കലാം സാറിന്റെ കാലത്ത് 2007 പാമ്പൻ റെയിൽ പാത ബ്രോഡ്ഗേജ് ആക്കി പുതുക്കി പണിതത്. ഇരുവശത്തേക്ക് വിടർത്തുന്ന രൂപത്തിലുള്ള എഞ്ചിനീയറിങ് വിസ്‌മയമായ ഇന്ത്യയിലെ ആദ്യ കാൻഡിലിവർ പാലമായി ഇത് മാറി.

കടലിടുക്കിലൂടെ കപ്പലുകൾ വരുമ്പോൾ പാമ്പൻ റയിൽപ്പാലം ഇരു വശത്തേക്കും ഉയർത്തും, അതിലൂടെ കപ്പലുകൾ പോകും. പോയിക്കഴിഞ്ഞാൽ താഴ്ത്തി വീണ്ടും ചേർത്തുവച്ച് ട്രെയിനുകൾ കടന്നുപോകുന്നു.

വേറെയും കാഴ്ച്ചകൾ ഉണ്ട്

Dr അബ്ദുൽ കലാം നാഷണൽ മെമ്മോറിയൽ
Dr അബ്ദുൽകലാമിന്റെ ഹൗസ്
രാമ സേതു / ആദംസ് ബ്രിഡ്ജ്
കൊത്തൻധര സ്വാമി ക്ഷേത്രം
ഹനുമാൻ ടെമ്പിൾ
അഗ്നി തീർത്ഥം......
തുടങ്ങിയവ.

രാമേശ്വരത്തെ ഭക്ഷണവും മീൻ വിഭവങ്ങളും പരീക്ഷിക്കാൻ മറക്കരുത്.

വർഷങ്ങൾക്ക് മുൻപ് മിനി ബസും ജീപ്പുകളും ആണ് ധനുഷ്കോടിയിലേക്ക് സർവീസ് നടത്തിയിരുന്നത്.. എന്നാൽ ഈ അടുത്ത് അവസാന പോയിന്റ് (ധനുഷ് കോടി മുതൽ അരിചൽ മുന / എറോഷൻ പോയിന്റ്) വരെയുള്ള 5 കിലോമീറ്റർ റോഡ് ഓപ്പൺ ആയിട്ടുണ്ട്. സ്വകാര്യ വാഹനത്തിലോ പബ്ലിക് വാഹനത്തിലോ വേഗത്തിൽ ഇങ്ങോട്ടേക്കെത്താം . രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ മാത്രമേ പ്രവേശനം അനുവദിക്കൂ.

🚦🚐
മധുര - രാമേശ്വരം 173 km
രാമനാഥപുരം / രാംനാട് - രാമേശ്വരം 55 km
രാമേശ്വരം - ധനുഷ്കോടി 19 km.

🚊ട്രെയിൻ മാർഗ്ഗം വരുന്നവർക്ക്.

രാമേശ്വരം വരെ ട്രെയിനിൽ വന്നശേഷം അവിടെനിന്ന് റോഡ് മാർഗം ധനുഷ്കോടിയിലേക്ക് വരാവുന്നതാണ്.
രാമേശ്വരം റെയിൽവേ സ്റ്റേഷൻ - ധനുഷ്കോടി 19 km.


കന്യാകുമാരി - രാമേശ്വരം
ചൊവ്വ, വെള്ളി, ഞായർ രാത്രി 10ന്
എക്സ്പ്രസ്സ്‌ 22622.

കോയമ്പത്തൂർ - രാമേശ്വരം
രാത്രി 7 മണിക്ക്
മെയിൽ ഉണ്ട്.

ചെന്നൈ - രാമേശ്വരം വൈകുന്നേരം 5 മണിക്ക്
ബോട്ട് മെയിൽ.

മധുര - രാമേശ്വരം
വൈകുന്നേരം 6 മണിക്ക് പാസഞ്ചർ .

തിരിച്ച്

രാമേശ്വരം - കോയമ്പത്തൂർ
എക്സ്പ്രസ്സ്‌
ബുധൻ
7 മണിക്ക്.

രാമേശ്വരം - കന്യാകുമാരി
തിങ്കൾ വ്യാഴം ശനി രാത്രി 8:50 ൻ
കന്യാകുമാരി എക്സ്പ്രസ്സ്‌ .

രാമേശ്വരം - കോയമ്പത്തൂർ എക്സ്പ്രസ്സ്‌. ചൊവ്വ രാത്രി 7.45

Indian Railway

കടപ്പാട് ✍️ അബു വി കെ.

സ്വന്തമായി ഒരു ആൻഡമാൻ യാത്ര പ്ലാൻ ചെയാംഞാൻ നടത്തിയ യാത്രയും എനിക്കറിയാവുന്ന യാത്രാ ടിപ്സും  ഉൾപ്പെടുത്തിയിട്ടുള്ള പോസ്റ്...
28/05/2021

സ്വന്തമായി ഒരു ആൻഡമാൻ യാത്ര പ്ലാൻ ചെയാം

ഞാൻ നടത്തിയ യാത്രയും എനിക്കറിയാവുന്ന യാത്രാ ടിപ്സും ഉൾപ്പെടുത്തിയിട്ടുള്ള പോസ്റ്റാണിത്.
കൂടുതൽ വിവരങ്ങൾ അറിയുന്നവർ കമന്റ്‌ ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.

🔻ഇന്ത്യയുടെ ഭാഗമായ ആൻഡമാനിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാരൻ പ്രത്യേക പെർമിഷനോ പാസ്പോർട്ടോ ആവിശ്യമില്ല.

