06/10/2018
അങ്കമാലി
---------------
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും ദേശീയപാത 544-ന്റെയും എം.സി. റോഡിന്റെയുംഅരികിലായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് അങ്കമാലി. കൊച്ചി നഗരത്തിൽ നിന്ന് 30 കിലോമീറ്റർ വടക്ക് വശത്തായാണ് അങ്കമാലിയുടെ സ്ഥാനം. പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ, വിദേശികളെ അങ്കമാലിയിലേക്ക് ആകർഷിച്ചിരുന്നു. ഇന്നും സുഗന്ധദ്രവ്യങ്ങൾ അങ്കമാലിയുടെ സമ്പദ്‌വ്യവസ്ഥയിൽ ഒരു വലിയ പങ്കുവഹിക്കുന്നു. ജലസേചനസൗകര്യംകൊണ്ട് സമ്പന്നമായ ഒരു കാർഷികമേഖല അങ്കമാലിക്കുണ്ട്.എം.സി. റോഡും ദേശീയപാത 544-ഉം ഒത്തുചേരുന്ന ഒരു പട്ടണമാണ് അങ്കമാലി. തെക്ക് ആലുവ, കാലടി വടക്ക് ചാലക്കുടി, കിഴക്ക് പശ്ചിമഘട്ടം, പടിഞ്ഞാറ് പറവൂർ,മാള, എന്നീ സ്ഥലങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അങ്കമാലിയ്ക്കടുത്തുള്ളനെടുമ്പാശ്ശേരി എന്ന സ്ഥലത്താണുള്ളത്
പുരാതനകാലം മുതൽക്കേ മലഞ്ചരക്കു വിപണിയായിരുന്നു അങ്കമാലി. ഇതിനുചുറ്റുമുള്ള പതിനെട്ടര ചേരികൾ ഉൾപ്പെടുന്ന ജനപദം കേരളത്തിൽ തന്നെ ഏറ്റവും സാന്ദ്രതയുള്ള ക്രിസ്ത്യൻ ജനപദമാണ്.സുറിയാനി ക്രിസ്ത്യാനികളുടെ ആദ്യ കാലത്തെ പ്രധാന ഭരണകേന്ദ്രം ഇവിടെയായിരുന്നു. സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുളള സ്ഥലമാണ് ഇത്. പോർത്തുഗീസുകാരുടെ വരവിനു മുൻപ് സുറിയാനിസഭയുടെയും, ആദ്യത്തെ പോർത്തുഗീസ് ബിഷപ്പിന്റെയും ആസ്ഥാനമായിരുന്നു അങ്കമാലി. അവസാനത്തെ വിദേശബിഷപ്പായിരുന്ന മാർ അബ്രഹാമിന്റെ മൃതദേഹം അടക്കംചെയ്യപ്പെട്ട (1597) സെന്റ് ഹോർമീസ് ചർച്ച് (സ്ഥാപനം 480-ൽ) ഉൾപ്പെടെ പല പ്രസിദ്ധ ദേവാലയങ്ങളും ഇവിടെയുണ്ട്.
ശ്രീ ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിഇവിടെനിന്നും 7 കിലോമീറ്റർ ദൂരത്താണ്. അങ്കമാലി റെയിവേ സ്റ്റേഷനെ കാലടിയിലേയ്ക്ക്- അങ്കമാലി (Angamaly for Kalady) എന്നാണ് രേഖപ്പെടുത്തുന്നതു തന്നെ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അങ്കമാലിക്ക് തൊട്ടടുത്താണ്. മലയാറ്റൂർ, കാലടി,നെടുമ്പാശ്ശേരിഎന്നിവിടങ്ങളിലേയ്ക്കുള്ളപ്രവേശന കവാടമാണ് അങ്കമാലി എന്നു പറയാം.
