02/09/2023
അദാനി ഓഹരി കുംഭകോണം ഒരു നിർണ്ണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടാണ് കോളിളക്കത്തിനു തുടക്കംകുറിച്ചത്. സുപ്രിംകോടതി നിർദ്ദേശപ്രകാരം സെബി ആരോപണങ്ങൾ പരിശോധിച്ച് ഇടക്കാല റിപ്പോർട്ട് നൽകി. പക്ഷേ, ഒരു കാര്യത്തിൽ മാത്രം പരിശോധന പൂർത്തിയായിട്ടില്ലായെന്നാണ് പത്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നികുതി വെട്ടിപ്പ് കേന്ദ്രമായ മൗറീഷ്യസിൽ നിന്ന് അദാനി ഓഹരികളിൽ വന്ന നിക്ഷേപത്തെക്കുറിച്ചുള്ള പരിശോധന പൂർത്തിയായിട്ടില്ല.
2014ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ റൂട്ടു വഴിയുള്ള നിക്ഷേപത്തെക്കുറിച്ചു ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നതാണ്. എന്നാൽ മോദി അധികാരത്തിൽ വന്നതോടെ സെബി അതു സംബന്ധിച്ച പരിശോധനകൾ അവസാനിപ്പിച്ചു. ഹിൻഡൻബർഗ് വേണ്ടിവന്നു മൗറീഷ്യസ് വഴിയുള്ള നിക്ഷേപം വീണ്ടും പൊതുചർച്ചയ്ക്കു വിധേയമാക്കാൻ. ഹിൻഡൻബർഗ് റിപ്പോർട്ട് അദാനി കമ്പനിയുടെ ഓഹരികളിൽ ഉണ്ടായിരിക്കൊണ്ടിരിക്കുന്ന അസാധാരണമായ മൂല്യവർദ്ധനവിനു കാരണമായി നൽകിയ വിശദീകരണം ഇപ്രകാരമായിരുന്നു.
ഇന്ത്യയിലെ നിയമപ്രകാരം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഒരു കമ്പനിയുടെ പ്രമോട്ടർമാർക്ക് 75 ശതമാനത്തിലധികം ഓഹരി ഉടമസ്ഥത പാടില്ല. 25 ശതമാനം ഓഹരിയെങ്കിലും സ്വതന്ത്രമായി സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിപണനത്തിനു വിധേയമാകണം. പ്രമോട്ടർമാർ കൃത്രിമമായി ഓഹരികളുടെമൂല്യം ഉയർത്തുന്നതു തടയാനാണിത്.
എന്നാൽ മൗറീഷ്യസ് റൂട്ടുവഴിയുള്ള നിക്ഷേപവും കണക്കിലെടുക്കുകയാണെങ്കിൽ അദാനി കമ്പനികളുടെ ഓഹരികളുടെ 85 ശതമാനത്തിലേറെ പ്രമോട്ടർമാരുടെ കൈകളിലാണ്. മൗറീഷ്യസിലും മറ്റുമുള്ള കമ്പനികൾ വഴി അദാനി തന്നെ അദാനിയുടെ ഷെയറുകൾ വാങ്ങുന്നു. ഓഹരികളുടെ വിലകൾ കുതിച്ചുയരുന്നു. ഉയർന്ന ഓഹരി വിലയുടെ അടിസ്ഥാനത്തിൽ ആഗോള വിപണിയിൽ നിന്നും വലിയ തോതിൽ വായ്പയെടുക്കുന്നു. തന്റെ സാമ്രാജ്യം വിപുലപ്പെടുത്തുന്നു. ഏതാണ്ട് ഇതാണ് പ്രവർത്തനരീതി.
ഇപ്പോൾ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (OCCRP) എന്ന മാധ്യമ കൂട്ടായ്മ ഇതു സംബന്ധിച്ച കൃത്യമായ തെളിവുകൾ പുറത്തുവിട്ടിരിക്കുന്നു. മൗറീഷ്യസിൽ നിന്ന് അദാനി ഷെയറുകളിൽ നിക്ഷേപം നടത്തിയ തായ്‌വാൻ സ്വദേശിയും യുഎഇ സ്വദേശിയും അദാനി ഗ്രൂപ്പുകളിലെ മുൻ ഡയറക്ടർമാരും അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ അടുപ്പക്കാരുമാണ്. ഇവർ മൗറീഷ്യസിലടക്കം പല കമ്പനികളും വിദേശത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പല പൊളളക്കമ്പനികൾ വഴി അദാനിയുടെ പണം തന്നെ പലവട്ടം മാറിമറിഞ്ഞ് മൗറീഷ്യസിലെ എമർജിംഗ് ഇന്ത്യ ഫോക്കസ് ഫണ്ട്സ്, ഇഎം റിസർജന്റ് ഫണ്ട് എന്നിവടങ്ങളിൽ പണം അവസാനം എത്തി.