02/05/2017
കോടമഞ്ഞിൻ പുതപ്പണിഞ്ഞു ഇലവീഴാപൂഞ്ചിറ
പേരുകൊണ്ട് പോലും മോഹിപ്പിക്കുന്ന ഒരിടം
ട്രെക്കിങ്ങും മലകയറ്റവും ഇഷ്ട്ടമാണോ നിങ്ങള്‍ക്ക്?
എങ്കില്‍ "ഇലവീഴാപൂഞ്ചിറ"യിലേക്ക് പോകാം..
കോടമഞ്ഞിൻ പുതപ്പണിഞ്ഞു സഞ്ചാരികൾക്ക് സുഖകരമായ അനുഭൂതി പകരുന്ന ഇലവീഴാപൂഞ്ചിറയിലേക്ക് ഒരു യാത്ര തുടങ്ങാം.പ്രകൃതി സൗന്ദര്യം കൊണ്ട് മറ്റെല്ലാ വിനോദസഞ്ചാര കേന്ദ്രത്തിൽനിന്നും ഏറെ വ്യത്യസ്തമാണെകിലും കാര്യമായി ജനശ്രദ്ധയിൽ വന്നിട്ടില്ലാത്ത ഒരു വിനോദസഞ്ചാര ആകർഷണമാണ് കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ.സമുദ്ര നിരപ്പിൽനിന്ന് 3200 അടി ഉയരത്തിലാണ് ഈ മനോഹരമായ സ്ഥലം.
പേര് സൂചിപ്പിക്കുന്നത് പോലെ ഇലകൾ പൊഴിയാറില്ല എന്നത് തന്നെയാണ് ഇവിടുത്തെ പ്രത്യേകത.കാരണം,നാലു മലകളുടെ മധ്യത്തിലുള്ള ഇലവീഴാപൂഞ്ചിറയിൽ ഒരു മരം പോലും ഇല്ല.എന്നാൽ തണുത്ത കാറ്റും വർഷത്തിൽ ഏറിയ മാസങ്ങളും ഈ മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് സുഖകരമായ അനുഭൂതി പ്രദാനം ചെയ്യുന്നു.
സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും വിസ്മയകരമായ ദൃശ്യങ്ങളാണ് ഇലവീഴാപൂഞ്ചിറ സമ്മാനിക്കുന്നത്.പ്രഭാതങ്ങളിലും സന്ധ്യാനേരത്തും സൂര്യകിരണങ്ങൾ ഇലവീഴാപൂഞ്ചിറയ്ക്ക് മീതെ മായിക പ്രഭ ചൊരിയുന്നു.ഇതും സഞ്ചാരികൾക്ക് നിറമുള്ള ഓർമകൾ സമ്മാനിക്കുന്നു.മഴക്കാലത്തു ശുന്യതയിലെന്നപോലെ രൂപമെടുക്കുന്ന ഒരു തടാകവും ഈ താഴ്‌വരയുടെ ഒരു പ്രത്യേകതയാണ്.
നവംബർ മുതൽ മാർച്ചു വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ച സമയം.കോട്ടയം ജില്ലയിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ.എന്നാൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്താം.
Notes :
1) ഭക്ഷണവും, കുടിവെള്ളവും കരുതണം, പ്ലാസ്റ്റിക് ഒഴിവാക്കുക...
2) ഈ കുന്നിന്‍ മുകളില്‍ നിന്ന് മഴ കാണാന്‍ വളരെ മനോഹരമാണെങ്കിലും ഇടി മിന്നലിനെ പേടിക്കണം. മുകളിലെത്തിയാല്‍ മറ്റു ഉയര്‍ന്ന മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടിമിന്നല്‍ ഉള്ള സമയത്ത് ഇവിടെ പോകാതിരിക്കുന്നതാണ് നല്ലത്.
3) പൂഞ്ചിറയില്‍നിന്നും കോട്ടയത്തുള്ള വാഗമണ്‍ കുന്നുകളിലേക്ക് ട്രെക്കിംഗ് പോകാനാവും. ഏറെ സാഹസികമായ ഈ യാത്രക്ക് പക്ഷേ വനം വകുപ്പിന്റെ അനുമതിയും നല്ലൊരു ഗൈഡും വേണം...
4) വഴിതെറ്റാതിരിക്കാൻ ജി.പി.എസ് സൌകര്യം ഉപയോഗപ്പെടുത്തുക...
പണ്ടേതോ ഫോട്ടോയിൽ ആരോ പറഞ്ഞത് പോലെ..." ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ....." അതിന്റെ ഒരു ഭാഗം ഇവിടാ.. ബാക്കി ഞങ്ങടെ വാഗമണിലും ഇല്ലിക്കകല്ലിലും...! 😃
അവിസ്മരണീയമായിരിക്കുമെന്നുള്ളതിന് സംശയമില്ല. എല്ലാ കാലാവസ്ഥയിലും തണുത്തു നില്‍ക്കുന്ന ഒരു അന്തരീക്ഷം സഞ്ചാരികളെ വീണ്ടും വീണ്ടും ഇവിടേക്ക് ക്ഷണിക്കും.
പൂഞ്ചിറയൊരുക്കുന്ന സുര്യോദയവും അസ്തമയവും അവിസ്മരണീയമാണ്. മറ്റൊരു പ്രദേശത്തിനു സമ്മാനിക്കാനാകാത്ത ഒരു അനുഭവമായിരിക്കും ഇലവീഴാപൂഞ്ചിറയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. അത് അനുഭവിച്ചു തന്നെ അറിയണമെന്നുള്ളത് മറ്റൊരു സത്യവും.
പോയ വഴി: ഈരാറ്റുപേട്ട-ഇടമറുക് -മേലുകാവ്-മേലുകാവ്മറ്റം-ഇലവീഴാപൂഞ്ചിറ
വന്ന വഴി: ഇലവീഴാപൂഞ്ചിറ- മേച്ചാൽ-നെല്ലാപ്പാറ-മുന്നിലവ്-ഈരാറ്റുപേട്ട :)