28/12/2023
മഞ്ഞു മൂടിയ മലനിരകള്‍ക്കിടയിലൂടെ തേയിലത്തോട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചു ട്രെയിനില്‍ യാത്ര ചെയ്യുന്നത് ഒന്നാലോചിച്ചു നോക്കൂ. ചുറ്റും മിന്നി മറയുന്ന പച്ചപ്പിന്‍റെ വര്‍ണ്ണഭേദങ്ങള്‍. തേയില നുള്ളുന്ന സ്ത്രീകളുടെ താളാത്മകമായ ചലനം... ശ്രീലങ്കയിലെ കാൻഡിയിൽനിന്ന് എല്ലയിലേക്കുള്ള തീവണ്ടി യാത്രയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ഭൂമിയില്‍ ഇത്രയും സുന്ദരമായ ഒരു അനുഭവം ഉണ്ടാകുമോ എന്ന് ചിന്തിപ്പിക്കുന്നത്രയും അവിശ്വസനീയമായ ഒരു യാത്രയാണിത്
കൊളംബോ-കാൻഡി-ബാദുല്ല റൂട്ടിലുള്ള മെയിന്‍ ലൈനിന്‍റെ ഭാഗമായാണ് കാൻഡി-എല്ല ട്രെയിന്‍ സവാരി. മനോഹരമായ മലയോരപ്രദേശങ്ങളിലൂടെയും തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെയും കടന്നു പോകുന്ന റെയില്‍പാതയാണിത്. വേറെ പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഏഴു മണിക്കൂര്‍ സമയമെടുക്കും ഈ വഴിയിലൂടെ സഞ്ചരിക്കാന്‍. തേയിലത്തോട്ടങ്ങള്‍ കൂടാതെ പര്‍വതങ്ങളും പഴയ മനോഹരമായ പാലങ്ങളും വെള്ളച്ചാട്ടങ്ങളും ഇടയ്ക്കിടെ മിന്നി മറയുന്ന ഗ്രാമങ്ങളുമെല്ലാം യാത്രയുടെ അനുഭവം പതിന്മടങ്ങു സുന്ദരമാക്കും. വഴിയില്‍ ട്രെയിനിലെ യാത്രക്കാരെ നോക്കി കൈവീശി കാണിക്കുന്ന കുട്ടികളെയും കാണാം
ശ്രീലങ്കന്‍ ജീവിതവും ആളുകളെയും ശരിക്കും മനസ്സിലാക്കാൻ കഴിയും. ഇടയ്ക്കിടെ സ്നാക്സ് കൊണ്ടു വരുന്ന കച്ചവടക്കാരും ഉറക്കെ പാടുന്ന നാടോടികളും മരബഞ്ചില്‍ ഇടുങ്ങി ഇരിക്കുന്ന കുടുംബങ്ങളും എല്ലാം ഇവിടുത്തെ പതിവു കാഴ്ചയാണ്. സന്തോഷവും ഉത്സാഹവും കളിയാടുന്ന ഒരു അന്തരീക്ഷമാണ് ഇവിടെ പൊതുവേ കാണാനാവുക. തേഡ് ക്ലാസിനെക്കാള്‍ അല്‍പം കൂടി സോഫ്റ്റ് ആയ ഇരിപ്പിടങ്ങള്‍ ആണ് സെക്കന്‍ഡ് ക്ലാസില്‍ ഉണ്ടാവുക. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ആവശ്യമുള്ള ടിക്കറ്റ് ഇതായതിനാല്‍ ടിക്കറ്റ് മിക്കപ്പോഴും ലഭ്യമായിക്കൊള്ളണം എന്നില്ല. അതിനാല്‍ യാത്ര തീരുമാനിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. റിസര്‍വ് ചെയ്യേണ്ട ടിക്കറ്റുകള്‍ യാത്ര ചെയ്യേണ്ട ദിവസത്തിന് 32 ദിവസം മുമ്പു മുതല്‍ ബുക്ക് ചെയ്യാം
See less