29/04/2021
*24 ചാനലിനോട് തന്നെയാണ്*
ബഹുമാനപ്പെട്ട ശ്രീ. ശ്രീകണ്ഠൻ നായർ സാർ,
കഴിഞ്ഞ ദിവസം താങ്കളുടെ ചാനലിൽ രണ്ടു പ്രാവശ്യമായി ട്രാവൽ ഏജൻസികളെ മൊത്തത്തിൽ അടച്ചാക്ഷേപിച്ചുകൊണ്ടുള്ള റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടു. ട്രാവൽ ഏജൻസികൾ പ്രവാസികളെ പിഴിയുന്നു, കൊള്ള ചെയ്യുന്നു എന്നതാണ് താങ്കളുടെ ചാനൽ ഉന്നയിച്ച ആരോപണം. റേറ്റിംഗ് കൂട്ടാൻ എന്ത് വിഡ്ഢിത്തവും വിളിച്ചു പറയരുത് എന്ന് താങ്കളുടെ റിപ്പോർട്ടർമാരോട് പറയുക. വസ്തുതകൾ മനസ്സിലാക്കി യഥാവിധി റിപ്പോർട്ട് ചെയ്യുക. ഫീൽഡിൽ അറിയപ്പെടുന്നവരോ ട്രാവൽ സംഘടനകളോ ആയി ബന്ധപ്പെട്ടു നിജസ്ഥിതി മനസ്സിലാക്കുക. അല്ലാതെ കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറുമായി ഓടി ഇപ്പോഴുള്ള ക്രഡിബിലിറ്റി നശിപ്പിക്കാതിരിക്കുക. പെയ്ഡ് ന്യൂസിന്റെ കാലഘട്ടത്തിൽ ട്രാവൽ ഏജൻസികളുടെ നെഞ്ചത്ത് കയറാമെന്ന വ്യാമോഹം വേണ്ട. അത് കയ്യുംകെട്ടി ഞങ്ങൾ നോക്കിനിൽക്കില്ല എന്നും അറിയിക്കാൻ ആഗ്രഹിക്കുന്നു. ഇനി താങ്കളുടെ റിപ്പോർട്ട് ഒന്നു പരിശോധിക്കാം.
1.കോവിഡ് ടെസ്റ്റിന്റെ മറവിൽ പ്രവാസികളെ കൊള്ളയടിക്കുന്നു: മി. ശ്രീകണ്ഠൻ നായർ, വിവരം കുറവ് ഒരു അസുഖമല്ല എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് പറയട്ടെ, കോവിഡ് ടെസ്റ്റിന്റെ റേറ്റ് നിശ്ചയിക്കുന്നത് കേരള സർക്കാറാണ് എന്ന കേവലം വിവരം ഇല്ലാത്ത ഒരുത്തനെയാണല്ലോ സ്റ്റിംഗ് ഓപ്പറേഷന് തിങ്കൾ നിയോഗിച്ചത്. സർക്കാർ നിശ്ചയിച്ച തുകയിൽ യാത്രക്കാരെ ലാബിൽ എത്തിക്കുന്ന ട്രാവൽ ഏജൻസികൾക്ക് ലാബുകൾ കമ്മീഷൻ നൽകുന്നുണ്ട്. ആ തുക നൽകുന്നത് ലാബുകളെ ലാഭത്തിൽ നിന്നാണ്. അതേസമയം നേരിട്ട് ലാബിൽ എത്തുന്ന യാത്രക്കാരെക്കാൾ മുൻഗണന ട്രാവൽ ഏജൻസികൾ മുഖേന വരുന്നവർക്ക് ലഭിക്കുന്നുണ്ട് താനും. ഇവിടെ എവിടെയാണ് ഞങ്ങൾ യാത്രക്കാരെ ചൂഷണം ചെയ്യുന്നു എന്ന് താങ്കൾ പറയുന്നത് ? ടിക്കറ്റും ടൂർ പാക്കേജുകളും മറ്റു അനുബന്ധ സേവനങ്ങളും നൽകുമ്പോൾ ലഭിക്കുന്ന ചെറിയ വേതനം കൊണ്ടുതന്നെയാണ് ഞങ്ങളുടെ കുടുംബങ്ങൾ ഈ കോവിഡ് കാലത്തും നിലനിൽക്കുന്നത്. അതിന് പ്രവാസികളോട് തീർത്താൽ തീരാത്ത കടപ്പാടും ഞങ്ങൾക്കുണ്ട്. ഇത്തരം സേവനങ്ങൾക്ക് വാങ്ങുന്ന തുകക്ക് കൃത്യമായി GST അടച്ചുകൊണ്ടു തന്നെയാണ് ഞങ്ങൾ ബിസിനസ് നടത്തുന്നത്.
