12/08/2019
ഇങ്ങനെയുള്ള മനുഷ്യർ നമുക്കൊരു പാഠമാണ്
നൗഷാദ് എന്ന എറണാകുളം ബ്രോഡ് വേയിലെ തുണിക്കച്ചവടക്കാരൻ വിൽക്കാനുള്ള തുണികൾ കെട്ടുകെട്ടായി എടുത്തു കൊടുക്കുന്ന വീഡിയോയിൽ പറഞ്ഞ, അകത്ത് കൊളുത്തി വലിച്ച വാചകങ്ങളിലൊന്ന് ഇതാണ്:
" ഇതൊന്നും നമ്മളെങ്ങോട്ടും കൊണ്ടുപോവുകയൊന്നുമില്ലല്ലോ "
അതെ, നമ്മളെങ്ങാട്ട് കൊണ്ടുപോകാനാണിതെല്ലാം? പോകുമ്പോൾ വെറും കയ്യോടെ പോകണം എന്ന പഴയ തിരിച്ചറിവിന്റെ ഇത്തിരിവെട്ടം മതി, നമ്മുടെ കയ്യിൽ ഇന്നുള്ളതെന്തും കൊടുക്കാൻ. എവിടെ നിന്നോ ഭൂമിയിലേക്ക് വന്നതാണെന്നോ എവിടേക്കോ തിരിച്ചു പോകുമെന്നോ ഞാൻ കരുതുന്നില്ല. പക്ഷേ നൗഷാദ് പറഞ്ഞ വലിയ സത്യത്തിൽ എനിക്ക് വിശ്വാസമുണ്ട്. വന്നപ്പോൾ വെറും കൈയ്യോടെയാണ് നമ്മൾ വന്നത്, പോകുമ്പോഴും അങ്ങനെത്തന്നെ പോണം. വെട്ടിപ്പിടിച്ചതും കൂട്ടിവെച്ചതുമെല്ലാം ഇവിടെ തുടരും, നൗഷാദും ഇതെഴുതുന്ന ഞാനും വായിക്കുന്ന താങ്കളും പുഴുക്കൾക്കും സൂക്ഷ്മജീവികൾക്കും ഭക്ഷണമോ ഒരു പിടിച്ചാരമോ ആകും. ഇതിനിടയിലുള്ള അൽപ്പകാലത്തിൽ മനുഷ്യനായിരുന്നു എന്ന് ബോധ്യപ്പെടുത്തേണ്ടത് മറ്റാരെയുമല്ല, സ്വയം ആണ്. സ്വമനസ്സാക്ഷിയുടെ കണ്ണാടിക്കു മുന്നിൽ തലകുനിക്കാതെ ഒരു നാൾ എങ്കിലും നിൽക്കാനാവണം. എന്നിട്ട്, നൗഷാദ് പറഞ്ഞ ഒന്നും കൊണ്ടുപോകാനാവാത്തിടത്തേക്ക് പോകണം.
