10/11/2017
# ഹമ്പി ഗതകാല സ്മൃതികളുടെ പറുദീസ.... #
Shinith Pattiam
'ഓരോ യാത്രയും അവനവനിലേക്കുളളതാണെന്ന' ഡാനി കായയുടെ പ്രശസ്തമായ ഉദ്ധരണി ഹൃദയത്തിൽ സൂക്ഷിച്ച്കൊണ്ടാണ് ഞാൻ
ഓരോ യാത്രയും ആരംഭിക്കാറുളളത്.
ഈ പൂജാവധികാലം കർണ്ണാടകത്തിലെ
കാഴ്ചകളുടെ പറുദീസ കണ്ടെടുക്കാൻ
വേണ്ടി മാറ്റിവച്ചു.
യാത്രയിൽ കൂട്ടിന് പ്രിയ സഖി നീനുവും
ഒരു വയസുകാരി മകൾ സാഷയും..
'ജീവികുലത്തിന്റെ എല്ലാ യാത്രയും അതിജീവനത്തിന്റെ പൊരുൾതേടിയാണെന്ന്'
പ്രിയ എഴുത്തുകാരൻ സുരേന്ദ്രൻ പറഞ്ഞത് ഓർത്തുപോകുന്നു...
ഭക്ഷണവും രതിയും ജീവിതത്തിന്റെ അഭിവാജ്യഘടകമെന്നപോൽ യാത്രയും മാറിയിരിക്കുന്നുവെന്ന് പ്രിയ സുഹൃത്തും എഴുത്തുകാരനുമായ പ്രകാശൻ മാണിക്കോത്ത് കഴിഞ്ഞ ദിവസം
എന്നോട് ചോദിച്ചതിൽ തെല്ലും അതിശയോക്തിയില്ലായിരുന്നു..
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വൈകുന്നേരം 4.40-നുളള ബാംഗ്ലൂർ എക്പ്രസിന് 'കറുത്ത മണ്ണുളള' ദേശമായ കർണ്ണാടകത്തിലേക്ക് പുറപ്പെട്ടു.
കുറേ ദുരേയ്ക്ക്...
കുറെ കുറെ ദൂരേയ്ക്ക്.....
ഒരു യാത്രയ്ക്ക് വേണ്ടുന്ന ഒരുക്കങ്ങളും ആസൂത്രണവുമൊന്നുമില്ലാതെ തികച്ചും അലസമായ യാത്ര....
പുലർച്ചെ 2.45-ന് തീവണ്ടി ഹസൻ സ്റ്റേഷനിലെത്തി.ചെറിയ തണുപ്പുണ്ട്..അവിടെ നിന്നും ഓട്ടോയിൽ താമസ സ്ഥലമായ എസ്.എസ്.റസിഡൻസിയിലെത്തി.ശീതീകരിച്ച മുറിയിൽ അല്പസമയം മയങ്ങി.സാഷയുടെ കരച്ചിൽ അലാറം പോലെ എന്നെ ഉണർത്തി...
അതിരാവിലെതന്നെ ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാന നഗരിയായിരുന്ന ബേലൂരിലേക്ക് പുറപെട്ടു.ചെറിയ ഒരു മിനിബസിലായിരുന്നു യാത്ര.വാഴകുല,വാഴയില,കോഴി,പട്ടി,ആട് എന്നിങ്ങനെ സകല ജീവികളും യാത്രകാരായി ബസിലുണ്ടായിരുന്നു...
ഹസനിൽ നിന്നും ബേലൂരിലേക്കുളള യാത്രയിൽ റോഡിനിരുവശത്തും ചോളപാടങ്ങൾ പൂത്തുനിൽക്കുന്ന കാഴ്ച മനോഹരമാണ്...
ഒരു മണിക്കൂർ യാത്രയ്ക്കൊടുവിൽ ഞങ്ങൾ ബേലൂരിൽ ഇറങ്ങി,മയൂര ഹോട്ടലിൽ നിന്നും വയറ് നിറയെ ദോശയും കഴിച്ച് ഹൊയ്സാല രാജവംശത്തിന്റെ വാസ്തുവിദ്യയിലെ പ്രതാപം വിളിച്ചോതുന്ന ചെന്നകേശവ ക്ഷേത്രത്തിലേക്ക് നടന്നു നീങ്ങി...
