27/03/2017
കോടയിൽ കുളിച്ച കാട്ടു കന്യക - കക്കാടൻപോയിൽ
കോടയിൽ കുളിച്ച കാട്ടു കന്യക - കക്കാടൻപോയിൽ
By: Junu Chullakkattil
പരിശുദ്ധ ഖുർആൻ വിശേഷിപ്പിച്ച സ്വർഗ്ഗത്തിൽ കായ്ഫലങ്ങൾ നിറഞ്ഞ തോട്ടങ്ങളും പൂന്തോട്ടവും പക്ഷി പറവകളും ചിത്ര ശലഭങ്ങളും തേനും പാലും ഒഴുകുന്ന അരുവികളുമുണ്ട്. അതിലുപരി പ്രവാചകർ പഠിപ്പിക്കുന്നു സ്വർഗ്ഗത്തിനു എട്ട് കവാടങ്ങളുമുണ്ടെന്ന്.
ഭൂമിയിലെ ഈ സ്വർഗ്ഗത്തിലുമുണ്ട് മുകളിൽ പറഞ്ഞതെല്ലാം...
എട്ടുകവാടങ്ങളും മലർക്കെ തുറന്ന് സഞ്ചാരികളെ മാടി വിളിക്കുന്നുണ്ട് ഞാൻ കണ്ട എന്റെ പറുദീസ...
1. നിലമ്പൂർ അകമ്പാടം റൂട്ടിൽ 24km
2. എടവണ്ണ ഓതായി ഊർങ്ങാട്ടിരി വഴി റൂട്ടിൽ 31km
3. എടവണ്ണ വാക്കാലൂർ സൗത്പുത്തലം അരീക്കോട് വഴി 33km
4. മഞ്ചേരി കാവനൂർ അരീക്കോട് വഴി 36km
5. മുക്കം വാലില്ലാപുഴ കലിപ്പാറ വഴി 27km
6. മുക്കം തിരുവമ്പാടി കൂടരഞ്ഞി വഴി 25km
7. മുക്കം കൂടരഞ്ഞി കലിപ്പാറ വഴി 22km
അതിലുമുപരി വിശുദ്ധ ബൈബിൾ സ്വർഗ്ഗത്തിലേക്കുള്ള പാത കല്ലും മുള്ളും നിറഞ്ഞതാണ് എന്ന് പറഞ്ഞതുപോലെ എട്ടാമതായി ഒരു ഓഫ്‌റോഡ് റൂട്ടും കക്കാടൻപോയിൽ എന്ന സ്വർഗ്ഗത്തിലോട്ട് ദൈവം പണിതുവെച്ചിട്ടുണ്ട്.
8. മുക്കം കൂടരഞ്ഞി പൂവാരന്തോട് നായാടൻപോയിൽ വഴി 6 km ഓഫ്‌റോടും 19 km ഓൺറോഡും കൂട്ടി 25 km...
പ്രിയ സഞ്ചാരിക്ക് ഏത് വഴി വേണമെങ്കിലും തിരഞ്ഞെടുക്കാം ഓരോ വഴിയും വ്യത്യസ്ഥ അനുഭവമായിരിക്കും, പ്രകൃതിയെ പ്രണയിക്കുന്ന യാത്രാസ്നേഹികൾ ഒരുതവണയെങ്കിലും ഇവിടംവരെ വരണം. നിനക്കു വേണ്ടി ഇവൾ കാഴ്ചയുടെ കവാടം മലർക്കെ തുറക്കാതിരിക്കില്ല...!
മലമുകളിലെ രാത്രിതാമസം മോഹിച്ച് മാർച്ച് 4 ന് 4 ആം കവാടത്തിലൂടെ ഉച്ചതിരിഞ്ഞു ഒരു മറക്കാനാവാത്ത യാത്രയുടെ തിരി തെളിഞ്ഞു..
കൂമ്പാറ വഴി വളഞ്ഞു പുളഞ്ഞു വരുന്ന റോഡും അകമ്പാടം വഴി വരുന്ന ചുരം റോഡും ചേരുന്നിടമാണ് കോഴിക്കോട് മലപ്പുറം ജില്ലകളുടെ കിഴക്കെഭാഗത്തായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരയിലെ ചെറുഗ്രാമം അതാണ് കക്കാടൻപോയിൽ.
