11/03/2024
യാത്ര
കോരിച്ചൊരിയുന്ന മഴയത്ത് ഒരു കുടക്കീഴിൽ നമ്മൾ നടക്കുകയായിരുന്നു.ആ മലമ്പ്രദേശം പിന്നിട്ട് വയല്‍വരമ്പുകളിലൂടെ നടക്കുമ്പോൾ താഴെ വീഴാതിരിക്കാൻ അവളെ ചേർത്തുപിടിച്ചു.വഴിക്കു കണ്ട പുല്ലുമേഞ്ഞ കുടിലിലായിരുന്നു അവളുടെ ശ്രദ്ധ സാഹിത്യം ഉണർന്നതപ്പോഴാണ് .
"ഈ പുൽക്കുടിലിൽ ഇന്ന് രാത്രി കോരിച്ചൊരിയുന്ന മഴയുടെ തണുപ്പിൽ നമ്മൾ രണ്ടുപേരും നെരിപ്പോടിലെരിയുന്ന ഇത്തിരിക്കനലിനരികിൽ കൊച്ചുവർത്തമാനം പറഞ്ഞ് ..." മുഴുമിപ്പിക്കുന്നതിനു മുമ്പേ അവൾ അഭിപ്രായം പറഞ്ഞ രസം കളഞ്ഞു.
"ആടിനെ പോറ്റുന്ന ആലയാ .ഒക്കെയും ചോർന്നൊലിക്കുന്നുണ്ടാവും"
"വാ.." ചളിയിൽ വീഴുന്നതിനു മുമ്പേ അവളുടെ കൈ പിടിച്ചു വേഗം നടന്നു.മഴ കനത്തുതുടങ്ങിയിരുന്നു. വയലിലെ നട്ടിയിൽ നിന്ന് കക്കിരിക്ക പറിക്കാൻ തുനിഞ്ഞപ്പോൾ അവൾ പറഞ്ഞു.
"വേണ്ട..ഒക്കെയിലും പുഴുക്കളുണ്ടാവും".
കുടയിലവിടവിടെയായി തുളകൾ കണ്ടതപ്പോഴാണ് .നല്ല മഴയത്ത് അവളുടെ വലതുകൈ നനഞ്ഞിരുന്നു.
"ഒരു കുഞ്ഞുമോള്‍ കൂടെയുണ്ടേൽ നമ്മൾ വലഞ്ഞേനെ" "മോളെന്നാരാ പറഞ്ഞത്.മോനാ.."
"മോനെങ്കിൽ മോൻ" .ഉണർന്ന സാഹിത്യമൊക്കെ മരവിച്ച തുടങ്ങിയിരുന്നു. അവളും തണുത്തുവിറക്കുന്നുണ്ടായിരുന്നു.അല്പം ചൂട് പകരാൻ ഒന്ന് ചേർത്തുപിടിച്ചതാണ്.
"ആരെങ്കിലും കാണും.നാണമിത്തിരി കുറയുന്നുണ്ട്". അവൾ പരിഭവിച്ചു. "വേണ്ടെങ്കിൽ വേണ്ട.പനിപിടിച്ചിട്ടിട്ട് എന്നെ കുറ്റപ്പെടുത്തേണ്ട"
ന്യായം പറഞ്ഞെങ്കിലും ഉള്ളിലുള്ള ബാക്കി ചൂടും തണുത്തുപോയിരുന്നു. മഴ കനത്തുതുടങ്ങിയിരുന്നു.കുടയിലെ തുളയിലൂടെ ഇറ്റിറ്റുവീഴുന്ന തുള്ളിയുടെ വലിപ്പവും.കുത്തിയൊലിച്ചു പായുന്ന വെള്ളത്തിന് മുകളിലൂടെ നേർത്ത പാലത്തിൽ ബദ്ധപ്പെട്ടു കടന്നു അകലെയുള്ള വെയ്റ്റിംഗ് ഷെൽറ്ററിലേക്ക് വേഗമെത്താൻ നടത്തത്തിന്റെ വേഗം കൂട്ടി. ആദ്യമായി സാരിയുടുത്തതിന്റെ വേവലാതിയിൽ ,കൂടുതൽ വേഗത്തിൽ നടന്നാൽ സാരിയഴിഞ്ഞുപോകുമെന്ന് അവൾ പരിഭവപ്പെട്ടു.
"എന്നാ അരക്കൊരു ബെൽറ്റ് കൂടെ കെട്ടിക്കൂടാർന്നോ?" ആ ചോദ്യം അവളെ തളർത്തിയത് കണ്ടില്ലെന്നു നടിച്ചപ്പോൾ എന്തോ ഒരു തൃപ്തി.
ഏന്തിവലിഞ്ഞു വെയ്റ്റിംഗ് ഷെൽറ്ററിൽ എത്തിയപ്പോൾ അവിടെയുമാകെ ചോർന്നൊലിക്കുന്നു.എത്രയും വേഗം വീടെത്താൻ പ്രാർത്ഥിച്ചെങ്കിലും ഒത്തിരി ജനാലക്കമ്പികളും തേഞ്ഞുതീർന്ന ടയറുകളുമായി തുരുമ്പിച്ച ഒരു നീലപ്പെട്ടി കരിപ്പുക ഉയർത്തിവിട്ട് അടുത്തെത്തുമ്പോഴേക്കും സമയമേറെ കഴിഞ്ഞിരുന്നു.
നനഞ്ഞുകുളിച്ച് എങ്ങനെയെങ്കിലും അകത്തു കയറിപ്പറ്റിയപ്പോൾ അതിലെല്ലാവരും കുടചൂടിയിരിക്കുന്നു.കുട ചൂടി ബസോടിക്കുന്ന ഡ്രൈവർ,ബദ്ധപ്പെട്ട് ടിക്കറ്റ് മുറിക്കുന്ന കണ്ടക്ടർ,പിന്നെ യാത്രക്കാർ.ഞങ്ങളും കുട ചൂടി.ചോർന്നൊലിക്കുന്ന ആ കുട ഞങ്ങളെ വീണ്ടും വീണ്ടും നനച്ചുകൊണ്ടേയിരുന്നു. ഇരുട് അണയുന്നതിനു മുമ്പേ വീടെത്തി. നീലശകടത്തിൽ നിന്ന് ഇറങ്ങാൻ കാലെടുത്തുവെച്ചത് നിലക്കയത്തിലേക്ക്...എങ്ങും മൂക്കുമുട്ടെ വെള്ളം...മരവിപ്പിക്കുന്ന വെള്ളത്തിൽ ഏറെ നേരം കിടന്നു പിടഞ്ഞു മരണത്തിനു കീഴടങ്ങി.പൊങ്ങിക്കിടന്ന ഏതോ മരപ്പലകയിൽ അള്ളിപ്പിടിച്ചു ടൈറ്റാനിക് നായികയെപ്പോലെ അവൾ രക്ഷപ്പെട്ടു