■ചെന്ന കേശവ അമ്പലം■
പ്രകൃതി ഭംഗിയും ക്ഷേത്ര ഗാഭീര്യവും ചേർന്ന് ദക്ഷിണ ബനാറസ് എന്ന് പുകൾപെറ്റ 'ബേലൂർ' യാഗചി നദീതീരത്താണ് സ്ഥിതിചെയ്യുന്നത്.
ഹൊയ്സാല രാജവംശത്തിന്റെ തിരുശേഷിപ്പുകൾ കാണാനുളള ആഗ്രഹത്തോടെ മെറ്റൽ ഡിറ്റക്ടർ ഘടിപ്പിച്ച ക്ഷേത്ര ഗോപുരത്തിന്റെ വാതിലിലൂടെ ഞങ്ങൾ അകത്തേക്ക് കടന്നു.
ക്ഷേത്രത്തിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നത് പ്രശംസനീയമാണ്.
ചെന്നകേശവ അമ്പലം വിജയനാരയണ അമ്പലമെന്ന പേരിലും അറിയപെടുന്നു.ഹൊയ്സാല രാജവംശം തലക്കാട് യുദ്ധത്തിൽ ചോള രാജാക്കൻമാരെ തോൽപിച്ചതിന്റെ സ്മരണാർത്ഥം നിർമ്മിച്ചതാണ് ഈ അമ്പലമെന്ന് ചരിത്ര ഭാഷ്യം.നൂറ്റി മൂന്ന് വർഷമെടുത്താണ് ഹൊയ്സാല വാസ്തുകലയുടെ മാസ്റ്റർ പീസായ ചെന്ന കേശവ അമ്പലം പൂർത്തിയാക്കിയത്.
ക്ഷേത്രസമുച്ചയത്തിനകത്ത് ചെറുതും വലുതുമായ ധാരാളം ശ്രീകോവിലുകളും മണ്ഡപങ്ങളും ചെന്നകേശവ അമ്പലത്തിന്റെ പ്രൗഡി ഓർമ്മപെടുത്തുന്നു.
ക്ഷേത്ര കവാടത്തിന് ഇടതുവശത്തുകാണുന്ന,പുലിയെ ആക്രമിച്ച് കീഴ്പെടുത്തുന്ന പ്രതിമ ഹോയ്സാല രാജവംശത്തിന്റെ പ്രതീകമായ രാജചിഹ്നമാണ്.
നക്ഷത്രാകൃതിയിലുളള ക്ഷേത്രത്തിന്റെ ഓരോ മൂലയിലുമുളള കൊത്തുപണികൾ പ്രൗഡോജ്ജ്വലമാണ്.
മിനുസമുളള കറുത്തകല്ലുകളിലെ കാവ്യാത്മകത പറഞ്ഞറിയ്ക്കുന്നതിനുമപ്പുറമാണ്.
കൊത്തുപണികളിൽ പ്രധാനം മേൽകൂരയുടെ കീഴിലായുളള ശുകഭാഷിണി,ദർപണസുന്ദരി എന്നിവയാണ്.
ചെന്നകേശവ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയ ശ്രീകോവിലാണ് കപ്പേചെന്നിഗ്ഗരയ്യ.
വീരനാരായണന്റെ സ്മരണാർത്ഥം കേശവക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിർമ്മിച്ചിരിക്കുന്ന വീരനാരയണ ക്ഷേത്രം ചെറുതാണെങ്കിലും വാസ്തുകലയാൽ ഭംഗി നേടിയിട്ടുണ്ട്.സൗമ്യന്യകി ശ്രീകോവിലും അണ്ഡൽ അമ്മനവര ശ്രീകോവിലും കേശവ ക്ഷേത്രത്തിന്റെ ചുറ്റുമുളള പ്രധാനപെട്ട കോവിലുകളാണ്..
ക്ഷേത്രത്തിന്റെ തിരുമുറ്റത്തിനടുത്തുളള ഒറ്റകല്ലിൽ തീർത്ത ഗുരുത്വാകർഷണ തുണിന്റെ ഉയരം 42 അടിയാണ്.
ഹൊയ്സാല രാജവംശത്തിന്റെ തിരുശേഷിപ്പുകളിലൂടെ സഞ്ചരിച്ചപ്പോൾ സമയം പോയതറിഞ്ഞില്ല..
ഹൊയ്സാല രാജവംശത്തിന്റെ ആദ്യ തലസ്ഥാനമായ ഹലബെഡുവിലേക്ക് പോകാനായി ഞങ്ങൾ ബേലൂർ ബസ് സ്റ്റാൻഡിലേക്ക് തിരിച്ചു..
