23/05/2023
കാസർകോഡ് നിന്ന് എങ്ങോട്ട് പോകണമെന്നാണോ? ഇതാ പിടിച്ചോ, കിടിലൻ യാത്രകൾ
Written By
Elizabeth Joseph NativePlanet
കടപ്പാട് Native Planet
സപ്തഭാഷകളുടെ നാടാണ് കാസർകോഡ്. ഭാഷകളിൽ മാത്രമല്ല, കാഴ്ചകളിലും ഇവിടെ വൈവിധ്യമാണ്. ബീച്ചിൽ പോകേണ്ടവർക്ക് ബേക്കൽ, മുതൽ പള്ളിക്കര, കാപ്പിൽ ബീച്ച് , ചെമ്പിരിക്ക ബീച്ച് തുടങ്ങിയവും ട്രക്കിങ്ങാണ് താല്പര്യമെങ്കിൽ റാണിപുരവും പ്രകൃതിഭംഗി കണ്ടറിഞ്ഞൊരു യാത്രയാണെങ്കില് കോടഞ്ചേരിയും ചരിത്രവും വിശ്വാസങ്ങളും ചേരുന്ന ആരാധനാലയങ്ങളും ഇവിടെയുണ്ട്. ഈ സ്ഥലങ്ങളൊന്നുമല്ലാതെ, ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ എവിടേക്കാണ് കാസർകോഡുകാർ പോകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? മറ്റു ജില്ലകളിൽ നിന്നുള്ളവർ മൂന്നാറും വയനാടും ഗവിയും ഒക്കെ പോകുമ്പോൾ കാസർകോഡുകാർ നേരെ വണ്ടിതിരിക്കുന്നത് കർണ്ണാടകയിലേക്കാണ്. ഏറ്റവും അടുത്തുള്ള ജില്ലയായ കണ്ണൂരിൽ എത്തുന്നതിനേക്കാൾ വേഗത്തിൽ കാസർകോഡ് നിന്ന് മംഗലാപുരത്തും സുള്യയിലും എത്താം എന്നതുതന്നെ കാരണം. ഇതാ കാസർകോഡ് നിന്നും കർണ്ണാടകയിൽ പോകുവാൻ സാധിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം.
തലക്കാവേരി
തലക്കാവേരി കാസർകോഡുകാരുടെ യാത്രകളിൽ ഏറ്റവുമാദ്യം വരുന്ന സ്ഥലമാണ് കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായ തലക്കാവേരി. ഇവിടെ ഒരുറവയില്‍ നിന്നുത്ഭവിക്കുന്ന കാവേരിയെ കാണാമെങ്കിലും കുറച്ചു ദൂരം ഭൂമിക്കടിയിലൂടെ പോയി വീണ്ടും കുറച്ചുമാറി പുറത്തുകാണുകയാണ് ചെയ്യുന്നത്. കുടകിലെ മലനിരകളില്‍ നിന്നാണ് കാവേരി ഇവിടെക്ക് ഒഴുകുന്നത്. ആത്മീയ യാത്രയാണ് ലക്ഷ്യമെങ്കിൽ തലക്കാവേരിയോട് ചേർന്ന് രണ്ട് ക്ഷേത്രങ്ങൾ കാണാം. ശിവനും ഗണേശനുമായാണ് ഈ ക്ഷേത്രങ്ങൾ സമർപ്പിച്ചിട്ടുള്ളത്.
സമുദ്രനിരപ്പിൽ നിന്നു 4187 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ തീര്‍ത്ഥാടകരും സഞ്ചാരികളും ഒരുപോലെ വരുന്നു. തലക്കാവേരിയിൽ നിന്ന് താഴേക്കിറങ്ങിയാൽ ബ്രഹ്മഗിരി പീക്കിലേക്ക് പോകാം. ഇതിനു സമീപത്തായാണ് പാർവ്വതി ദേവി പ്രത്യക്ഷപ്പെട്ടതെന്നാണ് വിശ്വാസം. കാസർകോഡ് നിന്ന് തലക്കാവേരിക്ക് പാണത്തൂർ- ബാഗമണ്ഡല റോഡ് വഴി 93 കിലോമീറ്ററാണ് ദൂരം. കാഞ്ഞങ്ങാട് നിന്ന് 80 കിമിയും പാണത്തൂരിൽ നിന്ന് 36 കിമിയും ദൂരമുണ്ട്
കൂർഗ്
കൂർഗ് കാസർകോഡ് നിന്നുള്ള യാത്രകളിലെ മറ്റൊരു പ്രധാന സ്ഥലമാണ് കൂർഗ്. കൂർഗ് എന്ന പേരിനേക്കാൾ കൊടക് എന്ന പേരാണ് നമുക്ക് പരിചയം. കോടമഞ്ഞും കാപ്പിത്തോട്ടങ്ങളും മലനിരകളും എല്ലാമായി നിൽക്കുന്ന ഇവിടം പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ്. മഴക്കാലത്തും മഞ്ഞുകാലത്തും വേനലിലും തണുപ്പിലും ഒരുപോലെ ഭംഗിയായിരിക്കുവാൻ കുടകിന് മാതമേ കഴിയൂ.
