Yathramanjushree

Yathramanjushree For Travellers....

ലോകത്തിലെ ഏറ്റവും പുരാതന നഗരം - കാശി വിശ്വനാഥന്റെ വാരാണസി , ശ്രീരാമജന്മഭൂമി അയോദ്ധ്യ ,ശ്രാദ്ധകർമ്മങ്ങൾക്ക് ശ്രേഷ്‌ഠമായ വ...
22/04/2024

ലോകത്തിലെ ഏറ്റവും പുരാതന നഗരം - കാശി വിശ്വനാഥന്റെ വാരാണസി , ശ്രീരാമജന്മഭൂമി അയോദ്ധ്യ ,ശ്രാദ്ധകർമ്മങ്ങൾക്ക് ശ്രേഷ്‌ഠമായ വിഷ്‌ണുപാദക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗയ ,സിദ്ധാർത്ഥ രാജകുമാരന് ബോധോദയം ലഭിച്ച് ഗൗതമബുദ്ധനായിത്തീർന്ന ബോധ് ഗയ , ഗംഗാ -യമുനാ-സരസ്വതി സംഗമം കൊണ്ട് പവിത്രമായ പ്രയാഗ് രാജ്
തീർത്ഥയാത്ര - 2024 ആഗസ്ററ് 20 ന് തൊടുപുഴയിൽ നിന്ന് പുറപ്പെടുന്നു.
ഏകദേശം യാത്രാ ചിലവ് - Rs. 20500.00 ( Including AC വാഹനം , AC അക്കോമഡേഷൻ ( ഡബിൾ ബെഡ് ) ബ്രേക്ക്ഫാസ്റ് , ലഞ്ച് , ഡിന്നർ ( വെജിറ്റേറിയൻ )
Excluding - ഫ്ലൈറ്റ് / ട്രെയിൻ ചാർജ്‌സ് , ബോട്ടിംഗ് etc

contact 9447776524

സാഞ്ചിയിലെ സ്‌തൂപങ്ങൾ..... ഖജുരാഹോ-കലാസ്നേഹികളുടെ സ്വപ്‌നഭൂമിക -ഭാഗം 7രാവിലെ ആറു മണിയോടെ ഉണർന്നു.. ഒരു ചായ ലഭ്യമാകുമോയെന...
02/04/2024

സാഞ്ചിയിലെ സ്‌തൂപങ്ങൾ.....

ഖജുരാഹോ-
കലാസ്നേഹികളുടെ സ്വപ്‌നഭൂമിക -ഭാഗം 7

രാവിലെ ആറു മണിയോടെ ഉണർന്നു.. ഒരു ചായ ലഭ്യമാകുമോയെന്നറിയാൻ റിസപ്‌ഷനിൽ വരെ പോയിനോക്കി. തണുപ്പുള്ള സമയമായതുകൊണ്ട് ഹോട്ടലിലെ ജീവനക്കാർ എഴുന്നേൽക്കുന്നതേയുള്ളൂ. റിസപ്‌ഷനിലെ സ്റ്റാഫും നല്ല ഉറക്കമാണ്. മുറിയിലേയ്ക്ക് മടങ്ങാനൊരുങ്ങുമ്പോൾ കമ്മത്തു സ്വാമിയും കൂടി എത്തി. " റിസപ്‌ഷനിലേയ്ക്ക് ഫോൺ ചെയ്‌തെങ്കിലും ആരും എടുക്കുന്നില്ല, ഒരു ചായ കിട്ടിയാൽ കൊള്ളാമായിരുന്നു " പിന്നെ ഞങ്ങൾ രണ്ടുപേരും ഹോട്ടലിനു പുറത്ത് തെരുവിലേക്കിറങ്ങി നടന്നു. അൻപതു മീറ്റർ അകലെയായി ടൂറിസ്റ്റ് ബസ്സുകൾ പാർക്ക് ചെയ്യുന്ന മൈതാനമുണ്ട്. അവിടെ ഒരു ചായക്കട തുറന്നിട്ടുണ്ട്. അവിടെ നിന്നും ഓരോ ചായയും കുടിച്ച് ഗീതച്ചേച്ചിയ്ക്കു വേണ്ടി ഒരെണ്ണം പാഴ്‌സലായും വാങ്ങി മടങ്ങി. എട്ടുമണിയ്ക്കാണ് ഞങ്ങൾക്കു പ്രഭാതഭക്ഷണം നൽകാമെന്നു പറഞ്ഞിരിക്കുന്നത്. ഹോട്ടലിലെ ഡൈനിങ് ഹാളിൽ എട്ടുമണിക്കു തന്നെ എല്ലാവരും എത്തി.

ഭക്ഷണമെത്തുന്നതു വരെയുള്ള ഇടവേള ശ്രീ നയനൻ കൽപ്പറ്റ അവതരിപ്പിച്ച ചെറിയ മാജിക് പ്രദർശനങ്ങൾ കൊണ്ട് രസകരമായി മാറി.

ഒൻപതുമണിക്ക് തന്നെ ഞങ്ങൾ സാഞ്ചിയിലേയ്ക്ക് യാത്ര തിരിച്ചു. ഇന്നലെ യാത്ര ചെയ്ത വഴിയിലൂടെ പത്തു കിലോമീറ്റർ ദൂരം തിരികെ പോകണം. ഇന്ന് സാഞ്ചിയിലെ സ്‌തൂപവും ഉദയഗിരിയിലെ ഗുഹാക്ഷേത്രങ്ങളും സന്ദർശിക്കണം. ബീജമണ്ഡൽ ഉൾപ്പെടെ ചില പ്രധാന ആകർഷണങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് യാത്ര തുടരുന്നത്. കാരണം ഖജുരാഹോയാണല്ലോ ഞങ്ങളുടെ പ്രധാന ലക്‌ഷ്യം. ഹൈവേയിൽ നിന്ന് വഴി തിരിഞ്ഞ് നാനൂറു മീറ്ററോളം കുന്നിൻമുകളിലേയ്ക്ക് യാത്ര ചെയ്‌ത് ഒൻപതരയ്ക്ക് മുൻപായി സാഞ്ചിയിലെ പ്രസിദ്ധമായ സ്‌തൂപത്തിനു സമീപം ഞങ്ങ ളെത്തിച്ചേർന്നു.

ഭാരതത്തിന്റെ മഹത്തായ പൈതൃകത്തിന്റെ ജീവസ്സുറ്റ ദൃശ്യങ്ങളാണ് സാഞ്ചിയിലും നമുക്ക് കാണാനാവുന്നത്. യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്‌മാരകമാണ് സാഞ്ചിയിലെ സ്‌തൂപങ്ങൾ. മൂന്നു സ്‌തൂപങ്ങളാണ് ഇവിടെയുള്ളത്. വലിയ സ്‌തൂപത്തിനടുത്തു തന്നെയാണ് മൂന്നാമത്തെ സ്‌തൂപവും സ്ഥിതിചെയ്യുന്നത്. രണ്ടാം സ്‌തൂപം കുന്നിന്റെ മറുചെരിവിൽ മുന്നൂറു മീറ്റർ അകലെയായാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ബുദ്ധക്ഷേത്രങ്ങളും ഗുപ്‌ത കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഏതാനും ഹിന്ദു ക്ഷേത്രങ്ങളും ഈ പുരാവസ്‌തുസമുച്ചയത്തിലുണ്ട്.

അധികം സന്ദർശകരൊന്നും ഇവിടെ എത്തിയിട്ടില്ല. എല്ലാവർക്കുമുള്ള പ്രവേശനപാസുകൾ എടുത്ത് സ്‌മാരകത്തിന്റെ വളപ്പിലേക്ക് ഞങ്ങൾ പ്രവേശിച്ചു. പുൽത്തകിടികൾക്കിടയിൽ തണൽവൃക്ഷങ്ങളും പൂച്ചെടികളും മനോഹാരിത വിതറുന്ന ഉദ്യാനസമാനമായ വളപ്പിനുള്ളിലെ കല്ലുപാകിയ നടവഴിയിലൂടെ സ്‌തൂപത്തിനരികിലേയ്ക്ക് നടന്നു നീങ്ങി. ചെറിയ കയറ്റമാണ്. രണ്ടു സ്‌തൂപങ്ങൾ മുന്നിൽ കാണുന്നുണ്ട്. ചിത്രങ്ങളിൽ കണ്ട് മനസിൽപ്പതിഞ്ഞിട്ടുള്ള സാഞ്ചി സ്‌തൂപത്തെ അപേക്ഷിച്ച് എത്രയോ ബൃഹത്തായ നിർമ്മിതിയാണ് നേരിൽ ദൃശ്യമാവുന്നത്. ഏറ്റവും വലുതും ഒന്നാമത്തേതുമായ സ്‌തൂപത്തിനടുത്തേയ്ക്കാണ് ഞങ്ങൾ ആദ്യം പോയത്. അർദ്ധഗോളാകൃതിയിലുള്ള ഒരു വലിയ നിർമ്മിതിയാണ് സ്‌തൂപം. അതിനു നാലു വശത്തുമായി പ്രവേശനകവാടങ്ങളും

ചുറ്റുമതിലിനുള്ളിൽ പ്രദക്ഷിണവഴിയുമുണ്ട്. സ്‌തൂപത്തിനു മുകളിൽ പത്തടിയോളം ഉയരത്തിൽ കൈവരിയോട് കൂടിയ മറ്റൊരു പ്രദക്ഷിണവഴിയുമുണ്ട്. ഞങ്ങൾ വിസ്‌മയത്തോടെ സ്‌തൂപത്തെ വലംവെച്ചു. വെളുത്ത വസ്ത്രങ്ങൾ ധരിച്ച അൻപതോളം ആളുകളുടെ ഒരു സംഘം ഇവിടെ സന്ദർശനത്തിനായി എത്തിയിട്ടുണ്ട്. ഒരു ഗൈഡ് അവരോട് സ്‌തൂപത്തിന്റെ സവിശേഷതകൾ വിവരിച്ചു നൽകുന്നത് ഞങ്ങളും കേട്ടുനിന്നു. ശ്രീലങ്കയിൽ നിന്നും എത്തിയ ബുദ്ധമതാനുയായികളാണ് ആ സംഘത്തിലുള്ളത്.