വാഴയും പൂക്കളും കുമ്പളങ്ങയുംകൊണ്ട് അലങ്കരിച്ച കടകളും വാഹനങ്ങളും കർണ്ണാടകത്തിലെ പൂജയുടെ പ്രധാന്യം വെളിവാക്കുന്നുണ്ട്..
ഇരുപത് മിനുറ്റ് ബസ് യാത്ര ഞങ്ങളെ ഹലെബോഡുവിലെത്തിച്ചു.ഹൊയ്സാല രാജവംശം തെക്കൻ കർണ്ണാടകത്തിൽ 150-ഓളം അമ്പലങ്ങൾ നിർമ്മിച്ചതിൽ ബേലൂർ,ഹലെബിഡു,സോമനാഥ്പൂർ എന്നിവിടങ്ങളിലെതാണ് പ്രൗഡോജ്ജ്വലമായത്..
ഹലെബിഡുവിലെ ഹൊയസലേശ്വര ക്ഷേത്രം ചെന്നകേശവ അമ്പലത്തിന്റെ മറ്റൊരു പതിപ്പാണ്.ശിവലിംഗവും നന്തിയേയും കണ്ടതിന് ശേഷം ഞങ്ങൾ കർണ്ണാടക സ്റ്റേറ്റ് ബസിൽ ഹസനിലേക്ക് തിരിച്ചു.
ഉച്ചഭക്ഷണം ഹസനിലെ സാൻമ ഹോട്ടലിൽ നിന്നും കഴിച്ചു.പച്ച അരി ചോറ് തൊണ്ടയിലൂടെ ഇറങ്ങുന്നില്ലെന്ന് നീനു പരിഭവം പറഞ്ഞു.
ഉച്ചഭക്ഷണത്തിന് ശേഷം
ശ്രാവണബെൽഗോളയിലെ ബാഹുബലിയെ കാണാൻ ബാംഗ്ലൂർ ബസിൽ ചെന്നറായപട്ടണത്തിലേക്ക് തിരിച്ചു.
കർണ്ണാടകത്തിലെ സ്റ്റേറ്റ് ബസിലുളള യാത്ര രസകരമാണ് ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന ഹൈലൈറ്റ് ചെലവ് കുറച്ചുകൊണ്ടുളള കെ.എസ്.ആർ.ടി.സിയിലുളള യാത്രയാണ്.
■ബാഹുബലി■
ഹസൻ ജില്ലയിലെ ചെന്നറായപട്ടണത്തിനടുത്തുളള ടൗണാണ് ശ്രാവണബെൽഗോള.
ഉച്ചകഴിഞ്ഞ് 3.30ന് ഞങ്ങൾ ശ്രാവണബെൽഗോളയിലെ വിന്ധ്യഗിരി കുന്ന് ലക്ഷ്യമാക്കി നടന്നുനീങ്ങി.പാറകളിൽ കൊത്തിയ 641-ഓളം പടവുകൾ കയറിവേണം ലോകപ്രശസ്തമായ ജൈനമത തീർത്ഥാടന കേന്ദ്രത്തിലെ ഗോമഡേശ്വര ക്ഷേത്രത്തിലെത്താൻ. ചെരുപ്പ് ധരിക്കാൻ പാടില്ലാത്തതിനാൽ കരിങ്കൽ പടവുകളിലെ ചൂട് അസഹ്യമാവുമോയെന്ന് ഞാൻ ഭയപ്പെട്ടു.
സാഷയെ ചുമലിൽ കയറ്റി ബാഹുബലിയെ കാണാൻ പടവുകൾ വേഗത്തിൽ ഓരോന്നായി കയറി.തളർച്ച കാരണം കുറച്ച് സമയം പടവുകളിൽ വിശ്രമിച്ചു.ധാരാളം മലയാളി സഞ്ചാരികൾ ബാഹുബലിയെ കാണാൻ ഇന്നിവിടെ എത്തിയിട്ടുണ്ട്.
കുന്നിന്റെ മുകളിൽ നിന്നുളള കാഴ്ച ശ്രാവണബെൽഗോളയെ കൂടുതൽ സുന്ദരിയാക്കുന്നു.
പട്ടണത്തിന്റെ ഹൃദയഭാഗത്തുളള കുളത്തിലെ വെളളം പച്ചപരവതാനി വിരിച്ചതുപോലുണ്ട്.പാറകെട്ടുകളിൽ നിന്നും വെളളം ഒലിച്ചിറങ്ങി എന്റെ നഗ്നപാദത്തിന് തണുപേകി...
