16/05/2023
കൂത്താട്ടുകുളം സ്വദേശിയായ സിനിമാ നിർമ്മാതാവ്
പി. കെ. ആർ. പിള്ള അന്തരിച്ചു: 🙏
•••••••••••••••••••
ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓർക്കുന്ന ഒരുപിടി ചിത്രങ്ങളൾ നിർമ്മിച്ച പി. കെ. ആർ. പിള്ള 89-ാം വയസ്സിൽ വിട പറഞ്ഞു.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച് മുന്നേറിയ സിനിമകളുടെ സൃഷ്ടാവ് അവസാന നാളുകളിൽ മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥയിലായിരുന്നത് നേരത്തെ വാര്‍ത്തകളിൽ ഇടംനേടിയിരുന്നു. സ്ഥാവര സ്വത്തുക്കളും തന്റെ സിനിമകളുടെ അവകാശങ്ങളും എല്ലാം കൈവിട്ടു പോയി.
വാർദ്ധക്യവും രോഗവും ചേർന്ന് മായ്ച്ചുകളഞ്ഞ ഓർമ്മകളിൽ നിന്ന് തന്റെ അടുത്ത സുഹൃത്തുക്കളെ പോലും തിരിച്ചറിയാനാവാതെ ബുദ്ധിമുട്ടോടെയാണ് ഈ സിനിമാ നിർമ്മാതാവ് വിടവാങ്ങിയത്.
🌏
കൂത്താട്ടുകുളം, 'പരിശപ്പറമ്പിൽ കുഞ്ഞൻ പിള്ള രാമചന്ദ്രൻ പിള്ള' എന്ന പി.കെ.ആർ. പിള്ള. മുംബൈയിലായിരുന്നു ബിസിനസ്. എളിയ തോതിൽ തുടങ്ങിയ ബിസനസ് 'സ്റ്റാർനൈറ്റ് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ്' എന്ന വലിയ കമ്പനിയായി ഉയർന്നു. കുതിരപ്പന്തയ തല്പരനായ അദ്ദേഹത്തിന് മുബൈയിൽ 26 'റേസ് കോഴ്‌സുകൾ ' ഉണ്ടായിരുന്നു.
ഷിർദി സായി ബാബയുടെ കടുത്ത ഭക്തനായിരുന്ന അദ്ദേഹം കൂത്താട്ടുകുളത്ത് തന്റെ വീടിനോട് ചേർന്ന് ഒരു ക്ഷേത്രവും അതേ പേരിൽ ഒരു ഓഡിറ്റോറിയവും നിർമ്മിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ Brio Convention Centre ആയതു .
മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റ ചരിത്രവും പിളളയ്ക്കുണ്ട്. ഇന്ദിരഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു.
12 വർഷം മുൻപാണ് ബിസിനസ് തകർന്നതോടെ തൃശൂരിൽ പട്ടിക്കാട് കമ്പനിപ്പടിയിൽ താമസമാക്കിയത്.
🌏
20 വർഷത്തിനിടെയാണ് 22 സിനിമകൾ പി. കെ. ആർ. പിള്ള നിർമ്മിച്ചത്.
1984-ല്‍ നിര്‍മ്മിച്ച 'വെപ്രാളം' ആയിരുന്നു പി കെ ആര്‍ പിള്ളയുടെ ആദ്യചിത്രം. ഇതിൽ ഒരു പ്രധാന വേഷം പിള്ള ചെയ്തിട്ടുണ്ട്. 'തത്തമ്മേ പൂച്ച പൂച്ച' (1984) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. പിന്നീട്, തുടക്കത്തിൽ സൂചിപ്പിച്ച ചിത്രങ്ങൾക്കു പുറമെ, ഓണത്തുമ്പിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നിരവധി ചിത്രങ്ങള്‍ പിള്ള നിര്‍മ്മിച്ചു.
🌏
ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ സരോജം ഒരു അപകടത്തിൽ മരിച്ചപ്പോൾ രണ്ടാം വിവാഹം ചെയ്തു: ഭാര്യ രമ. ഈ വിവാഹത്തിൽ അദ്ദേഹത്തിന് നാല് മക്കളുണ്ട്. (രാജേഷ്, പ്രീതി, സാജു, സിദ്ധു). ഇവരിൽ നടനായിരുന്ന അദ്ദേഹത്തിന്റെ മകൻ സിദ്ധു 2018-ൽ മരിച്ചു. (സിദ്ധുവിനെ ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.)
"മോൻ സിദ്ധു മരിച്ചതോടെ ഓർമ്മ നഷ്ടമായി. നിർമ്മിച്ച ചില സിനിമകൾ ഹിറ്റായെങ്കിലും പലതും നഷ്ടമായിരുന്നു. മുംബയിലും ചെന്നൈയിലും ഉണ്ടായിരുന്ന സ്ഥലങ്ങൾ വിറ്റു. ബിസിനസ് തകർന്നു. കൂത്താട്ടുകുളത്തെ കോടികൾ വിലവരുന്ന സ്ഥലം ഒരു നിർമ്മാതാവ് കൈക്കലാക്കി. കൈയിൽ കാശില്ലാതായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല." ഭാര്യ രമ ഏതാനും വർഷം മുമ്പ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
____________
Courtesy: ആർ. ഗോപാലകൃഷ്ണൻ | 2023 മേയ് 16