01/09/2024
ചാർധാം യാത്രയും അതിന്റെ പ്രാധാന്യവും
സനാതന ധർമ്മം അനുശാസിക്കുന്നതിൽ പുണ്യയാത്രകളിൽ പ്രഥമസ്ഥാനം കൈലാസ യാത്രയ്ക്കാണെങ്കിലും ഏറ്റവും കൂടുതൽ യാത്രക്കാർക്ക് പങ്കെടുക്കുന്നത് രണ്ടാമത്തെ പരമ ശ്രേഷ്ഠയാത്രയായ ചാർധാം യാത്രയിൽ ആണ്.
ഭാരതത്തിന്റെ തീർത്ഥാടന പാരമ്പര്യത്തിൽ രണ്ടു തരം ചാർധാം യാത്രകളെ പറ്റി പരാമർശിക്കപ്പെടുന്നുണ്ട്. അതിലാദ്യത്തേത് വൈഷ്ണവിസത്തിന്റെ നാലു ആരാധനാ ധാമങ്ങൾ/ക്ഷേത്രങ്ങൾ ഉൾപ്പെടുന്നതാണ്. സത്യയുഗത്തിന്റെ ധാമമായ ബദരിനാഥ്, ത്രേതായുഗത്തിന്റെ ധാമമായ രമേശ്വരം, ദ്വാപരയുഗത്തിന്റെ ധാമമായ ദ്വാരക, കലിയുഗത്തിന്റെ ധാമമായ ജഗന്നാഥ പുരി എന്നിവയാണ് അവ. ഈ യാത്ര ഇന്ന് ബഡാ ചാർധാം എന്നറിയപ്പെടുന്നു. രണ്ടാമത്തെ ചാർധാം യാത്രയാണ് ഇപ്പോൾ ചോട്ടാ ചാർധാം യാത്ര അഥവാ ചാർധാം യാത്ര എന്നറിയപ്പെടുന്ന ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ തീർത്ഥാടനം. ഇതിൽ യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരിനാഥ് എന്നീ പുണ്യസ്ഥലങ്ങളാണ് ഉൾപ്പെടുന്നത്.
ആദ്യ ധാം ആയ യമുനോത്രി യമുനാ നദിയുടെ ഉത്ഭവസ്ഥാനമാണ്. സൂര്യദേവന്റെയും മേഘങ്ങളുടെ ദേവതയായ സരന്യുവിന്റെയും പുത്രിയായ യമുനയുടെ ഇരട്ട സഹോദരനാണ് യമദേവൻ. ദേവവൈദ്യന്മാരായ അശ്വനീ ദേവകളും, ശനീശ്വരനും യമുനയുടെ മറ്റു സഹോദരങ്ങളാണ്. യമുനാ ദേവിയെ വണങ്ങാൻ യമുനോത്രിയിൽ എത്തുന്ന ഭക്തർക്ക് ആരോഗ്യവും ശനിദോഷനിവാരണവും സംസാര ചക്രത്തിൽ നിന്നുള്ള മോചനവും ഈ സഹോദരന്മാർ നൽകി അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. വാഹനം എത്തിച്ചേരുന്ന ജാനകിചട്ടിയിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരം വരുന്ന ഈ ക്ഷേത്രമാർഗ്ഗം നടന്നോ, കുതിരപ്പുറത്തോ സഞ്ചരിക്കാവുന്നതാണ്. സമുദ്രനിരപ്പിൽ നിന്നും 10,804 അടിയാണ് യമുനോത്രി ക്ഷേത്രത്തിന്റെ ഉയരം.
ചാർധാം യാത്രയിൽ രണ്ടാമത്തേത് ഗംഗോത്രിയാണ്. ഒരു കാലത്ത് ഗംഗയുടെ ഉത്ഭവം ഗംഗോത്രിയിൽ തന്നെ ആയിരുന്ന ഗോമുഖിൽ നിന്നായിരുന്നു. ഇപ്പോൾ ആഗോള താപനം മൂലം ചുരുങ്ങിപ്പോയ ഗംഗോത്രി ഗ്ലെയ്ഷ്യറിന്റെ പിൻവാങ്ങൽ മൂലം ഗംഗോത്രിയിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് ഗോമുഖ്. എങ്കിലും ഭഗീരഥൻ തപസ്സു ചെയ്ത ഭഗീരഥ ശിലയും, ഗംഗാദേവിയുടെ ക്ഷേത്രവും ഗംഗോത്രിയെ പുണ്യഭൂമിയാക്കുന്നു. ഗംഗോത്രിയിൽ ഗംഗാ സ്നാനത്തിനു ശേഷം നടത്തുന്ന പിതൃതർപ്പണം ഏറെ അനുഗ്രഹീതവുമാണ്. വൈകീട്ട് ഈ ക്ഷേത്രത്തിൽ നടക്കുന്ന ആരതി വളരെ ഭക്തിസാന്ദ്രമായ ഒരു സന്ദർഭമാണ്.