"അക്കാണും മാമലയൊന്നും നമ്മുടേതല്ലെന്മകനേ..
ഇക്കായല്‍ കയവും കരയും ആരുടേയുമല്ലെന്‍ മകനേ.."
ഇവിടെ ഒന്ന് നിന്ന് ശിരസ്സുയർത്തി ആ കാണും മാമലയൊന്നും കാണാതെ ഒരു പ്രകൃതിസഞ്ചാരിക്ക് മുൻപോട്ട് പോവാൻ കഴിയില്ല. ചില സമയങ്ങളിൽ ഇടുക്കിയുടെ സഹോദരിയാണെന്നു തോന്നിപ്പോകും കോടയെ പുൽകുന്ന മലമടക്കുകൾ കാണുമ്പോൾ. മേഘങ്ങൾ ഭൂമിയെ പുൽകാറുണ്ട് ചില കാലാവസ്ഥയിലിവിടം. എന്നാലും ഇപ്രാവശ്യം ഇവിടെ തെളിഞ്ഞിരിക്കുന്നു ആദ്യമായിട്ടാണ് ഈ തെളിഞ്ഞ കാഴ്ച്ച,
പലരും ചോദിച്ചിട്ടുണ്ട് എന്താണ് അവിടെ കാണാനുള്ളതെന്ന്. പക്ഷെ എനിക്കിവിടമെത്തിയാൽ ഇന്നേത് ഭാഗം തിരഞ്ഞെടുക്കുമെന്ന കാര്യത്തിൽ അങ്കലാപ്പാണ് അതിനുമാത്രം ഉണ്ടിവിടെ കാണാൻ.
ആദ്യം കോഴിപ്പാറക്കു പോവാം. ഇന്നിപ്പോ ഇവിടെയിറങ്ങാൻ സമയം അനുവദികാത്തത് കൊണ്ട് കഴിഞ്ഞ വർഷം ഇതേ സീസണിൽ വന്നപ്പോൾ ഉള്ള അനുഭവം പറയാം, ഇന്ന് നമ്മൾ പോവുന്ന വഴിയിലാണ് അവൾ ഞാന്‍ ഒരു നോക്ക് കാണിച്ചും തന്നേക്കാം.
"താരണിക്കുന്നുകൾ കാത്തുസൂക്ഷിച്ച തടാകം...
ഭൂമിയാം കന്യക മാറിലണിഞ്ഞൊരു പൊൻപതക്കം...
ഈ മൗനം... ഇവളുടെ ഈ മൗനം...
മൂടുന്നു മധുരമൊരുവികാരം.. ആരോടും പറയാതെ ഹൃദയരഹസ്യം..ആത്മാവിൽ സന്തിക്കും പ്രേമ രഹസ്യം..."
വെള്ളരിമലയുടെ താഴ്‌വാരം
പന്തീരായിരം വനമേഖലയിൽ ഉത്ഭവിച്ചു കിലോമീറ്ററുകളോളം വന്യതയിലുല്ലസിച്ചു വരുന്ന ചാലിയാറിന്റെ കൈവരി കുറുവൻ പുഴയിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. അനവധി വെള്ളച്ചാട്ടങ്ങളുണ്ട് ഈ പുഴയിൽ. പക്ഷെ ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ ഇരുപത് രൂപ ടിക്കറ്റ് എടുത്ത് വൈകുന്നേരം 4.30 വരെ കോഴിപ്പാറയിൽ പ്രവേശിക്കാം. വേനലിൽ ആണെങ്കിൽ നീരാടാനും അനുമതിയുണ്ട് എന്നിരുന്നാലും മലവെള്ളപ്പാച്ചിൽ ഏത് സമയവും പ്രതീക്ഷിക്കണം, തിങ്കൾ അവധിയായിരിക്കുമെന്നത് ഓർത്തുവെക്കുക.
കൊടും വേനലിൽ വെള്ളത്തിലിറങ്ങിയാൽ കൊതി തീർന്നിട്ടു എഴുന്നേൽക്കില്ല അത്രമാത്രം അലിഞ്ഞുചേരും അവളുമായി...