🔻വാലിഡ്‌ ആയിട്ടുള്ള രേഖ കൈവശം ഉണ്ടായാൽ മതി. ആധാർ കാർഡ് / ഐഡന്റിറ്റി കാർഡ് / ലൈസെൻസ് / പാൻ കാർഡ് / പാസ്സ് പോർട്ട്‌ . ആധാർ ഉണ്ടെകിൽ അതു കരുതുന്നതായിരിക്കും ഒന്നൂടെ ഉത്തമം.

👇യാത്ര

യാത്ര ചെയ്യാൻ ഫ്ലൈറ്റോ കപ്പലോ തിരഞ്ഞെടുക്കാവുന്നതാണ്.

🔹ഫ്ലൈറ്റ് വഴി ഏതു സമയവും യാത്ര തിരഞ്ഞെടുക്കാവുന്നതാണ്.
കൊച്ചി, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ ചാർജിൽ യാത്ര ചെയ്യാം.

3500 മുതൽ ചെന്നൈ ടു പോർട്ട്‌ ബ്ലയർ ടിക്കറ്റുകൾ ലഭ്യമാണ്.
കൊച്ചിയിൽ നിന്നാകുമ്പോൾ ഒന്നൂടെ റേറ്റ് കൂടും, കൊച്ചിയിൽ നിന്നെടുക്കുന്ന ഫ്‌ളൈറ്റ് ചെന്നൈ കണക്ട് ആയിരിക്കും.
ഒന്നൂടെ ചിലവ് ചുരുക്കണമെങ്കിൽ ചെന്നൈയിലേക്ക് ട്രെയിൻ പിടിച്ചു അവിടുന്ന് ഫ്ലൈറ്റ് കയറുന്നതായിരുക്കും നല്ലത്. ഇൻഡിഗോ, ഗോ എയർ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ സർവീസുകളും ലഭ്യമാണ്.

🔹കപ്പൽ യാത്ര ഉദ്ദേശിക്കുന്നെതെങ്കിൽ ഒക്ടോബർ മുതൽ മെയ്‌ വരെയാണ് കടൽ യാത്രയ്ക്ക് പറ്റിയ സമയം.

ഷിപ്പിന് ചെന്നൈ, കൊൽക്കത്ത വിശാഖപട്ടണം, എന്നിവിടങ്ങളിൽ നിന്ന് യാത്ര തിരിക്കാം.

കപ്പൽ യാത്ര ചെയ്യുന്ന തീയതിക്ക് കുറഞ്ഞത് അഞ്ച് ദിവസം മുമ്പെങ്കിലും താഴെയുള്ള ഓഫീസുകളുമായോ ടിക്കറ്റ് നൽകുന്ന അതോറിറ്റിയുമായോ ബന്ധപ്പെടാം. ടിക്കറ്റിനു വേണ്ടി
അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതുണ്ട്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ ആവശ്യമാണ്.ഫസ്റ്റ് സെർവ് അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ നൽകുന്നത്.
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചാർജ് വേണ്ട എന്നാൽ കുട്ടികളുടെ വിശദാംശങ്ങൾ
ടിക്കറ്റ് വാങ്ങുമ്പോൾ യാത്രക്കാർ നൽകേണ്ടതുണ്ട്.

എല്ലാ പാസഞ്ചർ കപ്പലുകൾക്കുള്ള ടിക്കറ്റുകൾ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് നൽകുന്നത്.
ഏറ്റവും കുറഞ്ഞ നിരക്കുള്ള ബങ്ക് ക്ലാസ്സിന് 2500 രൂപയ്ക്ക് മുകളിൽ വരും.

കൊൽക്കത്ത
ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്,
ഷിപ്പിംഗ് (h)
നമ്പർ 18 സ്ട്രാന്റ് റോഡ്
കൊൽക്കത്ത -700 017☏: (033) 22482354☏: (033) 22488013
☏: (033) 284456


മുംബൈ
ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്,
കോസ്റ്റൽ പാസഞ്ചർ സർവീസ് ഡിവിഷൻ
ഡിസ്കവറി ഓഫ് ഇന്ത്യ ബിൽഡിംഗ് അഞ്ചാം നില,
നെഹ്‌റു സെന്റർ ആനി ബെസന്റ് റോഡ്, വോർലി
മുംബൈ -400 018☏: (022) 22822101☏: (022) 22823316

ചെന്നൈ
പോർട്ട് ട്രസ്റ്റ്,
രാജാജി സലായ് , കസ്റ്റംസ് ഓഫീസിന് എതിർവശത്ത്,
ചെന്നൈ -600 101☏: (033) 25231401
☏: (044) 25220841☏: (044) 25226873
സി.പി.ഡബ്ല്യു.ഡി കാമ്പസ്,കെ കെ.നഗർ,
ചെന്നൈ - 600 078☏: (044) 24844715
അന്ന നഗർ വെസ്റ്റ് എക്സ്റ്റൻഷൻ,
പാഡി വില്ലേജ്
ചെന്നൈ - 600 078☏: (044) 26259295

വിശാഖപട്ടണം
എം / എസ് എ വി ബഹനജീറോയും ഗരുഡ
പട്ടാഭിരമയ & കോ,
ഏജന്റ്-ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്,
പോസ്റ്റ് ബോക്സ് നമ്പർ 17
വിശാഖപട്ടണം☏: (0891) 2565597☏: (0891) 2562661