470 അടി ഉയരത്തിലുളള വിന്ധ്യഗിരി കുന്നിൽ ഞങ്ങൾ ആദ്യമെത്തിയത്
ശ്രീ ആദിനാഥ് തീർത്ഥങ്കരയുടെ വിഗ്രഹമുളള അമ്പലത്തിലായിരുന്നു.
പൂജാരി ഞങ്ങളുടെ നെറ്റിയിൽ ചന്ദനം തേച്ചുകൊണ്ട് ബാഹുബലിയെ കുറിച്ച് സംസാരിച്ചു തുടങ്ങി...
ഇവിടെ പന്ത്രണ്ട് വർഷത്തിലൊരിക്കൽ മഹാമസ്തകാഭിഷേകം നടന്നു വരുന്നെന്നും
ഇനി 2018-ൽ ഗോമഡേശ്വര പ്രതിമയിൽ വെളളം,പാൽ,തേങ്ങ വെളളം,തൈര്,തേൻ എന്നിവ ഉപയോഗിച്ച് കലശാഭിഷേകം നടത്തുമെന്നും പൂജാരി പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും ഉയരമുളള ഒറ്റകൽ പ്രതിമയായ ബാഹുബലിയെ കണ്ട ഉടനെ സാഷ പേടിച്ച് കരയാനും തുടങ്ങി..
ഗോമഡേശ്വരന്റെ മുഖത്ത് ജ്ഞാനത്തിന്റെ വെളിച്ചവും അഹിംസയുടെ അടയാളവുമുളളപോലെ തോന്നി..ക്ഷേത്രത്തിന്റെ പിറകിലായി 24 തീർത്ഥങ്കരൻമാരുടെ വിഗ്രഹങ്ങളും കാണാം...
സമയം 6 മണിയോടടുത്തിരിക്കുന്നു.
ഗോമഡേശ്വരനോട് യാത്ര പറഞ്ഞുകൊണ്ട് ഞങ്ങൾ താമസസ്ഥലമായ ഹസനിലേക്ക് മടങ്ങി...
അത്താഴം കഴിച്ചതിന് ശേഷം പെട്ടെന്ന്തന്നെ കിടന്നുറങ്ങി...
പുലർച്ചെ 5 മണിക്ക് റൂം വെക്കേറ്റ്ചെയ്തു ,
ഞങ്ങൾ ഹസൻ ബസ്റ്റാന്റിലേക്ക് നടന്നു നീങ്ങി.ഇന്നത്തെ യാത്ര സ്മൃതി നഗരമായ ഹംപിയിലേക്കാണ്.
ഹസനിൽ നിന്നും 5.30 നുളള അർസികര ബസ്സിന് കല്ലുകൾ കഥ പറയുന്ന ഹംപിയിലേക്ക് പുറപെട്ടു.
അർസികരയിൽ നിന്നും ചിത്രദുർഗ ബസിന് ഹംപിയിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ പദ്ധതി.
കണ്ടക്ടറുടെ ഉപദേശമനുസരിച്ച് ഷിമോഗവഴി ഹരിഹരയിലേക്കുളള ബസിനാണ് കയറിയത്..
പ്രാതലുപോലും കഴിക്കാതെ 5 മണിക്കൂർ യാത്ര.. ഉച്ചഭക്ഷണം കഴിക്കാതെ ഹരിഹരയിൽ നിന്നും ഹംപിക്കടുത്തുളള പ്രധാന നഗരമായ ഹോസ്പേട്ടിലെത്തിയത് വൈകുന്നേരം 3 മണിക്ക്!!.കുറച്ച് ദൂരം കൂടിയെങ്കിലും
ഷിമോഗവഴിയുളള ഹംപി യാത്ര എന്തുകൊണ്ടും മനോഹരമായിരുന്നു.
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെൽപാടങ്ങളും,ചെണ്ട് മല്ലികയും,സൂര്യഗാന്ധിയും,ചോളവും കൺനിറയെ കണ്ടുകൊണ്ട് കർണ്ണാടകയിലെ ഗ്രാമപ്രകൃതിയെയാകെ ഒപ്പിയെടുത്തുകൊണ്ടുളള ബസ് യാത്ര...
ഹംപിക്കടുത്തുളള പ്രധാന നഗരമായ ഹോസ്പെറ്റിൽ പൂജാവധിയായതിനാൽ ലോഡ്ജുകളിലൊക്കെ നല്ല തിരക്കാണ്.
