22/07/2021
#ഖത്തർ
ഖത്തർല്‍ വിമാനത്താവള നടപടിക്രമങ്ങളില്‍ സമഗ്രമാറ്റം; ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ പ്രാബല്യത്തില്‍
ഖത്വറില്‍ വിമാനത്താവള നടപടിക്രമങ്ങളില്‍ സമഗ്രമാറ്റം വരുത്തി അധികൃതര്‍. പ്രവേശന-ക്വാറന്റൈന്‍ ചട്ടങ്ങള്‍ പുതുക്കിയതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്വര്‍ നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ കൈവശമുണ്ടെങ്കില്‍ യാത്രാനുമതി ലഭിക്കും. ഹമദ് വിമാനത്താവളത്തില്‍ കര്‍ശന പരിശോധനയുണ്ടാകും.
ഫൈസര്‍, മൊഡേണ, അസ്ട്ര സെനക്ക (കോവിഷീല്‍ഡ്), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സിനോഫാം വാക്‌സീനുകള്‍ എടുത്തവര്‍ക്കു മാത്രമാണ് പ്രവേശനാനുമതി. വിമാനത്താവളത്തില്‍ പി സി ആര്‍ പരിശോധനക്ക് 300 റിയാല്‍ ഫീസ് ഈടാക്കും
ഹമദ് വിമാനത്താളത്തിലിറങ്ങിയാലുടന്‍ ഖത്വര്‍ സിം കാര്‍ഡ് ഉപയോഗിച്ച് ഇഹ്തെറാസ് ആപ് ഡൗണ്‍ലോഡ് ചെയ്തുവേണം നടപടികളിലേക്ക് കടക്കാന്‍. ആറ് മാസത്തില്‍ കുറഞ്ഞ കാലയളവില്‍ ഖത്വറിന് പുറത്ത് താമസിച്ച ശേഷം മടങ്ങിയെത്തുന്നവര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് വേണ്ടെന്നാണ് നിയമമെങ്കിലും അത് കൈവശം കരുതുന്നതാണ് നല്ലതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ രേഖകളുടെയും പകര്‍പ്പ് സൂക്ഷിക്കണം. 18 വയസില്‍ താഴെയുളള കുട്ടികള്‍ക്ക് വാക്സീന്‍ എടുത്ത രക്ഷിതാക്കള്‍ക്കൊപ്പം മാത്രമാണ് പ്രവേശനം. വാക്സീന്‍ എടുത്ത് 14 ദിവസം കഴിഞ്ഞ താമസവിസക്കാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട. വാക്‌സീന്‍ എടുത്തിട്ടില്ലെങ്കില്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. വാക്സീന്‍ എടുത്ത രക്ഷിതാക്കള്‍ക്കൊപ്പം എത്തുന്ന 18 വയസില്‍ താഴെയുളള കുട്ടികള്‍ 10 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം.
ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സേവനം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതിനായി കാലാവധിയുള്ള ഐ ഡി, പാസ്പോര്‍ട്ട്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, നാട്ടില്‍ നിന്നുള്ള യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ നടത്തിയ പി സി ആര്‍ പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട്, ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ്, വാക്സീന്‍ എടുക്കാത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ റിസര്‍വേഷന്‍ രേഖ തുടങ്ങിയവ ഉണ്ടാകണം.
ഖത്വറിലെത്തി ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ എമിഗ്രേഷനു മുമ്പുള്ള പ്രത്യേക കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇവര്‍ക്ക് ഹോട്ടലിലെത്തുമ്പോഴാണ് കൊവിഡ് പരിശോധന നടത്തുക.
ക്വാറന്റൈന്‍ വേളയില്‍ ഇഹ്തെറാസ് പ്രൊഫൈല്‍ സ്റ്റാറ്റസ് മഞ്ഞ ആയിരിക്കും. പി സി ആര്‍ പരിശോധനയ്ക്കുള്ള രജിസ്ട്രേഷന്‍ കൗണ്ടറില്‍ ഖത്വര്‍ ഐഡി അല്ലെങ്കില്‍ പാസ്പോര്‍ട്ട്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം. കൊവിഡ് പരിശോധനയ്ക്കുള്ള കിറ്റ് ഇവിടെനിന്നു നല്‍കും. ശേഷം കൊവിഡ് പരിശോധനയ്ക്കുള്ള 300 റിയാല്‍ അടയ്ക്കണം. ഇതിനായി കൗണ്ടര്‍ സജ്ജമാണ്. പണമടച്ച രേഖയുമായി സമീപത്തെ കൗണ്ടറില്‍ ചെന്നാല്‍ പരിശോധന നടത്തും. എമിഗ്രേഷന്‍ കൗണ്ടറില്‍ കൊവിഡ് പരിശോധനാ രേഖകളും പരിശോധന വിധേയമാക്കും. പുറത്തേക്ക് ഇറങ്ങും മുമ്പ് എക്‌സെപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് കാണിച്ചാല്‍ വിമാനത്താവളത്തിലെ നടപടികള്‍ പൂര്‍ത്തിയാവും