പോർട്ട്‌ ബ്ലയർ

ഡയറക്ടറേറ്റ് ഓഫ് ഷിപ്പിംഗ് സർവീസ്,
ആൻഡമാൻ ആൻഡ് നിക്കോബാർ അഡ്മിനിസ്ട്രേഷൻ,
ഫീനിക്സ് ബേ ജെട്ടി
പോർട്ട് ബ്ലെയർ - 744 101☏: (03192) 232528☏: (03192) 232742

ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്,
ആബർ‌ഡീൻ ബസാർ,
പോർട്ട് ബ്ലെയർ - 744 101☏: (03192) 233347☏: (03192) 233590

👇കപ്പൽ
എം വി നിക്കോബാർ
എം വി ഹർഷവർധന
എം വി നാകോറി
എം വി അക്ബർ
എം വി സ്വൊരാജ്

ചെന്നൈ പോർട്ട്‌ ബ്ലൈയർ ഏകദേശം 60 മണിക്കൂർ യാത്ര. കൊൽക്കത്ത പോർട്ട്‌ ബ്ലൈയർ 66മണിക്കൂർ യാത്ര.

വിശാഖപട്ടണം പോർട്ട്‌ ബ്ലൈയർ 56മണിക്കൂർ യാത്ര.

രണ്ടോ മൂന്നോ ദിവസം ഉണ്ടെങ്കിൽ പോർട്ട്‌ ബ്ലളയറും അതിനടുത്തു കിടക്കുന്ന ദ്വീപിലെ കാഴ്ചകളും കാണാം.

ബൈക്ക് / ക്യാബ് വാടകക്കെടുത്ത് പോർട്ട്‌ ബ്ലയർ ചുറ്റി കറങ്ങാം.

▪️സെല്ലുലാർ ജയിൽ

അബാർദീൻ ബസാറിൽ നിന്നും
മെഡിക്കൽ പോകുന്ന ബസ്സിൽ കയറിയാൽ സെല്ലുലാർ ജയിൽ സന്ദർക്കാം.

▪️Anthropological മ്യൂസിയം

ചൊവ്വാഴ്ച മുതൽ ഞായർ വരെ എല്ലാ ദിവസവും രാവിലെ 9: മുതൽ ഉച്ചയ്ക്ക് 01: മണി വരെയും ഉച്ചയ്ക്ക് 02മുതൽ 04:30 വരെയുമാണ് സന്ദർശന സമയം. എൻട്രി ഫീ 10 രൂപ

▪️ചാത്തം ദ്വീപ്,

ഏഷ്യയിലെ ഏറ്റവും വലുതും പഴയതുമായ ചാത്തം മില്ലിലേക്ക്
പോർട്ട് ബ്ലെയറിൽ നിന്ന് ഫോർ‌ഷോർ റോഡ് വഴി 30 മിനിറ്റിനുള്ളിൽ ചാത്തം ദ്വീപിൽ എത്തിച്ചേരാം. നേരിട്ട് ബസ് സർവീസും ഉണ്ട്. എൻട്രി ഫീ 10 രൂപ.
സന്ദർശന സമയം രാവിലെ മുതൽ ഉച്ച വരെ. ഗൈഡുകളും ഇതിനുള്ളിൽ ലഭ്യമാണ് 50 രൂപ ചാർജ് .

🌅 വൈപ്പർ ഐലൻഡ്

ആൻഡമാനിലെ ഒരു പ്രധാന ദ്വീപാണ് വൈപ്പർ ദ്വീപ്
സെല്ലുലാർ ജയിൽ പണിയുന്നതിനുമുമ്പ്, ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികളെ ബ്രിട്ടീഷുകാർ ഇരുണ്ട പീഡനത്തിനിരയാക്കിയ സ്ഥലമാണിത്,
ഏറ്റവും പഴയ തടവറയും ഇവിടെയാണ്. ശാന്തമായ ഈ ദ്വീപ് ഇപ്പോൾ ആൻഡമാനിലെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .
പോർട്ട്‌ ബ്ലയറിൻ 4 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള വൈപ്പർ ദ്വീപിലേക്കെത്താൻ പോർട്ട് ബ്ലെയർറിൽ നിന്ന് എല്ലായ്പ്പോഴും
ഫെറികൾ ഉണ്ട്.

🌅 വണ്ടൂർ ബീച്ച്

ആൻഡമാനിലെ ഏറ്റവും മനോഹരമായതും പ്രശസ്തവുമായ ബീച്ചുകളിലൊന്നായ വണ്ടൂർ ബീച്ച് , പോർട്ട് ബ്ലെയറിൽ നിന്ന് വണ്ടൂർ ബീച്ചിലെത്താൻ ഏകദേശം 25 കിലോമീറ്റർ സഞ്ചരിക്കണം . പോർട്ട് ബ്ലെയർ മുതൽ വണ്ടൂർ വില്ലേജ് വരെ ബോട്ട് ലഭ്യമാണ്, അവിടെ നിന്ന് കാൽനടയായി ബീച്ചിലെത്താം.

🌅 ജൊളി ബ്യൂയ് ദ്വീപ്

വർഷത്തിൽ 6 മാസം മാത്രമം തുറക്കുന്ന ആൾപാർപ്പില്ലാത്ത കൊച്ചു ദ്വീപ് ആണ് ജൊളി ബ്യൂയ്
ഒരു ദിവസം 200 പേരെ മാത്രം പ്രവേശിപ്പിക്കുന്ന ദ്വീപിലേക്ക്
ഫോസ്റ് ഡിപ്പാർട്ടമെന്റ് പെർമിഷനോട്‌ കൂടി മഹാത്മാ ഗാന്ധി നാഷണൽ പാർക്കിൽ നിന്ന് ഇവിടേക്ക് യാത്ര ചെയ്യാം. ടിക്കറ്റിന് വേണ്ടി
EXPERIENCE ANDAMAN എന്ന വെബ്‌സൈറ്റിൽ കയറി ബുക്ക് ചെയ്യാവുന്നതാണ് .