ക്രിസ്‌തുവിനും മുൻപ് മൂന്നാം ശതകത്തിൽ നിർമ്മിക്കപ്പെട്ട സ്‌തൂപങ്ങളും ക്ഷേത്രങ്ങളും മണ്ഡപങ്ങളുമാണ് സാഞ്ചിയിലെ പൈതൃകകേന്ദ്രത്തിലുള്ളത്. മഹാനായ അശോകചക്രവർത്തിയാണ് സാഞ്ചിയിലെ ഈ സ്‌തൂപങ്ങൾ പണി കഴിപ്പിച്ചത്. കലിംഗ യുദ്ധത്തിനു ശേഷം മാനസാന്തരം വന്ന് ബൗദ്ധചിന്തകളിലേക്ക് നീങ്ങിയ അശോകചക്രവർത്തി 84000 ബുദ്ധസ്‌തൂപങ്ങൾ നിർമ്മിച്ചു. അതിൽ ഏറ്റവും ബൃഹത്തായ സ്‌തൂപമാണ് സാഞ്ചിയിലേത്. ഭഗവാൻ ശ്രീബുദ്ധന്റെ പരിനിർവാണത്തിനു ശേഷം അദ്ദേഹത്തിന്റെ ചിതാഭസ്‌മം എട്ടു ഭാഗങ്ങളിലായി ഭാരതത്തിലെ എട്ടു രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്നു. അശോകചക്രവർത്തി അവയെല്ലാം ശേഖരിച്ച് സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും സ്‌ഫടികം കൊണ്ടുമുള്ള കലശങ്ങളിലാക്കി ഈ 84000 സ്‌തൂപങ്ങളിലായി സ്ഥാപിച്ചു.

സാഞ്ചിയിലെ പ്രധാന സ്‌തൂപത്തിന് അൻപത്തിയഞ്ചടി ഉയരവും നൂറ്റിയിരുപതടി വ്യാസവുമുണ്ട്. സ്‌തൂപത്തിന്റെ നാലു വശങ്ങളിലും അലങ്കാരതോരണങ്ങളോടെ കല്ലിൽ നിർമ്മിക്കപ്പെട്ട കമാനങ്ങളും അവയ്ക്കുള്ളിൽ പ്രദക്ഷിണവഴിയുമുണ്ട്. പടികൾ കയറിച്ചെന്നാൽ ഒന്നാം നിലയിൽ വീണ്ടും മറ്റൊരു പ്രദക്ഷിണവഴി കൂടി സ്‌തൂപത്തിനു ചുറ്റുമായുണ്ട്. കമാനങ്ങളും തോരണങ്ങളും മനോഹരമായ ശിൽപ്പവേലകൾ കൊണ്ട് അലംകൃതമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെപ്പോഴോ സാഞ്ചിയുടെ പ്രാധാന്യം കുറയുകയും ഇവിടം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്‌തു. പിന്നീട് 1818 ൽ ബ്രിട്ടീഷുകാരനായ ജന. ടെയ്‌ലർ ഇവിടെയെത്തിയതിനു ശേഷമാണ് സാഞ്ചിയുടെ പ്രാധാന്യം സംബന്ധിച്ച പഠനങ്ങൾ തുടങ്ങുന്നത്. അങ്ങിനെ സാഞ്ചിയിലെ മഹത്തായ സ്‌മാരകങ്ങൾ അധികാരികളാൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. സ്വാതന്ത്ര്യപ്രാപ്‌തിയ്ക്കു ശേഷം പുരാവസ്‌തുവകുപ്പ് ഈ പ്രദേശം ഏറ്റെടുക്കുകയും സ്‌മാരകങ്ങളുടെ കേടുപാടുകൾ തീർത്ത് സംരക്ഷിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്‌തുപോരുന്നു.

അശോകചക്രവർത്തിയുടെ കാലത്തിനു ശേഷവും ഇവിടെ നിർമ്മാണങ്ങൾ നടന്നിട്ടുണ്ട്. ശതവാഹനകാലഘട്ടത്തിലാണത്രേ കമാനങ്ങളും തോരണങ്ങളും മറ്റും നിർമ്മിക്കപ്പെട്ടത്. സുംഗകാലത്തും ഇവിടെ നിർമ്മാണങ്ങൾ നടന്നിട്ടുണ്ട്. ഒന്നാം സ്‌തൂപവും മൂന്നാം സ്‌തൂപവും സന്ദർശിച്ച ശേഷം ഗുപ്‌തകാലഘട്ടത്തിലെ വലിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും വിഹാരവും കാണുന്നതിനായി ഞങ്ങൾ പടികൾ കയറിയെത്തി. ശിലകളുടെ കൂമ്പാരങ്ങളാണ് ചിലയിടത്ത് കാണുന്നത്. വിസ്‌തൃതമായ വിഹാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും അവശിഷ്‌ടങ്ങൾ മാത്രമേ കാണാനുള്ളൂ. വലിയ കരിങ്കൽപ്പാളികൾ പാകിയ തറയും ഭിത്തികളുടെ കൽക്കെട്ടുകളും ശേഷിപ്പുകളിലുണ്ട്. ക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങളും അങ്ങിനെ തന്നെ. രണ്ടും മൂന്നും നിലകളിലായി നിർമ്മിക്കപ്പെട്ടിരുന്ന ശിലാസൗധങ്ങളുടെ ശേഷിപ്പുകളിലൂടെ ഞങ്ങൾ നടന്നു. കുന്നിന്റെ ഉയരം കൂടിയ ഈ പ്രദേശത്തു നിന്ന് പരിസരമാകമാനം കാണാനാകും. എല്ലായിടത്തും സ്‌മാരകങ്ങളുടെ അവശിഷ്ടങ്ങളായി ശിലകൾ കാണുന്നുണ്ട്. ഒന്നാം സ്‌തൂപവും മൂന്നാം സ്‌തൂപവും തൊട്ടു താഴെയായുണ്ട്. ഗുപ്‌തകാലത്തെ രണ്ടു ക്ഷേത്രങ്ങളും ഒന്നാം സ്‌തൂപത്തിനടുത്തായുണ്ട്. ഒട്ടേറെ തൂണുകൾ ഉയർന്നു നിൽക്കുന്ന മണ്ഡപം പോലെ തോന്നിയ്ക്കുന്ന ക്ഷേത്രത്തിന് അടുത്തേയ്ക്കു നടക്കുകയായി. കൽമണ്ഡപങ്ങളും ബുദ്ധക്ഷേത്രങ്ങളും ഗുപ്‌തകാലഹിന്ദുക്ഷേത്രവും സന്ദർശിച്ചതിനു ശേഷം അടുത്തു തന്നെയൊരു മരത്തണലിലെ പുൽത്തകിടിയിൽ ഇരുന്ന് അൽപ്പം വിശ്രമിച്ചു.

വലിയ സ്‌തൂപത്തിനരുകിൽ നിന്ന് താഴേയ്ക്ക് പടികളുണ്ട്. പടികൾക്കു താഴെ വിശാലമായ പ്രദേശത്ത് ഒരു കുളവും അടുത്തായി പഴയ ബുദ്ധസന്യാസമഠത്തിന്റെ അവശിഷ്ടങ്ങളും കാണാം. ഞങ്ങൾ അങ്ങോട്ടേയ്ക്ക് പടികൾ ഇറങ്ങി. മഠത്തിന്റെ അടുത്ത് കല്ലു കൊണ്ടു നിർമ്മിച്ച ഒരാൾപ്പൊക്കമുള്ള വലിയ പാത്രമുണ്ട്. വെള്ളം ശേഖരിക്കാനുപയോഗിച്ചിരുന്ന ഈ കൽപ്പാത്രം കണ്ടാൽ വലിയ മഗ് പോലെയുണ്ട്. അതിനു വശത്തു കൂടി വീണ്ടും പടികളിറങ്ങി ഇരുന്നൂറു മീറ്ററോളം ചെല്ലുമ്പോഴാണ് രണ്ടാം സ്‌തൂപം സ്ഥിതിചെയ്യുന്നത്. കാടുപിടിച്ച പ്രദേശത്തുകൂടിയാണ് താഴേയ്ക്കുള്ള പടികൾ നീളുന്നത്. രണ്ടാം സ്‌തൂപത്തിനരുകിലും ഒരു ചെറിയ കുളമുണ്ട്. ഒന്നാം സ്‌തൂപത്തെ അപേക്ഷിച്ച് തീരെ ചെറിയ സ്‌തൂപമാണ് ഇവിടെയുള്ളത്. ഒരേ ആകൃതിയിലാണ് സ്‌തൂപങ്ങൾ നിർമ്മിച്ചിട്ടുള്ളതെങ്കിലും കവാടങ്ങളിലെ തോരണങ്ങളിലെയും ഭിത്തിയിലെയും തൂണുകളിലെയും ശിൽപ്പങ്ങളും അലങ്കാരകൊത്തുപണികളും വ്യത്യസ്‌തമാണ്.

അശോകചക്രവർത്തി വിവിധ രാജ്യങ്ങളിൽ നിന്ന് ശ്രീബുദ്ധന്റെ ചിതാഭസ്‌മം ശേഖരിച്ച് ഈ സ്‌തൂപം നിർമ്മിക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ ഒന്നാം സ്‌തൂപത്തിൽ ആലേഖനം ചെയ്‌തിട്ടുണ്ട്. ജാതകകഥകളും ശ്രീബുദ്ധന്റെ ജീവിതസന്ദർഭങ്ങളും ബോധിവൃക്ഷവും വിവിധ രാജ്യങ്ങളിൽനിന്നുള്ള തീർത്ഥാടകരുടെ ചിത്രങ്ങളും രാജാക്കന്മാരുടെ യുദ്ധസന്നാഹങ്ങളും മറ്റും ശിലകളിൽ മനോഹരമായി രേഖപ്പെടുത്തിവച്ചിട്ടുണ്ട്. ഒന്നാം സ്‌തൂപത്തിനു മുന്നിലായി വലിയ അശോകസ്‌തംഭം സ്ഥാപിച്ചിരുന്നു. നിലവിൽ അതിന്റെ തൂണ് സ്‌തൂപത്തിനരുകിൽ വീണുകിടക്കുകയാണ്. അശോകസ്‌തംഭം സാഞ്ചിയിലെ പുരാവസ്‌തുവകുപ്പിന്റെ മ്യൂസിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതുപോലെ തന്നെ സുംഗവംശത്തിന്റെ ധ്വജവും ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. വിവിധ കാലങ്ങളിലായി നിർമ്മാണം നടത്തിയവയാണ് സ്‌തൂപത്തിനു ചുറ്റുമുള്ള സ്‌മാരകങ്ങൾ.

രണ്ടാം സ്‌തൂപത്തിന്റെ സമീപമുള്ള കുളത്തിന്റെ പരിസരമാകെ നടന്നു കണ്ടതിനു ശേഷം തിരികെ പടികൾ കയറാൻ തീരുമാനിച്ചു. കുന്നുകയറി വലിയ സ്‌തൂപത്തിനരികിൽ മടങ്ങിയെത്തിയ ഞങ്ങൾ അവിടെനിന്നും മൂന്നാം സ്‌തൂപത്തിനടുത്തേയ്ക്കു പോയി. താരതമ്യേന ചെറുതെങ്കിലും ഭംഗിയുള്ള നിർമ്മിതിയാണ് ഈ സ്‌തൂപം. അവിടെ നിന്ന് കുന്നിന്റെ ഏറ്റവും മുകൾഭാഗത്തുള്ള വ്യൂ പോയിന്റിലേയ്ക്കാണ് ഇനി ഞങ്ങൾ പോകുന്നത്. സാഞ്ചിയിലെ കൃഷിഭൂമികളുടെയും സാഞ്ചി ഗ്രാമത്തിന്റെയും ദൃശ്യങ്ങൾ അവിടെ നിന്ന് കാണാനാകും. വ്യൂ പോയിന്റിനടുത്ത് ഒരു ലഘുഭക്ഷണശാലയും തെല്ലകലെയായി ടോയ്‌ലെറ്റുകളുമുണ്ട്. ചെറിയ ഉദ്യാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ലഘുഭക്ഷണശാലയിൽ നിന്ന് ഓരോ ചായയും കുടിച്ചതിനു ശേഷം വാഹനത്തിനടുത്തേയ്ക്ക് നടന്നു. സാഞ്ചിയിലെ സന്ദർശനം കഴിഞ്ഞിട്ടില്ല. പുരാവസ്‌തുമ്യൂസിയത്തിലും കൂടി കയറാനുണ്ട്.

കുന്നിറങ്ങി ഹൈവേയിലേയ്ക്കെത്തുന്ന വഴിയരികിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സാഞ്ചിയിൽ നിന്നും കണ്ടെടുത്ത ധാരാളം വിഗ്രഹങ്ങളും ശിൽപ്പങ്ങളും മ്യൂസിയത്തിനുള്ളിൽ കണ്ടു. സാഞ്ചിയിലെ വിവിധ ഗവേഷണ ഘട്ടങ്ങളിലെ ഫോട്ടോഗ്രാഫുകൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. നൂറോ നൂറ്റൻപതോ വർഷങ്ങൾ മുൻപ് ഈ സ്‌തൂപങ്ങൾ എങ്ങിനെയായിരുന്നുവെന്നും പുരാവസ്‌തു വിഭാഗം എങ്ങനെയൊക്കെയാണ് അവ പൂർവ്വസ്ഥിതിയിൽ എത്തിച്ചതെന്നും ഈ ഫോട്ടോഗ്രാഫുകളിൽ നിന്ന് മനസ്സിലാകും. പ്രധാനപ്പെട്ട ഓരോ സ്‌തംഭങ്ങളും ശിൽപ്പങ്ങളും കണ്ടെടുത്ത കാലത്തെ ഫോട്ടോകളും സാഞ്ചി പ്രദേശത്തിന്റെ പഴയകാല ഫോട്ടോകളും കൗതുകമുളവാക്കുന്നവയാണ്. സാഞ്ചി സ്‌തൂപത്തിനരുകിൽ സ്ഥാപിച്ചിരുന്ന അശോകസ്‌തംഭവും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

വലിയൊരു ആൽമരത്തിന്റെ ചുവട്ടിൽ ഉദ്യാനമൊരുക്കി മ്യൂസിയപരിസരം ഭംഗിയായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ പിൻവശത്ത് ചില പുനരുദ്ധാരണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സംസ്‌കൃതിയുടെ പൗരാണിക ശേഷിപ്പുകൾ സ്ഥിതി ചെയ്യുന്ന സാഞ്ചിയിൽ നിന്ന് വിദിശയിലെ ഉദയഗിരിക്കുന്നുകളിലേയ്ക്ക് യാത്ര തുടരുകയാണ്.

എം എം മഞ്ജുഹാസൻ

മുൻഭാഗങ്ങൾ വായിക്കാൻ :
ഭാഗം - 6 https://www.facebook.com/share/p/YJvWNdDNni93D4Po/?mibextid=oFDknk
ഭാഗം - 5 https://www.facebook.com/share/p/hPfgk2Dq4uYm1SEA/?mibextid=Nif5oz
ഭാഗം - 4 https://www.facebook.com/share/p/qCzCpWiWPX9Q854D/?mibextid=oFDknk
ഭാഗം - 3 https://www.facebook.com/share/p/5RKMb5t5NFM2c9Fw/?mibextid=Nif5oz
ഭാഗം -2 https://www.facebook.com/share/p/VsRjdTyyjHXQ5Quq/?mibextid=Nif5oz
ഭാഗം - 1 https://www.facebook.com/share/p/DRPe5KnwT3AB3R4X/?mibextid=Nif5oz

2024 JuneTravel with YathramanjushreeContact 9447776524
02/04/2024

2024 June

Travel with Yathramanjushree
Contact 9447776524

കുളു മണാലി ചണ്ഡിഗഡ് കുരുക്ഷേത്ര6 days , Group Package April 28 ന് പുറപ്പെടുന്നുതാല്പര്യമുള്ളവർ ബന്ധപ്പെടുക9447776524Trav...
01/04/2024

കുളു മണാലി ചണ്ഡിഗഡ് കുരുക്ഷേത്ര
6 days , Group Package
April 28 ന് പുറപ്പെടുന്നു
താല്പര്യമുള്ളവർ ബന്ധപ്പെടുക
9447776524
Travel with Yathramanjushree

ബി സി 113 ൽ സ്ഥാപിച്ച ഹെലിയോഡോറസ് പില്ലർ  അഥവാ  ഗരുഡസ്‌തംഭം ഖജുരാഹോ-കലാസ്നേഹികളുടെ സ്വപ്‌നഭൂമിക ; ഭാഗം 6      ഉത്തരായനരേ...
01/04/2024

ബി സി 113 ൽ സ്ഥാപിച്ച ഹെലിയോഡോറസ് പില്ലർ അഥവാ ഗരുഡസ്‌തംഭം

ഖജുരാഹോ-
കലാസ്നേഹികളുടെ സ്വപ്‌നഭൂമിക ; ഭാഗം 6

ഉത്തരായനരേഖയിൽ നിന്ന് സാഞ്ചിയും കടന്ന് വിദിശയിലേയ്ക്ക് ഇരുപതു കിലോമീറ്റർ കൂടി പോകേണ്ടതുണ്ട്. വിദിശയിലാണ് ഇന്ന് താമസത്തിനുള്ള മുറികൾ ബുക്ക് ചെയ്‌തിട്ടുള്ളത്. ഹോട്ടലിലേയ്ക്ക് പോകുന്നതിനു മുൻപ് ഹെലിയോഡോറസ് സ്‌തംഭം കൂടി സന്ദർശിക്കണമെന്ന് പറഞ്ഞിരുന്നു. ആറുമണിയായിരിക്കുന്നു. എങ്കിലും വിദിശയിൽ ബേത് വാ നദിയ്ക്കു കുറുകെയുള്ള പാലം കടന്ന് ജനവാസപ്രദേശങ്ങളിലൂടെയുള്ള ഇടവഴിയിലൂടെ സ്‌തംഭത്തിനടുത്തേയ്ക്ക് ആകാശ് ഞങ്ങളെ കൊണ്ടു പോയി. ഗേറ്റ് അടച്ചിരിക്കുകയാണ്. എങ്കിലും ഇവിടെ നിന്ന് സ്‌തംഭം കാണാം. കാണാനായി വലിയ നിർമ്മിതികളൊന്നും ഇവിടെയില്ല. പക്ഷെ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള കൽസ്‌തംഭമാണിത്.

കുറെയേറെ വീടുകൾ ഉള്ള ഒരു പ്രദേശമാണിവിടം. ഇടുങ്ങിയ വഴിയുടെ വലതു വശത്ത് ഒരു തുറസ്സായ പ്രദേശത്താണ് ഈ സ്‌തംഭം സ്ഥിതിചെയ്യുന്നത്. ഹെലിയോഡോറസ് പില്ലർ എന്നറിയപ്പെടുന്ന ഈ ചരിത്രസ്‌മാരകത്തിന്റെ യഥാർത്ഥപേര് ഗരുഡസ്‌തംഭം എന്നാണ്. പ്രാദേശികമായി ' ഖംബ ബാബാ ' എന്നാണ് ഈ സ്‌മാരകം അറിയപ്പെടുന്നതെന്ന് ആകാശ് പറഞ്ഞു. ഗേറ്റ് അടച്ചിട്ടിരിക്കുകയാണെങ്കിലും പുറത്തുനിന്ന് ഞങ്ങൾക്ക് പില്ലർ കാണാൻ കഴിയും,. നല്ല ഉയരമുണ്ടീ സ്‌തംഭത്തിന്. മൂന്ന് പടികളുള്ള ഒരു പീഠത്തിനു മുകളിലാണത് സ്ഥാപിച്ചിരിക്കുന്നത്. പീഠത്തിനു മുകളിൽ ഇരുപതടിയിലേറെ ഉയരമുള്ള ഈ സ്‌തംഭം

ബിസി 113 ൽ ഇന്ത്യയിൽ ഗ്രീക്ക് അംബാസഡറായിരുന്ന ഹെലിയോഡറസ് സ്ഥാപിച്ചതാണ്. വിദിശനഗരത്തിനടുത്തു തന്നെ ബെത് വ , ഹലാലി നദികളുടെ സംഗമത്തിനടുത്തായാണ് ഈ സ്‌മാരകമുള്ളത്.

