12/04/2024
**വസന്തം: പ്രകൃതിയുടെ പുനരുജ്ജീവനം**
യൂറോപ്പിൽ സ്പ്രിംഗ് സീസൺ ആരംഭിക്കുന്നത് മാർച്ച് 21 മുതലാണ്. വസന്തകാലത്തിന്റെ ആരംഭം എന്ന് പറഞ്ഞാൽ ചങ്ങമ്പുഴ പാടിയതുപോലെയാണ് എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ പൂത്ത മരങ്ങൾ മാത്രം അതെ വർണ്ണപ്പൂക്കുട നിവർത്തി നിൽക്കുന്ന വസന്തത്തിന്റെ വിസ്മയകാഴ്ചകൾ കാണാൻ എന്തൊരു ചേലാ.
മഞ്ഞിന്റെ മരവിപ്പിൽ തരിശ് ആയി കിടന്ന മണ്ണിൽ ഇളം പുൽനാമ്പുകൾ കിളിർക്കുന്നു, മരങ്ങളും ചെടികളും തളിർക്കുകയും പൂവിടുകയും ചെയ്യുന്നു. യൂറോപ്പിൽ വസന്തം ആരംഭിക്കുന്നത് തന്നെ ഇലചൂടും മുൻപേ പൂചൂടുന്ന മഗ്നോളിയം ചെറി എന്നീ മരങ്ങളിലൂടെയാണ്. ടുലിപ്പു തുടങ്ങി ഒത്തിരി ചെറുപൂക്കളും വസന്താഗമനം വിളിച്ചോതുന്നുണ്ട്.
മഞ്ഞുകാലത്തിന്റെ മങ്ങലിനു ശേഷം വസന്തത്തിന്റെ വെളിച്ചം വീശുന്നത് പുനരുദ്ധാനത്തിലേക്കാണ്. ലോകത്തിന്റെ സർവ്വ കോണുകളിലും ഊർജ്ജവും ഉന്മേഷവും നിറയ്ക്കുന്ന വസന്തത്തിന്റെ പ്രാധാന്യവും പ്രത്യേകതകളും എന്തൊക്കെയാണെന്ന് നോക്കാം.
പുനർജന്മത്തിന്റേയും പുതുക്കലിന്റെയും കാലഘട്ടമാണ് വസന്തം. ശീതകാലത്തിന്റെ തണുത്ത നിദ്രയ്ക്ക് ശേഷം ലോകത്തിന് പുതു ഉണർവുമായി വസന്തകാലം വന്നണയുന്നു. ഭൂമി സൂര്യനോട് അടുക്കുന്ന Spring സീസണിൽ, യൂറോപ്പിലാകെ താപനില ഉയരുകയും മഞ്ഞ് ഉരുകുകയും ചെയ്യുന്നു. അപ്പോൾ അഴിച്ചു വച്ച ആടയാഭരണങ്ങൾ ഒരോന്നായ് എടുത്ത് അണിഞ്ഞ് പ്രകൃതി ആരേയും മോഹിപ്പിക്കുന്ന ബഹുവർണ്ണ ചിത്രരൂപദർശിനിയായി മാറുന്നു.
മഞ്ഞ് മൂടി തരിശായി കിടന്ന നിലങ്ങളിൽ ഇളം പച്ചപ്പുല്ലുകളും, മരങ്ങളിൽ അതിലോലമായ കുഞ്ഞിലകളും, ചെടികളിൽ വർണ്ണാഭമായ പൂക്കളും വിരിയുന്നു. പക്ഷികളുടെ ശ്രുതിമധുരമായ പാട്ടുകൾ വായുവിൽ നിറയുന്നു. മൃഗങ്ങൾ ശീതകാലനിദ്രയിൽ നിന്ന് ഉണരുന്നു. വസന്തം ഭൂമിയുടെ എല്ലാ കോണുകളിലും ചൈതന്യം വാരിക്കോരി നിറയ്ക്കുന്നു. അത് എല്ലാ ജീവജാലങ്ങൾക്കും ഊർജ്ജവും ഉന്മേഷവും പ്രദാനം ചെയ്യുന്നു.
മഞ്ഞുകാലത്തിന്റെ മങ്ങിയ ഏകാന്തതയ്ക്ക് ശേഷം, വസന്തത്തിന്റെ കടന്നു വരവ് ശുഭാപ്തിവിശ്വാസവും പ്രതീക്ഷയും ഉണർത്തുന്നു. നീണ്ടുനിൽക്കുന്ന പകലുകളും ചൂടുകൂടുന്ന താപനിലയും ജീവിതത്തിന് നവോന്മേഷം പകരുന്നു.
