21/12/2023
L يا أيتها النفس المطمئنة ارجعي إلى ربك راضية مرضية فادخلي في عبادي وادخلي جنتي
#വിട_മഹാമനുഷ്യ 🌹
“പരിചരണവും പിന്തുണയും ആവശ്യമുള്ള ധാരാളം ആളുകൾ ഉണ്ട്. പരമാവധി ആളുകൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയാണ് എൻ്റെ ലക്ഷ്യം,അല്ലാഹുവിനെ സേവിക്കുന്നതിനും നന്ദി പറയുന്നതിനുമുള്ള എൻ്റെ രീതിയാണിത്. "-
ജമാൽ സാഹിബ്.
"ഡാ മോനെ ആ മനുഷ്യൻ ഒരു തങ്കകുടമാണ് "
ജമാൽ സാഹിബ് എന്ന വലിയ മനുഷ്യനെക്കുറിച്ചെനിക്കറിയാനായി ഒരിക്കൽ എം ഐ ഷാനവാസ് എം പി യോട് അഭിപ്രായം ചോദിച്ചപ്പോൾ, ഒട്ടും ചിന്തിക്കാൻ നിൽക്കാതെ അദ്ദേഹം പറഞ്ഞ വാക്കുകളാണിത് .
അദ്ദേഹം ഒരു തങ്കകുടം തന്നേയാണ് , അറിയും തോറും അടുക്കാൻ തോന്നുന്ന വ്യക്തിത്വം , ചെറിയ വലിയ മനുഷ്യരിൽ ഇത്രയധികം എന്നെ സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല . പലപ്പോഴും അദ്ദേത്തിനു അടുത്തിരുന്നു സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട് , അദ്ദേഹത്തിന് അടുത്തിരിക്കുമ്പോഴും സംസാരിക്കുമ്പോഴും എന്ത് ശാന്തതയാണ്, ആത്മവിശ്വാസമാണ് നമ്മൾക്ക് ലഭിക്കുകയെന്നത് അനുഭവിച്ചു തന്നെ അറിയണം ,അനുഭവിച്ചവർക്കേ അറിയൂ ..
1987 ൽ വാഴയിൽ കുഞ്ഞബ്ദുല്ല ഹാജിക്ക് ശേഷം ഡബ്ല്യു എം ഒ യുടെ ചുമതല ജമാൽ സാഹിബ് ഏറ്റെടുത്തു. ഏറ്റെടുത്ത നിയോഗം പ്രാവര്‍ത്തികമാക്കാന്‍ , നാടിനു ഗുണമുള്ളതാക്കാൻ ഒരുപാട് കനൽ വഴികളിലൂടെ നടന്നു നീങ്ങണമെന്നു അദ്ദേഹത്തിന് അറിയാമായിരുന്നു . എങ്കിലും ആ ചരിത്ര നിയോഗം അദ്ദേഹം ഏറ്റെടുത്തു , ഏറ്റെടുത്ത നിയോഗം ഭംഗിയാക്കി നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന് ഉദാഹരണമാണ് വയനാട്ടിലിന്നു വളര്‍ന്നു പന്തളിച്ചു നിൽക്കുന്ന ഡബ്ല്യു എം ഒ എന്ന നന്മ മരം .