പതഞ്‌ജലി മഹർഷിയെ ഗുരുവായി സ്വയം വരിച്ച അശ്വമേധ , രാജസൂയ, വാജപേയ യാഗങ്ങൾ നിർവ്വഹിച്ച പണ്ഡിതനായിരുന്നു മഹാരാജാ പുഷ്യമിത്രസുംഗൻ. ബി സി 185 ഓടെ പുഷ്യമിത്രസുംഗൻ സ്ഥാപിച്ച സുംഗവംശത്തിലെ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ബേയസ് നഗർ എന്ന ഇന്നത്തെ വിദിശ. ബി സി 113 ൽ ഇവിടം ഭരിച്ചിരുന്ന ഭാഗഭദ്രരാജാവിന്റെ ദർബാറിൽ എത്തിയതായിരുന്നു ഹെലിയോഡറസ്. ഗ്രീക്ക് ഭരണാധികാരിയായ ആന്റിയാൽസിഡാസ് നിക്‌ഫോനെസിന്റെ പ്രതിനിധിയായി തക്ഷശിലയിൽ നിന്നാണ് അദ്ദേഹം ഇവിടെ എത്തിയത്. സുംഗരാജ്യവും ഗ്രീസുമായുള്ള നയതന്ത്രബന്ധത്തിന്റെ ഭാഗമായിട്ടാണ് അംബാസ്സഡറായ ഹെലിയോഡോറസ് ഇവിടെ സന്ദർശിക്കുന്നത്. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ സ്‌മാരകമായി സ്ഥാപിക്കപ്പെട്ടതാണ് ഈ സ്‌തംഭം എന്ന് വിശ്വസിക്കപ്പെടുന്നു. വിദിശയിലെ പുരാതനമായ വാസുദേവക്ഷേത്രത്തിനു മുന്നിലാണ് അന്ന് ഈ സ്‌മാരകം സ്ഥാപിച്ചത്. പിന്നീട് കാലാന്തരത്തിൽ ഈ സ്‌തംഭം മണ്ണിനടിയിൽപ്പെട്ടുപോയി. ഒരു പക്ഷേ നദികളിലെ പ്രളയങ്ങളാലാവാം.അല്ലെങ്കിൽ പടയോട്ടങ്ങളുടെയും യുദ്ധങ്ങളുടെയും ഭാഗമായി തകർന്നതുമാകാം.

1877 ലാണ് ഈ സ്‌തൂപം മണ്ണിനടിയിൽ നിന്ന് വീണ്ടെടുക്കുന്നത്. 1874 -75 ൽ ഇന്ത്യൻ ആർക്കിയോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന മേജർ ജനറൽ അലക്സാണ്ടർ കണ്ണിംഗ്ഹാം നടത്തിയ ഗവേഷണങ്ങളിലാണ് ഹലാലി, ബെത് വ നദികളുടെ സംഗമ സ്ഥലത്ത് പുരാതനമായ കോട്ടയും ക്ഷേത്രാവശിഷ്‌ടങ്ങളും ഈ സ്തൂപവും കണ്ടെടുത്തത്. തുടർന്ന് പല ഘട്ടങ്ങളിലായി നടന്ന പഠനങ്ങളിൽ ഈ പ്രദേശത്ത് ഉപയോഗിച്ചിട്ടില്ലാത്ത ചില നാണയങ്ങളും മറ്റും ലഭിച്ചു. അങ്ങിനെയാണ് ഹെലിയോഡറസ് സ്‌തൂപത്തെ തിരിച്ചറിയാനുള്ള വഴി തെളിഞ്ഞത്. മണ്ണിനടിയിലായിപ്പോയ സ്‌തംഭത്തിന്റെ മുകൾഭാഗം മാത്രമാണ് അന്ന് ദൃശ്യമായിരുന്നത്. അക്കാലത്ത് വിഗ്രഹമെന്ന പോൽ സ്‌തംഭത്തിൽ പ്രദേശവാസികൾ ആരാധിച്ചിരുന്നു. മൃഗബലിയുൾപ്പെടെയുള്ള ചടങ്ങുകൾ ഈ ശിലയിൽ അനുഷ്‌ഠിക്കപ്പെട്ടിരുന്നു. ആരാധനയുടെ ഭാഗമായി എണ്ണയും മണ്ണും പുരണ്ട സ്തൂപം തിരിച്ചറിയാൻ ഗവേഷകർ ഏറെ ബുദ്ധിമുട്ടി.

ഒട്ടേറെ പഠനങ്ങൾ നടത്തിയാണ് ചരിത്രപ്രാധാന്യമുള്ള പുരാതനസ്‌തംഭം തിരിച്ചറിയാനും സംരക്ഷിക്കാനുമായത്. സ്‌തംഭത്തിന്റെ മുകളിലുണ്ടായിരുന്ന ഗരുഡവിഗ്രഹം ഇപ്പോൾ ഗ്വാളിയോർ മ്യൂസിയത്തിലാണുള്ളത്. ഭൂമി, ആത്മാവ് , മോക്ഷം എന്നിങ്ങനെ സങ്കൽപ്പിച്ച് മൂന്നു ഭാഗങ്ങളായി ചുവടുഭാഗം എട്ടുവശങ്ങളായും മദ്ധ്യഭാഗം 16 വശങ്ങളെയും മേൽഭാഗം 32 വശങ്ങളായുമാണ് സ്‌തംഭം നിർമ്മിക്കപ്പെട്ടത്. ബ്രാഹ്‌മി ലിപിയിൽ വാസുദേവസ്‌തുതി ഈ ശിലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഗവേഷണങ്ങളിലാണ് വാസുദേവസ്‌തുതിയും മറ്റു ലിഖിതങ്ങളും തിരിച്ചറിയാനായത്. ഹെലിയോഡോറസ് ഇവിടെ സന്ദർശനം നടത്തുമ്പോൾ രാജാവായിരുന്ന ഭാഗഭദ്രനെക്കുറിച്ചും തൂണിൽ രേഖപ്പെടുത്തലുകളുണ്ട്. " രാജാധികാരത്തിന്റെ പതിനാലാം വർഷം ആഘോഷിക്കുന്ന രക്ഷകനായ കാശീപുത്രഭാഗഭദ്രനെ ആദരിക്കുവാൻ ആന്റിയാൽസിഡാസ് നിക്‌ഫോനെസിന്റെ പ്രതിനിധിയായി തക്ഷശിലയിൽ നിന്നെത്തിയ ദിയയുടെ പുത്രൻ ഭാഗവതനായ ഹെലിയോഡോറസ് ദേവാധിദേവനായ വാസുദേവനായി നിർമ്മിച്ച ഗരുഡസ്‌തംഭം " എന്ന അർത്ഥത്തിലുള്ള ബ്രഹ്മിലിപി ലിഖിതമാണ് സ്‌തംഭത്തിലുള്ളത്.

ഒരു ഗ്രീക്കുകാരൻ ഭാരതീയതത്വചിന്തയുടെ ആശയങ്ങൾ രേഖപ്പെടുത്തി സ്ഥാപിച്ചതാണീ സ്‌തംഭമെന്നത് കൗതുകമുളവാക്കുന്നു. തക്ഷശിലയിലെ വാസത്തിനിടെ ഹെലിയോഡോറസ് ഹിന്ദുസംസ്‌കാരത്തിൽ ആകൃഷ്ടനായി പഠനങ്ങൾ നടത്തിയിരുന്നതായും പറയപ്പെടുന്നു. വൈഷ്‌ണവസമ്പ്രദായത്തിലുള്ള ഇത്ര പുരാതനമായ ശിൽപ്പങ്ങൾ വിരളമായേ ഗവേഷകർക്ക് ലഭ്യമായിട്ടുള്ളൂ. 1960 നു ശേഷം നടന്ന ഉദ്ഖനനങ്ങളിൽ ഈ പ്രദേശത്ത് ധാരാളം ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായി. പ്രളയങ്ങൾ മൂലം ഭൂനിരപ്പ് വ്യത്യാസപ്പെട്ടത് ഉദ്ഖനനങ്ങൾക്കും പഠന ഗവേഷണങ്ങൾക്കും ഏറെ പ്രയാസകരമായി.
പത്തു മിനുട്ടു മാത്രമാണ് ഞങ്ങൾ ഇവിടെ ചെലവഴിച്ചത്. ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതിനാൽ അകത്തേയ്ക്കു കയറാൻ കഴിയില്ല. പിന്നെ ഗേറ്റിനടുത്തുനിന്ന് സ്‌തംഭം കാണുകയല്ലാതെ മറ്റു വഴിയില്ലല്ലോ.ഈ സ്‌മാരകത്തിന്റെ പ്രാധാന്യം ഈ പ്രദേശത്തുള്ളവർക്ക് ഇപ്പോഴും അത്ര ബോധ്യമായിട്ടില്ലെന്നാണ് കരുതുന്നത്. ഖംബാ ബാബ എന്നൊരു കല്ലു തൂൺ ഉണ്ടെന്ന് മാത്രമേ ആകാശിനും അറിയൂ.

പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ബീജമണ്ഡൽ എന്ന വിജയക്ഷേത്രമുൾപ്പെടെ ഒട്ടേറെ പൗരാണികാവശിഷ്ടങ്ങൾ വിദിശയിലുണ്ട്.
വിജയക്ഷേത്രം തകർത്ത ഔറംഗസേബ് ആ സ്ഥലത്ത് വലിയ ഒരു മസ്‌ജിദ് നിർമ്മിച്ചിരുന്നു. 1991 ൽ ഒരു പെരുമഴയിൽ മസ്‌ജിദിന്റെ ഭിത്തികൾ അടർന്നു വീണപ്പോഴാണ് അതിനുള്ളിൽ നിന്ന് ക്ഷേത്രവിഗ്രഹങ്ങളും ശിൽപ്പങ്ങളും കണ്ടെത്തിയത്. ഹിന്ദു-ജൈന-ബുദ്ധ സംസ്‌കൃതികളിൽ നിർമ്മിക്കപ്പെട്ട ധാരാളം ക്ഷേത്രങ്ങളുടെ അവശിഷ്‌ടങ്ങൾ ഒരുകാലത്ത് വൻനഗരവും തലസ്ഥാനവുമായിരുന്ന വിദിശയിലുണ്ട്.

ഇരുട്ടായിക്കഴിഞ്ഞു. ഞങ്ങൾ ഹോട്ടലിലേയ്ക്ക് പോകുകയാണ്. നഗരത്തിൽ തന്നെയുള്ള ഗ്രാൻഡ് അശോക ഹോട്ടലിലാണ് ഇന്നത്തെ അന്തിയുറക്കം. നാളെ രാവിലെ ഇതേ വഴിയിൽ സാഞ്ചിയിലേയ്ക്ക് തിരികെ പോകണം. സാഞ്ചിയിലെ സ്‌തൂപങ്ങളും ഉദയഗിരിയിലെ ഗുഹാക്ഷേത്രങ്ങളും സന്ദർശിച്ചതിനു ശേഷം ഖജുരാഹോയിലേയ്ക്ക് യാത്ര തിരിക്കാമെന്നാണ് കരുതുന്നത്.