🌅 റോസ് ഐലൻഡ്

രാജീവ്‌ ഗാന്ധി ജെട്ടിയിൽ നിന്നും ബോട്ട് ലഭിക്കും. ഇങ്ങോട്ടുള്ള യാത്ര വൈകിട്ട് 4 മണിക്ക് സെറ്റ് ചെയ്യുക... ഇങ്ങിനെ സെറ്റ് ചെയ്‌താൽ അവിടുത്തെ ലൈറ്റ് ആൻഡ്‌ സൗണ്ട് ഷോയും കണ്ടു മടങ്ങാം.

🌅 കോർബിൻസ് കേവ് ബീച്ച്.
🌅 ചിടായിപ്പു
▪️സാമുദ്രിക മറൈൻ മ്യൂസിയം.
▪️മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക്‌......... തുടങ്ങിയ സ്ഥലങ്ങൾ പോർട്ട്‌ ബ്ലയറിൽ നിന്നും അധികം ദൂരത്തല്ലാതെ കിടപ്പുണ്ട്.. സാഹചര്യത്തിനും ടിക്കറ്റ് കൺഫേമിനും അനുസരിച്ചു സെറ്റ് ചെയ്യുക. മേൽ പറഞ്ഞ സ്ഥലങ്ങൾ ഒക്കെ കണ്ടു തീർക്കണമെങ്കിൽ മൂന്ന് ദിവസമെങ്കിലും എടുക്കും.

👉ഒരു ദിവസത്തെ യാത്ര മാറ്റിവെക്കുവാണേൽ
ബാരാടൻ പോയി തിരികെ പോർട്ട്‌ ബ്ലയറിൽ എത്താം.

കാടിനകത്തുകൂടിയുള്ള
ഈ യാത്രയിൽ ആദിമ ഗോത്രവർഗ്ഗത്തിൽ പെട്ട jarawa കളെ കാണാം,
3500മുതൽ 4500രൂപക്ക് വരെ പോർട്ട്‌ ബ്ലയറിൽ നിന്ന് ടാക്സികൾ ലഭ്യമാണ്. കൂടുതൽ പേരുണ്ടെങ്കിൽ ടാക്സി തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത് സമയ നഷ്ടമില്ലാതെ കാഴ്ചകൾ കണ്ടു തിരിച്ചു വരാം.....
ബസ്സിന് പോവുകയാണെങ്കിൽ അബാർദീൻ ബസാറിൽ നിന്ന് മിഡിൽ സ്ട്രൈറ്റ് വഴി ദിഗ്ലിപ്പൂരിലേക്കോ രംഗത്തിലേക്കോ പോവുന്ന ബസ്സിൽ കയറി മിഡിൽ സ്ട്രൈറ്റ് ജെട്ടിയിൽ ഇറങ്ങുക, അവിടുന്ന് നിലമ്പൂർ ജെട്ടിലേക്ക് ഫെറി പിടിക്കുക 10രൂപ.
ശേഷം നിലമ്പൂർ ജെട്ടിയിൽ നിന്ന് limestone gave ലേക്ക് parrot തുടങ്ങിയ സ്ഥലത്തേക്ക് യാത്ര തിരിക്കാം.

Mangro walk, limestone gave ( ചുണ്ണാമ്പ് ഗുഹ ) ലേക്ക് 700 രൂപയ്ക്ക് ബോട്ട് ടിക്കറ്റ് എടുത്താൽ ഒരു ഗൈഡും കൂടെ ഉണ്ടാവും, രണ്ടു സ്ഥലങ്ങൾ കണ്ട് അതേ ബോട്ടിൽ തിരിച്ചു നിലമ്പൂർ ജെട്ടിയിൽ ഇറക്കി തരും.

വേണമെങ്കിൽ ഇവിടെ വെച്ച് യാത്ര അവസാനിപ്പിച്ചു പോർട്ട്‌ബ്ലയറിലേക്ക് മടങ്ങാം...

അതല്ല !

യാത്ര നീട്ടാനാണ് ഉദ്ദേശമെങ്കിൽ
ഉച്ചയ്ക്ക് മുൻപ് മേൽ പറഞ്ഞ സ്ഥലങ്ങളൊക്കെ കറങ്ങി വൈകിട്ട്
പാരറ്റ് ഐലൻഡും സുന്ദരമായ അസ്തമയം കാണുന്ന മറ്റൊരു ഐലൻഡും ഉണ്ട്, വേണമെങ്കിൽ അവിടേക്കും യാത്ര തിരിക്കാം ഇതേ ജെട്ടിയിൽ നിന്നും ടിക്കറ്റും ലഭിക്കും..

ബാരാടൻ യാത്രയിൽ ഉൾപെടുത്താവുന്ന ആന്ഡമാനിന്റെ നോർത്ത് ഭാഗം ആണ് ദിഗ്ലിപ്പൂരും, രംഗത്തും, മായാ ബന്ദറുമൊക്കെ .

👉 പ്ലാൻ ഒന്ന് ചേഞ്ച്‌ ചെയ്യുവാണെങ്കിൽ ബാരാടൻലെ സ്ഥലങ്ങൾ കണ്ടു അന്ന് രാത്രി തന്നെ ദിഗ്ലിപ്പൂരിലേക്ക് യാത്ര തിരിക്കണം

👇 ഇനി കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ളവർ മാത്രം ഈ റൂട്ട് സെലക്ട്‌ ചെയ്യുക.