ശൈത്യകാലത്തെ അലസത ഒഴിവാക്കാനും പുതിയ തുടക്കങ്ങൾ സ്വീകരിക്കാനും ഇത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. വളർച്ചയുടെയും സാധ്യതയുടെയും സീസണായ വസന്തത്തിൽ, സ്വപ്നങ്ങൾ വേരുപിടിക്കുകയും അഭിലാഷങ്ങൾ ഒരു ചെറിമരം പൂക്കുന്നതുപോലെ തഴച്ചുവളരുകയും ചെയ്യുന്നു.
വസന്തത്തിന്റെ സൗന്ദര്യം അതിന്റെ ദൃശ്യഭംഗിയിൽ മാത്രമല്ല, അതിന്റെ ഇന്ദ്രിയസുഖങ്ങളിലുമാണ്. സുഗന്ധം പരത്തി വിരിഞ്ഞുനിൽക്കുന്ന പൂക്കൾ, പല പല കിന്നാര കഥകൾ കാതിൽ മന്ത്രിക്കുന്ന മൃദുവായ കാറ്റ്, തളിരിട്ട ഇലകളുടെ മേലാപ്പിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം. ലോകം നിറങ്ങളുടെയും ശബ്ദങ്ങളുടെയും സൗരഭ്യവാസനകളുടെയും ഒരു സിംഫണിയിലേക്ക് തനേ ഉയരുന്നു, അതിന്റെ ആലിംഗനത്തിൽ മുഴുകാനായി പ്രകൃതി നമ്മെയും ക്ഷണിക്കുന്നു.
ലോകമെമ്പാടുമുള്ള വിവിധ സാംസ്കാരിക, മത പാരമ്പര്യങ്ങളിൽ വസന്തത്തിന് വലിയ പ്രാധാന്യമുണ്ട്.
ദൈർഘ്യമേറിയ പകലുകളും നല്ല സൂര്യപ്രകാശവും ലഭിക്കുന്നതോടെ മാനസികാവസ്ഥയും ഊർജ്ജ നിലയും മെച്ചപ്പെടുന്നു. ഇത് വിന്റർ ബ്ലൂസും സീസണൽ അഫക്റ്റീവ് ഡിസോർഡറും ഇല്ലാതാക്കുന്നു.
കലപില ചിലക്കുന്ന പക്ഷികളുടെ ശബ്ദത്തിനും പൂത്തു വിരിഞ്ഞുനിൽക്കുന്ന പൂക്കളുടെയും തളിർത്ത മരങ്ങളുടേയും കാഴ്ചകൾക്കും ആനന്ദത്തിന്റേയും, ആഹ്ലാദത്തിന്റേയും ഗൃഹാതുരത്വത്തിന്റെയും നന്ദിയുടെയും വികാരങ്ങൾ ഉണർത്താനും പ്രകൃതിയുമായുള്ള മനുഷ്യന്റെ പരസ്‌പര ബന്ധത്തിന്റെ അബോധം വളർത്തിയെടുക്കാനും Spring സീസണു കഴിയുന്നു.
വസന്തംകാലം സമാനതകളില്ലാത്ത സൗന്ദര്യത്തിന്റെയും പ്രാധാന്യത്തിന്റേയും ഒരു സീസണാണ്, ഇത് പുതു ജീവന്റെ വിജയകരമായ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നു. നിറവും ചൈതന്യവും പ്രതീക്ഷയും കൊണ്ട് നിറയ്ക്കുന്നു, പുതിയ തുടക്കങ്ങൾ സ്വീകരിക്കാനും നവീകരണത്തിന്റെ അത്ഭുതം ആഘോഷിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നു. പ്രകൃതിയുടെ പുനർജ്ജീവനത്തിന്റെ മാതൃക പിൻതുടർന്ന് ശീതകാലത്തിന്റെ ഇരുട്ടിൽ നിന്ന് വസന്തത്തിന്റെ വെളിച്ചത്തിലേക്ക് നമുക്ക് ഉണരാം.
എത്ര വാടി കരിഞ്ഞാലും വേരുറച്ചു നിൽക്കുക... വസന്തം നമ്മെ കാത്തിരിപ്പുണ്ട്.
Swiss Sanchari