എം എം മഞ്ജുഹാസൻ

മുൻഭാഗങ്ങൾ വായിക്കാൻ :
ഭാഗം - 5 https://www.facebook.com/share/p/hPfgk2Dq4uYm1SEA/?mibextid=Nif5oz
ഭാഗം - 4 https://www.facebook.com/share/p/qCzCpWiWPX9Q854D/?mibextid=oFDknk
ഭാഗം - 3 https://www.facebook.com/share/p/5RKMb5t5NFM2c9Fw/?mibextid=Nif5oz
ഭാഗം -2 https://www.facebook.com/share/p/VsRjdTyyjHXQ5Quq/?mibextid=Nif5oz
ഭാഗം - 1 https://www.facebook.com/share/p/DRPe5KnwT3AB3R4X/?mibextid=Nif5oz

മഞ്ഞവസന്തം തീർക്കുന്ന കടുകുപാടങ്ങൾക്കു നടുവിലൂടെ ഉത്തരായനരേഖയിലേയ്ക്ക് .........ഖജുരാഹോ-കലാസ്നേഹികളുടെ സ്വപ്‌നഭൂമിക ; ഭാ...
01/04/2024

മഞ്ഞവസന്തം തീർക്കുന്ന കടുകുപാടങ്ങൾക്കു നടുവിലൂടെ ഉത്തരായനരേഖയിലേയ്ക്ക് .........

ഖജുരാഹോ-
കലാസ്നേഹികളുടെ സ്വപ്‌നഭൂമിക ; ഭാഗം 5

മഞ്ഞപ്പട്ടു പുതച്ച കടുകുപാടങ്ങൾ , നെല്ലും ഗോതമ്പും ചോളവും ബജ്‌റയും വിളയുന്ന വയലേലകൾ... ഭോപ്പാലിൽ നിന്ന് വിദിശയിലേയ്ക്കുള്ള ഹൈവേയിലൂടെയാണ് ഇപ്പോൾ ഞങ്ങൾ യാത്ര ചെയ്‌തുകൊണ്ടിരിക്കുന്നത്. കൃഷിപ്പാടങ്ങളും നെൽവയലുകളും , സുവർണ്ണമഞ്ഞനിറത്തിൽ കമ്പളം വിരിച്ചപോലെയുള്ള കടുകുപാടങ്ങളും ഉൾനാടൻ ഗ്രാമങ്ങളും ചെറുപട്ടണങ്ങളും പിന്നിട്ട് നല്ല വേഗതയിൽ വാഹനം ഓടിക്കൊണ്ടിരുന്നു. ബീം ബെട് ക യിലെയും ഭോജേശ്വറിലേയും കൗതുകക്കാഴ്ച്ചകളും ഭൂമിശാസ്ത്രവും കൃഷിയും നാട്ടുവിശേഷങ്ങളും ഞങ്ങളുടെ സംഭാഷണങ്ങളിൽ കടന്നുവന്നു. കണ്ടു പരിചയമില്ലാത്തയിനം കൃഷിയിടങ്ങൾ കാണുമ്പോൾ അതിനെക്കുറിച്ച് ആകാശിനോട് ചോദിച്ചു. പ്രാദേശികമായ പേരുകളാണ് മിക്കപ്പോഴും ആകാശ് പറഞ്ഞുതന്നത് എന്നതിനാൽ ചിലതൊന്നും ഞങ്ങൾക്ക് കൃത്യമായി മനസ്സിലായില്ല. പയറും പട്ടാണിയുമൊക്കെ ഇവിടെ കൃഷിചെയ്യുന്നുണ്ട്.

ആകാശിന്റെ കുടുംബവിശേഷങ്ങളും യാത്രയ്ക്കിടയിൽ ഞങ്ങൾ അന്വേഷിച്ചു. അയാളുടെ ഗ്രാമം ഭോപ്പാലിൽ നിന്ന് പിന്നെയും അറുപതു കിലോമീറ്റർ അകലെയാണ്. ഭോപ്പാലിൽ അയാൾ ജോലിക്കായി വന്നതാണത്രേ. ഐ.ടി.ഐ പാസ്സായ ആളാണ് ആകാശ്. മുത്തച്ഛനും മുത്തശ്ശിയുമുൾപ്പെടെ വലിയ കുടുംബമാണത്രേ അയാളുടേത്. അയാളുടെ ജ്യേഷ്ഠൻ സർക്കാർ സർവീസിലാണ്. സഹോദരിമാരും അടുത്ത് തന്നെയുള്ള കുടുംബങ്ങളിലേയ്ക്ക് വിവാഹം കഴിച്ച് സുഖമായി കഴിയുന്നു. തന്റെ വിവാഹം തീരുമാനിച്ചു വെച്ചിരിക്കുകയാണെന്ന വിവരവും പുഞ്ചിരിയോടെ അയാൾ പങ്കുവെച്ചു. ഭാവിവധു നല്ല വിദ്യാഭ്യാസമുള്ള കുട്ടിയാണത്രേ. ഭോപ്പാലിൽ ചില സ്ഥാപനങ്ങളിൽ ടെക്‌നീഷ്യനായി മുൻപ് ആകാശ് ജോലി ചെയ്‌തിരുന്നു. അതെല്ലാം വിട്ട് ഡ്രൈവർ ജോലി തെരഞ്ഞെടുക്കുകയായിരുന്നു. കൂടുതൽ സന്തോഷം ലഭിക്കുന്നത് ഡ്രൈവറായി ജോലി നോക്കുമ്പോഴാണെന്ന് അയാൾ പറഞ്ഞു. സംഭാഷണങ്ങളാലും കൃഷിപ്പാടങ്ങളുടെ വഴിയോരക്കാഴ്ച്ചകളാലും ബാഗുകളിൽ നിന്നും പുറത്തെടുക്കപ്പെട്ട പക്കാവട , ഉപ്പേരികൾ, ബിസ്‌കറ്റുകൾ തുടങ്ങിയവയാലും യാത്ര വിരസമാകാതെ മുന്നോട്ട് നീങ്ങിക്കൊണ്ടേയിരുന്നു.
ഇങ്ങിനെ യാത്ര തുടർന്നുകൊണ്ടേയിരിക്കുമ്പോൾ "കർക്കരേഖ” യിലേയ്ക്ക് കുറച്ചു ദൂരമേയുള്ളൂ എന്ന് ആകാശ് പറഞ്ഞു. അപ്പറഞ്ഞത് ഞങ്ങൾക്ക് മനസിലായില്ലായെന്ന് തോന്നിയപ്പോൾ അദ്ദേഹം അത് ഇംഗ്ലീഷിൽ ആക്കി പറഞ്ഞു. അത് അത്രകൂടി വ്യക്തമായില്ല. പിന്നെ അയാൾ വണ്ടി വേഗം കുറച്ച് Tropic of Cancer എന്ന് ഗൂഗിളിൽ നോക്കാൻ പറഞ്ഞു. അപ്പോഴാണ് കാര്യം വ്യക്തമായത് കുറച്ചുദൂരം കൂടി പോയാൽ ഉത്തരായനരേഖയിൽ എത്തുമത്രേ.

അപ്രതീക്ഷിതമായി മറ്റൊരു കൗതുകം കൂടി ഈ യാത്രയിൽ കൈവരുകയാണ്. ഈ ഹൈവേയെ കുറുകെ കടന്നാണ് ഉത്തരായനരേഖ കടന്നു പോകുന്നത്. രണ്ടുമൂന്നുകിലോമീറ്റർ കൂടി കഴിഞ്ഞ് വിസ്‌തൃതമായ പാടങ്ങൾക്ക് നടുവിലെ റോഡരികിൽ ആകാശ് വാഹനം നിറുത്തി. അവിടെ വലിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ റോഡിനു നടുവിലൂടെ വെള്ള വര വരച്ച് ഉത്തരായനരേഖയെ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഞങ്ങൾ വാഹനത്തിൽ നിന്ന് ഇറങ്ങി. വാഹനങ്ങൾ അരികു ചേർത്ത് നിറുത്തുന്നതിനായി ഇവിടെ സ്ഥലമുണ്ട്. പാതയ്ക്കിരുവശത്തും ടൈലുകൾ പാകിയ തറകെട്ടി അവിടെ Tropic of Cancer എന്ന് എഴുതിയ സിമന്റു ഫലകങ്ങൾ സ്ഥാപിച്ചിരിക്കുന്നു. ഫോട്ടോകൾ എടുക്കാൻ സൗകര്യത്തിനാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ഭാരതസർക്കാരിന്റെ ടൂറിസം മന്ത്രാലയമാണ് ഈ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.

ഉത്തരായനത്തിന്റെ അവസാനസമയത്ത് സൂര്യൻ നേരെ മുകളിലെത്തുന്ന അക്ഷാംശരേഖയാണ് ഉത്തരായനരേഖ. ഭാരതത്തിൽ എട്ടു സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നുപോകുന്നുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ് ,ജാർഖണ്ഡ് , പശ്ചിമബംഗാൾ ,ത്രിപുര , മിസോറാം എന്നീ സംസ്ഥാനങ്ങളിലൂടെയാണ് രേഖ കടന്നുപോകുന്നത്. ഇന്ന് ബീം ബെട് ക , ഭോജേശ്വർ , സാഞ്ചി എന്നിവയും വിദിശയിൽ ഹെലിയോഡോറസ് സ്‌തൂപവും സന്ദർശിക്കാമെന്നാണ് കരുതിയിരുന്നത്. ഇപ്പോൾ അപ്രതീക്ഷിതമായി ഉത്തരായനരേഖയിലും എത്താൻ കഴിഞ്ഞു. ഭോപ്പാൽ -വിദിശ ഹൈവേയിൽ ഛോലാ എന്ന ഗ്രാമത്തിനടുത്താണ് ഈ സ്ഥലം. ഇരുവശത്തും വയലുകളാണ് . ഇവിടെ വാഹനം നിറുത്തുന്ന സഞ്ചാരികളുടെ കച്ചവടം പ്രതീക്ഷിച്ച് പഴങ്ങളും പേരയ്ക്കകളും വിൽക്കുന്നുണ്ട്. സമയം അഞ്ചുമണിയായിരിക്കുന്നു. കർക്കരേഖയുടെ ബോർഡിനു മുന്നിൽ എല്ലാവരെയും ഒരുമിച്ചു നിറുത്തി ആകാശ് ഫോട്ടോയോയെടുത്തു നൽകി. അവിടെ നിന്ന് കുറച്ചു പേരയ്ക്കകളും വാങ്ങി യാത്ര തുടർന്നു.
മഞ്ഞവർണ്ണം പുതച്ച കടുകുപാടങ്ങളിൽ ഇറങ്ങി നിന്ന് ഫോട്ടോയെടുത്താൽ കൊള്ളാമെന്ന് ആഗ്രഹം പറഞ്ഞത് മീരയാണ്. സത്യത്തിൽ എല്ലാവർക്കും അങ്ങിനെയൊരു താൽപ്പര്യം ഉണ്ടായിരുന്നു. നല്ല ഭംഗിയുള്ള കടുകുപാടം കാണുമ്പോൾ വാഹനം നിറുത്താമെന്ന് ആകാശ് പറഞ്ഞു. ഏതായാലും ഇന്ന് സാഞ്ചിയിൽ സന്ദർശനം നടത്താമെന്ന പ്രതീക്ഷ ഞങ്ങൾ കൈവിട്ടിരിക്കുകയാണ്. നാളെ അതിരാവിലെ സാഞ്ചിയിൽ സ്‌തൂപങ്ങൾ കണ്ടതിനു ശേഷം ഖജുരാഹോയിലേയ്ക്ക് പോകാമെന്നാണ് ആകാശിന്റെ അഭിപ്രായം. ആവശ്യത്തിനു സമയം ലഭ്യമാകുമത്രേ.