ഹംപിയിൽ താമസിക്കാനുളള സൗകര്യം പരിമിതമായതിനാൽ പൊതുവേ സഞ്ചാരികളൊക്കെ ഹോസ്പെറ്റിലാണ് തങ്ങാറുളളത്.ബസ് സ്റ്റാന്റിനടുത്തുളള സ്വാതി ലോഡ്ജിൽ നല്ല ഒരു മുറി തരപെടുത്തി.
ഉച്ചഭക്ഷണം വൈകുന്നേരം 4 മണിയോടുകൂടെ കഴിച്ച് റൂമിലെത്തി ഫ്രഷ് ആയതിന് ശേഷം തുംഗഭദ്ര ഡാം കാണാൻ വേണ്ടി പുറപെട്ടു..
തുംഗഭദ്ര ഡാമിലെ രാത്രി കാഴ്ച മികച്ചതായിരുന്നു..
യാത്ര ക്ഷീണം കാരണം ഉറക്കം പെട്ടെന്നായി.
ഉറക്കത്തിലൊക്കെ ഹംപി കടന്നുവന്നിരുന്നു.2006-ൽ ബി.എഡിന് പഠിക്കുമ്പോൾ ഹമ്പിയിൽ വന്നിരുന്നു..
ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ് ഹംപി!!
കാഴ്ചകളുടെ മഹാസമുദ്രം...
അതിരാവിലെതന്നെ ഹോസ്പെട്ട് ബസ് സ്റ്റാന്റിൽ നിന്നും ഞങ്ങൾ ഹംപിയിലേക്ക് ബസ് കയറി..
ബസിൽ ഉളളവരൊക്കെ ഹംപിയിലെ കാഴ്ചകളെ ആകാംഷയോടെ കാത്തിരിക്കുന്നവരായിരുന്നു...
കമലാപുരയെന്ന ചെറിയ ടൗണിലൂടെ ഞങ്ങളുടെ സ്വപ്നത്തെയും വഹിച്ചുകൊണ്ട് വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ ഹംപിയിലേക്ക് പ്രവേശിച്ചു...
■വിജയനഗര സാമ്രാജ്യം■
തുംഗഭദ്ര നദിയുടെ തെക്കേകരയിൽ വലിയ പാറക്കെട്ടുകൾ നിറഞ്ഞ കുന്നുകളാൽ ചുറ്റപെട്ട പ്രദേശത്ത് സംഗമന്റെ അഞ്ച് പുത്രൻമാർ കെട്ടിപടുത്തുയർത്തിയതാണ് വിജയനഗര സാമ്രാജ്യം..
വിജയനഗരത്തിന്റെ ഭാഗധേയങ്ങൾ നിയന്ത്രിച്ചത് സംഗമവംശം,സാലുവംശം,
തുളുവംശം,ആരവീഡു വംശം എന്നിങ്ങനെ നാല് രാജവംശങ്ങളായിരുന്നു..
കൃഷ്ണദേവരായന്റെ കാലഘട്ടത്തിലാണ് വിജയനഗര സാമ്രാജ്യത്തിലെ കലാ-സാംസ്കാരിക രംഗങ്ങൾ കൂടുതൽ സജീവമായത്.
മുസ്ലീം രാജാക്കൻമാരുടെ
ആക്രമണങ്ങൾക്കെതിരായ ഒരജയ്യ ശക്തിയായും ഹിന്ദുമത സംസ്കാരങ്ങളുടെ രക്ഷാകേന്ദ്രവുമായാണ് ഇന്ത്യാ ചരിത്രത്തിൽ വിജയനഗര സാമ്രാജ്യം വിലയിരുത്തപെടുന്നത്.
കൃഷ്ണദേവരായന്റെ മരണശേഷം വിജയനഗര സാമ്രാജ്യത്തിന്റെ പ്രതാപത്തിന് മങ്ങലേറ്റു.
1565-ൽ ഗോൽക്കണ്ട,
ബീജപൂർ,അഹമദ്നഗർ എന്നിവരുടെ ഭരണകർത്താക്കളായിരുന്ന ഡെക്കാൻ സുൽത്താൻമാർ വിജയനഗരത്തെ പരാജയപെടുത്തിയതോടെ തലസ്ഥാനമായ ഹംപിയുടെ പ്രതാപവും അവസാനിച്ചു..
