21/10/2021
*ഇന്ത്യൻ പൗരന്‍മാര്‍ക്ക് സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളും പ്രധാന വിവരങ്ങളും 1️⃣*
*യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കൈയിൽ പണം എത്രയൊക്കെ ഉണ്ടെങ്കിലും പലപ്പോഴും പണികിട്ടുന്നത് ആവശ്യമായ യാത്രാരേഖകൾ സമ്പാദിക്കുന്ന കാര്യത്തിലാണ്.* *പ്രത്യേകിച്ചും വിസ (വിസിറ്റേഴ്സ് ഇന്റർനാഷണൽ സ്റ്റേ അഡ്മിഷൻ) സംഘടിപ്പിക്കുന്നതിന്. അമേരിക്ക, ഉത്തരകൊറിയ, ഇസ്രായേൽ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ വിസ നേടിയെടുക്കുക എന്നത് ഏറക്കുറെ ബാലി കേറാമലയാണ്.* *അതേസമയം വിസയില്ലാതെ തന്നെ എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്ന രാജ്യങ്ങളും ലോകത്തുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം...*
*🛫മൗറീഷ്യസ്*
ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കയിൽനിന്ന് ഏകദേശം 2000 കിലോമീറ്റർ തെക്കുകിഴക്കായി കിടക്കുന്ന ദ്വീപസമൂഹമാണിത്. *റിപ്പബ്ലിക് ഓഫ് മൗറീഷ്യസ് എന്നാണ് ഔദ്യോഗിക നാമം. മൗറീഷ്യസ്, സെന്റ് ബ്രാന്റൺ റൊഡ്രിഗ്സ്, അഗലേഗ ദ്വീപുകൾ ചേർന്നതാണ് റിപ്പബ്ലിക് ഓഫ് മൗറീഷ്യസ്. തലസ്ഥാനം പോർട്ട് ലൂയി.*
സന്ദർശകരുടെ കണ്ണിന് കുളിരേകുന്ന ധാരാളം പ്രകൃതിദൃശ്യങ്ങളുണ്ട് മൗറീഷ്യസിൽ. ഒപ്പം സുഖകരമായ കാലാവസ്ഥയും. നീലത്തടാകങ്ങളും അതിൽ നിറയെ പലരൂപത്തിലും ഭംഗിയാർന്നതുമായ പവിഴപ്പുറ്റുകളും വിശാലമായ ഗോൾഡൺ ബീച്ചുകളും ഉള്ള സ്ഥലം. ധാരാളം കുന്നുകളും മലകളും മലഞ്ചരിവുകളും ഉള്ളതിനാൽ പർവതാരോഹണത്തിനും സാഹസിക ട്രക്കിങ്, ബൈക്ക് റൈഡിങ് എന്നിവയ്ക്ക് സൗകര്യമുണ്ട്. കൂടാതെ സ്കൂബാ ഡൈവിങ്, പാരാസെയിലിങ്, കയാക്കിങ്, വാട്ടർ സ്കീയിങ്, കടലിനടിയിൽ ഇറങ്ങി കാഴ്ച കാണൽ, ആഴക്കടലിലെ മീൻപിടിത്തം തുടങ്ങിയ വിനോദങ്ങളും ഇവിടെ സന്ദർശകർക്കായി കാത്തിരിക്കുന്നുണ്ട്.
*കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള ഇന്ത്യൻ പാസ്പോർട്ടുണ്ടെങ്കിൽ ഏതൊരാൾക്കും മൗറീഷ്യസിലേക്ക് പറക്കാം. അവിടെ 90 ദിവസംവരെ താമസിക്കുന്നതിനുള്ള അനുവാദം ലഭിക്കും.*
കൊച്ചിയും ബെംഗളൂരുവും ഉൾപ്പടെ ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന വിമാനത്താവളങ്ങളിൽ നിന്നും ഇവിടേക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ട്. ലോകത്തിലെ പ്രസിദ്ധമായ എല്ലാ എയർലൈനുകളും ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്.
സീവുസാഗർ റാംഗൂലാം ഇന്റർനാഷണൽ എയർപോർട്ടാണ് പ്രധാന ലാന്റിങ് പോയിന്റ്.