മലയാള ഭാഷക്ക് വളരേയെറേ സംഭാവനകൾ നൽകിയിട്ടുള്ള അർണ്ണോസ് പാതിരിയെ സംസ്കൃതം പഠിപ്പിച്ചത് അങ്കമാലിക്കരായ കുഞ്ഞൻ, കൃഷ്ണൻ എന്നീ രണ്ടു നമ്പൂതിരിമാരായിരുന്നു. അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ ഇത് അനന്യഭൂഷണമായ കാര്യമായിരുന്നു
ചേരന്മാരുടെ കീഴിലായിരുന്ന ഇവിടം കലക്രമത്തിൽ കൊച്ചിയുടെയുംതിരുവിതാംകൂറിന്റെയും കീഴിലായി. കൊച്ചി രാജാവിന്റെ സാമന്തനായിരുന്ന ആലങ്ങാട്ടു രാജാവാണ് ഇവിടം ഏറെ നാൾ ഭരിച്ചിരുന്നത്. ഇത് 17-ആം നൂറ്റാണ്ടുവരെ തുടർന്നു. അതിനു വളരെ മുന്നേ തന്നെ ജൈനരും ബുദ്ധമതക്കാരും ഇവിടെയുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്.കോതകുളങ്ങര, ചെങ്ങമനാട് എന്നീ സ്ഥലങ്ങളായിരുന്നു ജൈനരുടെ വിഹാരം. മലയാറ്റൂർ ബുദ്ധകേന്ദ്രവുമായിരുന്നു. ശ്രീമൂലവാസത്തിലേക്ക് അങ്കമാലിയിൽ നിന്ന് പുഴമാർഗ്ഗം ഉണ്ടയിരുന്നതായും രേഖകൾ കാണുന്നു. ഉത്തരേന്ത്യയിൽ നിന്ന് ശ്രീമുലാവാസത്തലേക്കുള്ള വഴിയിലാണ് അങ്കമാലി എന്നത് അങ്കമാലിയിൽ നിന്ന് കിട്ടിയ ഉത്തരേന്ത്യൻ നാണയങ്ങൾ ബുദ്ധമതക്കാർ കൊണ്ടുവന്നതാവാനുള്ള സാധ്യതക്ക് ബലം നൽകുന്നു. [3]അങ്കമാലിക്കടുത്തുള്ള ഇളവൂർ തൂക്കം ബുദ്ധമതക്കാർ തുടങ്ങിവച്ച ആചാരങ്ങളുടെ ഭാഗമാണ് എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ഇന്ന് മലയാറ്റൂർ പള്ളി സ്ഥിതി ചെയ്യുന്ന മലക്കരികിൽ ബുദ്ധമത സന്യാസിമാരുടെ ക്ഷേത്രമുണ്ടായിരുന്നതിന്റെ തെളിവ് എന്നോണം പാറയിൽ കൊത്തി വക്കപ്പെട്ട വലിയ കാല്പാദം കാണാം. നസ്രാണികളുടെ ചരിത്രത്തിൽ പ്രത്യേക സ്ഥാനമാണ് അങ്കമാലിക്കുള്ളത്. ക്രി.വ. 409-ൽ സ്ഥാപിക്കപ്പെട്ടു എന്നു പറയ്പ്പെടുന്ന വി. മറിയത്തിന്റെ നാമഥേയത്തിലുള്ള സുറിയാനിപള്ളി ഇവിടം ക്രിസ്ത്യാനികളുടെ കേന്ദ്രമാകുന്നതിനു മുന്നേ തന്നെ ഉണ്ടായതാണ്.
ക്രി.വ. 58 ൽ തോമാശ്ലീഹ കൊടുങ്ങല്ലൂർവന്നിറങ്ങിയശേഷം മാള വഴി അദ്ദേഹം അങ്കമാലിയിലെ അങ്ങാടിക്കടവിൽ വന്നിറങ്ങി എന്നും ഇവിടെ നിന്നാണ് മലയാറ്റൂരിലെ ബുദ്ധകേന്ദ്രം ലക്ഷ്യമാക്കി പോയത് എന്നും കരുതുന്നു. [1] 9-ആം നൂറ്റാണ്ടിൽ വിദേശീയരായ മുഹമ്മദീയന്മാരുടെ സഹായത്തോടെ സാമൂതിരി കൊടുങ്ങല്ലൂർ പട്ടണം ആക്രമിച്ച് നശിച്ചപ്പോൾ ക്രിസ്ത്യാനികൾഅവിടെനിന്നു പാലായനം ചെയ്തു. അതിൽ ഒരു വിഭാഗം ആലങ്ങാട്ട് രാജാവിനെ ആശ്രയിക്കുകയും അങ്കമാലിയിൽ വേരുറപ്പിക്കുകയും ചെയ്തു. അവർ അവിടെ ഒരു പട്ടണം സ്ഥാപിക്കുകയും പള്ളിയും മറ്റു വിഹാരകേന്ദ്രങ്ങൾ പണിയുകയും ചെയ്തു. ക്രി.വ. 822-ല് എത്തിയ മാർ സബർ ഈശോമാർ അഫ്രോത്ത് എന്നിവർ അകപ്പറമ്പ്എന്ന സ്ഥലത്ത് പള്ളി സ്ഥാപിച്ചു. ഇതിനു ശേഷമാണ് തരിസാപ്പള്ളി നിർമ്മിക്കുന്നത്. ഇതിനു മുന്നേ തന്നെ ക്രിസ്ത്യാനികൾ ഇവിടെ വന്ന് പള്ളികളും മറ്റും പണിയുകയും ചെയ്തിട്ടുണ്ട്. അതിനേക്കാൾ വളരെ മുൻപു തന്നെ ഇവിടം സുഗന്ധദ്രവ്യങ്ങളുടെ കച്ചവട കേന്ദ്രമായിരുന്നു.