നാലഞ്ചു കിലോമീറ്റർ സഞ്ചരിച്ചപ്പോൾ നല്ലപോലെ പൂത്തുനിൽക്കുന്ന ഒരു കടുകുപാടത്തിനരികിൽ വണ്ടി നിറുത്തി. വിടർന്നു ചിരിക്കുന്ന മഞ്ഞപ്പൂക്കൾ ഒന്നാകെ ചെറുകാറ്റിൽ ഉലയുന്ന ദൃശ്യം മനോഹരമാണ്. സ്വതവേ സ്വർണ്ണനിറമണിഞ്ഞ പാടങ്ങളിൽ സായന്തനസൂര്യന്റെ കനകരശ്‌മികൾ കൂടി വീണു തിളങ്ങുമ്പോൾ നയനാനന്ദകരമായ ചാരുതയായി മാറുകയാണ്.
വേലികൾക്കിടയിലൂടെ ഞങ്ങളെല്ലാവരും കടുകുപാടത്തേയ്ക്കിറങ്ങി. പൂക്കളെ അടുത്തുനിന്ന് കാണുകയും ഈ മഞ്ഞവസന്തത്തിൽ സെൽഫികൾ എടുക്കുകയും ചെയ്‌തു. പൂത്തുനിൽക്കുന്ന കടുകുപാടങ്ങൾ കാണുമ്പോഴെല്ലാം ഷാരൂഖ് ഖാനെയും ദിൽവാലെ ദുൽഹനിയ ലെ ജായെൻഗേ എന്ന ചലച്ചിത്രവും എനിക്ക് ഓർമ്മവരും. കടുകുപാടങ്ങൾക്കു നടുവിൽ മാൻഡോലിൻ വായിച്ചു നിൽക്കുന്ന രാജ് മൽഹോത്രയും മാൻഡൊലിൻ സംഗീതം കേട്ട് ഓടി വരുന്ന സിമ്രനും. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് കണ്ടതാണെങ്കിലും സംഗീതം കൊണ്ട് ഏറെ ആകർഷിച്ച സിനിമയാണത്. മൂന്നു മണിക്കൂറിലേറെ ദൈർഘ്യമുളള സിനിമ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് ഓർമ്മയില്ല. ഇന്നും "തുജേ ദേഖാ തോ യെ ജാനാ സനം " എന്ന് കേട്ടാൽ ടീവിയ്ക്ക് മുന്നിലേയ്ക്ക് ഓടിച്ചെല്ലും.

കണ്ടു മതിയാകുന്നില്ലെങ്കിലും ഫോട്ടോകളെടുത്തു മതിയായപ്പോൾ ഞങ്ങൾ പാടത്തുനിന്നു തിരിച്ചു കയറി. ഇവിടെ നിന്ന് സാഞ്ചിയും കടന്ന് വിദിശയിലേയ്ക്ക് ഇരുപതു കിലോമീറ്റർ കൂടി പോകേണ്ടതുണ്ട്. വിദിശയിലാണ് ഇന്ന് താമസത്തിനുള്ള മുറികൾ ബുക്ക് ചെയ്‌തിട്ടുള്ളത്. ഹോട്ടലിലേയ്ക്ക് പോകുന്നതിനു മുൻപ് ഹെലിയോഡോറസ് സ്‌തംഭം കൂടി സന്ദർശിക്കണമെന്ന് പറഞ്ഞിരുന്നു.

എം എം മഞ്ജുഹാസൻ

മുൻഭാഗങ്ങൾ വായിക്കാൻ :
ഭാഗം - 4 https://www.facebook.com/share/p/qCzCpWiWPX9Q854D/?mibextid=oFDknk
ഭാഗം - 3 https://www.facebook.com/share/p/5RKMb5t5NFM2c9Fw/?mibextid=Nif5oz
ഭാഗം -2 https://www.facebook.com/share/p/VsRjdTyyjHXQ5Quq/?mibextid=Nif5oz
ഭാഗം - 1 https://www.facebook.com/share/p/DRPe5KnwT3AB3R4X/?mibextid=Nif5oz

ഏറ്റവും ഉയരം കൂടിയ ശിവലിംഗം പ്രതിഷ്‌ഠിച്ചിട്ടുള്ള ഭോജ്‌പൂരിലേയ്ക്ക് ...............ഖജുരാഹോ-കലാസ്നേഹികളുടെ സ്വപ്‌നഭൂമിക -...
30/03/2024

ഏറ്റവും ഉയരം കൂടിയ ശിവലിംഗം പ്രതിഷ്‌ഠിച്ചിട്ടുള്ള ഭോജ്‌പൂരിലേയ്ക്ക് ...............

ഖജുരാഹോ-
കലാസ്നേഹികളുടെ സ്വപ്‌നഭൂമിക - ഭാഗം 4

സമയം പന്ത്രണ്ടരയായിരിക്കുന്നു. ഭോജ്‌പൂരിലേയ്ക്ക് മുപ്പതുകിലോമീറ്ററിലധികം ദൂരമുണ്ട്. ഹൈവേയിൽ കയറിയതിനു ശേഷം ഏതെങ്കിലും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് യാത്ര തുടരാമെന്നാണ് ആകാശ് പറഞ്ഞത്. എല്ലാവർക്കും വിശപ്പ് തുടങ്ങിയിട്ടുണ്ട്. രാവിലെ പത്തര മുതൽ നടത്തമായിരുന്നല്ലോ. തിരികെ ഭയ്യാപൂരിലെത്തിയപ്പോൾ അവിടെയൊരു തടസം. റെയിൽവേ ഗേറ്റിനു സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. ഒരു മണിക്കൂറെങ്കിലും ഇവിടെ കാത്തു കിടക്കേണ്ടി വരുമെന്നാണ് അറിഞ്ഞത്. ഗേറ്റിനപ്പുറം ഹൈവേയോട് ചേർന്ന് മദ്ധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ ഹൈവേ ട്രീറ്റ് എന്ന റെസ്റ്റോറന്റ് പ്രവർത്തിക്കുന്നുണ്ട്. ഏതായാലും സമയം പോകുമല്ലോ. ഉച്ചഭക്ഷണം അവിടെ നിന്നായാലോ എന്ന് ആകാശ് ചോദിച്ചു.

ഞാനും മധുസൂദനൻസാറും വണ്ടിയിൽനിന്നിറങ്ങി ഹൈവേ ട്രീറ്റിലേയ്ക്ക് നടന്നു. അവിടെ മറ്റൊരു യാത്രാസംഘത്തിനു വേണ്ടി ജീവനക്കാർ ബുഫേ തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു. മാനേജരോട് ഞങ്ങൾ ആവശ്യം അറിയിച്ചു. ഭക്ഷണം തയ്യാറാക്കിത്തരാമെന്നാണ് അയാൾ പറയുന്നത്. പക്ഷേ ബുഫേ അടിസ്ഥാനത്തിൽ ആളൊന്നിന്ന് മുന്നൂറിലധികമാണ് ചാർജ് ചെയ്യുന്നത്. തയ്യാറാക്കി വച്ചിരിക്കുന്ന വിഭവങ്ങളൊക്കെ മാനേജർ കാണിച്ചുതന്നു. അൺലിമിറ്റഡ് ബുഫേയാണ്. പത്തിരുപതു വിഭവങ്ങളുമുണ്ട്. കറികളുടെ എണ്ണം കുറഞ്ഞാലും ഇരുനൂറ്റിയൻപതു രൂപയെങ്കിലും ഈടാക്കേണ്ടി വരുമെന്നാണ് മാനേജർ പറഞ്ഞത്. അത് ഞങ്ങളുടെ കീശയ്ക്ക് വിഷമമുണ്ടാക്കുമല്ലോയെന്ന് ആലോചിച്ചുനിൽക്കുമ്പോൾ ആകാശിന്റെ ഫോൺകാൾ വന്നു. "റോഡ് തുറന്നു. ഭക്ഷണം ഓർഡർ ചെയ്തോ ?" ഇല്ലായെന്ന് മറുപടി പറഞ്ഞ് ഞങ്ങൾ റോഡിലേയ്ക്ക് ഇറങ്ങി. ഹൈവേയിലൂടെ ഇരുന്നൂറു മീറ്റർ യാത്ര ചെയ്‌തപ്പോൾ തന്നെ റോഡിനു മറുവശത്തായി മറ്റൊരു ധാബ കണ്ടു. ഹോട്ടൽ ശ്രീനാഥ്ജി എന്നാണ് ധാബയുടെ പേര്. പ്യുവർ വെജിറ്റേറിയൻ എന്നും ബോർഡിലുണ്ട്. പക്ഷേ ഊണ് അല്ലെങ്കിൽ ഥാലി മീൽസ് ഇവിടെയില്ല. എന്നാൽ ചോറും റോട്ടികളും മിക്‌സഡ് വെജിറ്റബിൾ , പനീർ മസാല , ദാൽ ഫ്രൈ എന്നീ കറികളും പിന്നെ പപ്പടം , അച്ചാർ പച്ചക്കറി- പഴം സാലഡുകൾ എന്നിവയും പത്തുപേർക്കായി തയ്യാറാക്കി നൽകാമെന്ന് മാനേജർ പറഞ്ഞു. ആളൊന്നിന് ഏകദേശം നൂറ്റിയെൺപതു രൂപയാകുമത്രേ. ഇരുപതു മിനുട്ട് കാത്തിരിക്കേണ്ടി വന്നെങ്കിലും ചൂടോടെ രുചികരമായ ഭക്ഷണം യഥേഷ്‌ടം ലഭ്യമായി. പരമാവധി വേഗത്തിൽ തന്നെ ജീരക റൈസും റോട്ടികളും കറികളും അവർ വിളമ്പി.