ആയിരത്തിലധികം അനാഥകരുടെ ആശ്രയമായിരുന്നു ഈ മനുഷ്യൻ , “ഇവിടുത്തെ കുട്ടികകളാണ് എനിക്ക് എല്ലാം , ഈ കുട്ടികളുടെ സേവനത്തിനായി ഇവിടെ എപ്പോഴും നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ കുട്ടികൾ ഇല്ലാതെ ഞാൻ ഒന്നുമല്ല" ജമാൽ സാഹിബിൻ്റെ വാക്കുകളാണിവ. അദ്ദേഹത്തിൻ്റെ നിരീക്ഷണത്തിൽ, ഡബ്ല്യുഎംഒ കേവലം ഒരു അഭയകേന്ദ്രം എന്നത് ഒരു സമ്പൂർണ്ണ വിദ്യാഭ്യാസ സംരംഭമായി വളർന്നു. ഇന്ന്, അതിൻ്റെ സ്ഥാപനങ്ങൾ ആർട്സ് കോളേജുകൾ മുതൽ സ്ത്രീകൾക്കും ഗോത്രവർഗക്കാർക്കുമായുള്ള സംരംഭക സംരംഭങ്ങൾ വരെയാണ്. വയനാടിലുടനീളം മുപ്പതിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മൂന്ന് കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ, തൊഴിലധിഷ്ഠിത സ്ഥാപനങ്ങൾ, ഡയറി ഫാം എന്നിവ ഉൾപ്പെടുന്നു. വയനാട്ടിൽ മൂന്ന് സർക്കാർ ആശുപത്രികളുമായി ചാരിറ്റി സെന്ററുകൾ സ്ഥാപിക്കാൻ അദ്ദേഹവും ഡബ്ല്യുഎംഒയും തീരുമാനിച്ചു. ഈ കേന്ദ്രങ്ങൾ രോഗികൾക്ക് ഭക്ഷണം, വെള്ളം, ആംബുലൻസ് സേവനം എന്നിവ നൽകുന്നു. മനന്തവാടി ഗവൺമെന്റ് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൽ ഡബ്ല്യുഎംഒയുടെ കീഴിൽ ഒരു ന്യായമായ മെഡിക്കൽ ഷോപ്പും പ്രവർത്തിക്കുന്നു.കൂടാതെ ഡബ്ല്യു.എം.ഒ വിവാഹസംഗമത്തിലൂടെ ആയിരകണക്കിന് ആളുകൾക്ക് മംഗല്യ സൗഭാഗ്യമേകി ഈ വിവാഹസംഗമങ്ങളെല്ലാം തന്നെ മതമൈത്രിയുടെ മഹനീയ മാതൃകകൂടിയാണ് .
." ജമാൽ സാഹിബിൻ്റെ സാന്നിധ്യം ഇപ്പോഴും ഞങ്ങളുടെ കൂടെ ഉള്ളതിനാൽ , ഞങ്ങളുടെ ജീവിതത്തിലെ ഒരു ഘട്ടത്തിലും ഞങ്ങൾ അനാഥാരാണന്നോ, താഴ്ന്നവരാണന്നോ, ഒറ്റപ്പെട്ടവരാണെന്നോ തോന്നുന്നിയിട്ടില്ല , പിതാവായും , സഹോദരനായും ,സഹപാടിയായും, സുഹൃത്തുമായി ഞങ്ങളെ അദ്ദേഹം വഴിനടത്തിയിരുന്നു " ഡബ്ല്യു.എം.ഒയിൽ താമസിക്കുകയും വിജയകരമായ കരിയർ സൃഷ്ടിക്കുകയും ചെയ്ത വിദ്യാർത്ഥികളുടെ അഭിപ്രായമാണിത്. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ ഡോക്ടർമാരും എഞ്ചിനീയർമാരും ഉൾപ്പെടെ നിരവധി പ്രൊഫഷണലുകൾ ഇന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നു .
പതിറ്റാണ്ടുകളായി വയനാടിന്‍റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിദ്ധ്യമായ വയനാട് മുസ്‌ലിം ഓര്‍ഫനേജ് കാര്യദര്‍ശി എം എ മുഹമ്മദ് ജമാൽ സാഹിബ് ഇനി നമ്മൾക്കൊപ്പമില്ല. ആ വലിയ മനസ്സിന്റെ അദൃശ്യ സാന്നിധ്യം എന്നും ഈ മണ്ണിനെ കാവലായി, കരുതലായിയുണ്ടാകും .സമർപ്പിത ജീവിതത്തിന് സ്നേഹാദരാഞ്ജലികൾ.
കാലമെത്ര കഴിഞ്ഞാലും അദ്ദേഹം ചെയ്ത മഹനീയ കർമ്മങ്ങൾ വെള്ളിനക്ഷത്രമായി ആകാശത്ത്
വെട്ടിതിളങ്ങും.
ഏറ്റവും പ്രിയപ്പെട്ട ജമാൽ സാഹിബിന് കണ്ണീരോടെ വിട 🌹.അഗസ്റ്റിൻ പുൽപള്ളി, (രാഹുൽ ഗാന്ധി എംപി ഓഫീസ് സെക്രട്ടറി)