മൗറീഷ്യസ് രൂപയാണ് കറൻസി. എങ്കിലും അമേരിക്കൻ ഡോളർ രാജ്യത്ത് വ്യാപകമായി ഉപയോഗത്തിലുണ്ട്. അതേസമയം ഇന്ത്യൻ കറൻസി സ്വീകാര്യമല്ല. എന്നാൽ അവ എയർപോർട്ടിൽ തന്നെ പ്രവൃത്തിക്കുന്ന എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യാനുസരണം മാറിയെടുക്കാൻ കഴിയും.
അതല്ലെങ്കിൽ രാജ്യത്തിനകത്ത് പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡ, എച്ച്.എസ്.ബി.സി., സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് തുടങ്ങിയ നിരവധി ബാങ്കുകളിൽനിന്ന് മാറ്റി വാങ്ങാനുള്ള സൗകര്യമുണ്ട്. ഇന്ത്യൻ കറൻസി ഏകദേശം രു രൂപ കൊടുത്താലേ ഒരു മൗറീഷ്യസ് രൂപ കിട്ടൂ എന്നു മാത്രം!
*🛫ഇൻഡൊനീഷ്യ*
ഇന്ത്യൻ മഹാസമുദ്രത്തിനും ശാന്തസമുദ്രത്തിനും ഇടയിൽ കിടക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യം. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് രാജ്യം എന്ന ഖ്യാതിയുമുണ്ട് ഈ രാജ്യത്തിന്. ഏകദേശം 17,000-ത്തോളം ചെറുതും വലുതുമായ ദ്വീപുകളുടെ സമുച്ചയമാണ് ഇൻഡൊനീഷ്യ. റിപ്പബ്ലിക് ഓഫ് ഇൻഡൊനീഷ്യ എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്. തലസ്ഥാനം ജക്കാർത്ത. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ.
*നിയമാനുസൃതമായ പാസ്പോർട്ടും അതിന് ആറു മാസത്തിൽ കുറയാത്ത കാലാവധിയുമുണ്ടെങ്കിൽ ഏതൊരു ഇന്ത്യൻ പൗരനും ഇൻഡൊനീഷ്യയിലേക്ക് യാത്ര ചെയ്യാം. ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ169-ഓളം രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്ക് ഇവിടെ വിസ ആവശ്യമില്ല. 30 ദിവസം താമസിക്കാനുളള അനുമതിയാണ് യാത്രികർക്ക് ലഭിക്കുക. അത് പുതുക്കുകയോ നീട്ടി നൽകുകയോ ചെയ്യില്ല.*
അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രസിദ്ധമായിത്തീർന്ന ടൂറിസ്റ്റ് കേന്ദ്രമായ ബാലി ഇൻഡൊനീഷ്യയിലാണ്. ടൂറിസത്തിലൂടെ ദ്രുതഗതിയിൽ പൂരോഗതി പ്രാപിക്കുന്ന ലോകത്തിലെ പ്രധാന രാജ്യങ്ങളിൽ ഒന്നാണിത്. രാജ്യത്തെ ദേശീയ വരുമാനത്തിന്റെ പ്രധാന പ്രധാന പങ്കുവഹിക്കുന്നത് ടൂറിസമാണ്. അതുകൊണ്ടു തന്നെ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് അനേകം വികസനങ്ങളും പരിഷ്കാരങ്ങളുമാണ് ഈ രാജ്യം നടപ്പിലാക്കുന്നത്.
*ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പ്രതിവർഷം ഒരു കോടിയിലേറെ സന്ദർശകർ ഇൻഡൊനേഷ്യയിൽ എത്തുന്നു എന്നാണ് ഏകദേശ കണക്ക്. ബോറോബന്തർ ക്ഷേത്രം, തോബാ ലെയ്ക്ക്, ബ്രോമോ പർവതം, കോ മൊഡോ ദേശീയ പാർക്ക്, മാൻഡലികാ, താൻജുങ് കെല്യയാങ്, താൻജുങ് ലെസങ് എന്നീ ബീച്ചുകൾ, വാകാതോബി, മൊറോതായ് എന്നീ ദ്വീപുകൾ തുടങ്ങി സന്ദർശകരെ ആകർഷിക്കുന്ന നിരവധി സ്ഥലങ്ങളുണ്ടിവിടെ.*
ഇൻഡൊനീഷ്യൻ ആണ് പ്രധാന ഭാഷ. കൂടാതെ നിരവധി പ്രാദേശിക ഭാഷകളും ഇവിടെഉപയോഗിക്കുന്നു. ജക്കാർത്തയിലെ സുക്കാർണോ-ഹത്ത വിമാനത്താവളമാണ് സഞ്ചാരികളെ സ്വീകരിക്കുന്ന പ്രധാന ഇടം. ഇതൊരു ഇന്റർനാഷണൽ എയർപോർട്ടാണ്. ബാലി, സുമാത്ര, ജാവ, മലുകു തുടങ്ങി ഇൻഡൊനീഷ്യയുടെ വിവിധ ഭാഗങ്ങളിൽ സന്ദർശിക്കാൻ എത്തുന്ന യാത്രികരിൽ മിക്കവരും ഈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വന്നിറങ്ങുന്നത്.ഇൻഡൊനീഷ്യന്റുപ്യയാണ് പ്രധാന കറൻസി.