ലോകത്തിലെ തന്നെ അതിമനോഹരമായ
ഒരു നഗരത്തെ ആറുമാസത്തോളം കൊളളയടിച്ചും തകർത്തും എതിരാളികൾ
തങ്ങളുടെ അധീശത്വം ഉറപ്പിച്ചു...
ഹംപി തകർത്തെറിയപെട്ട
ഒരു മഹാസാമ്രജ്യത്തിന്റെ തിരുശേഷിപ്പുകളാണ്..
■വീരുപാക്ഷ ക്ഷേത്രം■
ഹംപിയിലേക്ക് ബസിറങ്ങുമ്പോൾ തന്നെ ഞങ്ങളെ വരവേറ്റത് 165 അടി ഉയരമുളള വീരുപാക്ഷ ക്ഷേത്രത്തിന്റെ പ്രവേശനകവാടമാണ്. അമ്പലത്തിനകവും പുറവും ഒരുപോലെ വൃത്തിഹീനമായത് യുനസ്കോയുടെ പൈതൃകപട്ടികയിലുളള ഹംപിയുടെ പകിട്ട് കുറയ്ക്കുമോയെന്ന് ഞാൻ ആശങ്കപെട്ടു..
പമ്പാദേവിക്ക് ശിവനിൽ പിറന്നവനാണ് വീരുപാക്ഷ ദേവനെന്ന് ഐതിഹ്യം.
ഹൊയസാല രാജവംശത്തിന്റെ കാലത്ത് നിർമ്മിക്കപെട്ട ഈ അമ്പലം ഹംപിയിലെ ഏറ്റവും പഴക്കമുളള ക്ഷേത്രങ്ങളിലൊന്നാണ്.
വീരുപാക്ഷ ക്ഷേത്രത്തിന്റെ മുന്നിൽ തന്നെയാണ് ഒരുകാലത്ത് രത്നവും വൈരവും വിൽപന നടത്തിയിരുന്ന ഹംപി ബസാർ സ്ഥിതിചെയ്യുന്നത്. ഹംപിയിലെ ചൂട് കൂടി വരുന്നത് നടന്നുളള യാത്രയ്ക്ക് തടസമാണ്.
പവൻ എന്ന ഓട്ടോകാരൻ അഞ്ഞൂറ് രൂപയ്ക്ക്
എല്ലാ ഇടവും കാണിച്ചുതരാമെന്ന് പറഞ്ഞു.വിലപേശിയിട്ട് അഞ്ഞൂറിലെത്തിയതാണ്.
കമലാപുര റോഡിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കൃഷ്ണ ക്ഷേത്രം.1523ൽ കൃഷ്ണദേവരായൻ നിർമ്മിച്ച ക്ഷേത്രമാണിത്..
ക്ഷേത്രത്തിന്റെ മുൻവശത്ത് കൃഷ്ണ ബസാർ പരന്നുകിടക്കുന്നത് കാണാം.
ഹംപിയിലെ പ്രധാന കച്ചവട കേന്ദ്രങ്ങളിലൊന്നാണിത്.
തകർക്കപെട്ടെങ്കിലും ആകാശം മുട്ടെ ഉയർന്ന് നിൽക്കുന്ന ഹംപിയിലെ ഏറ്റവും വലിയ ഒറ്റകൽ പ്രതിമ!! ഉഗ്രനരസിംഹ അഥവ ലക്ഷ്മി നരസിംഹ.
ഈ പ്രതിമയുടെ മുഖത്ത്
സാമ്രജ്യത്വ അധിനിവേശത്തിന്റെ ക്രൂരതകളുടെ അടയാളങ്ങൾ കാണാം...
ഉഗ്രനരസിംഹ പ്രതിമയുടെ തൊട്ടപുറത്ത് ഹംപിയിലെ ഏറ്റവും വലിയ ശിവലിംഗമായ ബാദാവിലിംഗയും കാണാൻ മറക്കരുത്.12 അടി നീളമുളള ഭീമാകാര ലിംഗത്തിന്റെ അടിഭാഗം വെളളത്തിലാണ് സ്ഥിതിചെയ്യുന്നത്.
ഓട്ടോ ഡ്രൈവർ പവൻ ഹംപിയെ കുറിച്ച് ഞങ്ങളോട് മുറിയൻ ഹിന്ദിയിൽ കഥകൾ പറഞ്ഞുകൊണ്ടിരുന്നു..
ഹംപി ശരിക്കും ഒരു മുത്തശ്ശി കഥ പോലെ!!
