07/02/2022
ആരും കാണാത്ത നാട്...അമ്പൂരിയെ അറിയാം...
അമ്പൂരി...തിരുവന്തപുരത്തിന്റെ അങ്ങേയറ്റത്തു അധികമാരും അറിയാതെ കിടക്കുന്ന ഒരിടം...എന്നാൽ ഒരിക്കൽ ഇവിടെ എത്തിയാലോ...ഹൊ! ഒന്നും പറയേണ്ട...ഇത്രയും മനോഹരമായ ഒരിടം തിരുവനന്തപുരത്ത് വേറെ കാണില്ല എന്നു തന്നെ പറയേണ്ടേ വരും.... വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴികളും അതിനൊപ്പം തന്നെ പായുന്ന നെയ്യാറും റബർ തോട്ടങ്ങളും ഒക്കെയായി കിടക്കുന്ന ഈ നാട് അതിശയിപ്പിക്കുംഎന്നതിൽ സംശയമില്ല. തിരുവനന്തപുരം സഞ്ചാരികൾക്കായി സൂക്ഷിച്ചിരിക്കുന്ന അമ്പൂരിയുടെ വിശേഷങ്ങൾ....
അമ്പൂരി തിരുവനന്തപുരം ജില്ലയിലെ അധികം അറിയപ്പെടാതെ കിടക്കുന്ന ഇടങ്ങളിലൊന്നാണ് അമ്പൂരി. വൈവിധ്യങ്ങൾ കൊണ്ട് ഏതൊരു സഞ്ചാരിയെയും ആകർഷിക്കുവാൻ കഴിയുന്ന ഇവിടം തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
പേരുവന്ന വഴി അമ്പൂരി എന്ന വ്യത്യസ്തമായ പേരു വനന്തിനു പിന്നിൽ ഒരു കഥയുണ്ട്. മാർത്താണ്ഡ വർമ്മ രാജാവിന്റെ വില്ലളികളിൽ പ്രമുഖനായിരുന്നുവത്രെ ചടച്ചി മാർത്താണ്ഡൻപിള്ള. ഒരിക്കൽ ഒറ്റശേഖരമംഗലത്തു നിന്നും അദ്ദേഹം ഒരിക്കൽ ഒരു അമ്പെയ്ത്തു മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. അതിൽ അദ്ദേഹം എയ്ത അമ്പ് കുറേ അകലെയുള്ള ഒരു മരത്തിൽ തറച്ചു. അങ്ങനെ അത് ഊരിടെയുത്ത് ആ മരത്തിൽ പ്രത്യേക അടയാളം സ്ഥാപിച്ചു. അങ്ങനെ അമ്പൂരിയ സ്ഥലമാണ് പിന്നീട് അമ്പൂരി എന്നറിയപ്പെടുന്നതത്രെ.
ഗ്രാമീണ കാഴ്ചകൾ
പേരുകേട്ട വലിയ ഒരു നഗരം ഒന്നുമല്ല ഇമ്പൂരി. തികച്ചും സാധാരണക്കാരായ ആളുകൾ താമസിക്കുന്ന,ഗ്രാമീണതയുടെ നമ്മകൾ നിറഞ്ഞ ഒരിടം. കാഴ്ചകളിലെ വൈവിധ്യം നിറഞ്ഞു നിൽക്കുന്ന ഇവിടം പക്ഷേ, സഞ്ചാരികൾക്കിടയിൽ അധികം അറിയപ്പെടുന്ന ഒരിടമല്ല.
നെയ്യാറിന്റെ തീരത്തെ ഗ്രാമം
അമ്പൂരിയെട ചുറ്റിയൊഴുകുന്ന നെയ്യാറാണ് അമ്പൂരിയെ മനോഹരമാക്കുന്നത്. ഇതിന്റെ തെളിമയുള്ള വെള്ളവും കരയിലെ കാഴ്ചകളും റബർ തോട്ടങ്ങളും വളഞ്ഞു പുളഞ്ഞ് എങ്ങോട്ടോ പോകുന്ന പാതകളും ഒക്കെക്കൂടി അമ്പൂരിയെ ഒരു സ്വര്ഗ്ഗമാക്കി മാറ്റുന്നു....
ഞണ്ടുപാറ മുതൽ പുരവിമല വരെ
അമ്പൂരിയെന്ന ഗ്രാമത്തിലെ കാഴ്ചകൾ മാത്രം കണ്ടാൽ യാത്ര ഒരിക്കലും പൂർത്തിയാവിലല്. ഇവിടുത്തെ മറ്റിടങ്ങളായ ദ്രവ്യപ്പാറ, മായം, നെല്ലിക്കാമല, ഞണ്ടുപാറ, പുരവിമല തുടങ്ങിയ സ്ഥലങ്ങളും ഇവിടെയുണ്ട്.