*🛫ഭൂട്ടാൻ*
ഇന്ത്യയുടെ പ്രധാന അയൽരാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. കിഴക്കൻ ഹിമാലയത്തിന്റെ താഴ്വാരത്ത് സ്ഥിതിചെയ്യുന്ന പ്രധാന ബുദ്ധമത രാജ്യം. ഇന്ത്യയും ചൈനയുമായി അതിർത്തി പങ്കിടുന്ന രാജ്യം എന്ന പ്രത്യേകതയുമുണ്ട് ഭൂട്ടാന്. കിങ്ഡം ഓഫ് ഭൂട്ടാൻ എന്നാണ് രാജ്യം ഔദ്യോഗികമായി അറിയപ്പെടുന്നത്. തിമ്പു ആണ് രാജ്യ തലസ്ഥാനം.
*ഇന്ത്യക്കാർക്ക് വിസയില്ലാതെ ഭൂട്ടാനിൽ സന്ദർശനം നടത്താം. മതിയായ കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടാവണം എന്നുമാത്രം. ഇന്ത്യയിൽ ഇലക്ഷൻ കമ്മിഷൻ നൽകുന്ന നിയമാനുസൃത വോട്ടേഴ്സ് ഐഡി മാത്രം കൈയിൽ ഉണ്ടെങ്കിലും ഇവിടെ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കും.*
*താഷിചു സോങ് ബുദ്ധമത ആശ്രമം, ടൈഗേഴ്സ് നെസ്റ്റ് ആശ്രമം, പു നാകാ സോങ്, ചിമി ലാക്കാങ് ക്ഷേത്രം, യുനസ്കോ ദേശീയ പൈതൃകമായി പ്രഖ്യാപിച്ച് കാത്തുസൂക്ഷിക്കുന്ന മനാസ് ദേശീയ പാർക്ക്, തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. മനാസ് ദേശീയപാർക്കിലെ ജംഗിൾ സഫാരി സുപ്രസിദ്ധമാണ്.*
ഭൂട്ടാനിൽ നാല് വിമാനത്താവളങ്ങളുണ്ട്. പാറോ ഇന്റർനാഷണൽ എയർപോർട്ടാണ് അവയിൽ പ്രധാനം. ഭൂട്ടാനിലെ ഏക അന്താരാഷ്ട്ര വിമാനത്താവളവും ഇതാണ്.
*വൈമാനികർക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന ലോകത്തിലെ ചുരുക്കം ചില വിമാനത്താവളങ്ങളിലൊന്നാാണ് പാറോ. മലകളുടെ കൊടുമുടികൾക്കിടയിലൂടെ അങ്ങേയറ്റം ശ്രദ്ധയോടെ പറത്തി വേണം പാറോ ചൂ നദിയുടെ കരയിലുള്ള മലയുടെ ചെരിവിലെ ഈ എയർപോർട്ടിൽ വിമാനങ്ങളിറക്കാൻ. പ്രത്യേകം പരിശീലനം കിട്ടിയ വൈമാനികർക്ക് മാത്രമെ ഇവിടെ വിമാനം ലാൻഡ് ചെയ്യിക്കാൻ സാധിക്കുകയുള്ളൂ.*
സോങ്കയാണ് ഭൂട്ടാന്റെ ഔദ്യോഗിക ദേശീയഭാഷ. അതേസമയം ഹിന്ദിയും ബംഗാളിയും വ്യാപകമായി ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരും കുറവല്ല. ഗുൽത്രം ആണ് ഭൂട്ടാനിലെ കറൻസി. ഇന്ത്യൻ രൂപയും വിനിമയരംഗത്തുണ്ട്.