മുത്തശികഥ ഇഷ്ടമല്ലാത്തവരായി ആരുമില്ലല്ലോ...
ഭൂമിക്കടിയിലെ ശിവക്ഷേത്രം സഞ്ചാരികൾക്ക് പ്രിയപെട്ട ഇടമാണ്.
വവ്വാലുകളുടെ ആവാസ കേന്ദ്രമായി ഈ ക്ഷേത്രം മാറിയിരിക്കുന്നു.ആദ്യകാലത്ത് വെളളം ഒഴുകിയിരുന്ന അമ്പലമായതിനാലാണ് പ്രസ്തുത പേരുകിട്ടിയത്..
അമ്പലത്തിന്റെ പുറത്ത് വെച്ച് സൈക്കളിൽ ഊരു ചുറ്റുന്ന മലയാളികളെ പരിചയപെട്ടു എഞ്ചിനീയറിങ് പഠിക്കുന്ന കോഴിക്കോട് സ്വദേശി അഭിഷേകും കൂട്ടുകാരും..
പുതിയ കാലത്തെ യുവത സഞ്ചാരികളാവുന്നതിന്റെ നല്ല ചിത്രങ്ങളാണിവർ...
രാജകൊട്ടാരത്തിന്റെ അടിത്തറ സ്ഥിതിചെയ്യുന്ന മിന്റ് മേഖല ചരിത്രകാരൻമാർക്ക് പഠനവിധേയമാക്കുന്ന പ്രധാന ഇടങ്ങളിലൊന്നാണ്.
രാജകുടുംബത്തിന്റെ ഉദ്യോഗസ്ഥരും ഉന്നതകുലീനരും താമസിച്ച മേഖലയാണിത്..ഞാൻ ക്യാമറയുംകൊണ്ട് ദീർഘനേരം ഇവിടെ ചെലവഴിച്ചു..
മതിലുകളിൽ കുതിര കുളമ്പടിയുടെ പ്രതിധ്വനി കേട്ടത് പോലെ...
■ലോട്ടസ് മഹൽ■
വിജയനഗര സാമ്രാജ്യത്തിലെ രാജ്ഞിമാരുടെ അന്തപുരം സ്ഥിതിചെയ്യുന്ന കോട്ടയ്ക്കകത്താണ് പ്രസിദ്ധമായ ലോട്ടസ് മഹൽ.വെല്ലം,ചുണ്ണാമ്പ്,കോഴിമുട്ട എന്നിവയുടെ മിശ്രിതംകൊണ്ടണ് ലോട്ടസ് മഹലിന്റെ ഭിത്തികൾ തേച്ചിരിക്കുന്നത്.രണ്ട് നിലകളുളള ലോട്ടസ് മഹൽ വാസ്തുവിദ്യയുടെ വിസ്മയമാണ്..
ലോട്ടസ് മഹലിന്റെ തൊട്ടടുത്ത് തന്നെയാണ് രാജ്ഞിയുടെ അന്തപുരം.കോട്ടകളാൽ ചുറ്റപെട്ട അന്തപുരത്തിന്റെ സംരക്ഷണത്തിന് വേണ്ടി കാവൽ മന്ദിരങ്ങളും കാണാം..
റാണിമന്ദിരത്തിനു വടക്കുകിഴക്കു ഭാഗത്തായി കൊട്ടരവളപ്പിൽ സ്ഥിതിചെയ്യുന്ന ഏക ക്ഷേത്രമാണ് ഹസാരരാമ ക്ഷേത്രം. ഒരുശ്രീരാമക്ഷേത്രമാണിത്. പതിനഞ്ചാം നൂറ്റാണ്ടിലാണിത് പണികഴിപ്പിച്ചത്. ദ്രാവിഡകലാവിരുതിന്റെ ഒരു മൂർത്തരൂപമാണ് ഈ ക്ഷേത്രം എന്നു പറയാം. ഇപ്പോൾ ഇവിടെപൂജകൾ ഒന്നും തന്നെ ചെയ്യുന്നില്ല
■പാൻ സുപാരി ബസാർ■
അമ്പലത്തിനു മുന്നിലായിക്കാണുന്ന ചെറിയൊരു ബസാറാണ് പാൻ-സുപാരി ബസാർ. തകർന്നടിഞ്ഞ കുറേ സ്തൂപങ്ങളും മണ്ഡപങ്ങളും മാത്രമേ അവിടെ കാണാനുള്ളൂ. അമ്പലത്തിലേക്കുള്ള വഴിയുടെ രണ്ടു ഭാഗങ്ങളിലുമായി ഇവ ചിതറിക്കിടക്കുന്നു.
