14/06/2018
Kanjirapuzha Garden
Kalladikkode...........
കല്ലടിക്കോട് മലവാരം.
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ കരിമ്പ പഞ്ചായത്തിലുള്ള ഒരു വന പ്രദേശമാണ് കല്ലടിക്കോട്. അതിൽ തന്നെ ഉയരം കൂടിയമലയാണ് കരിമല. ഇതിനെ കൂനൻമല, നീലിമല എന്നെല്ലാം വിളിക്കാറുണ്ട്. ശ്രീ വിഷ്ണുമായ ചാത്തനുമായി ബന്ധപ്പെട്ട് ചിലർ കല്ലടിക്കോടിനെ കൂളീവനം എന്നാണ് വിശേഷിപ്പിക്കാറ്. എന്നാൽ യഥാർത്ഥ പേര് കല്ലടിക്കോട് മലവാരം എന്നുതന്നെയാണ്. ഗവൺമെന്റ് രേഖകളിലും ഈ സ്ഥലത്തെ കല്ലടിക്കോട് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു കാലഘട്ടത്തിൽ പൗരാണിക കേരളത്തിലെ ( ചേരനാട് ) പ്രാദേശിക ജനതയുടെ അദ്ധ്യാത്മിക വിദ്യാ പഠന കേന്ദ്രമായിരുന്നു കല്ലടിക്കോട്. ഏഴ് വർഷം നീണ്ട് നിൽക്കുന്ന ഉപാസനാ പരിശീലനത്തിന് രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നും ആളുകൾ വന്നിരുന്നു. ബുദ്ധമതത്തിന്റെ വജ്രയാന ശാഖ കല്ലടിക്കോടൻ ആചരണത്തിൽ നിന്നും ഉരിത്തിരിഞ്ഞതാണെന്ന് പല ചരിത്ര പഠിതാക്കളും അഭിപ്രായം പറഞ്ഞിട്ടുണ്ട്. പഠനത്തിന് വേണ്ടി മലകയറുന്ന ആളുകൾ അത് കഴിഞ്ഞിട്ടെ മടങ്ങാറുണ്ടായിരുന്നൊള്ളൂ. അപകടം നിറഞ്ഞ വനയാത്രയിൽ പലർക്കും ജീവൻതന്നെ നഷ്ടമായിരുന്നു. അതുകൊണ്ട്തന്നെ വീരന്മാർ മാത്രമാണ് മലകയറിയിരുന്നത്. ആറ് വർഷത്തെ കഠിന പരീക്ഷണങ്ങളിലൂടെയാണ് മലയ ഗുരുക്കന്മാർ വിദ്യ ഉപദേശിച്ചിരുന്നത്. പലർക്കും ആ പരീക്ഷണങ്ങളിൽ തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു. എന്നിരുന്നാലും അതിൽ വിജയം വരിച്ച് വന്നിരുന്ന ആദിമാർഗ മലവാര അവധൂതന്മാരാണ് ഇന്ന് നാട്ടിൽ കാണുന്ന മലവാര സാധനയുടെ പ്രചാരകന്മാർ. യാതൊരു ഗ്രന്ഥങ്ങളും ഇല്ലാതെ ഒട്ടനവധി പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്ത് ഇന്നും കല്ലടിക്കോട് മലവാരം നിലനിൽക്കുന്നു എന്നത് മനസിലാക്കുമ്പോളാണ് എന്താണ് കല്ലടിക്കോട് മലവാരം എന്ന് പലർക്കും ബോധ്യമാകുക.
കല്ലടിക്കോട്- മലനിരകളാൽ ജൈവ വൈവിധ്യമുള്ളതും പ്രകൃതി രമണീയവുമാണ്. വെങ്കലം എന്ന സിനിമയിൽ പി.ഭാസ്‌കരൻ മാഷിന്റെ കല്ലടിക്കോട്ട്ന്ന് കല്യാണം... എന്ന വരികൾ നാടിന് അലങ്കാരവും യശസ്സുമുയർത്തുന്നു.
മഴത്തുള്ളികൾ മൃദുല സംഗീതം പൊഴി ക്കുന്ന പശ്ചിമഘട്ട താഴ്‌വാരമാണിത്. നിബിഡ വനങ്ങൾക്കിടയിൽ കനാലും തോടും അതിരിടുന്ന പഴയ വള്ളുവനാടൻ ഗ്രാമം. ഏത് കാലത്തും സമൃദ്ധമായി മഴ കിട്ടിയിരുന്ന ഗ്രാമത്തെക്കുറിച്ച് അടുത്ത പ്രദേശക്കാർ അസൂയയോടെ സംസാരിക്കുന്നത് ... കല്ലടിക്കോടൻ മല കറുത്താൽ കുന്തിപ്പുഴ നിറയുമെന്ന് പഴമക്കാർ പറയും.
ഇന്ത്യയിൽ ആദ്യമായി ഒരു ജില്ലാ പഞ്ചായത്തിന് കീഴിൽ ആരംഭിച്ച മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതി മലയുടെ പാർശ്വഭാഗത്ത് സ്ഥിതി ചെയ്യുന്നു.
കല്ലടിക്കോടൻ മലയുടെ അഗ്രിമ സ്ഥാനത്തു നിന്ന് ഉത്ഭവിക്കുന്ന തുപ്പനാട് പുഴയിലെ സ്ഫടികജലം ദേശീയപാതയും കടന്ന് അനേക കുടുംബങ്ങൾക്ക് കുടി വെള്ളമായി എത്തുന്നു. തുപ്പനാട് പുഴയോരത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ട് പഴക്കമുള്ള മാപ്പിള സ്‌കൂൾ തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന് കൊണ്ടിരിക്കുന്നു. ദീപ ടാക്കീസ് എന്ന കലാ മന്ദിരം ഓർമയായെങ്കിലും സ്ഥലനാമം ഇന്നും ദീപ ജംഗ്ഷൻ തന്നെ.
ടി.ബി. സെന്ററിൽ ബ്രിട്ടീഷ് ഭരണ കാലത്ത് പണിത കെട്ടിടങ്ങളിലാണ് കാഞ്ഞിരപ്പുഴ ഇറിഗേഷൻ പദ്ധതി ഓഫീസുകളും ഷൊർണൂർ സബ് ഡിവിഷനു കീഴിൽ പുതുതായി തുടക്കം കുറിച്ച പോലീസ് സ്റ്റേഷനും പ്രവർത്തിക്കുന്നത്.