21/03/2018
സുഹൃത്തേ,
ഒരായിരം മധുര സ്മരണകൾ ഉണർത്തുന്ന കുസൃതികളുടെയും നിർദ്ദോഷങ്ങളായ കുറുമ്പുകളുടേയുംചെറുതായിരുന്നെങ്കിലും വലുതായി ഭാവിച്ച പരിഭവങ്ങളുടെയും ഒരു ബാല്യകാല സ്കൂൾ ജീവിതം.
ഇനി ഒരിക്കലും തിരിച്ചു കിട്ടാനാവാത്തതും കിട്ടിയിരുന്നെങ്കിലെന്നോർത്ത് നെടുവീർപ്പിടുന്നതും, സാധിക്കാത്തതിനാൽ മക്കളുടെയോ കൊച്ചുമക്കളുടെയോ ഒപ്പംകൂടി ആ ഗൃഹാതുര സ്മരണകളുടെ ആഴത്തിലേക്ക് ഒരു നിമിഷമെങ്കിലും പോകാത്തവരുമായി ആരുമില്ല. നമ്മുടെയൊക്കെ ബാല്യകാലസമരണകളെ ദീപ്തമാക്കിയ ആ പഴയ വിദ്യാലയത്തിരുമുറ്റത്തേക്ക് ഒരിക്കൽക്കൂടി ഓടിയെത്താൻ നാം പലപ്പോഴും കൊതിച്ചിട്ടില്ലേ? ചാടിത്തിമിർത്ത നടുമുറ്റവും പൂത്തുലഞ്ഞുനിന്ന വകാമരവും ഉച്ചക്കഞ്ഞിയുടെ നറുമണവും പേരുന്ന വരാന്തകളും... എന്തിനേറെ രാവിലെ പൂ പെറുക്കാൻ മത്സരിച്ച ചെമ്പകച്ചുവടും ഇന്നലകളിലെ ദൃക്സാക്ഷികൾ. മൂന്ന് തലമുറയ്ക്ക് അറിവും നിറവും തന്ന, പ്രഗത്ഭരായ ഗുരുനാഥൻമാർ തങ്ങളുടെ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ച നമ്മുടെ സ്വന്തം ഗുരുകുലം അതിന്റെ പ്രവർത്തന പന്ഥാവിൽ അര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. സുവർണ്ണ ജൂബിലി നിറവിൽ നിൽക്കുന്ന ആങ്ങമൂഴി ഗുരുകുലം യു.പി.സ്കൂളിൽനിന്നും കഴിഞ്ഞ അൻപത് വർഷക്കാലം ലോകത്തിന്റെ നാനാതുറകളിലേക്ക് ചേക്കേറിയ വിദ്യാർത്ഥികളും അവരുടെ പ്രീയപ്പെട്ട ഗുരുനാഥന്മാരും ആ പഴയ ചെമ്പകച്ചുവട്ടിൽ ഒത്തുകൂടുകയാണ്. 2018 ഏപ്രിൽ 6 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക്. ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളുടെ മയിൽപ്പീലിതുണ്ടുകൾ സൂക്ഷിച്ചുവെച്ച, പുതുമണം മാറാത്ത നോട്ടുപുസ്‌തകത്തിന്റെ താളുകൾ മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം നമുക്കൊരുമിച്ചു മറിക്കാം. അറിവിന്റെ ആദ്യ പാഠങ്ങൾ പകർന്നുതന്ന മാതൃവിദ്യാലയത്തിന്റെ അങ്കണത്തിലേക്ക് താങ്കളെ ഹാർദ്ദമായി ക്ഷണിക്കുകയാണ്. ഒരിക്കൽക്കൂടി നമുക്ക് നമ്മുടെ പ്രിയ അധ്യാപകരുടെ മുമ്പിൽ സതീർത്ഥ്യരോടൊത്ത് കുറെ അമൂല്യ നിമിഷങ്ങൾ ചെലവഴിക്കാൻ കിട്ടുന്ന ഈ അപൂർവ്വ അവസരം പാഴാക്കാതെ എല്ലാവരും എത്തിച്ചേരുന്ന പ്രതീക്ഷയോടെ...