അങ്കമാലി പടിയോല കേരള ക്രിസ്തുമത ചരിത്രത്തിലെ സുപ്രധാനമായ സംഭവങ്ങളിലൊന്നാണ്. പിന്നീട് ഇവിടം ഭരിച്ചിരുന്നത് മങ്ങാട് സ്വരൂപത്തിലെതാവഴികളിലെ നാടുവാഴികളായിരുന്നു. കറുത്തതാവഴിക്കരുടെ രാജധാനി മാങ്ങാട്ടുകര ഉണ്ണിമഠവും വെളുത്ത താവഴിക്കാരുടേത് ആലങ്ങാട്ട് കോട്ടപ്പുറവും ആയിരുന്നു. എന്നാൽ ഇവ കാലക്രമത്തിൽ അന്യം വന്നു പോയി. പിന്നീട് ഇവിടത്തെ മിക്കവാറും സ്ഥലങ്ങളെല്ലാം പള്ളികളുടെ കീഴിലായീ മാറി. പോർട്ടുഗീസുകാരും ഇവിടെ കുറേക്കാലം വ്യാപരത്തിൽ ഏർപ്പെട്ടു. അവരുടെ കാലത്താണ് അങ്കമാലിയിൽ പോർക്കുകളും മറ്റും വന്നത്. പോർട്ടുഗലിൽ നഗരശുചീകരണത്തിന് സഹായിച്ചിരുന്നത് പന്നികളും പോർക്കുകളും ആയിരുന്നു.
1756 ല് സാമൂതിരി ആലങ്ങാട് ആക്രമിച്ചു കീഴടക്കിയെങ്കിലും 1762-ല് തിരുവിതാംകൂർസൈന്യം കൊച്ചി രാജ്യം രാജാവിനെ സഹായിക്കുകയും സാമൂതിരിയെ തോല്പിച്ച് ഓടിക്കുകയും ചെയ്തു ഇതിനു പകരമായിആലങ്ങാട്, പറവൂർ എന്നീ താലൂക്കുകൾ തിരുവിതാംകൂറിന് സമ്മാനമായി കൊച്ചിരാജാവ് നല്കി. അങ്ങനെ വിവിധ രാജവംശത്തിനറ്റെ ചുവട്ടിലായി മാറി മാറി ഭരിക്കപ്പെട്ടിട്ടുണ്ടിവിടം.
ടിപ്പു സുൽത്താൻ 1788 ഡിസംബറിൽകൊച്ചി രാജാവിനെ പാലക്കാട്ട് വച്ച് കാണുകയും തിരുവിതാംകൂറിന്റെ മേൽകോയമയിൽ നിന്ന് വിടുവിക്കാമെന്നും പകരമായി ആലങ്ങാടും പറവൂരും കൊടുക്കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും കൊച്ചിരാജാവിനത് സ്വീകാര്യമായിരുന്നില്ല. കൊച്ചിയിലെ ഡച്ചു കോട്ടകളിലും സുൽത്താന് കണ്ണുണ്ടായിരുന്നു. എന്നാൽ സന്ധി സംഭാഷണങ്ങൾ എല്ലാം നിരാകരിച്ച കൊച്ചിയെ ശത്രുതാ മനോഭാവത്തോടെയാണ് ടിപ്പു കണ്ടത്. അതുകോണ്ടായിരിക്കണം കൊച്ചി പിടിക്കാനുള്ള ശ്രമത്തിനിടയിൽ വഴിയിൽ വച്ച് എല്ലാ പള്ളികളും ക്ഷേത്രങ്ങളും കൊള്ളയടിച്ച്, പാടങ്ങളും മറ്റും അഗ്നിക്കിരയാക്കി താറുമാറാക്കി അവർ കടന്നുപോയത്. മൈസൂരിൽ ഇംഗ്ലീഷ് പട്ടാളം അടുത്തപ്പോളാണ് ടിപ്പു പിൻവാങ്ങിയത്.
1902 ൽ എറണാകുളം -ഷൊർണ്ണൂര് തീവണ്ടിപ്പാത തുറന്നപ്പോൾ അങ്കമാലി ഒരു തീവണ്ടി സ്റ്റേഷനായി.
“അങ്കമാലി കല്ലറയിൽ നമ്മുടെ സോദരരുണ്ടെങ്കിൽ.. ആ കല്ലറയാണേ കട്ടായം പകരം ഞങ്ങൾ ചോദിക്കും“ എന്ന് അമുദ്രവാക്യമാണ് കേരളത്തിന്റെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയെ താഴെയിറക്കിയത്. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയായ ഇ.എം.എസ് നമ്പൂതിരിപ്പാട് മന്ത്രിസഭയുടെ ചില നയങ്ങൾ ജനങ്ങളിൽ കടുത്ത എതിർപ്പ് ഉളവാക്കി. എൻ.എസ്.എസ് നേതാവായ മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന കമ്മ്യൂണിസ്റ്റ് നയങ്ങൾക്കെതിരേയുള്ള പ്രക്ഷോഭണ ഫലമായി അങ്കമാലി, പുല്ലുവിള, വെട്ടുകാട്, ചെറിയതുറ എന്നിവിടങ്ങളിൽ 1959 ജൂൺ 12 ന് പോലീസ് വെടിവെയ്പ്പ് ഉണ്ടാവുകയും അങ്കമാലിയിൽ ഏഴുപേരോളം പേർ മരിക്കുകയും തുടർന്ന് നടന്ന വൻ പ്രക്ഷോഭശേഷം രാഷ്ട്രപതി ഭരണം ഏറ്റെടുക്കുകയും മന്ത്രി സഭ നിലം പതിക്കുകയും ചെയ്തു...