നമുക്കിനി പഴശ്ശിയുടെ കുതിരകുളമ്പടികൾക്ക് കാതോർക്കാം.
"ആരിവിടെ കൂരിരുളിന്‍ മടകള്‍ തീർത്തു..
ആരിവിടെ തേനിന്‍ കടന്നല്‍ക്കൂടു തകർത്തു..
ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ..
ആനകേറാ മാമലതൻ മൗനമുടച്ചു..
സ്വാതന്ത്ര്യം മേലേ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ,
ആദിയുഷഃസന്ധ്യ പൂത്തതിവിടെ……ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ…"
വയനാടൻ മലനിരകളിൽ നിന്നും നിലമ്പൂരിലേക്ക് പോവുമ്പോൾ ഒരു വിശ്രമ കേന്ദ്രം എന്ന നിലയിൽ ഒരു അളയുണ്ടിവിടം. പഴശ്ശിയുടെ ഒരു ഒളിത്താവളം എന്ന രീതിയിലും ഐതിഹ്യങ്ങളുണ്ട്. ഈ പ്രദേശത്തു വസിക്കുന്ന കാടവർ എന്ന വിഭാഗം ആദിവാസികൾ ഇന്നും വർഷത്തിൽ ഒരു തവണ വീരപഴശ്ശിയുടെ സ്‌മൃതിയിൽ ഉത്സവം കൊണ്ടാടുന്നു.
നായാടൻ പോയിലിൽ നിന്ന് 2km കാൽ നടയായി വേണം പഴശ്ശിഗുഹയിൽ എത്താൻ.
ഈ പറയപ്പെട്ട നായാടൻപോയിലിൽ നിന്നാണ് പൂവരന്തോട് വരെയുള്ള കയറ്റവും ഇറക്കവും റോഡിന് കുറുകെ നിറയെ അരുവികളുമുള്ള സാഹസികയാത്രികരുടെ 6km ദൈർഘ്യമുള്ള ഓഫ്‌റോഡ് പാത. കഴിഞ്ഞ പെരുമഴക്കാലത്ത് ഇതുവഴി ഒരു കിടിലൻ ഓഫ്‌റോഡ് റൈഡ് നടത്തിട്ടുണ്ട്, കുരിശുമലയുടെ ഓരം ചേർന്നാണ് ഈ പാത പൂവരന്തോട് എത്തുന്നത്. കോഴിക്കോട് ജില്ലയിലെ കൂളിമാട് വെച്ച് ചാലിയാറിൽ ചേരുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ മറ്റൊരു ഉപനദി ചാലിപുഴയുടെ ഉത്ഭവവും ഈ മലമുകളിൽനിന്നാണ്, ദൃശ്യമനോഹരമായ രണ്ട് വെള്ളച്ചാട്ടങ്ങൾ ചാലിപുഴയിലുണ്ട് ആനക്കല്ലുപ്പാറ വെള്ളച്ചാട്ടവും ഉറുമി വെള്ളച്ചാട്ടവും കൂടാതെ ഉറുമി ജലവൈദ്യുത നിലയവും ഉറുമി ഡാമും കണ്ട് കൂടരഞ്ഞി മുക്കം വഴി ഗ്രാമകാഴ്ചയിൽ മയങ്ങി മടങ്ങാം...
ഇത്രയും സ്ഥലങ്ങളിൽ ചുറ്റിനടക്കാൻ ഫോറസ്റ്റ് പെർമിഷൻ ആവശ്യമില്ല.
ഇനി നിലമ്പൂർ ഫോറസ്റ്റ് ഓഫീസിൽ പോയി പെർമിഷൻ എടുത്തുവരാം,മാത്രമല്ല ഓർമ്മയിലെ യാത്രയിൽ നിന്നും ഇന്നത്തെ യാത്രയിലേക്ക് മടങ്ങി വരാം....