നോക്കൂ, സംഘബോധമുള്ള മനുഷ്യനായിരിക്കുക അത്ര പ്രയാസമൊന്നുമുള്ള കാര്യമല്ല. അങ്ങനെയല്ലാതിരിക്കാനാണ് പ്രയാസം. ആദിമകാലം മുതൽ മനുഷ്യൻ സംഘം ചേർന്നു മാത്രം ജീവിച്ചു പോന്നതാണ്. പൂർണ്ണമായും നിസ്സഹായമായി ജനിക്കുന്ന, ദീർഘകാല പരിചരണം അനിവാര്യമായ ഏക സസ്തനിക്കുഞ്ഞായ മനുഷ്യ ശിശുക്കളോരോന്നിനേയും ഈ മനുഷ്യസംഘം പോറ്റി വളർത്തിയതാണ്. ഒന്നിച്ചു വേട്ടയാടിയും ഒന്നിച്ചു പങ്കിട്ടു തിന്നും നിവർന്നു നടക്കാൻ തുടങ്ങിയ ജീവി വർഗ്ഗമാണ് നമ്മൾ,നമ്മുടെ ജീനുകളിലുണ്ട് " ഒത്തു പിടിച്ചോളിൻ, നമ്മളൊന്നായ് നിന്നോളിൻ" എന്ന പാട്ട്. നമ്മൾ പിന്നീട് നമുക്കു തന്നെ വിരുദ്ധമായി ഒറ്റക്കൊറ്റക്ക് വെട്ടിപ്പിടിച്ചുണ്ടാക്കിയതാണ് ഈ സംഘബോധത്തിനു വിരുദ്ധമായ അവനവനിസം. മതിലുകൾക്കു മുകളിൽ കുപ്പിച്ചില്ലു പാകിയും "അപരിചിതർക്ക് പ്രവേശനമില്ല'' എന്ന ബോർഡ് സ്ഥാപിച്ചും അയൽക്കാരനു മുന്നിൽ ഗേറ്റ് കൊട്ടിയടച്ചും കഷ്ടപ്പെട്ടു പണിതതാണ് ഒറ്റത്തീനിജീവിതം. സത്യത്തിൽ ഈ ആർക്കുമൊന്നും കൊടുക്കാത്ത മനുഷ്യജീവിതമാണ് കഷ്ടപ്പാട്, മറ്റേത് എളുപ്പമാണ്. കൊടുക്കാതെ കൂട്ടി വെച്ചവർ ഒരിക്കലും അറിയാതെപോകുന്ന മനുഷ്യജീവിതത്തിന്റെ മർമ്മരഹസ്യമാണത്.
ഓർത്തോളൂ, നൗഷാദ് ഈ രാവ് സുഖമായി ഉറങ്ങും. ഇനിയും അനേകം രാവുകളിൽ സുഖമായുറങ്ങും. സ്വയം ഒന്നും കൊടുക്കാതിരിക്കുകയും " ആരുമൊന്നും കൊടുത്തു പോവല്ലേ " എന്ന് അലറുകയും ചെയ്ത അന്നംമുടക്കികൾ ഇന്നു കിടക്കുന്ന ഏത് എ സി സ്യൂട്ടിലും ഉറക്കം വരാത്ത രാത്രികൾ ബാക്കിയാവും. ഹോമോ എന്ന ജനുസ്സിനു വിപരീതമായി ചെയ്ത പ്രവൃത്തിയുടെ കഷ്ടപ്പാട് ആ ജനുസ്സിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ അനുഭവിക്കേണ്ടി വരും. ഇതൊട്ടും ഭൗതികേതരമായ പ്രസ്താവമല്ല - തികച്ചും ഭൗതികമായ ജീവയഥാർത്ഥ്യമാണ്. ഇന്ന് അന്നംമുടക്കിയ ചിലർക്കെങ്കിലും അവസാനം വെള്ളമിറങ്ങാതെയോ ഇറങ്ങിയോ കണ്ണടക്കും മുൻപ് നൗഷാദ് പറഞ്ഞ വാചകം ഓർമ്മ വരും:
" ഇതൊന്നും നമ്മളെങ്ങോട്ടും കൊണ്ടുപോവുകയൊന്നുമില്ലല്ലോ. "
ചിലർക്ക് അപ്പോഴും ഓർമ്മ വരില്ലായിരിക്കും. അവരും നൗഷാദും രണ്ട് ജീവജനുസ്സുകൾ പരിണമിച്ചുണ്ടായതാണെന്നേ കരുതാനുള്ളൂ.
നൗഷാദിന്റെ ചിരിയിലാണ് ഈ പെരുന്നാൾ .
മണ്ണിനടിയിൽപെട്ട മനുഷ്യരുടെ വേദനകളിൽ നിന്നും, ആർത്തു പൊങ്ങുന്ന മനുഷ്യരുടെ ഒത്തു നിൽപ്പിൽ നിന്നും -
ഈദ് മുബാറക്.