*🛫നേപ്പാൾ*
ഇന്ത്യയുടെ മറ്റൊരു പ്രധാന അയൽരാജ്യം. ഹിമാലയത്തിന്റെ താഴ്വാരത്തുകിടക്കുന്ന ഒരു ഹൈന്ദവരാജ്യം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതിചെയ്യുന്നത് നേപ്പാളിലാണ്.
*ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക വിളിപ്പേര്. തലസ്ഥാനം കാഠ്മണ്ഡു.*
*കാഠ്മണ്ഡു ദർബാർ സ്ക്വയർ, പശുപതി ക്ഷേത്രം, സ്വയംഭൂനാഥ്, ഗാർഡൻ ഓഫ് ഡ്രീംസ്, താൽ ബരാഹി ക്ഷേത്രം, കാഠ്മണ്ഡുവിലെ രണ്ടു നിലയുള്ള പെഗോഡ, ഇന്റർനാഷണൽ മൗണ്ടെൻ മ്യൂസിയം, റോയൽ പാലസ്, അന്നപൂർണ കൊടുമുടി, ചിത്വൻ ദേശീയ ഉദ്യാനം, നാഗർകോടിലെ സൂര്യോദയവും അസ്തമനവും, ബുദ്ധന്റെ ജൻമംകൊണ്ട് അനശ്വരമായ ലുംബിനി തുടങ്ങി സന്ദർശകർക്ക് കൺനിറയെ കാണാൻ കാഴ്ചകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്, നേപ്പാളില്‍.*
അന്നപൂർണ താഴ്വരയി ലെ ട്രക്കിങ് അനേകം യാത്രികരെ ആകർഷിക്കുന്ന നേപ്പാളിലെ പ്രധാന വിനോദമാണ്.
ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇവിടെ സന്ദർശിക്കാം. 1950-ൽഉണ്ടാക്കിയ ഇൻഡോ-നേപ്പാൾ സമാധാന-സൗഹൃദകരാർ അനുസരിച്ച് ഇന്ത്യക്കാർ നേപ്പാളിൽ സർവതന്ത്രസ്വതന്ത്രരാണ്.
നേപ്പാളിലെവിടെയും ഇന്ത്യക്കാർക്ക് യാത്രചെയ്യാം, തൊഴിലെടുക്കാം, താമസിക്കാം. വിലക്കുകളൊന്നുമില്ല.
*വിമായാത്രയ്ക്ക് പാസ്പോർട്ട് ആവശ്യമായി വരും. എന്നാൽ റോഡ് മാർഗമുള്ള യാത്രയ്ക്ക് അതുപോലും ആവശ്യമില്ല. അതേസമയം പാസ്പോർട്ടോ അല്ലെങ്കിൽ ഇലക്ഷൻ ഐഡി കാർഡോ കൈയിൽ കരുതുന്നത് ഉത്തമമാണ്.*
ടൂറിസമാണ് നേപ്പാളിന്റെ ദേശീയവരുമാനത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നത്. അഞ്ച് എയർപോർട്ടുകള്‍ രാജ്യത്തുണ്ട്. എങ്കിലും ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളമാണ് അവയിൽ പ്രധാനപ്പെട്ടത്. ഖത്തർ എയർവെയ്സ്, എമിറേറ്റ്സ്, ടർക്കിഷ് എയർലൈൻസ്, നേപ്പാൾ എയർലൈൻസ്, എയർ ഇന്ത്യ തുടങ്ങിയ നിരവധി എയർലൈനുകൾ ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്.
നേപ്പാളി ആണ് ഔദ്യോഗിക ദേശീയഭാഷ. അതേസമയം മൈഥിലി, ഭോജ്പുരി, ഇംഗ്ലീഷ് എന്നീ ഭാഷകളും നേപ്പാളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേപ്പാളി റുപ്പീ ആണ് കറൻസി. ഒപ്പം ഇന്ത്യൻ കറൻസിയും വിനിമയരംഗത്തുണ്ട്.