ഭക്ഷണശേഷം രണ്ടുമണി കഴിഞ്ഞാണ് ശ്രീനാഥ് ജി ഹോട്ടലിൽ നിന്ന് ഞങ്ങൾ യാത്ര തുടർന്നത്.
കുറെ ദൂരം കൂടി ഹൈവേയിലൂടെ ഞങ്ങളുടെ വാഹനം നീങ്ങി. രാവിലെ കടന്നു വന്ന വഴിയിലൂടെ തിരികെ യാത്രചെയ്‌ത് ഒരു ചെറുപട്ടണത്തിൽ നിന്ന് വലത്തേയ്ക്ക് ഞങ്ങൾ വഴിതിരിഞ്ഞു.

റോഡിനിരുവശവും ഗ്രാമങ്ങളും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങളുമാണ്. മദ്ധ്യപ്രദേശിലെ ഗ്രാമീണജീവിതമാണ് ചെറുഗ്രാമങ്ങളിലൂടെ കടന്നുപോകുമ്പോൾ ദൃശ്യമാകുന്നത്. ഹൈവേയിൽ നിന്ന് വഴി തിരിഞ്ഞ് ഏതാണ്ട് പത്തുകിലോമീറ്റർ സഞ്ചരിച്ചപ്പോൾ ഞങ്ങൾ ഭോജ് പൂരിൽ എത്തിച്ചേർന്നു. ഭോജ്‌പ്പൂരെന്ന ഗ്രാമത്തിലേയ്ക്ക് പ്രവേശിക്കുന്നതിനു മുൻപേതന്നെ ഭോജേശ്വർ ക്ഷേത്രം ഞങ്ങളുടെ മുന്നിൽ ദൃശ്യമായി. ബെത്‌വാ നദിയുടെ കുറുകേയുള്ള പാലം കടക്കുമ്പോൾ മുന്നിലായി കുന്നിൻമുകളിൽ ഭോജേശ്വർ ക്ഷേത്രം ഉയർന്നു നിൽക്കുന്നത് കാണാം..

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം പ്രതിഷ്‌ഠിച്ചിട്ടുള്ള ക്ഷേത്രത്തിലേയ്ക്കാണ് ഞങ്ങൾ എത്തുന്നത്. പീഠമുൾപ്പെടെ നാൽപ്പതടിയിലേറെ ഉയരമുള്ള ശിവലിംഗമാണ് ഭോജേശ്വർ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. പീഠത്തിനു മുകളിലെ ലിംഗപ്രതിഷ്‌ഠയ്ക്കു മാത്രം എട്ടടി ഉയരമുണ്ട്. ശിൽപ്പകലാസമ്പന്നമായ ഒട്ടേറെ മന്ദിരങ്ങളും മറ്റും നിർമ്മിക്കപ്പെട്ട നഗരമാണെങ്കിലും പൈതൃകകേന്ദ്രങ്ങളാൽ മാത്രമാണ് ഇന്ന് അറിയപ്പെടുന്നത്. ബെത് വ നദിയിൽ ഭോജരാജൻ മൂന്നു അണക്കെട്ടുകൾ നിർമ്മിക്കുകയും ഒരു വലിയ തടാകം സൃഷ്‌ടിക്കുകയും ചെയ്‌തു. മാൾവയിലെ സുൽത്താനായിരുന്ന ഹോശംഗാ ഷായുടെ കാലത്ത് ഈ അണക്കെട്ടുകൾ നശിപ്പിക്കപ്പെട്ടതായി പറയപ്പെടുന്നു. അണക്കെട്ടുകളുടെ അവശിഷ്‌ടങ്ങൾ ഇപ്പോഴും നദിയിൽ ഉണ്ട്. അണക്കെട്ടുകളാൽ രൂപീകൃതമായ തടാകതീരത്തെ കുന്നിൻമുകളിലായാണ് ഭോജേശ്വർ ക്ഷേത്രമെന്ന ബൃഹത് മന്ദിരം ഭോജരാജൻ നിർമ്മിച്ചത്. പാറകൾ നിറഞ്ഞ കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന നല്ല ഉയരമുള്ള ക്ഷേത്രം ദൂരെ നിന്നു തന്നെ ഞങ്ങൾക്ക് കാണാനാകുന്നുണ്ട്.

വാഹനം ഗ്രാമത്തിലെ തെരുവുകളിൽ നിന്ന് കുന്നിൻ മുകളിലേക്കുള്ള വഴിയിലേക്ക് കയറി. അവിടെ വാഹനപാർക്കിങ് സൗകര്യമുണ്ടെന്നാണ് ആകാശ് പറഞ്ഞത്. വഴിവാണിഭക്കാരായ ആളുകൾ റോഡിൽ നിറഞ്ഞിരിക്കുന്നു. പലവിധ പഴങ്ങളും പൂജാസാധനങ്ങളും കൗതുകവസ്‌തുക്കളും കളിപ്പാട്ടങ്ങളും ഉന്തുവണ്ടികളിലും പാതയോരങ്ങളിലുമായി വിൽക്കാൻ വെച്ചിരിക്കുന്നു. ഒരു കച്ചവടത്തെരുവിനുള്ളിലൂടെ പോകുന്നതുപോലെയാണ് തോന്നിപ്പിക്കുന്നത്.

പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിറുത്തി പുറത്തേക്കിറങ്ങിയപ്പോൾ ഒരുപാടാളുകൾ കച്ചവടസാധനങ്ങളുമായി അടുത്തേയ്ക്ക് വന്നു. ഞങ്ങൾ ഗേറ്റ് കടന്ന് പാറയിലൂടെ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയിൽ നടന്നു.

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന സംരക്ഷിതസ്‌മാരകമാണ് ഭോജേശ്വർ ക്ഷേത്രം. ക്ഷേത്രവും ക്ഷേത്രപരിസരത്തെ പാറക്കെട്ടുകളും പുരാവസ്‌തു വിഭാഗം ഏറ്റെടുത്ത് പഠനങ്ങളും ഉദ്ഖനനങ്ങളും നടത്തിവരികയാണ്. പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് പാറയിലൂടെ കയറ്റം കയറിയാണ് ക്ഷേത്രത്തിനടുത്തേയ്ക്ക് ചെല്ലുന്നത്. പതിമൂന്നടി ഉയരമുള്ള ഒരു ശിലാപീഠത്തിന്റെ മുകളിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

ഗംഭീരമായ ഒരു മന്ദിരമാണ് ഭോജരാജൻ ഉദ്ദേശിച്ചിരുന്നതെങ്കിലും നിർമ്മാണം പൂർത്തിയാകാത്ത അവസ്ഥയിലാണ് ക്ഷേത്രമിപ്പോഴുമുള്ളത്. വഴിയിൽ നിന്ന് മുകളിലേയ്ക്ക് ഉയരമുള്ള പടികളുണ്ട്. ശിലാവേദികയുടെ ഒരറ്റത്തായാണ് ക്ഷേത്രം. കല്ലുകൾ പാകിയ ഒരു മുറ്റം പോലെയാണ് ക്ഷേത്രത്തിന്റെ മുൻവശം. മേൽക്കൂരയുള്ള രണ്ടു മണ്ഡപങ്ങളും നന്ദിപ്രതിഷ്‌ഠയുള്ള ശിലാപീഠവും ക്ഷേത്രത്തിനു മുന്നിലായുണ്ട്. ഇരു മണ്ഡപങ്ങളിലും ശിവലിംഗമാണ് പ്രതിഷ്‌ഠിച്ചിട്ടുള്ളത്.

ശിലകൾ പാകിയ മുറ്റത്തുകൂടി നടന്ന് പരിസരമാകമാനം കണ്ടു. കുന്നിന്റെ ഏറ്റവും ഉയർന്ന ഭാഗത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നാലുപാടും പാറകൾ മാത്രമാണുള്ളത്. അവിടവിടെയായി കൊത്തുപണികൾ ചെയ്ത ശിലാഖണ്ഡങ്ങളും കാണാം. ക്ഷേത്രത്തിനു വലതുഭാഗത്ത് പുൽത്തകിടികളുള്ള ഉദ്യാനവും പുരാവസ്‌തുവകുപ്പിന്റെ മ്യൂസിയവും ഉണ്ട്. ടോയിലറ്റ് സൗകര്യവും ഇവിടെ ലഭ്യമാണ്. ഞങ്ങൾ നന്ദിപ്രതിഷ്‌ഠയുടെ അടുത്തുനിന്ന് ക്ഷേത്രവും ഉള്ളിലെ ശിവലിംഗവും വിസ്‌മയത്തോടെ കണ്ടു. 65 അടി ഉയരമുണ്ട് പണി തീരാത്ത ഈ ക്ഷേത്രത്തിന്. ക്ഷേത്രത്തിനുള്ളിൽ തറനിരപ്പിൽ നിന്ന് കുറച്ചുകൂടി താഴെയായിട്ടാണ് ലിംഗ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള പീഠവും പ്രദക്ഷിണവഴിയുമുള്ളത്. ക്ഷേത്രവാതിലിന് മുപ്പത്തിയഞ്ചടിയോളം ഉയരമുണ്ട്. പ്രവേശനകവാടത്തിനിരുവശത്തും ഭിത്തികളിൽ തകർന്നുപോയ ശിൽപ്പങ്ങളുടെ ഭാഗങ്ങൾ കാണാം.

ഭോജരാജന്റെ കാലത്ത് മൂവായിരത്തോളം തൊഴിലാളികളുടെ അദ്ധ്വാനം ഉപയോഗിച്ച് വലിയൊരു ക്ഷേത്രസമുച്ചയമാണത്രേ ഇവിടെ ശിൽപ്പികൾ നിർമ്മാണം ആരംഭിച്ചത്. പരിസരത്തുള്ള പാറകളിൽ പലയിടത്തും ക്ഷേത്രസമുച്ചയത്തിന്റെ രൂപരേഖകളും മാസ്റ്റർ പ്ളാനും കൊത്തിവെച്ചിരുന്നത് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ശിൽപ്പികൾക്ക് അവലംബത്തിനായി വരച്ച രേഖകളാണവ. കുന്നിന്റെ പല ഭാഗങ്ങളിൽ നിന്നും കൊത്തുപണികൾ പൂർത്തിയാക്കിയതും അപൂർണ്ണങ്ങളായതുമായ ധാരാളം ശിലകൾ കണ്ടെടുക്കുകയുണ്ടായി.

