18/01/2024
തിരുവുത്സവ– തിരുനാൾ സന്തോഷത്തിൽ ഭരണങ്ങാനം
മനോരമ ലേഖകൻ
Published: January 18 , 2024 10:27 AM IST
1 minute Read
ഭരണങ്ങാനം ടൗണിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഊരുവലത്തിനു സ്വീകരണം
നൽകിയപ്പോൾ
ഭരണങ്ങാനം ടൗണിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഊരുവലത്തിനു സ്വീകരണം നൽകിയപ്പോൾ
ഭരണങ്ങാനം ∙ തിരുവുത്സവ– തിരുനാൾ തിരക്കിലാണു ഭരണങ്ങാനം. ഒരേ സമയത്തു ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവവും സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും ഭരണങ്ങാനത്തു നടക്കുന്നതു കൊണ്ടു മാത്രമല്ല ഈ ആഘോഷം. ഒരു മനസ്സോടെ ഈ രണ്ട് ആഘോഷങ്ങളും ഏറ്റെടുക്കുന്നതിലൂടെയാണു ഭരണങ്ങാനത്തെ ജനം ആഘോഷത്തെ വിശാലമാക്കുന്നത്.
ക്ഷേത്രത്തിലെ ഊരുവലത്ത് എഴുന്നള്ളത്തും പള്ളിയിലെ പ്രദക്ഷിണവും എല്ലാ ഭരണങ്ങാനത്തുകാരുടേതുമാണ്. അതിൽ ജാതിമത വ്യത്യാസമില്ല.ടൗണിലെ വ്യാപാരി വ്യവസായികളും ഓട്ടോ ടാക്സി ഡ്രൈവർമാരും ഹെഡ്‌ലോഡ് വർക്കർമാരും ചേർന്നാണു സംയുക്ത ആഘോഷത്തിന് അരങ്ങൊരുക്കുന്നത്.16നായിരുന്നു ക്ഷേത്രത്തിലെ ഊരുവലത്ത് ഭരണങ്ങാനം ടൗണിലേക്കു നടന്നത്.
അലങ്കാരങ്ങളും ദീപക്കാഴ്ചകളുമായി എല്ലാ വിഭാഗം ജനങ്ങളും ഊരുവലത്തിനെ സ്വീകരിച്ചു. ഇനി പള്ളിയിൽ നിന്നുള്ള ടൗൺ പ്രദക്ഷിണമാണ്. 20നു വൈകിട്ട് നടക്കുന്ന പ്രദക്ഷിണം അലങ്കാരങ്ങളോടും ദീപക്കാഴ്ചകളോടും ആഘോഷിക്കാൻ നാട് ഒരുങ്ങി.പ്രദക്ഷിണത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപത്തിനു മുന്നിൽപ്പിടിക്കുന്ന കോൽവിളക്ക് ശ്രീകൃഷ്ണ ക്ഷേത്രത്തിൽനിന്നു നൂറ്റാണ്ടുകൾക്കു മുൻപു നൽകിയതാണ്.
ഇതിനു പകരമായി ക്ഷേത്രത്തിനു പള്ളിയിൽനിന്ന് മുത്തുക്കുട നൽകി. പഞ്ചപാണ്ഡവരുടെ വനവാസ കാലത്ത് അവർ പ്രതിഷ്ഠിച്ചെന്ന് ഐതിഹ്യമുള്ള ക്ഷേത്രമാണു ഭരണങ്ങാനം ശ്രീകൃഷ്ണ ക്ഷേത്രം. ആയിരത്തിലേറെ വർഷങ്ങൾക്കു മുൻപു സ്ഥാപിതമായതാണ് ഭരണങ്ങാനത്തെ ആനക്കല്ല് സെന്റ് മേരീസ് ഫൊറോന പള്ളി.
https://www.manoramaonline.com/district-news/kottayam/2024/01/18/kottayam-festival-season-in-bharananganam.html