അബ്ബി, ഇരുപ്പു, മല്ലള്ളി വെള്ളച്ചാട്ടങ്ങള്‍, മടിക്കേരി കോട്ട, മടിക്കേരി കൊട്ടാരം, ഭാഗമണ്ഡല, ചെലവാര വെള്ളച്ചാട്ടം, ഹാരംഗി അണക്കെട്ട്, കാവേരി നിസര്‍ഗധാമ, ദുബരെ ആനപരിശീലനകേന്ദ്രം, ഹൊന്നമനകരെ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. രണ്ടോ മൂന്നോ ദിവസം ചിലവഴിക്കുവാൻ കഴിയുന്ന രീതിയിൽ വേണം യാത്ര ക്രമീകരിക്കുവാൻ. കാസർകോഡ് നിന്ന് മടിക്കേരിയിലേക്ക് 109 കിലോമീറ്ററാണ് ദൂരം.
കുശാൽനഗർ
കുശാൽനഗർ കൂര്‍ഗ് യാത്രയില്‍ നിങ്ങൾക്ക് ഉൾപ്പെടുത്തുവാൻ പറ്റിയ സ്ഥലമാണ് കുശാൽ നഗർ. ഇന്ത്യയിലെ രണ്ടാമത്തെ ടിബറ്റൻ തീർത്ഥാടന കേന്ദ്രമാണ് കുശാൽ നഗറിൽ കാണുവാനുള്ളത്. നം ഡ്രോ ളിങ് ആ ശ്ര മം. സുവർണ്ണ ക്ഷേത്രം എന്നുമിതിന് പേരുണ്ട്. ടിബറ്റൻ കോളനി എന്നിവ കാണുവാനും അവരുടെ ജീവിതവും പ്രാർത്ഥനകളും പരിചയപ്പെടുവാനും പറ്റിയ യാത്രയായിരിക്കുമിത്. രാവിലെ 9.00 മുതൽ വൈകുന്നേരം 6.00 വരെയാണ് ക്ഷേത്രം സന്ദർശകർക്കായി തുറന്നിരിക്കുന്നത്. കുശാൽനഗരയിൽ നിന്ന് 5 കിലോമീറ്റർ അകലെ ബൈലക്കുപ്പയെന്ന സ്ഥലത്താണ് ഇതുള്ളത്.
മൈസൂർ
മൈസൂർ കാസർകോഡ് നിന്നും മാംഗ്ലൂര്‍-മൈസൂർ ഹൈവേ വഴി മൈസൂരിലക്ക് 227 കിലോമീറ്റർ ദൂരമുണ്ട്. മടിക്കേരി വഴിയുള്ള യാത്ര ആസ്വാദ്യകരമായ ഒന്നാണ്. മൈസൂരിലെത്തിയാൽ മൈസൂർ കൊട്ടാരം, ചാമുണ്ഡി ഹിൽസ്, മൈസൂർ സൂ, സെന്‍റ് ഫിലോമിനാസ് ചർച്ച് തുടങ്ങി നിരവധി ഇടങ്ങൾ കാണാം. അതിരാവിലെ യാത്ര പുറപ്പെടുന്നതായിരിക്കും നല്ലത്.
മംഗലാപുരം
മംഗലാപുരം കർണ്ണാടകയിലെ പ്രധാന നഗരങ്ങളിലൊന്നായ മംഗലാപുരം കാസർകോഡ് നിന്നും വെറും 54 കിലോമീറ്റർ അകലെയാണ്. ആശുപത്രി ആവശ്യങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി കാസര്‍കോഡുകാർ തിരഞ്ഞെടുക്കുന്നത് കൂടുതലും മംഗലാപുരമാണ്. മംഗളാദേവി ക്ഷേത്രം, ബീച്ചുകൾ, സെന്‍റ് അലോഷ്യസ് ചാപ്പൽ, കുഡ്രോളി ഗോകർനാഥ് ക്ഷേത്രം തുടങ്ങിയവ ഇവിടെ കാണാം.
ഉഡുപ്പി
ഉഡുപ്പി മംഗലാപുരം കഴിഞ്ഞാണ് ഉഡുപ്പി. കാസർകോഡ് നിന്നും ഉഡുപ്പിയിലേക്ക് 105 കിലോമീറ്ററാണ് ദൂരം. ക്ഷേത്രങ്ങളുടെയും രുചികളുടെയും നാടാണ് ഉഡുപ്പി. ഇവിടുത്തെ ശ്രീകൃഷ്ണ ക്ഷേത്രം ലോകപ്രസിദ്ധമാണ്. നവദ്വാരങ്ങളുള്ള ഒരു വാതിലിലൂടെയാണ് ഇവിടെ കൃഷ്ണനെ ദർശിക്കുന്നത്. ഇവിടുത്തെ തനത് രുചികൾ പരീക്ഷിക്കുവാനും ഉഡുപ്പി യാത്രയിൽ സമയം കണ്ടെത്താം. മാൽപെ ബീച്ച്, മാട്ടു ബീച്ച് തുടങ്ങിയ സ്ഥലങ്ങളും ഇവിടെ കാണുവാനുണ്ട്.