സാധാരണഗതിയിൽ നിർമ്മാണം പൂർത്തീകരിച്ചാൽ ശേഷിക്കുന്ന ശിലകളും നിർമ്മാണമാതൃകകളും പരിസരത്തുനിന്നും മാറ്റുകയാണ് പതിവ്. എന്നാൽ ഇവിടെ അങ്ങിനെയൊരു പ്രവർത്തനം നടന്നിട്ടില്ലായെന്നു കാണാം. അതിൽനിന്നെല്ലാം ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ശിൽപ്പികൾക്ക് കഴിഞ്ഞിട്ടില്ലായെന്നാണ് ഗവേഷകരുടെ നിഗമനം. ഒരുപക്ഷേ പ്രതികൂലകാലാവസ്ഥ കൊണ്ടോ സാമ്പത്തിക പരിമിതികൾ കൊണ്ടോ പണി മുടങ്ങിയതാവാം. എങ്കിലും ക്ഷേത്രനിർമ്മാണത്തിലെ അപാകതകളാണ് ക്ഷേത്രം അപൂർണ്ണമായി നിലകൊള്ളാനുണ്ടായ കാരണം എന്ന് ഗവേഷകർ കരുതുന്നു.

ക്ഷേത്രനിർമ്മാണമേറ്റെടുത്ത ശിൽപ്പി ഒറ്റ രാത്രി കൊണ്ട് മൂന്നു ക്ഷേത്രങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചുവത്രേ. എന്നാൽ നിർമ്മാണത്തിലെ പിഴവുകൾ മൂലം മൂന്നാമത്തെ ക്ഷേത്രം പൂർത്തിയാക്കാൻ ശിൽപ്പിയ്ക്ക് കഴിഞ്ഞില്ല. കണക്കുകൾ പിഴച്ച് നിർമ്മാണം പകുതിയാക്കി നിർത്തിയ ശിൽപ്പിയുടെ കൈകൾ രാജാവ് വെട്ടി മാറ്റിയെന്നൊരു കഥയുണ്ട്.

ഭാരതം പദ്‌മശ്രീ നൽകി ആദരിച്ച മലയാളിയായ ഗവേഷകൻ ശ്രീ കെ.കെ.മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ആർക്കിയോളജി ഉദ്യോഗസ്ഥർ ഈ ക്ഷേത്രം സംരക്ഷിക്കുന്നതിനു വേണ്ടി നല്ല രീതിയിൽ പരിശ്രമം നടത്തിയിരുന്നു. പുരാവസ്‌തു വകുപ്പ് ഈ സ്‌മാരകം ഏറ്റെടുക്കുമ്പോൾ ഗർഭഗൃഹത്തിന്റെ ശില കൊണ്ടുള്ള മേൽക്കൂരയുൾപ്പെടെ തകർന്ന അവസ്ഥയിലായിരുന്നു. ഭാരമേറിയ ശിലകൊണ്ടുള്ള മേൽക്കൂരയുടെ ഭാരം താങ്ങാനാവാതെ നിർമ്മാണവേളയിൽ തന്നെ തകർന്നുപോയി എന്നാണറിയാൻ കഴിഞ്ഞത്. വ്യക്തമായ രൂപരേഖകൾ തയ്യാറാക്കിയിരുന്നെങ്കിലും എൻജിനീയറിങ് പിഴവുകൾ മൂലം ഭിത്തികളിലെ ശിൽപ്പങ്ങളും മകുടവും ഉൾപ്പെടെ പൂർണ്ണമാക്കുവാൻ ശിൽപ്പികൾക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. അപാകതകൾ കണ്ടതിനാൽ നിർമ്മണപ്രവർത്തനങ്ങൾ നിറുത്തിവെച്ചു എന്നുവേണം കരുതാൻ. ഭോജ്‌പൂർ ഗ്രാമത്തിൽ തന്നെ ഇതേ കാലഘട്ടത്തിൽ നിർമ്മാണമാരംഭിച്ച വേറെയും ക്ഷേത്രങ്ങളുടെ അവശിഷ്‌ടങ്ങളുണ്ട്. ഈ കുന്നിൻ ചെരുവിൽ തന്നെ നദിക്കരയിലായി ഒരു ഗുഹാക്ഷേത്രവും ഉണ്ട്.

ഞങ്ങൾ പടി കയറി ക്ഷേത്രത്തിനുള്ളിലേയ്ക്ക് പ്രവേശിച്ചു. കയറുവാനും ഇറങ്ങുവാനും പ്രത്യേകം രണ്ടു വഴികളായി തിരിച്ചിട്ടുണ്ട്. കവാടത്തിൽ നിന്ന് പടികളിറങ്ങി ശിവലിംഗത്തിന്റെ ചുവട്ടിൽ പ്രദക്ഷിണം വെച്ചു. ഒട്ടേറെപ്പേർ ക്ഷേത്രം സന്ദർശിക്കുവാൻ എത്തിയിട്ടുണ്ട്. പൂക്കളും പൂമാലകളും ചാർത്തി ശിവലിംഗം അലങ്കരിച്ചിട്ടുണ്ട്. പൂർത്തിയാകാത്ത ക്ഷേത്രമായതിനാൽ വൈദികവിധിപ്രകാരമുള്ള പൂജാവിധികൾ നടക്കുന്നില്ലെങ്കിലും ആളുകൾ കൈകൾ കൂപ്പി പ്രാർത്ഥനയോടെയാണ് വലംവെയ്ക്കുന്നത്. നാളികേരവും കൂവളമാലകളും സമർപ്പിക്കപ്പെടുന്നുണ്ട്. ഒരു പൂജാരി ലിംഗവിഗ്രഹത്തിനു ചുവട്ടിൽനിന്ന് സന്ദർശകർക്ക് പൂജകൾ നടത്തി നൽകുന്നുമുണ്ട്. ക്ഷേത്രത്തിന്റെ ഉൾവശത്ത് മുകൾത്തട്ടിൽ ധാരാളമായ കൊത്തുപണികൾ കാണാം. തകർന്നു പോയ മേൽക്കൂരയുടെ ഭാഗങ്ങൾ ചുറ്റുമുള്ള കൊത്തുപണികൾക്കു ചേരുംവിധം മനോഹരമായി പുനർനിർമ്മിച്ച് സ്ഥാപിച്ചതാണ്. ഭാരം കുറയ്ക്കാനായി ഫൈബർ ഗ്ളാസ് കൊണ്ടാണ് അത്തരം കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുള്ളത്. ക്ഷേത്രച്ചുവരുകളിലും ആവശ്യമായ പുനരുദ്ധാരണങ്ങൾ പുരാവസ്‌തുവകുപ്പ് നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിനു ചുറ്റുമുള്ള പരിസരമാകെ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഈ സ്ഥലത്തിന്റെ പ്രാധാന്യം മനസ്സിലാക്കാതെ ഗ്രാമീണരായ ആളുകൾ മുൻപ് ഇവിടെ നിന്നും ശിലകൾ കൊണ്ടുപോയി വീടുനിർമ്മാണത്തിനും മറ്റും ഉപയോഗിച്ചിരുന്നു. പ്രാദേശികകച്ചവടക്കാരും മുൻപ് ഇവിടെ നിന്ന് ശിലകൾ എടുത്തുകൊണ്ടുപോയി. പുരാവസ്‌തു വകുപ്പ് ഈ പ്രദേശം ഏറ്റെടുത്ത് വേലികെട്ടിയതിനു ശേഷമാണ് അത്തരം പ്രവർത്തനങ്ങൾ ഇല്ലാതായത്. ഭോജരാജാവ് ഒരു മികച്ച ഭരണാധികാരി എന്നതുപോലെ തന്നെ പണ്ഡിതനും കലാതൽപ്പരനും ആയിരുന്നുവല്ലോ. എണ്‍പത്തി നാലു ഗ്രന്ഥങ്ങൾ അദ്ദേഹം സംസ്‌കൃതത്തിൽ രചിച്ചിട്ടുണ്ട്. കാവ്യങ്ങളും സാഹിത്യവും കൂടാതെ ദാർശനികഗ്രന്ഥങ്ങളും ശാസ്ത്രരചനകളും ജ്യോതിഷവും വ്യാകരണവും വാസ്‌തുശാസ്ത്രവുമെല്ലാം അവയിൽപ്പെടുന്നു. പണ്ഡിതനായ ഒരു രാജാവിന്റെ മേൽനോട്ടത്തിൽ നിർമ്മിക്കപ്പെട്ട മഹാമന്ദിരത്തിനു തന്നെ നിർമ്മാണപ്പിഴവുകൾ ഉണ്ടായത് അവിശ്വസനീയമെന്നേ പറയാൻ കഴിയൂ.

ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങളും ചരിത്രവും മറ്റും കൂടുതലായി മനസ്സിലാക്കാനുതകുന്ന ഒരു മ്യൂസിയം പുരാവസ്‌തു വകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും മികച്ച രീതിയിൽ സന്ദർശകർക്കുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഏർപ്പാടു ചെയ്‌തതിനുള്ള പുരസ്‌കാരം ഭോജേശ്വറിലെ പുരാവസ്‌തുവിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. ഞങ്ങൾ ഭോജേശ്വർ ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയാണ്.

ഇന്നുതന്നെ സാഞ്ചിയിലെത്തി സ്‌തൂപവും കൂടി സന്ദർശിക്കണമെന്നാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇപ്പോൾ തന്നെ സമയം നാലുമണിയായിരിക്കുന്നു. ഇവിടെ നിന്ന് എഴുപത്തിയഞ്ചു കിലോമീറ്റർ ദൂരമുണ്ട് സാഞ്ചിയിലേയ്ക്ക്. ഒന്നര മണിക്കൂറിലധികം സമയം ഏതായാലും വേണ്ടിവരുമെന്നാണ് ആകാശ് പറഞ്ഞത്. ഭോജ്‌പൂരിലെ ചരിത്രമുറങ്ങുന്ന മറ്റ് കൗതുകക്കാഴ്ച്ചകൾ നഷ്ടപ്പെടുത്തിക്കൊണ്ട് ഞങ്ങൾ പാടങ്ങൾക്ക് നടുവിലൂടെ നീളുന്ന റോഡിലൂടെ സാഞ്ചി ലക്ഷ്യമാക്കി യാത്രയാവുകയായി.

എം എം മഞ്ജുഹാസൻ

മുൻഭാഗങ്ങൾ വായിക്കാൻ :
ഭാഗം - 3 https://www.facebook.com/share/p/5RKMb5t5NFM2c9Fw/?mibextid=Nif5oz
ഭാഗം -2 https://www.facebook.com/share/p/VsRjdTyyjHXQ5Quq/?mibextid=Nif5oz
ഭാഗം - 1 https://www.facebook.com/share/p/DRPe5KnwT3AB3R4X/?mibextid=Nif5oz

Travel with Yathramanjushree

Address

Kochi

Telephone

+919447776524

Website

Alerts

Be the first to know and let us send you an email when Yathramanjushree posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yathramanjushree:

Videos

Share

Category