ദ്രവ്യപ്പാറ
അമ്പൂരിയിലെ ഏറ്റവും മനോഹരമായ വ്യൂ പോയിന്റ് എന്നു വിശേഷിപ്പിക്കുവാൻ പറ്റിയ ഇടമാണ് ദ്രവ്യപ്പാറ. ഈ പാറയുടെ മുകളിൽ നിന്നുള്ള കാഴ്ചകൾ ഗംഭീരമാണ്. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മലകളുടെ കാഴ്ചയാണ് ദ്രവ്യപ്പാറ സമ്മാനിക്കുന്നത്.
കാളിമല
അമ്പൂരിയ്ക്ക് സമീപത്തുള്ള മറ്റൊരു സ്ഥലമാണ് കാളിമല. മലകയറ്റത്തിൽ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടമാണിത്. ബഹളങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നും ഒക്കെ മാറി ക്യാംപിങ്ങിനും ട്രക്കിങ്ങിനും ഒക്കെ പറ്റിയ ഇടം കൂടിയാണിത്.
ബൈക്ക് ടാക്സി
മെട്രോ നഗരങ്ങളിൽ ബൈക്ക് ടാക്തി എന്ന പദ്ധതി വരുന്നതിനു മുൻപേ ബൈക്ക് ടാക്സി സർവ്വീസ് തുടങ്ങിയ നാടാണ് അമ്പൂരി. ഇന്നും ഇവിടെ ബൈക്ക് ടാക്സികൾക്ക് പ്രചാരമുണ്ട്.
ധൈര്യത്തിൽ വരാം
സഞ്ചാരികൾക്കും തിരുവനന്തപുരത്തു നിന്നും ഒറ്റ ദിവസത്തെ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്കും ധൈര്യപൂർവ്വം പരീക്ഷിക്കുവാൻ പറ്റിയ ഇടമാണ് അമ്പൂരി. ഹോട്ടലുകളും താമസ സൗകര്യങ്ങളും അടക്കം എല്ലാം ഇവിടെ ലഭ്യമാണ്.
റബർ തോട്ടങ്ങളുടെ നാട്
പുഴയുടെ ഭംഗി കൊണ്ടും പച്ചപ്പിന്റെ സമൃദ്ധി കൊണ്ടും മനോഹരമായിരിക്കുന്ന ഇവിടുത്തെ മറ്റൊരു കാഴ്ചയാണ് കണ്ണെത്താദൂരത്തോളം കിടക്കുന്ന റബർതോട്ടങ്ങൾ. റോഡിനിരുവശവും നിറഞ്ഞു നിൽക്കുന്ന തോട്ടങ്ങളും അതിനുള്ളിവെ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും ഒക്കെ അമ്പൂരിയെ മനോഹരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
ഫോട്ടോഗ്രഫി
തനിനാടൻ കാഴ്ചകൾ കൊണ്ട് ഫോട്ടോഫ്രെയിമുകൾ തീർക്കുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ ഇടമാണ് ഇവിടം. കാടിന്റെ കാഴ്ചകളും റബർതോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും നെയ്യാർ നദിയുടെ കാഴ്ചകളും ഒക്കെയായി മനോഹരമായ കാഴ്ചകളാണ് ഇവിടുത്തേത്
സമീപത്തെ കാഴ്ചകൾ
നെയ്യാർ ഡാം, വന്യജീവി സങ്കേതം, കോട്ടൂർ വനം, പേപ്പാറ വന്യജീവി സങ്കേതം, മലകൾ, ട്രക്കിങ്ങി പോയന്റുകൾ തുടങ്ങിയവയാണ് അമ്പൂരിയിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.
നെയ്യാർ വന്യജീവി സംരക്ഷണ കേന്ദ്രം
കേരളത്തിലെ തന്നെ പ്രശസ്തമായ വന്യജീവി സങ്കേതങ്ങളിലൊന്നാണ് നെയ്യാർ വന്യജീവി സംരക്ഷണ കേന്ദ്രം. തിരുവനന്തപുരത്തു നിന്നും 32 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. നെയ്യാർ അണക്കെട്ടിന്റെ റിസർവോയറിനോട് ചേർന്നു കിടക്കുന്ന ഈ വന്യജീവി സങ്കേതം ഒര ചീങ്കണ്ണി വളർത്തൽ കേന്ദ്രം കൂടിയാണ്.
പേപ്പാറ വന്യജീവി സങ്കേതം
തിരുവനന്തപുരത്തു നിന്നും 509 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര ഇടമാണ് പേപ്പാറ. സാഹസിക സഞ്ചാരികളുടെയും കാട്ടിലൂടെയുള്ള യാത്രകൾ ഇഷ്ടപ്പെടുന്നവരുടെയും ഡെസ്റ്റിനേഷനാണിത്.
എത്തിച്ചേരാൻ
തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കാട്ടാക്കട-കള്ളിക്കാട് വഴി പോകുന്നതാണ് എളുപ്പത്തിൽ എത്തിച്ചേരുവാൻ നല്ലത്.