മൂന്നോ നാലോ ദിവസം ചിലവഴിക്കാൻ സമയം ഉള്ളവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ദിഗ്ലിപ്പൂരും, മായാ ബന്ദറും, ലോങ്ങ്‌ ഐലൻഡും, രംഗത്തുമൊക്ക സന്ദർശിക്കുക.

പോർട്ട് ബ്ലെയറിൽ നിന്ന് ദിഗ്ലിപ്പൂരിലേക്ക് നേരിട്ട് ബസ് സർവീസ് ഉണ്ട്, നിങ്ങളുടെ പ്ലാനിനും സമയത്തിനും അനുസരിച്ചു മുമ്പോട്ടുള്ള യാത്ര സെറ്റ് ചെയ്യാം.
അങ്ങിനെ ആണെങ്കിൽ ലാസ്റ്റ് എൻഡ് ആയ ദിഗ്ലിപ്പൂരിലേക്ക് നേരിട്ട് വണ്ടി പിടിക്കുക്ക
ദിഗ്ലിപ്പൂരിലെയും മായാബന്ദറിലേയും, രംഗത്തിലെയും
സ്ഥലങ്ങളൊക്കെ കറങ്ങുന്ന പോലെ യാത്ര സെറ്റ് ചെയ്യാം.

ആദ്യം ദിഗ്ലിപ്പൂർ കാഴ്ചകളിലേക്ക് ഇറങ്ങാം.

ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ് പട്ടണമാണ് ദിഗ്ലിപ്പൂർ, അറിയപ്പെടാത്ത ഒത്തിരി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവിടെ ഉൾകൊള്ളുന്നുണ്ട്

🌅 രാം നഗർ ബീച്
🌅 ലാമിയ ബേ
🌅 പാതി ലെവൽ ബീച്ച്
🌄 ജൽ തിക്രി -
ദിഗ്ലിപ്പൂർ നാഷണൽ പാർക്ക്.
🌄 കാളിഘട്ട് ക്രീക്ക്.....
etc എന്നിവയാണ് കാണാനുള്ളത്.

ദിഗ്ലിപ്പൂർ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കണ്ടു തീർത്തതിനു ശേഷം
ശേഷം മായാബന്ദറിലേക്ക് വരിക

മായാബന്ദറിലെ കാഴ്ച്ചകൾ

🌅 അവിസ്‌ ദ്വീപ്
🌄 റേ ഹിൽസ്.
🌅 കർമതാങ്‌ ബീച്ച്
🌅 റാംപൂർ ബീച്ച്

മായാബന്ദറിലെ കാഴ്ചകൾ കണ്ടു തീർത്തു രംഗത്തിലേക്ക് വരിക.

👉 ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. രംഗത്ത് നിന്നും മുൻകൂട്ടി ഹാവ്ലോക്ക്, ടിക്കറ്റ് എടുക്കുന്നുവെങ്കിൽ നിലമ്പൂർ ജെട്ടിയിൽ നിന്നുള്ള mangrove, limestone gave, parrot, ഒക്കെ ആദ്യം കണ്ടുതീർത്ത ശേഷമേ
ദിഗ്ലിപ്പൂരിലേക്ക് യാത്ര തിരിക്കാവൂ.

രംഗത്തിലെ യെരാട്ടയിൽ നിന്ന് ലോംഗ് ഐലൻഡിലേക്ക് വൈകുന്നേരം 4 മണിക്കുള്ള ബോട്ട് പിടിക്കാം. അന്ന് ലോങ് ഐലൻഡിൽ സ്റ്റേ ചെയ്തു പുലർച്ചെ സ്ഥലങ്ങൾ കാണാൻ ഇറങ്ങുക

ലോംഗ് ഐലൻഡിലെ കാഴ്ചകൾ

🌅 ലാലാജി ബീച്ച്
🌅 മെർക്ക് ബേ ബീച്ച്.
🌅 ഗിത്താർ ദ്വീപ്.

ലോങ്ങ്‌ ഐലൻഡ് കാഴ്ച്ചകളൊക്ക കണ്ട ശേഷം തിരികെ രംഗത്ത് വരിക

രംഗത്തി ലെ പ്രധാന കാഴ്ചകൾ

🌅 കത്ബർട്ട് ബേ. ഇതിനടുത്ത് വന്യ ജീവി സങ്കേതവും ഉണ്ട് .
🌄 പഞ്ചവതി കുന്നുകൾ.
🌅 ആംകുഞ്ച് ബീച്.

ഒരു ദിവസം രംഗത്ത് കറങ്ങിയ ശേഷം നേരെ നീലിലേക്കോ പോർട്ട്‌ ബ്ലയറിലേക്കോ മടങ്ങാം.

👉 രണ്ട് ദിവസം ഉണ്ടെങ്കിൽ
ഹാവ്ലോക്ക് ഐലൻഡും നീൽ ഐലൻഡും എങ്ങിനെ കണ്ടു തീർക്കാം.

പോർട്ട്‌ ബ്ലയറിൽ നിന്ന് നേരിട്ട് ഹാവ്ലോക്കിലേക്ക്, നീൽ ദ്വീപ് എന്നിവിടങ്ങളിലേക്ക് ആഡംബര ക്രൂയിസറും, gvt വെസലുകളും ലഭ്യമാണ്.
ക്രൂയിസർ 1100 മുതൽ മുകളിലേക്ക് ആണ് ടിക്കറ്റ് ചാർജ്
അതെ സമയം വെസലിന് 600 രൂപ മാത്രം. നേരിട്ട് ടിക്കറ്റ് കൗണ്ടറിൽ നിന്ന് വളരെ തുച്ഛമായ ടിക്കറ്റ് മാത്രമേ നൺ ഐലൻഡേഴ്സിന് വെസലിന് കിട്ടുകയൊള്ളൂ. കിട്ടിയാൽ തന്നെ ഭാഗ്യം.

