23/03/2024
വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ മാത്രം അടഞ്ഞു കിടക്കുന്നത് എന്തു കൊണ്ട്?
കേരള ത്തിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളി ലൊന്നായ വയനാട് കഴിഞ്ഞ കുറേ വർഷങ്ങളായി അടഞ്ഞു കിടക്കുന്നത് പതിവാകുന്നു. ഈയടുത്തായി വന്യ മൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വയനാട്ടിലെ മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ ഉത്തരവിറങ്ങുകയുണ്ടായി. കേരള ത്തിലെ അറിയപെടുന്ന" ഹിൽ സ്‌റ്റേഷൻ" ആയ വയനാട്ടിലെ ഹരിതാഭ തൊട്ടറിയാനാണ് വിദേശികൾ ഉൾപെടെയുള്ള സഞ്ചാരികൾ ഇവിടെ യെത്തുന്നത്. എന്നാൽ 2018 മുതൽ ചില സാങ്കേതിക കാരണങ്ങൾ സൂചിപ്പിച്ച് വയനാട്ടിലെ ഇക്കോ - ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞു കിടന്നു. കേന്ദ്ര - പരിസ്ഥിതി മന്ത്രാലയത്തിൻ്റെ മാനദണ്‌ഡങ്ങൾ കൃത്യമായി പാലിക്കാതെയാണ് വയനാട്ടിലെ ഇക്കോ - ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത് എന്നതിൻ്റെ പേരിലായിരുന്നു അന്ന് ഈ കേന്ദ്രങ്ങൾ എല്ലാം അടച്ചു പൂട്ടിയത്. അതിനെ തുടർന്ന് ആദിവാസികൾ ഉൾപ്പെടുന്ന 100 കണക്കിന് വന സംരക്ഷണ സമിതിയിലെ തൊഴിലാളികൾ പട്ടിണിയിലായി. ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബ ശ്രീ പ്രവർത്തകർ , ചെറു കിട കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, ടൂറിസ്റ്റ് ഗൈഡുകൾ, ഹോട്ടൽ - റിസോർട്ട് മേഖലയിലെ തൊഴിലാളികൾ എന്നിവരെയെല്ലാം ഇത് പരോക്ഷമായി ബാധിച്ചു. യഥാർത്ഥത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ മാനദണ്ഡങ്ങൾ പാലിക്കാത്തത് മാത്രമായിരുന്നോ പ്രശ്നം? കുറുവാ ദ്വീപുമായി ബന്ധപെട്ട് ഉടലെടുത്ത വ്യക്തി /രാഷ്ട്രീയമായ ആശയ കുഴപ്പങ്ങൾ അല്ലേ ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തി ചേർന്നത്? അതിൽ പ്രകൃതിയുടെ മേലുള്ള കടന്ന് കയറ്റമാണ് ടൂറിസത്തിലൂടെ നടപ്പിലാക്കുന്നത് എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് ഒരു കൂട്ടരും കൂടെ ചേർന്നപ്പോൾ ടൂറിസത്തിൻ്റെ മേലുള്ള അവസാനത്തെ ആണി കല്ലും അടിച്ചും കയറ്റി. അന്നാ ന്നന്നെ ഉപജീവനത്തിൻ്റെ വഴി തേടുന്ന സാധാരണക്കാരായ വന സംരക്ഷണ സമിതിയിലെ ജീവനക്കാർ പണം കടം വാങ്ങി കേസിന് പോയപ്പോൾ പഠന വിധേയമായി തുറന്ന് പ്രവർത്തിക്കാൻ നടപടിയായി അതിൻ്റെ അടിസ്ഥാനത്തിൽ എല്ലാ ഇക്കോ - ടൂറിസം കേന്ദ്രങ്ങളും പരിമിതമായ ആളുകളെ പ്രവേശിപ്പിച്ച് കൊണ്ട് തുറന്ന് കൊടുക്കാൻ ധാരണയായി എന്നാൽ ഇത് വയനാട്ടിൽ എത്തുന്ന സഞ്ചാരികളിൽ പത്ത് ശതമാനം ആളുകൾക്ക് മാത്രമേ ഉപയോഗ പെട്ടിരുന്നുള്ളൂ എന്നതാണ് യാഥാർത്ഥ്യം. ചെമ്പ്ര പീക്ക് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ സന്ദർശിക്കണമെങ്കിൽ പുലർച്ചെ 3 മണി മുതൽ ക്യൂ നിൽക്കേണ്ട അവസ്ഥ. എന്നാൽ ഇതേ പാരിസ്ഥിതിക പ്രാധാന്യമുള്ള വയനാടിനോട് അതിർത്തി പങ്കിടുന്ന കർണാടക, തമിഴ്നാട് വനമേഖലകൾ ഇത്തരം നിയന്ത്രണങ്ങൾ ഒന്നും ഇല്ലാതെ തുറന്ന് പ്രവർത്തിക്കുന്നു എന്നതാണ് വിരോധാഭാസം.
ഈയടുത്ത കാലത്തായി വയനാട്, കർണാടക തമിഴ്നാട് എന്നിവയുടെ അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായ വന്യ - മൃഗ ശല്യം രൂക്ഷമാണ് എന്നത് വാസ്തവം തന്നെയാണ്. ഈ പ്രദേശങ്ങളിലെല്ലാം വന്യമൃഗ ശല്യം കാരണം ആളപായം ഉണ്ടാവുന്നുമുണ്ട്. എന്നാൽ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ മാത്രമാണ് അടച്ചു പൂട്ടുന്നത്. കർണാടകയിലെ ബന്ദിപ്പൂർ, കബനി, നാഗർഹോള തമിഴ്നാട്ടിലെ മുതുമല എന്നീ വന്യജീവി സങ്കേതങ്ങൾ ഇന്നും തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ വയനാടിനെ മാത്രം തെരഞ്ഞ് പിടിച്ച് ഒറ്റപ്പെടുത്തുന്നത് എന്തു കൊണ്ടാണ് എന്ന് ഇനിയും മനസിലാവുന്നില്ല... പാവപെട്ട ഒരു പറ്റം തൊഴിലാളികളുടെ ജീവിതോപാതിയാണ് ഇത് കാരണം നഷ്ടപെട്ടുന്നത് എന്ന് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ഒരു വേള ചിന്തിച്ചാൽ നല്ലതായിരിക്കും
സുബൈർ ഇള കുളം
വൈസ് ചെയർമാർ വയനാട് ടൂറിസം കൂട്ടായ്മ
സെക്രട്ടറി, ടൂറിസ്റ്റ് ഗൈഡ്സ് അസോസിയേഷൻ വയനാട്