16/11/2022
ഏത് രാജ്യത്തേക്കാണു യാത്ര പോകുന്നത് എന്നതനുസരിച്ച് ഒരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ മനസ്സിലാക്കി മുൻകരുതലുകൾ സ്വീകരിക്കുക.
ട്രാവൽ ഇൻഷുറൻസ് നിർബന്ധമായും ഉറപ്പു വരുത്തണം.
-സന്ദർശിക്കുന്ന പ്രദേശത്തിന്റെ ആ സമയത്തെ കാലാവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം.
കാലാവസ്ഥയ്ക്കനുസരിച്ച് വസ്ത്രങ്ങൾ, മരുന്നുകൾ ഒക്കെ കൈയിൽ കരുതണം.
-ഓരോ രാജ്യത്തിന്റെയും കാലാവസ്ഥാ, കറൻസി, ഭക്ഷണരീതി, പൊതുവായ പെരുമാറ്റരീതി, ഡ്രസ് കോഡ് എന്നിവ മനസ്സിലാക്കണം.
ആ രാജ്യത്തിന്റെ ഭാഷയിലെ അത്യാവശ്യം വേണ്ടുന്ന വാക്കുകൾ പഠിക്കാനും മറക്കരുത്.
-വൈദ്യുതി ഉപകരണങ്ങളുടെ പ്രവർത്തനം, സ്വിച്ചുകളുടെ പ്രവർത്തനരീതി എന്നിവ വ്യക്തമായി മനസ്സിലാക്കണം.
-നേരത്തെ ഇത്തരം പ്രദേശങ്ങൾ സന്ദർശിച്ച വ്യക്തികളുമായി ആശയവിനിമയം നടത്താവുന്നതാണ്.
-വിസ, പാസ്പോർട്ട്, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ വിദേശയാത്രയ്ക്ക് എപ്പോഴും ആവശ്യമായിവരും. അതിനാൽ അവയൊന്നും നഷ്ടപ്പെടാൻ ഇടയാകരുത്. എല്ലാത്തിന്റെയും ചിത്രം മൊബൈലിലും ക്യാമറയിലും ഫോട്ടോയെടുത്തുവെക്കണം. നഷ്ടപ്പെട്ടാൽ തെളിവിനായി ഇവ ഉപകരിക്കും. അതത് സ്ഥലത്തെത്തിയാൽ യാത്രാ രേഖകളുടെ കോപ്പി കൈയിൽ കരുതുക. ഒറിജിനൽ ഹോട്ടൽ മുറിയിലെ സേഫിൽ സൂക്ഷിക്കാം.
-യാത്രാരേഖകളുടെയും നമ്മൾ താമസിക്കുകയും സന്ദർശിക്കുകയും ചെയ്യുന്ന സ്ഥലങ്ങളുടെയും വിവരങ്ങൾ അടുത്ത സുഹൃത്തുക്കൾക്കും കുടും ബാംഗങ്ങൾക്കും നൽകണം. ഓരോയിടത്തു പോകുമ്പോഴും ഇവരുമായി വാട്സ് ആപ്പിൽ ബന്ധപ്പെടുന്നതും കൃത്യമായി വിവരങ്ങൾ പങ്കുവെക്കുന്നതും നല്ലതാണ്.
-വിദേശത്തെ പല ഹോട്ടലുകളിലെയും മുറികളിലും ടോയ്ലറ്റുകളിലുമെല്ലാം പ്രത്യേകതരം പൂട്ടു പയോഗിക്കാറുണ്ട്. നിശ്ചിതസമയം കഴിഞ്ഞാൽ താനേ അടഞ്ഞുപോകുന്നതായിരിക്കും ചിലത്. തുറക്കാൻ പുറത്തുനിന്നുള്ള സഹായവും ആവശ്യമായി വന്നേക്കാം. അതിനാൽ അവയുടെ പ്രവർത്തനരീതിയെങ്ങനെയെന്ന് ആദ്യമേ മനസ്സിലാക്കുക. ഹോട്ടൽ റൂമുകളിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്നും അറിഞ്ഞുവെക്കാം. വിദേശത്തായതുകൊണ്ട് അറിയാത്ത കാര്യങ്ങൾ ചോദിക്കുന്നത് മോശമാണോയെന്ന് ചിന്ത വേണ്ട.
-ടാക്സികളിലും മറ്റും കയറുമ്പോൾ ഇവയുടെ നമ്പറുകളടക്കമുള്ള വിവരങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കുക. ഇടയ്ക്കിടെ എവിടെയെത്തിയെന്ന വിവരങ്ങൾ കൈമാറണം. ലൊക്കേഷൻ മാപ്പ്
അയയ്ക്കുന്നതും നല്ലതാണ്.
-സന്ദർശനം നടത്തുന്ന രാജ്യത്തേക്കും തിരിച്ചുമുള്ള യാത്രകളിലും പലർക്കും കൊടുക്കാനായി പല പൊതികളും തന്നുവിടാറുണ്ട്. ഇതെന്താണെന്ന് ആദ്യമേ ഉറപ്പുവരുത്തണം. പരിചയമില്ലാത്തവരുടെ കൈയിൽനിന്ന് ഇത്തരം പൊതികൾ വാങ്ങി കൈവശം വെക്കുന്നത് പൂർണമായും ഒഴിവാക്കുക.
-വിദേശത്തേക്ക് പലപ്പോഴും മരുന്നുകൾ കൊണ്ടു പോകേണ്ടി വരാറുണ്ട്. അങ്ങനെയാണെങ്കിൽ കുപ്പികളും മരുന്നുപായ്ക്കറ്റുകളും പൊട്ടിക്കാതെ കൊണ്ടുപോകുന്നതാണ് നല്ലത്. ഡോക്ടറുടെ കുറിപ്പടി നിർബന്ധമായും കൈയിൽ കരുതണം.
-അറിയാത്ത ഭക്ഷണസാധനങ്ങൾ കഴിക്കേണ്ടി വരുമ്പോൾ അതെന്താണെന്ന് കൃത്യമായി മനസ്സിലാക്കുക. അലർജി പോലുള്ള അസുഖങ്ങൾ ഉള്ളവരാണെങ്കിൽ ചില ഭക്ഷണം കഴിക്കുന്നത് അസുഖങ്ങളുണ്ടാക്കും
Courtesy Mathrubhumi