ഈ യാത്രയിൽ അടുത്ത ലക്ഷ്യസ്ഥാനം കേദാർനാഥ് ആണ്. പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കേദാർനാഥ്. കേദാർനാഥിലെ ക്ഷേത്രം പഞ്ച പാണ്ഡവർ നിർമ്മിച്ചതാണ്. മഹാഭാരതയുദ്ധം കഴിഞ്ഞു ഗോത്രഹത്യയുടെയും ബ്രഹ്മഹത്യയുടെയും പാപഭാരം നീക്കാനായി പാണ്ഡവർ ഭാഗവാൻ ശിവനെ തേടിയിറങ്ങുന്നു. എന്നാൽ ഭാരതയുദ്ധത്തിൽ നടന്ന ആധാർമ്മികതയിൽ അസ്വസ്ഥനായിരുന്ന ശിവൻ പാണ്ഡവരിൽ നിന്നും ഒളിക്കാൻ നന്ദികേശ രൂപത്തിൽ ഗുപ്തകാശിയിൽ പോയി താമസിക്കുകയായിരുന്നു. ശിവന്റെ പ്രിയപ്പെട്ട നഗരമായ കാശിയിൽ അന്വേഷിച്ചിട്ടും ശിവനെ കാണാതെ വന്നപ്പോൾ പാണ്ഡവർ ശിവനെ തിരഞ്ഞു ഗുപ്തകാശിയിൽ വരികയും നന്ദികേശനെ കണ്ടു തിരിച്ചറിയുകയും ചെയ്തു ഇനിയും മറഞ്ഞു പോകാതിരിക്കാനായി ഭീമസേനൻ ഓടിയെത്തി നന്ദികേശനെ പിടിച്ചു നിറുത്താൻ ശ്രമിച്ചു. എന്നാൽ ഭീമന്റെ പിടിയിൽ ഒതുങ്ങാതെ നന്ദികേശൻ ഭൂമിയിലേയ്ക്ക് താഴ്ന്നു പോകുകയും പിന്നീട് അഞ്ചു സ്ഥലങ്ങളിലായി നന്ദിയുടെ പല ശരീരഭാഗങ്ങളായി ഉയർന്നു വരികയും ചെയ്തു. ഇതിൽ പൂഞ്ഞ പൊന്തിവന്ന സ്ഥലമാണ് കേദാർനാഥ്. ഇവിടുത്തെ പ്രതിഷ്ഠയുടെ ആകാരം ഈ ഐതിഹ്യത്തിന് ഉപോൽബലകമാണ്. ഭക്തന്റെ സമസ്ത പാപങ്ങളും ദൃശ്യമാത്രയിൽ തന്നെ നിവാരണം ചെയ്യാൻ മാത്രം ശക്തമാണ് ഈ പ്രതിഷ്ഠ. ആദിശങ്കര സമാധിയും ഇവിടെ തന്നെ. സമുദ്രനിരപ്പിൽ നിന്നും 11,755 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലേയ്ക്ക് ഗൗരികുണ്ടിൽ നിന്നുള്ള 17 കിലോമീറ്റർ ദൂരം കാൽനടയായോ, കുതിര, പല്ലക്ക്, കുട്ട എന്നിവയിൽ എറിയോ ഹെലികോപ്റ്റർ ഉപയോഗിച്ചോ യാത്ര ചെയ്യാനാകും.
ഈ യാത്രയിലെ അവസാനത്തെ ധാമമാണ് ബദരീനാഥ്. ഭഗവാന്റെ സ്വർഗ്ഗാരോഹണ സമയത്ത് ഇനി കൃഷ്ണ ഭഗവാനെ കാണാനാകില്ലെന്നു പറഞ്ഞു വിലപിച്ച ഉദ്ധവരോട് ഭാഗവാൻ പറയുന്നത്, കലിയുഗത്തിൽ തന്നെ ബദരിനാഥിൽ വന്നു കാണാനാണ്. വിഷ്ണു ഭഗവാൻ സ്വയം തപസ്സനുഷ്ഠിച്ച, മരത്തിന്റെ രൂപത്തിൽ ഭഗവാന്റെ തപസ്സിന് ലക്ഷ്മി ദേവി തണലേകിയ, നരനാരായണന്മാരുടെ തപോഭൂമിയായിരുന്ന, ഭഗവാൻ ശിവൻ ബ്രഹ്‌മകപാലം ത്വജിക്കാൻ ശ്രാദ്ധം ചെയ്ത പുണ്യഭൂമിയാണ് ചാർധാം യാത്രയിലെ അവസാന ധാമമായ ബദരിനാഥ്. ഈ നാലു ധാമങ്ങളും ദർശനം പൂർത്തിയാക്കുന്നത് മോക്ഷകവാടം തുറക്കുന്നു എന്ന് സനാതനധർമ്മത്തിൽ വിശ്വസിക്കപ്പെടുന്നു. ഭാരതത്തിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ എല്ലാ വർഷവും നടത്തുന്ന പരമദിവ്യമായ യാത്രയാണ് ചാർധാം. ചാർധാം തീർത്ഥാടനം പരമ്പരാഗതമായി പടിഞ്ഞാറ് നിന്ന് ആരംഭിച്ച് കിഴക്ക് അവസാനിക്കുന്നു. തൽഫലമായി, ചാർധാം യാത്ര യമുനോത്രിയിൽ ആരംഭിച്ച് ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിങ്ങനെയാണ് പൂർത്തിയാക്കുന്നത്. ഓരോ ഹിന്ദുവും തന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ തീർത്ഥാടനം നടത്തണം എന്നാണ് ആചാര്യ മതം.