കക്കാടൻ പോയിൽ നിന്ന് കോഴിപ്പാറ വെള്ളച്ചാട്ടം കഴിഞ്ഞു 2km കഴിഞ്ഞാൽ റോഡും അവസാനിക്കും, മറ്റൊരു ഓഫ്‌റോഡ് റൂട്ട് തുടങ്ങുന്നത് ഇവിടെ നിന്നാണ്, മേലെതോട്ടപ്പള്ളിയും കഴിഞ്ഞ് ഒറ്റയായിട്ട് റിസോർട്ടുകളും കാപ്പി, വാഴ കൃഷികളുമുണ്ട്. ലക്ഷ്യത്തിലേക്ക് അടുക്കുന്തോറും ആവേശം കൂടി വരുന്നു.
പുരാതന കാലത്തെ ഡാലിയ റിസോർട്ടിനെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. ഇത് കൂടെ പറഞ്ഞു തരാം ഈ ഓഫ്‌റോഡ് വേളയിൽ.
ഓൺലൈൻ വഴി ബുക്കിങ് ചെയ്തു ഒരുപാട് വിദേശികൾ ഈ വശ്യസുന്ദരിയുടെ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നും ജീപ്പിൽ പിക്ക് ചെയ്ത് റിസോർട്ടിൽ എത്തിക്കാറായിരുന്നു പതിവ്. ആനയും കാട്ടിയും വാഴുന്ന കാടിന്റെ ഒത്ത നടുവിൽ ആയിരുന്നു ഡാലിയ, വനഭൂമി കൈവശപ്പെടുത്തി കെട്ടിപ്പണിത ഡാലിയക്ക് അധികം ആയുസ്സ് ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ് അനുവദിച്ചില്ല. കയ്യേറ്റഭൂമി തിരിച്ചുപിടിച്ചു ഡാലിയ റിസോർട്ട് തല്ലി തരിപ്പണമാക്കി കാടിന്റെ മക്കൾക്ക് സ്വര്യവിഹാരത്തിന് വിട്ട് കൊടുത്ത് ഈയിടം മനുഷ്യപെരുമാറ്റം പാടെ സ്തംഭിപ്പിച്ചു. നിലമ്പൂർ നോർത്ത് ഡിവിഷനിൽ വരുന്ന ഈ ചെമ്പോത്തി ഭാഗത്തേക്ക് ചില സമയങ്ങളിൽ ട്രക്കിങ് പെർമിഷൻ അനുവദിക്കുന്നുണ്ട്. ഒരു വേനലിൽ ചെമ്പോത്തിയിൽ ചിലവഴിച്ചതിന്റെ ഓർമ്മയും തികട്ടിവരുന്നു. ഇരുളും മുൻപ് കുന്ന് കയറണം ജാബിറിന്റെ ആക്റ്റീവയിലാണ് 5km ഓഫ്‌റോഡിലേക്ക് ഇറങ്ങിയത്.
കരിങ്കല്ല് പാകിയ റോഡ് ചെന്നെത്തുന്നത്
കർഷക ആദിവാസി ഗ്രാമങ്ങളിലേക്കാണ്. ചുറ്റും മലകൾ കൊണ്ട് സമ്പുഷ്ടമായ തണുത്തകാറ്റ് നിലക്കാത്ത മിക്ക സമയങ്ങളിലും കോടതിങ്ങിയ മലനാട്...
"മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി..
ഇവളാണിവളാണ് മിടുമിടുക്കി..
മലയാളക്കരയുടെ മടിശ്ശീല നിറക്കണ
നനവൂറൂം നാടല്ലോ ഇടുക്കീ.
ഇവളാണിവളാണ് മിടുമിടുക്കി..
ഇവിടുത്തെ കാറ്റാണ് കാറ്റ്..
മലമൂടും മഞ്ഞാണ് മഞ്ഞ്..
കതിർ കനവേകും മണ്ണാണ് മണ്ണ്.."
ഞാൻപോലും അറിയാതെ അധരങ്ങളിൽ ഈ ഗാനത്തിന്റെ മർമ്മരം ഒഴുകികൊണ്ടേയിരിക്കും...