*🛫മാൽദീവ്സ്*
ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറായി ഇന്ത്യൻ മഹാസമുദ്രത്തിൽ അറബിക്കടലിലെ പ്രധാന ദ്വീപ് സമൂഹമാണ് മാല. 1100-ലധികം ചെറുദ്വീപുകളുടെ സമുച്ചയമാണിത്. 200-ഓളം ദ്വീപുകളിലെ ഇവിടെ ജനവാസമുള്ളൂ. റിപ്പബ്ലിക് ഓഫ് മാൽദീവ്സ് എന്നാണ് ഔദ്യോഗിക നാമം.
*ഇന്ത്യൻ മഹാസമുദ്രത്തിലെ ചെറുസ്വർഗം എന്നൊരു സവിശേഷ വിളിപ്പേരുമുണ്ട് ഈ ദ്വീപിന്. 'മാല'യാണ് തലസ്ഥാനവും പ്രധാന പട്ടണവും. ഇന്ത്യക്കാർക്ക് മാലയിൽ വിസ ആവശ്യമില്ല. കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായാൽ മതി. അതിന്റെ ബലത്തിൽ 90 ദിവസം വരെ താമസിക്കാനുള്ള അനുവാദം ലഭിക്കും.*
ഇന്ത്യക്കാരുടെ പ്രധാന ഹണിമൂൺ ഡെസ്റ്റിനേഷനാണ് മാലദ്വീപ്. പല വർണത്തിലും ആകൃതിയിലുമുള്ള പവിഴപ്പുറ്റുകൾ നിറഞ്ഞ 26-ഓളം നീലതടാകങ്ങൾ, വൃത്തിയും വെടിപ്പുമുള്ള ബീച്ചുകൾ, മിതോഷ്ണമുള്ള കാലാവസ്ഥ തുടങ്ങിയവയാണ് ഇവിടെ സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. കൂടാതെ സഞ്ചാരികൾക്ക് കടലാഴത്തിൽ നീന്തി രസിക്കാൻ സൗകര്യമൊരുക്കികൊണ്ട് നിരവധി ഡൈവിങ് സ്കൂളുകളുണ്ടിവിടെ. പുറമേ സ്കൂബാ ഡൈവിങ്, വാട്ടർസ്കീയിങ്, ബോട്ടിങ്, നീന്തൽ, മീൻപിടിത്തം, പലതരം വാട്ടർ സ്പോർട്ട്സ് തുടങ്ങിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്രാൻഡ് ഫ്രൈഡേ മോസ്ക്, ദേശീയ മ്യൂസിയം, സുനാമി സ്മാരകം, മത്സ്യമാർക്കറ്റ്, സൺ ഐലൻഡ്, ഗാംഗീ ഐലൻഡ് എന്നിവ പ്രധാന കാഴ്ചകളാണ്.
ടൂറിസമാണ് രാജ്യത്തെ ഒരു പ്രധാന വരുമാന മാർഗം. മാലയിലെ പ്രധാന തൊഴിൽമേഖലകളിൽ ഒന്നും അതുതന്നെ. ചെറുതും വലുതുമായി 130-ലേറെ ഹോട്ടലുകളാണ് ഈ ചെറിയ ദ്വീപിലുള്ളത്. നവംബർ മുതൽ ഏപ്രിൽ വരെയാണ് പൊതുവെ ടൂറിസ്റ്റ് സീസൺ. എങ്കിലും വർഷത്തിലധികദിവസവും ലോകത്തിലെ പല ഭാഗത്തു നിന്നുള്ള സഞ്ചാരികൾ ഇവിടെ സന്ദർശനം നടത്താറുണ്ട്. കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നും മാലയിലേക്ക് വിമാന സർവീസുണ്ട്. ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയാണ് അങ്ങോട്ട് പറക്കുന്ന പ്രധാന വിമാനക്കമ്പനികൾ. മാലയിലെ വെലാന ഇന്റർനാഷണൽ എയർപോർട്ട് വഴിയാണ് പ്രധാനമായും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്നത്. മാൽ ദീവ് റുഫിയ ആണ് കറൻസി. അതേസമയം അമേരിക്കൻ ഡോളർ നോട്ടും മാലദ്വീപിൽ വിനിമയത്തിന് ഉപയോഗിക്കുന്നുണ്ട്.
*തുടരും...*