15/05/2022
#ലജ്ജാവതിയായ_ആയിശ
ഹിജ്റ 23. ദുൽഹിജ്ജ 26. ഹജ്ജ് കർമം കഴിഞ്ഞു മദീനയിലെത്തിയ ഖലീഫ ഉമർ(റ) നമസ്ക്കാരത്തിനു നേതൃത്വം നൽകി കൊണ്ടിരിക്കെ മജൂസി മതക്കാരനായ അബൂലുലു ഫൈറൂസ് പള്ളിയിൽ നുഴഞ്ഞു കയറി ആഞ്ഞു കുത്തി. കുത്തേറ്റ് ഖലീഫ ബോധരഹിതനായി വീണു. തടയാൻ ശ്രമിച്ച 13 പേരെയും അയാൾ കുത്തി. 6 പേരും തൽക്ഷണം മരിച്ചു.
കഴുത്തിനു താഴെ ആഴത്തിലുള്ള ആ കുത്ത് ഖലീഫയുടെ മരണമുറപ്പിച്ചു. വായയിലൂടെ നൽകുന്ന മരുന്നുകൾ മുറിവിലൂടെ പുറത്തു വരാൻ തുടങ്ങി. ഇടയ്ക്ക് ബോധം വന്ന ഉമർ(റ) താൽക്കാലിക ഭരണത്തിന് ആളെ നിശ്ചയിച്ചു. അടുത്ത ഖലീഫയെ തെരഞ്ഞെടുക്കാൻ ഒരുക്കങ്ങൾ നടത്താൻ ഉത്തരവിട്ടു.
ഇനി ഉമറിന് ഒരു ആഗ്രഹം കൂടി ബാക്കിയുണ്ട്. പ്രവാചക തിരുമേനിയുടെയും സന്തത സഹചാരി അബൂബക്റിൻ്റെയും സമീപം അന്ത്യവിശ്രമം കൊള്ളണം. മരണാനന്തര കിടപ്പും നബിയോടൊപ്പമാകണം. പക്ഷേ, ഒരു പ്രശ്നമുണ്ട്. നബിയും സ്വിദ്ദീഖും കിടക്കുന്നത് ആയിശ(റ)യുടെ വീട്ടിലാണ്. അവിടെ തനിക്ക് പോയി കിടക്കണമെങ്കിൽ ആയിശയുടെ അനുമതി വേണം.
പുത്രൻ അബ്ദുല്ലയെ ഉമർ(റ) അടുത്തേക്ക് വിളിച്ചു. തൻ്റെ ആഗ്രഹം പറഞ്ഞു. അതിന് സമ്മതം നൽകാൻ ആയിശയോട് അഭ്യർത്ഥിക്കണമെന്നു പറഞ്ഞു മകനെ അങ്ങോട്ടയച്ചു. ആയിശ(റ)യുടെ അടുത്തെത്തി അബ്ദുല്ല, പിതാവിൻ്റെ ഒസ്യേത്ത് പറഞ്ഞു. ആ അപേക്ഷ തള്ളിക്കളയാൻ അവർക്കായില്ല. അബ്ദുല്ലയോട് ആയിശ(റ) പറഞ്ഞു: ''ഇത് ഞാൻ എൻ്റെ ഖബറിടത്തിനു വേണ്ടി കണ്ടുവച്ച സ്ഥലമായിരുന്നു. പക്ഷേ, ഖലീഫ ഇങ്ങനെ ഒരാഗ്രഹം പറയുമ്പോൾ എനിക്കത് തള്ളിക്കളയാനാകില്ല. ഉമറിനെ ഇവിടെ ഖബറടക്കാൻ ഞാൻ സമ്മതിക്കുന്നു.."