കാലത്ത് പോർട്ട്‌ ബ്ലയറിലെ ഏതെങ്കിലും ജെട്ടിൽ നിന്ന് പുറപ്പെടുന്ന ക്രൂയ്സറിൻ തലേന്ന് തന്നെ ടിക്കറ്റ് എടുത്തു വെക്കുക .

Nb : ഹാവ്ലോക്ക് ദ്വീപ് ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രമായത് കൊണ്ട് റൂമിനും ഫുഡിനും അല്പം റേറ്റ് കൂടുതലായിരിക്കും. മാത്രവുമല്ല
ഹാവ് ലോക്കിലെ പ്രധാന കാഴ്ചകൾ കാണാൻ ഒരു പകൽ തന്നെ ധാരാളം.

👉 പ്ലാൻ ഒന്ന് മാറ്റി പിടിക്കുവാണേൽ
ഒന്നൂടെ ബെറ്ററായി ചെയ്യാം .

ഹാവ് ലോക്കിൽ സ്റ്റേ ചെയ്യാതെ നീലിൽ സ്റ്റേ ചെയ്യുന്ന രീതിയിൽ പ്ലാൻ ചെയ്യുകയാണേൽ രണ്ടു ദിവസം കൊണ്ട് രണ്ടു ദ്വീപിലെ കാഴ്ചകൾ കണ്ടു മടങ്ങാം.

തലേന്ന് അതി രാവിലെ ഹാവ്ലോക്ക് പോകുന്ന ടിക്കറ്റ് എടുക്കുക, ഹാവ്ലോക്ക് ദ്വീപിലേക്ക് പോർട്ട്‌ ബ്ലയറിൽ നിന്ന് 2 മണിക്കൂർ കടൽ യാത്രയുണ്ട്.
കൂടെ അന്ന് ഉച്ചക്ക് രണ്ടു മണിക്കുള്ള havelock- Neil island ടിക്കറ്റും എടുക്കുക. ഹാവ്ലോക്ക് നിന്ന് നീലിലേക്ക് 2 മണിക്കൂർ യാത്രയുണ്ട്.
ഹാവ്ലോക്ക് കറക്കം കഴിഞു നീൽ ഐലൻഡ് ജെട്ടിയിൽ വന്നിറങ്ങിയ ഉടനെ ടിക്കറ്റ് കൗണ്ടറിൽ ചെന്ന് അടുത്ത ദിവസം കാലത്ത് 9 മണിക്ക് ശേഷം ഉള്ള Neil island -portblair വെസൽ ടിക്കറ്റ് നോക്കുക.Govt vesal ticket എടുക്കാൻ havelock jetty ( govid nagar ) യിലെ Dss കൗണ്ടറിൽ നിന്ന് എടുക്കാം. ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ക്രൂയിസ് ടിക്കറ്റ് തന്നെ എടുത്തു വെക്കുക.

Ticket booking 👇
Mv maakruz. makruzz.com
Costal cruise www.costalcruise.in
sealink

portblair-havelock, havelock- Neil island, Neil island -portblair എന്നിങ്ങനെ മൂന്നു ടിക്കറ്റിൻ ക്രൂയിസർ ആണെങ്കിൽ ഒരാൾക്ക് 3500 രൂപക്ക് മുകളിൽ വരും.
വെസൽ ആണെങ്കിൽ 1800 രൂപയും ആകും.

ബസ്, ടാക്സി കാർ , റെന്റ് ബൈക്ക്, സൈക്കിൾ, എതെങ്കിലും ട്രാൻസ്‌പോർട് മോഡിലൂടെ ഹാവ്‌ലോക്ക്, നീൽ ഒക്കെ ചുറ്റിക്കറങ്ങാം.

👉ഹാവ്ലോക്ക് ഐലൻഡിലെ പ്രധാന ബീച്ചുകൾ

🌅 കലാപത്ഥർ ബീച്ച്
🌅 രാധനാഗർ ബീച്ച്
🌅 എലിഫന്റ് ബീച്ച്.

ഹാവ്ലോക്ക് ദ്വീപിൽ വന്നിറങ്ങി സമയം കളയാതെ ഉടനെ ബൈക്കോ, ക്യാബോ വാടകക്ക് എടുക്കുക. ആദ്യം കലാപത്ഥർ ബീച്ച് വേഗം കണ്ടു തീർക്കുക.

ശേഷം രാധാനാഗർ പോകുന്ന വഴി എലിഫന്റ് ബീച്ച്ലേക്ക് 2 കിലോമീറ്റർ ട്രെക്കിങ് ഉണ്ട് വേഗം നടന്നു ചെന്ന് ബീച് കണ്ടു മടങ്ങുക. ഇവിടെ വാട്ടർ ആക്ടിവിറ്റീസിൻ പറ്റിയ സ്ഥലം ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ പെട്ടൊന്ന് ചെയ്തു തീർക്കുക. എലിഫന്റ് ബീച്ചിൽ നിന്നും വേഗം വണ്ടിയിൽ വന്നു കയറുക. അടുത്ത സ്പോട്ട് ആയ രാധാനഗറിൽ സമയം ചിലവഴിക്കുക. ഓർക്കുക ഉച്ചക്ക് രണ്ടു മണിക്ക് നീലിൽ പോകുന്ന ഷിപ്പിന്റെ ഒരുമിക്കൂർ മുൻപ് രാധാനഗർ ബീച്ചിൽ നിന്നും വണ്ടി തിരിക്കുക.