ഈ യാത്രയിൽ നാലു ധാമങ്ങൾക്കു പുറമേ ഹരിദ്വാർ, ഋഷികേശ്, ലാക്കാമണ്ഡൽ, ബാർകോട്ട്, ഹർസിൽ, ഗുപ്‌തകാശി, ഗംഗാനാനി കുണ്ഡ്, ഗംഗാനാനി ഹോട്ട് സ്ട്രീം, ഉത്തർകാശി, ജോഷിമഠം, ധാരി മാതാ മന്ദിർ, ഊക്കിമഠം, കാലേശ്വർ എന്നീ സ്ഥലങ്ങളും അവിടുങ്ങളിലെ ക്ഷേത്രങ്ങളും ദർശിക്കാൻ സാധിക്കുന്നു. ഇന്ത്യയുടെ അതിർത്തിയിലെ ആദ്യ ഗ്രാമമായ മാന, ഔലി എന്നിവയും സന്ദർശിക്കാൻ അവസരം കിട്ടുന്നു. പഞ്ചപ്രയാഗുകൾ (നദീ സംഗമങ്ങൾ) ഈ യാത്രയിൽ കാണാൻ കഴിയുന്ന മറ്റൊരു സൗഭാഗ്യമാണ്. അളകനന്ദയും ഭഗീരഥിയും സംഗമിച്ചു ഗംഗയായി മാറുന്ന ദേവപ്രയാഗ്, അളകനന്ദയും മന്ദാകിനിയും സംഗമിക്കുന്ന രുദ്രപ്രയാഗ്, അളകനന്ദയും പിണ്ടാരും സംഗമിക്കുന്ന കർണ്ണപ്രയാഗ്, അളകനന്ദയും ദൗലി ഗംഗയും സംഗമിക്കുന്ന വിഷ്ണുപ്രയാഗ്, അളകനന്ദയും നന്ദാകിനിയും സംഗമിക്കുന്ന നന്ദപ്രയാഗ് എന്നിവയാണ് പഞ്ചപ്രയാഗുകൾ. ശിവന്റെ ജടയിൽ നിന്നും ഏഴു ധാരകളായി പുറത്തേക്കൊഴുകുന്ന ആകാശഗംഗ ഈ പഞ്ചപ്രയാഗുകളിൽ വെച്ച് കൂടി ചേർന്ന് ഗംഗാനദിയായി തീരുന്നു. ദില്ലിയിൽ നിന്നും ആരംഭിച്ചു ദില്ലിയിൽ അവസാനിക്കുന്ന ഈ യാത്രയ്ക്ക് വേണ്ടിവരുന്നത് 12 ദിവസങ്ങൾ ആണ്. യാത്രയ്ക്ക് ബുക്ക് ചെയ്യുന്നവർക്ക് വസ്ത്രങ്ങൾ, സാമഗ്രികൾ, യാത്രയ്ക്കാവശ്യമായ തയ്യാറെടുപ്പുകൾ എന്നിവയെകുറിച്ചെല്ലാം വിശദമായ വിവരണവും നിർദ്ദേശങ്ങളും സമയാസമയം നൽകുന്നതായിരിക്കും.
13 അംഗങ്ങൾ പങ്കെടുക്കുന്ന ഈ യാത്ര പൂർണ്ണമായും ഗൈഡിന്റെ നിയന്ത്രണത്തിൽ ആയിരിക്കും നടത്തപ്പെടുന്നത്. ഈ യാത്രയുടെ വിശദമായ വിവരങ്ങൾ അറിയാൻ
+91 9656289471 എന്ന നമ്പറിൽ ബന്ധപ്പെടുക