■ആനപ്പന്തി■
രജ്ഞിയുടെ കൊട്ടാരവളപ്പിനു പുറത്ത്(ലോട്ടസ് മഹൽ സമുച്ചയം) കിഴക്കുഭാഗത്തായി കുതിരലായവും ആനപ്പന്തിയും സൈനികർക്ക് താമസിക്കാനുള്ള പാർപ്പിടവും കാണാവുന്നതാണ്, അറബിക് പേർഷ്യൻഇന്ത്യൻ സംസ്ക്കാരങ്ങളുടെ ഒരു സമന്വയമാണ് ആ ആനപ്പന്തി.
ഹംപിയിൽ ആഘോഷിക്കപ്പെട്ടിരുന്ന ഏറ്റവും പ്രധാന ഉൽസവമായിരുന്നു മഹാനവമി. രാജാവ് അതിഥികളെ സ്വീകരിക്കുകയും സാമന്തരിൽ നിന്നും കപ്പം സ്വീകരിക്കുകയും ചെയ്യുന്നതിനായി നിലകൊണ്ടിരുന്ന മഹാനവമി പീഠം ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയിരുന്നു കൊണ്ടായിരുന്നു രാജാവ് നൃത്തവും സംഗീതപരിപാടികളുംഗുസ്തിമൽസരങ്ങളും വീക്ഷിച്ചിരുന്നത്.
ഉച്ചഭക്ഷണം ഹംപിയിലെ പ്രശസ്തമായ ലോഫിങ് ബുദ്ധ റസ്റ്റോറന്റിൽ നിന്നാണ് കഴിച്ചത്.ആനന്ദം എന്ന മലയാള സിനിമയിൽ വട്ടതോണിയിൽ തുംഗഭദ്രയിലൂടെ അക്കരക്കെത്തിയത് പോലെ ഞങ്ങളും എത്തി.ലോഫിങ് ബുദ്ധ പാശ്ചാത്യ ടൂറിസ്റ്റുകളുടെ കേന്ദ്രമാണ്. ഭക്ഷണം കിട്ടാൻ ഒന്നരമണിക്കൂർ കാത്തിരിക്കേണ്ടി വന്നു.സിനിമയിൽ കണ്ടതുപോലെ ബിയറൊന്നും ഇവിടെ വിൽപനയ്ക്കില്ല...
റം മിക്സ് ചെയ്ത പാനീയം ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും കുടിക്കുന്നുണ്ടായിരുന്നു...
■വിജയ വിട്ടാല ക്ഷേത്രം■
വിജയനഗരസാമ്രാജ്യത്തിന്റെ ശില്പകലയുടെ സകല സൗന്ദര്യവും നിറഞ്ഞു നിൽക്കുന്ന വിട്ടാല ക്ഷേത്രം ഒരത്ഭുതമാണ്.ക്ഷേത്രത്തിന്റെ കവാടം കടന്ന ഉടൻ ഞങ്ങൾ കണ്ടത് ശിലയിൽ നിർമ്മിച്ച വലിയ രഥമാണ്.
ക്ഷേത്രത്തിന്റെ പ്രധാന നിർമ്മിതിയിലെ തൂണുകളൊക്കെ ഓരോ സംഗീത ഉപകരണങ്ങളുടെ ശബ്ദം പുറപെടുവിക്കുന്നു..!!
വൈകുന്നേരം 6 മണിയോടെ ഹംപിയിൽ നിന്നും ഞങ്ങൾ ഹോസ്പെറ്റിലെത്തി..
ഹംപി ശരിക്കും എന്നെ സ്വാധിനിച്ചിരിക്കുന്നു..
പാറകൂട്ടങ്ങളും ശിലാനിർമ്മിതികളും മനസിൽ കുളിർ മഴപെയ്യിച്ചത് പോലെ...
ഹംപി നീ ശരിക്കും സുന്ദരിയാണ്..
മറ്റേത് നിർമ്മിതിയേക്കാളും ഒരുപിടി മുന്നിൽ ...
രാത്രി 8.30 -ന്റെ മംഗലാപുരം ബസിന് ഞങ്ങൾ ഹോസ്പെറ്റിൽ നിന്നും യാത്ര തിരിച്ചു...
ഷിനിത്ത് പാട്യം &നീനു &സാഷ