ജെട്ടിയിൽ എത്തിയാൽ ജെട്ടിയുടെ മെയിൻ ഗേറ്റിന്റെ ഇടതു വശത്ത് കുറച്ചു മുമ്പോട്ട് നടന്നാൽ നല്ലൊരു ഹോട്ടൽ ഉണ്ട് അവിടുന്ന് ഭക്ഷണം കഴിക്കുക, വിലക്കുറവും ക്വാളിറ്റിയും ഉള്ള ഭക്ഷണമാണ് .
ഷിപ്പ് പുറപ്പെടുന്നതിന്റെ 20 മിനുട്ട് മുൻപ് ചെക്കിന് ചെയ്യുക.

Nb : ബസിൽ കയറി ബീച്ചിലോട്ട് പോകുന്ന യാത്ര ഈ പ്ലാനിൽ മാറ്റി നിറുത്തേണ്ടി വരും. ബസ്സിന്റെ ഷെഡ്യൂളും നമ്മുടെ സമയകുറവും ബസ് യാത്രയിൽ നമ്മുടെ സകല പ്ലാനിങ്ങും തെറ്റിക്കും .

ഷിപ്പ് കയറിയാൽ വീണ്ടും 2മണിക്കൂർ യാത്രയുണ്ട് നീൽ ഐലണ്ടിലേക്ക്.

നീൽ ഐലൻഡിലെ പ്രധാന കാഴ്ചകൾ.

****************************
🌅 ലക്ഷ്മണൻ പൂർ ബീച്ച്
🌄 സീതാപൂർ ബീച്ച്
🌄 ഹൗറ ബ്രിഡ്ജ് /beach no 2
🌅 ഭരത്പൂർ ബീച്ച്.

ജെട്ടിയിൽ കാലുകുത്തിയാൽ വേഗം റെന്റ് ബൈക്ക് / സ്കൂട്ടി ഏതെങ്കിലും എടുക്കുക 700-1000 രൂപ വരെയാണ് ഒരു ദിവസത്തെ ചാർജ്. വണ്ടി എടുത്താൽ അടുത്തതായി മുൻകൂട്ടി ബുക്ക്‌ ചെയ്ത റൂമിൽ ചെന്ന് ചെക്കിന് ചെയ്തു ലഗേജ് എല്ലാം വെച്ച് പെട്ടൊന്ന് സൂര്യാസ്തമയം കാണുന്ന ലക്ഷ്മണൻ പൂർ ബീച്ച് പിടിക്കുക. സൂര്യാസ്തമയം കണ്ടു കടലിലെ കുളിയൊക്കെ കഴിഞ്ഞു തിരികെ റൂമിൽ വരിക.

ഫുഡ്‌ ഒക്കെ കഴിച്ചു രാത്രി ബീച്ചിൽ പോകുന്നെങ്കിൽ പോയിട്ടു വരാം. നേരത്തെ
കിടന്നുറങ്ങാൻ മറക്കരുത് .

പുലർച്ചെ 4 മണിക്ക് സീതാപൂർ ബീച്ചിലേക്ക് സൺ റൈസ് കാണാൻ പുറപ്പെടുക. സൺ റൈസ് ഒക്കെ കണ്ടു നേരം പുലർന്നാൽ അടുത്ത സ്ഥലത്തേക്ക് വണ്ടി തിരിക്കുക
ഹൗറ ബ്രിഡ്ജ് ബീച്ച് നമ്പർ 2 ലേക്ക് .
അവിടുന്ന് കാഴ്ചകൾ കണ്ടു. തിരികെ റൂമിൽ വരിക. റൂം ചെക്കോട്ട് ചെയ്തു ബ്രേക് ഫാസ്റ്റൊക്കെ കഴിച്ചു.
അടുത്ത ബീച്ച് ആയ ഭരത് പൂർ ബീച്ചിൽ വരിക .ഇവിടെ വാട്ടർ ആക്ടിവിറ്റീസ് ഉണ്ട് വേണങ്കിൽ അതൊക്ക ചെയ്തു. പോർട്ട്‌ ബ്ലയറിലേക്കുള്ള ഷിപ്പിന്റെ ഒരുമണിക്കൂർ മുൻപ് വണ്ടി തിരികെ ഏൽപ്പിച്ചു ജെട്ടിയിൽ വരിക, ഷിപ് കയറുക.

ഇനി രണ്ടു മണിക്കൂർ യാത്രക്ക് ശേഷം പോർട്ട്‌ ബ്ലയറിൽ വന്നിറങ്ങും.
പോർട്ട്‌ ബ്ലയറിൽ വല്ല സ്ഥലങ്ങളും മിസ്സ്‌ ചെയ്തിട്ടുണ്ടെങ്കിൽ അതൊക്കെ കണ്ടു തീർക്കുക.

അടുത്ത ദിവസം
ഷിപ്പോ, ഫ്ലൈറ്റോ വഴി തിരികെ നാട് പിടിക്കുക.

ഇനി ഒട്ടും താമസിക്കണ്ട ആൻഡമാൻ യാത്രക്ക് ഒരുങ്ങിക്കോ.... കൂടുതൽ വിവരങ്ങൾക്ക് വിക്കിക്കാം
✍️അബു വി കെ 📱9526707594.