പിതാവിൻ്റെ അന്ത്യാഭിലാഷം നിറവേറുന്ന സന്തോഷ വാർത്തയുമായി അബ്ദുല്ല ഓടിയെത്തി. ആയിശ സമ്മതിച്ച വിവരം ഖലീഫയോട് പറഞ്ഞു. അതുകേട്ടപ്പോൾ ഉമർ(റ) ഹംദ് ചൊല്ലി അല്ലാഹുവിനെ സ്തുതിച്ചു. ഏറ്റവും വലിയ ഭാഗ്യമെന്നു പറഞ്ഞു സന്തോഷിച്ചു. പക്ഷേ, എന്നിട്ടും ഖലീഫക്ക് പൂർണ സംതൃപ്തിയായില്ല. ചുറ്റും ഉണ്ടായിരുന്നവരോടായി ഉമർ(റ) പറഞ്ഞു: "ഒരുപക്ഷേ, ഞാൻ ഖലീഫയാണല്ലോ എന്ന പരിഗണന വച്ചു ആയിശ സമ്മതിച്ചതാകാം. ഭരണാധികാരിയെ വെറുപ്പിക്കേണ്ടന്നു വച്ചു അനുവദിച്ചതാകാം. അതുകൊണ്ട് ഞാൻ മരണപ്പെട്ടു കഴിഞ്ഞാൽ ഒരിക്കൽ കൂടി നിങ്ങൾ അവരോട് സമ്മതം ചോദിക്കുക. അനുവദിച്ചാൽ മാത്രം അവിടെ അടയ്ക്കുക. ഇല്ലെങ്കിൽ മുസ് ലിംകളുടെ പൊതു ഖബറിസ്ഥാനിലും..."
ഉമർ(റ) കണ്ണടച്ചു. സ്വഹാബികൾ ആ ജനാസയുമായി ആയിശ(റ)യുടെ വീട്ടുപടിക്കൽ ചെന്നു. അബ്ദുല്ലാഹി ബിൻ ഉമർ(റ) ഒരിക്കൽ കൂടി ആയിശ(റ)യോട് സമ്മതം ചോദിച്ചു. സമ്പൂർണ സംതൃപ്തിയോടെ അവർ അവിടെ അടക്കം ചെയ്യാൻ അനുമതി നൽകി. അങ്ങനെ ജീവിതത്തിലെന്ന പോലെ മരണാനന്തരവും, നബിയുടെയും സ്വിദ്ദീഖിൻ്റെയും ചാരത്ത് ഉമറുൽ ഫാറൂഖും വന്നണഞ്ഞു.
ഭർത്താവും പിതാവും അന്ത്യവിശ്രമം കൊള്ളുന്ന വീട്ടിൽ, അവരുടെ ജീവിതകാലത്തുള്ളതുപോലെ ആയിശ(റ) പെരുമാറി. അവരുടെ മുന്നിൽ പോലെ വസ്ത്രം ധരിച്ചു. പക്ഷേ, ഉമർ(റ) കൂടി ഖബറടക്കപ്പെട്ടതോടെ ആയിശയുടെ ശൈലി മാറി. വേഷവിധാനങ്ങളിലും ഇടപെടലുകളിലും അവിടെ ജാഗ്രത പാലിക്കാൻ തുടങ്ങി. വസ്ത്രം പൂർണയായി ധരിച്ചും ശ്രദ്ധിച്ചും മാത്രം അവർ ആ മുറിയിൽ പ്രവേശിച്ചു. അക്കാര്യം ആരോ ചോദിച്ചപ്പോൾ ആയിശ(റ) പറഞ്ഞ മറുപടി ഇങ്ങനെ: "ഉമർ അവിടെ ഉണ്ടാകുമ്പോൾ എനിക്ക് നാണമാണ്..."
Anwar Sadiq faizy Tanur
(ബുഖാരി 3700, ബൈഹഖി: സുനൽ കുബ്റാ 7333, മുസ്നദ് അഹ്മദ്: 25701, ഹാകിം: മുസ്തദ്റക് 4402)