മനസ്സിലെ യാത്രാനുഭവങ്ങൾ പറഞ്ഞു 5km ഓഫ്‌റോഡ് കഴിഞ്ഞത് അറിഞ്ഞില്ലെന്ന് പറയാൻ പറ്റില്ല, കാരണം കട്ട ഓഫ്‌റോഡ് ആക്റ്റിവയിലാണ് ക്രോസ് ചെയ്യുന്നത്, മരിയ പാരഡേസിന്റെ ഹട്ടിലെ ബാൽക്കണിയിൽ ഇരുന്നു ഞാൻ ചങ്ങാതിമാരോട് പറഞ്ഞു,നിലമ്പൂർ ഡി.എഫ്.ഓ യിൽ നിന്നും ഈ കാണുന്ന മലകൾക്ക് എല്ലാം ഒറ്റ പാക്കേജ് പെർമിഷൻ അനുവദിക്കണം എന്നാണ് എന്റെ ഒരിത്, അങ്ങനെയാണേൽ ഒരു ജന്മത്തിനുള്ളത് ഇവിടെയുണ്ട്.
പന്തീരായിരം വനമേഘലയും വെള്ളരിമലയും വാവൽ മലയും തൊട്ടുരുമ്മി നിൽക്കുന്ന ഈ പ്രദേശത്തെ രാത്രിക്കും ഒരു സൗരഭ്യമുണ്ട്, ഇവിടുത്തെ മരങ്ങൾ ഏതോ മുനിയുടെ ഉദ്യാനത്തിൽ തപസ്സുചെയ്യുന്ന പോലെ ശാന്ത സുന്ദര സംഗീതത്തിലാണ്....
ഈ ദീർഘനേര തപസ്സിനെ ത്യജിക്കാൻ പുലരിയുടെ പൊൻ കിരണങ്ങൾക്കല്ലാതെ കഴിവില്ല, സുഗന്ധ വ്യഞ്ജനങ്ങളുടെ നറുമണം കൊണ്ടെത്തുന്ന മന്തമാരുതൻ കാണാത്ത കാഴ്ചയാണ് പത്രക്കാരുടെ തിരക്ക് പിടിച്ച ഓട്ടവും കച്ചവട ക്കാരുടെ കലപിലയും, ഒരു ഊരിൽനിന്നും വരുന്ന മണിചേട്ടന്റെ നാടൻ പാട്ട് കേട്ട് കൂടെയുള്ള കൂട്ടുകാരൻ ചോദിച്ചു മണി മരിച്ചത് അറിഞ്ഞിട്ടുണ്ടോ ആവോ...? എന്തായാലും പറയണ്ട സങ്കടമായിപ്പോവും,
ഇവിടെ ഒരു രാവ് തലചായ്ക്കാൻ കാതിൽ ഒരിടം പറഞ്ഞു തരട്ടെ, ഞാനും കൂട്ടുകാരും ഇന്നിവിടെയാണ്.
ഓഫ്‌റോഡ് 4×4 ജീപ്പ് വേണ്ടി വരും 5km അതിന് ഒരു സൈഡ് 1250 രൂപ വരും . റിസ്ക്ക് എടുത്ത് ബൈക്ക് കയറ്റാം ഞങ്ങൾ ഈ ഓപ്ഷനെടുത്തു, 5 km നടക്കുകയും ചെയ്യാം,
അവിടെ ഒരു ഹട്ട് രണ്ട് കോട്ടേജ് ആണ് ഉള്ളത് ഹട്ട് ആണെങ്കിൽ 30 മണിക്കൂറിന് 750 പർ ഹെഡ് കോട്ടേജ് 850. സിമ്മിങ് പൂള്‍, ബാത്ത്റൂം , ക്യാമ്പ് ഫയർ , കിച്ചൺ എന്നിവ അതിൽ ഉണ്ടാവും ഫുഡ് ഉണ്ടാവില്ല.ഫുഡിന് ഉള്ള സാധനങ്ങൾ കൊണ്ട് പോയാൽ പാകം ചെയ്ത് തരാൻ ഒരു ആൾ വേണമെങ്കിൽ 500 രൂപ ഒരു ദിവസം അവർക്ക് കൊടുക്കണം.
ട്രക്കിങ് വേണമെങ്കിൽ 500 ഫോറെസ്റ്റ് ഫീ 500 ഗൈഡ് ഫീയും ഉണ്ടാവും.
