20/09/2021
നെയ്യാർ മീൻമുട്ടി ട്രക്കിങ്ങിന്റെ ഭാഗമായി മീൻമുട്ടി വെള്ളചാട്ടം കാണാൻ പോയി. ഏതൊരാൾക്കും നേരെ മുന്നിൽ ചെന്നാലല്ലാതെ മുഴുവൻ കാണാൻ കഴിയാത്ത അപൂർവമായൊരു കാഴ്ചയാണ് മീൻമുട്ടി ഒരുക്കി വച്ചിട്ടുള്ളത്.
വളരെ ശാന്തമായി പാറയിൽ തഴുകി താഴേക്ക് വീഴുന്ന മുത്തുപോലുള്ള തണുത്ത വെള്ളം, ശാന്തമായ അന്തരീക്ഷം, പച്ചപ്പുതച്ചു നിൽക്കുന്ന കാട്, എല്ലാംകൊണ്ടും ഉള്ളം കുളിരുന്ന കാഴ്ച്ച........
പെട്ടെന്നാണ് മുകളിൽ നിന്നും ജല പീരങ്കിയിൽ നിന്നെന്നപോലെ വെള്ളം ഒന്നായി താഴേക്ക് പതിച്ചത്. അത് വരെ സുന്ദരിയും ശാന്തയും നാണം കുണുങ്ങിയുമായിരുന്നവർ പൊടുന്നനെ ഭീകരരൂപിണിയായി. മുന്നിലുള്ള സകലത്തിനെയും നശിപ്പിക്കാൻ പോന്നവണ്ണം ശക്തയായി. ഒരു ഭീകരസത്വം പോലെ അവൾ കലിതുള്ളി. അവളുടെ സംഹാരത്താണ്ഡവം തുടങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്ന ഗാർഡുമാർ വേറൊരു വഴിയിലൂടെ ഞങ്ങളെയെല്ലാം സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചു.
എല്ലാം ഒരു മിനിറ്റ് ഇടവേളയിലാണ് സംഭവിച്ചത് എന്നതാണ് അത്‍ഭുതം. ഇതുവരെ കേട്ടറിവ് മാത്രമായിരുന്ന മലവെള്ളപാച്ചിൽ (ഒരുപാട് വെള്ളചാട്ടങ്ങളിൽ അപകടങ്ങൾ നടന്ന ) കണ്മുന്നിൽ കണ്ടതിന്റെ അമ്പരപ്പിലായിരുന്നു ഞങ്ങൾ.
ഇതേ സ്ഥലത്ത് തന്നെയാണ് ഇന്നലെ (19/09/2021) ഒരാൾ പാറയിൽ നിന്ന് വീണ് മരിച്ചത് എന്നറിയുമ്പോൾ അമ്പരപ്പ് ആശ്വാസത്തിന് വഴിമാറുന്നു
വെള്ളത്തിൽ ഇറങ്ങുന്നവർക്കുള്ള (എന്റെ അനുഭവത്തിൽ)നിർദ്ദേശങ്ങൾ
1- മദ്യപിച്ച് ഒരിക്കലും വെള്ളത്തിൽ ഇറങ്ങാതിരിക്കുക
2- ഗെയ്ഡിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക ( നമുക്ക് ഒരു ധാരണയില്ലാത്തതും അവർക്ക് ലക്ഷണങ്ങൾ നോക്കിയും പ്രവർത്തനപരിചയം കാരണവും പ്രകൃതിയിൽ പെട്ടെന്നുണ്ടാവുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ കഴിയും )
3- വെള്ളച്ചാട്ടത്തിന്റെ ഫോട്ടോ എടുക്കാൻ ഒരിക്കലും പാറകളിൽ കയറാതിരിക്കുക. (ഓരോ പ്രാവശ്യവും വെള്ളം കൂടുതൽ വരുമ്പോൾ ഉണ്ടാവുന്ന എക്കൽ മണ്ണ് പാറയിൽ പറ്റിപ്പിടിച്ചിട്ടുണ്ടാവും. ചവിട്ടുമ്പോൾ തെന്നി വീഴാൻ സാധ്യത കൂടുതലാണ് 19/09/21 ന് സംഭവിച്ചത് ഇത്തരത്തിലുള്ള അപകടമാണ് )
4- രണ്ട് വ്യക്തികൾക്ക് ഒരു ഗാർഡ് എന്ന അനുപാതം നിർബന്ധമായും പാലിക്കുക
5- വെള്ളത്തിൽ ഇറങ്ങുന്ന സമയത്ത് ഒരാൾ എങ്കിലും മുഴുവൻ സമയം വെള്ളം നിരീക്ഷിക്കുക (ഇങ്ങനെ ചെയ്തത് കാരണമാണ് ഞങ്ങൾക്ക് പെട്ടെന്ന് തന്നെ കരയിലെത്താൻ കഴിഞ്ഞത് )
6- ആഴമുള്ള സ്ഥലങ്ങളിൽ ഇറങ്ങാതിരിക്കുക, പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ നീന്തി കരയിലെത്താൻ പ്രയാസമാണ്. നടക്കാൻ കഴിയുന്ന സ്ഥലമാണെങ്കിൽ പെട്ടെന്ന് തന്നെ കരയിലെത്താം (അനുഭവം )
7-പരിചയമില്ലാത്ത സ്ഥലത്ത് വെള്ളത്തിൽ ഇറങ്ങുമ്പോൾ എപ്പോഴും അപകടം പ്രതീക്ഷിക്കുക, അപ്പോൾ നാം ജാഗരൂകരാകും അപ്പോൾ പെട്ടെന്ന് തന്നെ പ്രതികരിക്കാൻ കഴിയും.
സുനീർ കട്ടുപ്പാറ