🔻 ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഹാവ്‌ലോക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

🔻 ഓരോരുത്തരുടെയും സമയത്തിനും പോകുന്ന സമയത്തെ കാലാവസ്ഥക്ക് അനുസൃതമായയും സ്ഥലങ്ങൾ തിരഞ്ഞെടുക്കുക.

🔻ആൻഡമാൻ യാത്രയിൽ ഓർത്തിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം 4 : 15 ന് സൂര്യോദയവും 5:15 സൂര്യാസ്തമയവുമാണ്.
നേരത്തെ യാത്ര തിരിച്ചു നേരത്തെ യാത്ര അവസാനിപ്പിക്കുക.

🔻 ഷിപ്പിന്റെ ഷെഡ്യൂളുകളും സമയവും സീസൺ, കാലാവസ്ഥ എന്നിവയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെടാം.

🔻ഷിപ് ടിക്കറ്റിന് : costal cruize , sea link, green ocean, markuz , എന്നീ സൈറ്റുകൾ സന്ദർശിക്കുക.

🔻ഓഫ്‌ സീസണിൽ ഫ്ലൈറ്റ് ടിക്കറ്റ് up&down കുറഞ്ഞ ചാർജിൽ ചെന്നൈയിൽ നിന്നും ലഭിക്കും

🔻ഹിന്ദി ആണ് കൂടുതലൽ ആളുകൾ ഉപയോഗിക്കുന്ന ഭാഷ, ഇംഗ്ലീഷ്, ബംഗാളി , തമിഴ് , മലയാളവും, ഉപോയോഗിക്കുന്നവർ അവിടെ ഉണ്ട് . ഭാഷ അറിയില്ല എന്ന ടെൻഷൻ വേണ്ട.

🔻നെറ്റ്‌വർക്ക് ഒട്ടും പ്രതീക്ഷിക്കരുത്
Bsnl, airtel, vodafone, മാത്രം ലഭിക്കും.

🔻റൂം ഒക്കെ ഓൺലൈനായി ബുക്ക് ചെയ്യുക. Booking.com . Gibubo.com MakeMyTripലൊക്കെ നല്ല റൂംസ് കിട്ടും. റിവ്യൂ കൂടെ നോക്കി റൂം ബുക്ക് ചെയ്യുക

🔻വാട്ടർ ആക്ടിവിറ്റീസ് ചെയ്യാൻ നീൽ ഐലൻഡും, ഹാവ്ലോക്ക് ഐലൻഡും, ജോളി ബ്യൂയും തിരഞ്ഞെടുക്കുക.

🔻ഭക്ഷണ ചിലവ് ചുരുക്കണമെങ്കിൽ വലിയ ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കാതിരിക്കുക. നല്ല ക്വാളിറ്റിയിൽ ചെറിയ കടകളിൽ ഭക്ഷണം കിട്ടും.

പ്ലാൻ ഇട്ടു വെച്ചിരുന്ന ദിഗ്‌ലിപ്പൂരും, മായാബന്ദറും, ലോങ് ഐലൻഡും സമയക്കുറവ് മൂലം എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല . അതു കൊണ്ട് ഈ സ്ഥലത്തെക്കുറിച്ചുള്ള ഡീറ്റെയിൽസ് മാക്സിമം കളക്റ്റ് ചെയ്തു പോവുക.



👇കയ്യിൽ കരുതേണ്ട അത്യാവശ്യ സാധനങ്ങൾ

🔹ആദ്യമേ പറയട്ടെ : ആൻഡമാൻ യാത്രയിൽ ആദ്യം മുന്നോട്ട് എടുത്തു വെക്കേണ്ടത് ക്ഷമയാണ്. അല്പം ക്ഷമ ഇല്ലാത്തവർ ഈ യാത്രയ്ക്ക് ഇറങ്ങി പുറപ്പെടരുത്.

🔹വാലിഡ്‌ ഐഡി കാർഡ് : ആധാർ, ലൈസൻസ് ഇവ രണ്ടും കരുതിയിരിക്കണം.

🔹ബീച്ചിലോട്ട് പോകുമ്പോൾ അത്യാവശ്യം വേണ്ട ഒരു കൂളിംഗ് ഗ്ലാസും , സൺ ക്രീമും കരുതുക .

🔹അത്യാവശ്യം ഡ്രെസ്സും, മെഡിസിനും, ചിത്രങ്ങൾ പകർത്താനുള്ള ഉപകരണങ്ങളും എടുക്കാൻ മറക്കരുത്.

🔹ഒരു ഷൂ ധരിച്ചാണ് പോകുന്നെതെങ്കിൽ സിമ്പിൾ ആയ ഒരു നോർമൽ ചെരിപ്പും കൂടെ വെച്ചോ, ഇത് ഈ യാത്രയിലുടനീളം ഉപകാരപ്പെടും.

🔹നാലോ അഞ്ചോ പേര് ചേർന്നുള്ള യാത്ര ആണെങ്കിൽ മാക്സിമം ക്യാബ് ഉള്ളടത്തേക്ക് അത് ഉപയോഗപ്പെടുത്തുക.

🔹 സിംഗിൾ ആയി പോകുന്നവർ സിറ്റിക്ക് അകത്തും , ചെറിയ ദ്വീപുകൾക്ക് അകത്തും ഉള്ള സ്ഥലങ്ങൾ കാണാൻ ബസ്സോ, ഓട്ടോയോ, ബൈക്കോ എടുക്കുക.

കടപ്പാട് ✍️ അബു വി കെ

Address


Alerts

Be the first to know and let us send you an email when Kerala Tourism Guide posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share