സംശയം എന്തേലും ഉണ്ടങ്കിൽ അച്ചായന്റെ നമ്പറിൽ വിളിച്ചോ - 9447948539 - ചെറിയ ഒരു ഡിസ്‌കൗണ്ട് ഞാന്‍ പറഞ്ഞാൽ കിട്ടും അത് വേണമെങ്കിൽ മെസ്സങ്ജറിൽ ഒരു മെസ്സേജും വിട്ടോ...
തലേ ദിവസത്തെ ക്യാമ്പ് ഫയറിൽ നിന്നും ഇപ്പോഴും പുകയുയരുന്നുണ്ട്, ഉദയകാഴ്ചയും കഴിഞ്ഞു ഗ്രാസ്സ്ലാന്റ് എന്ന ഒരു പുൽമേട് കീഴടക്കാൻ ഒരുങ്ങി നേരം ഉച്ചയോട് അടുത്തപ്പോഴേക്കും അതിന്റെ ഉച്ചിയിലെത്തി, ഇന്നലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോഴുള്ള ലക്ഷ്യം നിറവേറിയിരിക്കുന്നു.
"കുടജാദ്രിയിൽ കുട ചൂടുമാ കേടമഞ്ഞു പോലെയീ പ്രണയം...
കുടജാദ്രിയിൽ കുട ചുടുമാ കേടമഞ്ഞു പോലെയീ പ്രണയം...
തഴുകുന്നു എന്നെ പുണരുന്നു രാഗ സാന്ദ്രമാണീ പ്രണയം..
തഴുകുന്നു എന്നെ പുണരുന്നു രാഗ സാന്ദ്രമാണീ പ്രണയം.."
നട്ടുച്ച നേരത്തെ ഈ കോടമഞ്ഞിന്റെ തഴുകലേറ്റാൽ മരിച്ചു മണ്ണോട് ചേർന്ന പ്രണയവും ഉണരും, അത്രമാത്രം ആർദ്രവും കൗതുകമായിരുന്നു ദൈവത്തിന്റെ സമ്മാനത്തിന്,
നടൻ മണി മരിച്ചതോ ജയലളിത കാലയവനികയിൽ പോയിമറഞ്ഞതോ ഒരു ഭാഗത്തു മാറ്റി നിറുത്തിയിട്ട് , നാട്ടിൽ കാലവർഷത്തെ പിന്നിലാക്കി വേനൽ നേരത്തെ വന്നതും ചുട്ടുപഴുക്കുന്ന നാടും നഗരവും വറ്റി വരണ്ട ആറും മാനവന്റെ വറുതിയും ഇവിടം അറിഞ്ഞിട്ടില്ല, ഒരു നവജാത ശിശുവിന്റെ നിഷ്കളങ്കത തുടിക്കുന്ന മുഖഭാവത്തിലാണ് മലമടക്കുകളിൽ കോട നിറഞ്ഞത്.
കുരിശുമലയും പൊട്ടൻപാറയും കാനന കന്യകയുടെ വർണ്ണചാരുത വർദ്ധിപ്പിക്കുന്ന ട്രക്കിങ് വ്യൂ പോയിന്റുകളാണ്, വെറും കയ്യോടെ ഓടി കയറാൻ പറ്റിയ വ്യൂ പോയ്ന്റുകൾ അല്ല എന്നുള്ളത്കൊണ്ട് വർണ്ണിച്ചു വഷളാക്കുന്നില്ല.
വീണ്ടും വരും, ഓരോ മലയും കുന്നും പാറയും കീഴടക്കാൻ, സമയം ഉച്ച കഴിഞ്ഞു. ഇപ്പോൾ ഇറങ്ങിയാൽ വൈകുന്നേരം കൂടണയാം,
നിരാശയോടെ ഒന്നൂടെ പറഞ്ഞു നിർത്തട്ടെ ഓരോ വരവിലും കാട്ടില്‍ മലകയറുന്നുണ്ട് മനുഷ്യകുലത്തിന്റെ ആർത്തി അവന്റെ വായിൽ മണ്ണുവാരി നിറച്ചിട്ടല്ലാതെ തീരുകയില്ലെന്ന വിശുദ്ധ ഖുർആൻ വചനം കൂടെ ഹൃദയാന്തരങ്ങളിലേക്ക് പകർന്നു തരുന്നു...
- ജുനു ചുള്ളക്കാട്ടിൽ.