2.ഒരു ട്രാവൽ ഏജൻസിയിൽ സ്വാബ് കലക്ഷൻ നടത്തിയതാണ് മറ്റൊരു പാതകമായി എടുത്തു പറഞ്ഞത്. കേരളത്തിൽ പതിനായിരത്തിലധികം ട്രാവൽ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ വിരലിലെണ്ണാവുന്നവർ അത്തരം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിൽ എന്താണ് തെറ്റ്. 500 രൂപ അധികം വാങ്ങിച്ച് അംഗീകൃത ലാബുകൾ വീടുകളിൽ പോയി സ്വാബ് കലക്ട് ചെയ്യുന്നുണ്ട് എന്ന് താങ്കൾക്ക് അറിയാമോ ? വൻകിട ഹോട്ടലുകളിൽ പോയി സ്വാബ് കലക്ഷൻ നടത്തുന്നത് സ്റ്റിംഗ് ഓപ്പറേഷൻ നടത്താൻ എന്തേ തുനിയാത്തത്. അത്തരം ലാബുകൾ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് നിന്നും സ്വാബ് ശേഖരിക്കുന്നതിൽ എന്ത് നിയമലംഘനമാണുള്ളത് ?..
ഈ കോവിഡ് കാലത്ത് പ്രവാസികളോട് ചേർന്ന് നിന്നവരാണ് ഞങ്ങൾ ട്രാവൽ ഏജൻസികൾ. നിങ്ങൾക്കൊക്കെ അവർ വെറും ന്യൂസ് ആയിരിക്കുമ്പോൾ അവർക്ക് വേണ്ടി ശബ്ദം ഉയർത്തിയവരാണ് ഞങ്ങൾ. സർക്കാർ മുൻകയ്യെടുത്ത് അവരെ നാട്ടിലെത്തിക്കണമെന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ ഞങ്ങൾ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഈ കോവിഡ് കാലത്ത് നാട്ടിൽ വന്ന പ്രവാസികളെ അകറ്റാനും അവരെ നീചരാക്കാനൂം ചാനലുകൾ പെട്ട പാട് ഓർമ്മിപ്പിക്കരുത്. എന്നിട്ട് പ്രവാസികളെ ചൂഷണം ചെയ്യുന്നേ എന്നും പറഞ്ഞ് മുതലകണ്ണീർ ഒഴിക്കുന്നു. നിങ്ങളൊക്കെ ഈ പ്രവാസികൾക്കു വേണ്ടി എന്താണ് സർ ചെയ്തിട്ടുള്ളത്. ഒരു ന്യൂസ് വാല്യൂ, അല്ലെങ്കിൽ ചാനൽ റേറ്റിംഗ് എന്നതിനപ്പുറം ക്രിയാത്മകമായി എന്തെങ്കിലും ഒരു കാര്യം ?.. ഇല്ല അല്ലേ.. എന്നാൽ കേട്ടോളൂ ഞങ്ങൾ ട്രാവൽ ഏജൻസികൾ മുഖേന ഏകദേശം രണ്ടു ലക്ഷത്തിലധികം പ്രവാസികൾ അവരുടെ ജോലിയിൽ തിരികെ കയറി. ഓരോ ദിവസവും എത്രയോ പ്രവാസികൾ ഓരോ ട്രാവൽ ഏജൻസിയിലും കയറി പോകാവുന്ന ഓപ്ഷനുകൾ അന്വേഷിക്കുന്നു. അവരുടെ ആവശ്യാനുസരണം കുറഞ്ഞ ചിലവിൽ പോകാവുന്ന ഓപ്ഷനുകൾ കണ്ടെത്തി അവരെ ലക്ഷ്യസ്ഥാനത്ത് എത്തും വരെ ജാഗ്രതയോടെ രാവും പകലും ശ്രദ്ധിക്കുന്നുണ്ട് ഞങ്ങൾ. വിവിധ ഗവൺമെന്റുകൾ സർക്കുലറുകൾ ഇറക്കുമ്പോഴേക്കും പ്രവാസികൾക്കു അവബോധം ഉണ്ടാക്കാനും അവരുടെ അരക്ഷിതാവസ്ഥ നീക്കാനും മുൻപന്തിയിൽ ഞങ്ങൾ ഉണ്ടായിരുന്നു സർ. നേപ്പാളിൽ പ്രവാസികൾ രണ്ടു പ്രാവശ്യം കുടുങ്ങിയ സമയത്ത് "നേപ്പാൾ അടഞ്ഞു", "നേപ്പാളിൽ പ്രവാസികൾ കുടുങ്ങി" എന്നും പറഞ്ഞ് ഉത്തരവാദിത്വം അവസാനിപ്പിച്ചവരല്ല ഞങ്ങൾ. ഇന്ത്യ, നേപ്പാൾ സർക്കാരിലെ ഉന്നതരുമായി ബന്ധപ്പെട്ടു അവരുടെ യാത്ര സുഗമമാകുമെന്ന് ഉറപ്പ് വരുത്തിയിട്ടാണ് ഞങ്ങൾ ഉറങ്ങിയത്. മാലദ്വീപ്, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും പ്രവാസികൾ പ്രയാസപ്പെട്ടപ്പോഴും കൂടെനിന്നവരാണ് ഞങ്ങൾ ട്രാവൽ ഏജൻസികൾ. ഏപ്രിൽ 24 ന് യുഎഇ യാത്രക്കാരെ കൊണ്ടുപോകാൻ വിമാനങ്ങൾ ചാർട്ടർ ചെയ്തതിന്റെ ഫലമായി ആയിരക്കണക്കിന് പ്രവാസികൾക്കു ജോലിയിൽ തിരികെ പ്രവേശിക്കാനായി എന്നതും മറക്കരുത്. വിമാന ടിക്കറ്റ് ഗണ്യമായി കൂടുന്നതിൽ എപ്പോഴും പഴി കേൾക്കേണ്ടി വരുന്നത് ഞങ്ങൾക്കാണ്. ഒരു കിലോ പഞ്ചസാരക്ക് വില കൂടുമ്പോൾ നാട്ടിലെ പലചരക്ക് കടക്കാരനെ ആരും പഴിക്കാറില്ല. കാരണം, അയാൾക്ക് ലഭിക്കുന്നതിൽ നിന്നും ചെറിയലാഭത്തിൽ അയാൾ വിൽക്കുന്നു. എന്നാൽ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ അത് സാധാരണക്കാരന് വിൽക്കുന്ന ട്രാവൽ ഏജന്റുമാരെ പഴിക്കുന്ന വിചിത്രമായ നിലപാടാണ് എല്ലാവരും എടുക്കാറുള്ളത്. യഥാർത്ഥത്തിൽ വിമാനക്കമ്പനികൾ നൽകുന്ന വിലക്ക്, അല്ലെങ്കിൽ ലഭിക്കുന്ന കമ്മീഷനിൽ നിന്നും കിഴിവ് നൽകി മാർക്കറ്റ് വിലയിലും കുറച്ചു നൽകുന്ന ഞങ്ങൾക്ക് എന്നിട്ടും കുറ്റങ്ങൾ മാത്രം. അതിനു മാത്രം എന്ത് തെറ്റാണച്ചോ ഞങ്ങൾ ചെയ്യുന്നത്.
മാധ്യമ പ്രവർത്തനം 'മാ'ധ്യമ പ്രവർത്തനമാക്കരുത്. ജനാധിപത്യത്തിന്റെ നാലാംതൂണിനെ നാലാൾ വകവെക്കാത്ത രീതിയിൽ തരംതാഴ്ത്തരുത്. ഒരുകാലത്ത് ഞങ്ങൾ അസംഘടിതരായിരുന്നു. ഇന്ന് ഞങ്ങൾക്ക് സംഘശക്തിയുണ്ട്. നിരുത്തരവാദപരമായി റിപ്പോർട്ട് ചെയ്തു ട്രാവൽ മേഖലയെ മൊത്തം ആക്ഷേപിച്ചതിൽ നിരുപാധികം മാപ്പു പറഞ്ഞു തിരുത്താൻ താങ്കൾ തയ്യാറാകണം. അല്ലാത്തപക്ഷം താങ്കളുടെ ചാനലിനെതിരെ ശക്തമായ പ്രതിഷേധവുമായി ഞങ്ങൾ രംഗത്തുവരേണ്ടിവരും എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്,
*Indus Federation of Travel and Tour agents(IFTTA) State Committee*